Saturday, October 29, 2011

ഹോങ്കോങ് യാത്ര

                                               ഹോങ്കോങ് യാത്രാക്കുറിപ്പുകള്‍ -1

ചെറുപ്പം മുതലേ കേട്ടിരുന്ന ഒരു സ്ഥല പേരായിരുന്നു ഹോങ്കോങ്.ചില സ്വന്തക്കാര്‍ അവിടെയുണ്ടായിരുന്നു എന്ന് കേട്ടിട്ടുള്ളതു കൊണ്ടാവാം,ആ പേരിനോടൊരു മമത തോന്നിയിരുന്നത്.മാത്രവുമല്ല,പണ്ടൊരു ഐ.വി.ശശി സിനിമയില്‍ (ഇനിയെങ്കിലും?) ആ നാടിന്റെ കാഴ്ചകള്‍ കണ്ട ചെറിയ ഒരോര്‍മ്മയും.
ഹോങ്കോങ്  നഗരത്തിന്റെ ഒരു വിദൂരകാഴ്ച

കഴിഞ്ഞ ചൈനാ യാത്രയില്‍, ഇടക്കൊരു മൂന്ന് ദിവസം ചൈനയില്‍ നിന്നും ഹോങ്കോങിലെത്തി, ഹോങ്കോങ് നഗരം കൂടികാണണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ആ പരിപാടി നടന്നില്ല.ചൈന വിസ,സിംഗിള്‍ എന്‍ട്രി ആയിപ്പോയതാണു കാരണം.എന്തായാലും ഈ  യാത്രയില്‍ ആദ്യം ഹോങ്കോങ് നഗരം ചുറ്റിക്കണ്ട്,പിന്നീട് ട്രെയിന്‍ മാര്‍ഗ്ഗം ചൈനയില്‍ എത്തിച്ചേരുവാനുള്ള പദ്ധതിയാണു തയ്യാറാക്കിയത്.
കൊച്ചിയില്‍ നിന്നും എയര്‍ ഏഷ്യ വിമാനക്കമ്പനി സര്‍വീസ് തുടങ്ങിയത് മൂലമാണു എന്റെ മിക്കവാറും യാത്രകളെല്ലാം തരമായത് എന്ന് ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ.കഴിഞ്ഞ വര്‍ഷമാദ്യം,അതായത് 2010 ജനുവരിയില്‍, എയര്‍ ഏഷ്യ  കൊച്ചിയില്‍ നിന്നും സര്‍വീസ് തുടങ്ങുമ്പോള്‍,അതു വരെ ഇങ്ങനെയൊരു വിമാനക്കമ്പനിയെക്കുറിച്ച് കേട്ടറിവ് പോലുമില്ലായിരുന്നു.വെറും അയ്യായിരം രൂപയ്ക്ക് മലേഷ്യയ്ക്ക് പോയിവരാം എന്ന് പരസ്യം കണ്ടപ്പോള്‍ അത്ര വിശ്വാസം തോന്നിയതുമില്ല.പക്ഷെ അന്നുമുതലിങ്ങോട് വളരെ പ്രയോജനപ്രദമായ ഒരുപാട് യാത്രകള്‍ ഈ ചെലവ്കുറഞ്ഞ വിമാനകമ്പനി സമ്മാനിച്ചു.
ഈ പ്രാവശ്യം യാത്രയില്‍ പ്രിയപത്നിയും ചേരുന്നു എന്ന് നേരത്തെതന്നെ അറിയിച്ചിരുന്നു.സാധാരണ യാത്രകളെല്ലാം സ്നേഹിതരോടൊപ്പമാണു.എന്നാല്‍ ഇത്തവണ ഞങ്ങള്‍ രണ്ടാള്‍ മാത്രം.ഒപ്പം വരാമെന്ന് സമ്മതിച്ചിരുന്ന ഒരു അഭിഭാഷക കുടുംബം സമയമായപ്പോള്‍ യാത്ര റദ്ദാക്കി.

  അങ്ങനെ പതിവ് പോലെ കൊച്ചിയില്‍ നിന്നും കുലാലമ്പൂര്‍ എത്തിച്ചേര്‍ന്നു.എയര്‍ ഏഷ്യ സര്‍വീസില്‍,കൊച്ചിയില്‍ നിന്നും, കുലാലമ്പൂര്‍ വഴി മാത്രമെ യാത്ര ചെയ്യാന്‍ സാധിക്കൂ.സമയം അര്‍ദ്ധരാത്രിയായിരിക്കുന്നു.കഴിഞ്ഞ പ്രാവശ്യം വിമാനത്താവളത്തിലിരുന്നു നേരം വെളുപ്പിച്ച അനുഭവമുള്ളത് കൊണ്ട് കാലേകൂട്ടി എല്‍.സി.സി.റ്റി വിമാനത്താവളത്തിനടുത്തുള്ള ട്യൂണ്‍ ഹോട്ടലില്‍ റൂം ബുക്ക് ചെയ്തിരുന്നു.വിമാനത്താവളത്തില്‍ നിന്നും 1കിമി മാത്രം ദൂരമുള്ള ഈ ഹോട്ടലിലേക്ക് ഹോട്ടലുകാരുടെ വക ഷട്ടില്‍ ബസ് ,പതിനഞ്ച് മിനിറ്റ് ഇടവേളകളില്‍, ഉണ്ട്.ചാര്‍ജ് 1 മലേഷ്യന്‍ റിംഗ്ഗിറ്റ് .ബസ്സില്‍ കയറി ഹോട്ടലില്‍ എത്തി.ആദ്യമായാണു ഇവിടെ തങ്ങുന്നത്.ചെക്-ഇന്‍ ചെയ്ത് മുറിയിലെത്തിയപ്പോള്‍ മാത്രമാണു മുറിയുടെ വലിപ്പം മനസ്സിലായത്,കഷ്ടിച്ചൊരു 90 സ്ക്വയര്‍ഫീറ്റ്!!2പെട്ടികള്‍ സഹിതം മുറിയില്‍ കയറിയാല്‍ പിന്നെ കിടക്കയില്‍ ഇരിക്കുക മാത്രമേ രക്ഷയുള്ളൂ,കാല്‍കുത്താന്‍ പോലും മുറിയില്‍ സ്ഥലമില്ല.
റ്റോയ് ലറ്റിനു അത്യാവശ്യ വലിപ്പമുണ്ട്.പെട്ടിയൊക്കെ ഒന്നടുക്കിവച്ച്,ഒരു വിധത്തില്‍ മുന്‍ വശത്തുള്ള വരാന്തയിലെത്തിയപ്പോഴാണു രസകരമായ ആ കാഴ്ച കണ്ടത്.ഞങ്ങളോടൊപ്പം വിമാനത്തിലുണ്ടായിരുന്ന,ന്യൂസീലാന്റില്‍ സെറ്റില്‍ ചെയ്തിരിക്കുന്ന,മലയാളി അദ്ധ്യാപക ദമ്പതികള്‍ ,തങ്ങളുടെ വലിയപെട്ടികള്‍ മുറിക്കകത്ത് കയറ്റാനാവാതെ കുഴങ്ങുന്നു!പിന്നെ അവരോടൊപ്പം കൂടി,ഏഴെട്ട് വലിയ പെട്ടികള്‍ വരാന്തയുടെ മൂലക്കും,ഞങ്ങളുടെ മുറിയിലും ഒക്കെ കുത്തിക്കയറ്റി അഡ്ജസ്റ്റ് ചെയ്ത് ഒരു പ്രകാരം മുറിക്കകത്ത് തിരികെ കയറി.പിറ്റേന്ന് അതിരാവിലെയാണു ഹോങ്കോങ് വിമാനം.അലാറം സെറ്റ് ചെയ്ത് ഹ്രസ്വമായ ഒരുറക്കത്തിലേക്ക് വഴുതി വീണു.
വെളുപ്പിനെ ഉണര്‍ന്ന് തയ്യാറായി,ന്യൂസിലാന്റുകാരുടെ ബാഗുകള്‍ താഴെ ഏല്‍പ്പിച്ച്, റൂം ചെക് ഔട്ട് ചെയ്ത്,ഷട്ടില്‍ബസില്‍ തന്നെ വിമാനത്താവളത്തിലെത്തി.
കുലാലമ്പൂര്‍ എല്‍.സി.സി.റ്റി വിമാനത്താവളം അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ ഒരു റെയില്‍ വേ സ്റ്റേഷന്‍ പോലെതന്നെയാണു.കുറച്ച്കൂടി വിപുലമായ സൌകര്യങ്ങുളെണ്ടെന്ന് മാത്രം.തൊണ്ണൂറ് ശതമാനവും സാധാരണക്കാരായ യാത്രക്കാര്‍ അവരുടെ കെട്ടും കിടയുമായി തലങ്ങും വിലങ്ങും നടക്കുന്നത് കാണാം.ധാരാളമായി തമിഴ് വംശജരേയും കാണാം. വളരെ സൌഹ്രുദപൂര്‍വ്വം പെരുമാറുന്ന ഉദ്യോഗസ്ഥരാണു ഭൂരിഭാഗവും.ഞങ്ങള്‍ എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ ചെക്ക്-ഇന്‍ കൌണ്ടര്‍ തുറന്ന് വരുന്നതേയുള്ളൂ.ബോര്‍ഡിംഗ് പാസും പരിശോധനകളും പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറി.കുറച്ച് കഴിഞ്ഞപ്പോഴേക്കും മുന്‍ കൂട്ടി ഓര്‍ഡര്‍ ചെയ്തിരുന്ന പ്രാതലുമായി തമിഴ്വംശജ എയര്‍ഹോസ്റ്റസ് എത്തി.അതും കഴിച്ച് നല്ലൊരു ഉറക്കം.
വിമാനം ഹോങ്കോങില്‍ ലാന്റ് ചെയ്യാന്‍ പോകുന്നു എന്ന അറിയിപ്പ് കേട്ടാണുണര്‍ന്നത്.സമയം 11.15 ആയിരിക്കുന്നു.മലേഷ്യന്‍ സമയം തന്നെയാണിവിടേയും.
വിമാനത്താവളത്തിലെത്തി.ഒരു പടുകൂറ്റന്‍ വിമാനത്താവളം.ബാഗേജിനും,ഇമിഗ്രേഷനും വേണ്ടി കാണിച്ചിരിക്കുന്ന ബോര്‍ഡുകള്‍ നോക്കി നോക്കി,ഒരു എസ്കലേറ്റര്‍ വഴി താഴെ നിലയിലെത്തി.ഒരു റെയില്‍ വേ പ്ലാറ്റ്ഫോമാണത്.ചെറുട്രെയിനുകള്‍ വന്നു നില്‍ക്കുന്നു,ആളുകള്‍ കയറുന്നു,എങ്ങോടാണെന്നു മാത്രം ഒരു പിടിയും കിട്ടുന്നില്ല.അടുത്ത് നിന്നിരുന്ന ഒരു തമിഴ് കുടുംബത്തോട് ചോദിച്ചപ്പോഴാണു കാര്യം പിടികിട്ടിയത്.
ഹോങ്കോങ്  എയര്‍പോര്‍ട്ട്.-എമിഗ്രേഷനിലേക്കുള്ള ട്രെയിന്‍

ലഗേജ് ഏരിയയിലേക്കുള്ള ട്രെയിന്‍ ആണത്.അടുത്ത ട്രെയിനില്‍ കയറി,ഏകദേശം ഒരു മിനിറ്റ് യാത്രക്കു ശേഷം ഇമിഗ്രേഷനിലെത്തിയപ്പോള്‍ വലിയ തിരക്കു,ഒരഞ്ഞൂറ്പേര്‍ മുന്നില്‍!കൂടുതലും ആഫ്രിക്കന്‍ വംശജരും,സായിപ്പന്മാരും.ഇന്ത്യാക്കാര്‍ വളരെകുറച്ച് മാത്രം.ഹോങ്കോങില്‍ സന്ദര്‍ശന വിസ സൌജന്യമാണു,ബാക്കിയെല്ലാത്തിനും വളരെ കൂടുതലും.സൌജന്യ വിസക്കുപകരം ഹോട്ടലും,ടാക്സിയുമെല്ലാം ചേര്‍ത്ത് വിസയുടെ മുതലും പലിശയും കൂടി അവര്‍ വാങ്ങുന്നുണ്ട്.കൌണ്ടറിലിരുന്ന എമിഗ്രേഷന്‍ ഓഫീസര്‍ യാതൊരു ചോദ്യവും കൂടാതെ 20 ദിവസ സന്ദര്‍ശനം അനുവദിച്ചു തന്നു.പിന്നീട് ലഗ്ഗേജ് റീക്ലെയിം ഏരിയയിലെത്തി ബാഗുകളെല്ലാമെടുത്തു.
എയര്‍പോര്‍ ട്ട് അറൈവല്‍ ഹോള്‍

വളരെ വലിയ ഹോളാണത്,ഒരു ഫോട്ടോ എടുക്കാം എന്ന് കരുതി ക്യാമറ ബാഗില്‍നിന്നും എടുത്ത് നോക്കിയപ്പോള്‍ ബാറ്ററിപവര്‍ ഇല്ല.അടുത്ത സെറ്റ് ബാറ്ററിയും തഥൈവ! അല്ലെങ്കിലും ഈ വക കാര്യങ്ങള്‍,ക്യാമറ ലാപ് റ്റോപ് തുടങ്ങിയവ,ഞാനുമായി എല്ലായ്പ്പോഴും മുന്നാളാണല്ലൊ.(പതിവ് പോലെ മൊബൈലില്‍ ഒന്ന് രണ്ട് ചിത്രമെടുത്തു,നമുക്കതേ പറഞ്ഞിട്ടുള്ളൂ.)
അറൈവല്‍ ഹോളില്‍ നിറയെ ഹോട്ടലുകാരുടെ പ്രതിനിധികള്‍ ആണു,പ്രീപെയ്ഡ് ടാക്സി കൌണ്ടറുകളും







.ഞങ്ങളുടെ താമസസ്ഥലമായ കോവ് ലൂണ്‍ ഭാഗത്തേക്ക് 100 എച്.കെ ഡി ആണു ചാര്‍ജ്.ഒരു ടാക്സിയില്‍ കയറി ഹോട്ടലിലേക്ക് തിരിച്ചു.ഏകദേശം 40 മിനിറ്റ് യാത്രയുണ്ട് ഹോട്ടലിലേക്ക്.വലിയ പാലങ്ങളും ടണലുമെല്ലാം താണ്ടിയാണു യാത്ര.വളരെ മികച്ച ഒരു ട്രാഫിക് സിസ്റ്റമാണിവിടെ.ഒട്ടേറെ വാഹനങ്ങള്‍ ചീറിപ്പായുന്നുണ്ടെങ്കിലും,ഉച്ച നേരമായതു കൊണ്ടാണോ എന്തോ ട്രാഫിക് ബ്ലോക്ക് എങ്ങും അനുഭവപ്പെടുന്നില്ല.

മികവുറ്ററോഡുകളുംപാലങ്ങളും, ചുറ്റുംഅംബരചുംബികള്‍.    നഗരത്തിലെത്തിക്കഴിഞ്ഞിരിക്കുന്നു.
നഗരകാഴ്ചകള്‍

                                                                          നഗരകാഴ്ചകള്‍
എങ്ങും ആള്‍ത്തിരക്കു.പെഡെസ്റ്റ് റിയന്‍ ക്രോസിംഗില്‍ ,സിഗ്നല്‍ നോക്കി,റോഡ് മുറിച്ച് കടക്കുന്ന ആളുകള്‍.ഈ തിരക്കിലൂടെ കാര്‍ ഹോട്ടലിനു മുന്നിലെത്തി.




Followers

ജാലകം
chintha.com

About Me

My photo
a travel enthusiast who enjoys humour

About This Blog

സഞ്ചാരത്തിനിടയിലെ ചില കാഴ്ചകള്‍;ചിത്രീകരണ മികവ് തുലോം കമ്മി .അത്ര മാത്രം

FEEDJIT Live Traffic Feed

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP