Monday, May 14, 2012

ഗോള്‍ഡന്‍ ട്രയാംഗിള്‍-തായ് ലണ്ട്- ഒന്നാം ഭാഗം

സൌത്ത് ഈസ്റ്റ് ഏഷ്യയിലെ ഗോള്‍ഡന്‍ ട്രയാംഗിളിനെക്കുറിച്ച് ഈ അടുത്ത കാലത്ത് ഒരു ട്രാവല്‍ബ്ലോഗില്‍ നിന്നാണു വായിച്ചറിഞ്ഞത്.തായ് ലണ്ട്,മ്യാന്മര്‍,ലാവോസ് എന്നീ മൂന്ന് രാജ്യങ്ങള്‍  മെകോംഗ് എന്ന നദിക്കരയില്‍ സംഗമിക്കുന്ന ആ സ്ഥലം സന്ദര്‍ശിക്കണമെന്ന ഒരാഗ്രഹം മനസ്സില്‍ അന്നേ മുളപൊട്ടിയിരുന്നു. ഇക്കഴിഞ്ഞ ചൈന യാത്രയില്‍ പരിചയപ്പെട്ട ഒരു മലയാക്കാരനില്‍ നിന്നുമാണ് ആശയം രൂപപ്പെട്ടതും.ഇക്കാര്യം സൂചിപ്പിച്ചപ്പോഴേ സഞ്ചാരപ്രിയരായ ചങ്ങാതിമാര്‍ തയ്യാര്‍!അങ്ങനെ യാത്രക്കുള്ള മുന്നൊരുക്കങ്ങളായി.എന്നത്തേയും പോലെ നമ്മുടെ “സ്വന്തം“ എയര്‍ലൈനായ എയര്‍ ഏഷ്യയില്‍ പരതി,ടിക്കറ്റ് ബുക്ക് ചെയ്തു.കുലാലമ്പൂര്‍ വഴി തായ്ലണ്ടിലെ ചിയാങ്മായ്.

ബാങോക്കിനു  700കിമി  വടക്കായി സ്ഥിതിചെയ്യുന്ന നഗരമാണു ചിയാങ്മായ്.    700 വര്‍ഷങ്ങള്‍ക്കു മുന്‍പു ലണ്ണ രാജവംശത്തിലെ മെംഗ് റായ് രാജാവിനാല്‍ ,പിങ് നദിക്കരയില്‍ സ്ഥാപിക്കപ്പെട്ടതാണീ നഗരം.36 പുരാതന ബുദ്ധക്ഷേത്രങ്ങള്‍ നഗരത്തിനുള്ളിലായി സ്ഥിതി ചെയ്യുന്നു.600 വര്‍ഷം പഴക്കമുള്ള ഫ്രതാത് ദോയി സുതേപ് എന്ന ബുദ്ധക്ഷേത്രമാണിതില്‍ ഏറ്റവും പ്രാധാന്യമുള്ളത്.
ചിയാങ്മായില്‍ ഇറങ്ങി, അവിടത്തെ കാഴ്ചകള്‍ക്കു ശേഷം ചിയാങ്മായില്‍ നിന്നും റോഡ് മാര്‍ഗ്ഗം ഗോള്‍ഡന്‍ ട്രയാംഗിള്‍ ഏരിയയിലേക്ക്.അങ്ങിനെയായിരുന്നു റൂട്ട് തയ്യാറാക്കിയത്.
തായ്ലണ്ടിന്റെ വടക്കന്‍ അതിര്‍ത്തിയിലുള്ള ഈ ഗോള്‍ഡന്‍ ട്രയാംഗിള്‍ പ്രദേശം ഓപിയം കൃഷിക്ക് കുപ്രസിദ്ധമായിരുന്നു.മ്യാന്മാറിന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ വ്യാപകമായി കൃഷി ചെയ്തിരുന്ന ഓപിയം,ഇവിടെ നിന്നും വന്‍തോതില്‍ ചൈനയിലേക്കും,ബാങ്കോക്കിലേക്കും നിര്‍ബാധം കടത്തിയിരുന്നത്രേ.അധോലോക സംഘങ്ങളുടെ വിഹാരരംഗം ആയിരുന്ന ഇന്ന് ഇവിടം താരതമ്യേന ശാന്തമെന്നു പറയാം.ടൂറിസം വന്‍തോതില്‍ വികസിച്ചതോടെയാണിതെന്നും പറയപ്പെടുന്നു.
കുലലംപൂരില്‍ നിന്നും ദിവസേന രണ്ടു സര്‍വീസുകളാണ് എയര്‍ ഏഷ്യ നടത്തുന്നത്.അതി രാവിലെയുള്ള ചിയാങ്ങ്മായ് സര്‍വീസ് ആണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്.വിമാനം നിറയെ യാത്രക്കാര്‍.കാലി സീറ്റുകള്‍ ഒന്നുമില്ല.ഏറ്റവും പിന്നിലാണ് എന്റെ സീറ്റ്. അതിനാല്‍ കാല്‍ നീട്ടുവാന്‍ പോലും സാധിക്കാതെ  രണ്ടര മണിക്കൂര്‍ യാത്രക്ക് ശേഷം 10 മണിയോടെ ചിയാങ്ങ്മായ് എയര്‍ പോര്‍ട്ടില്‍ വിമാനമിറങ്ങി.ചെറിയൊരു വിമാനത്താവളമാണ് ഇത്.

                                                                         ചിയാങ്ങ്മായ് അന്താരാഷ്ട്ര വിമാനത്താവളം

നഗര ഹൃദയത്തിലേക്ക് 10 മിനിറ്റ് യാത്രയേയുള്ളൂ.പാശ്ചാത്യര്‍ ആണ് സന്ദര്‍ശകരിലേരെയും,അതും ഗോള്‍ഫ് കളിക്കാനായി വരുന്നവര്‍. ധാരാളം ഗോള്‍ഫ് കോഴ്സുകള്‍ ഉള്ള ഒരു നഗരമാണ് ചിയാങ്ങ്മായ്.ഒരു മിനി വാനില്‍ ഞങ്ങള്‍ ഹോട്ടലിലേക്ക് തിരിച്ചു.രാവിലെ പത്തരയായിട്ടുംനഗരം ഉണര്‍ന്നെഴുന്നേല്‍ക്കുന്നതേയുള്ളൂ.കടകളൊന്നും തുറന്നു തുടങ്ങിയിട്ടുമില്ല.
                                                                                        

സാഹസിക വിനോദങ്ങള്‍ക്കായാണു മിക്കവാറും വിദേശികളും ഇവിടെയെത്തുന്നത്.മൌണ്ടെന്‍ കാര്‍,മൌണ്ടെന്‍ ബൈക്കിങ്, ബങ്കി ജമ്പിംഗ്  തുടങ്ങിയവക്കെല്ലാം വിപുലമായ സൌകര്യങ്ങള്‍ ഈ പ്രദേശങ്ങളിലുണ്ട്.
                                                                      
                                                                     മലകയറാന്‍ സജ്ജമാക്കിയിരിക്കുന്ന വാഹനം


                                                                                             നഗരത്തിന്റെ പകല്‍ ദൃശ്യങ്ങള്‍

മുറിയിലെത്തി ഒരു ചെറിയ വിശ്രമത്തിനു ശേഷം ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങി.ചെറിയൊരു തായ് റെസ്റ്റോറണ്ടില്‍ നിന്നും തായ് ശൈലിയിലുള്ള ഭക്ഷണശേഷം ഹോട്ടല്‍ പരിസരത്തെത്തിയ ഞങ്ങളെ മിനി വാന്‍ ,ടുക്-ടുക് ഡ്രൈവര്‍മാര്‍ വളഞ്ഞു.സിറ്റി ടൂര്‍ ഓപ്പറേറ്റര്‍ മാരുടെ സംഘത്തിലെ അംഗങ്ങളാണവര്‍.അതിലൊരാളുമായി വാടക പറഞ്ഞുറപ്പിച്ച് ദോയി സുതേപ് ക്ഷേത്രം കാണുന്നതിനായി പുറപ്പെട്ടു.നഗരത്തില്‍ നിന്നും ഏകദേശം 15 കിമി അകലെ ഒരു മലയുടെ നിറുകയിലാണീ ക്ഷേത്രം.സമുദ്ര നിരപ്പില്‍ നിന്നും 3500 അടി ഉയരത്തില്‍ ആണു ഇത് സ്ഥിതിചെയ്യുന്നത്.അടിവാരത്തില്‍ നിന്നും മുന്നൂറോളം സ്റ്റെപ്പുകള്‍ കയറിയാലെ ക്ഷേത്രത്തിലെത്താനാകൂ.

                                                                          ക്ഷേത്രത്തിലേക്ക് കയറി ചെല്ലുന്ന പടികള്‍
നടന്നു കയറുവാന്‍ സാധിക്കാത്തവര്‍ക്കായി ട്രാം സര്‍വീസുമുണ്ട്.ഞങ്ങള്‍ ഏതായാലും പടികളിലൂടെയുള്ള കയറ്റം വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചു.ട്രാമില്‍ മുകളിലെത്തി.പ്രധാന ക്ഷേത്രത്തിനിരുവശവുമായി നിരവധി ബുദ്ധവിഹാരങ്ങള്‍ കാണാം.
                                                              ക്ഷേത്രം
ബുദ്ധസന്യാസിമാരുടെ പരിശീലനവും മറ്റു ചടങ്ങുകളുമെല്ലാം ഇവിടെയാണു നടക്കുന്നത്.ആ പരിസരമെല്ലാം കറങ്ങി. അവിടെനിന്നും ലഭിക്കുന്ന നഗരത്തിന്റെ കാഴ്ച ചേതോഹരമെന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും ഞങ്ങള്‍ക്കു നിരാശയായിരുന്നു ഫലം.കനത്തമഞ്ഞിന്റെ ആവരണത്തില്‍ മങ്ങിയ ദൂരകാഴ്ചകള്‍ മാത്രം.തിരികെ സ്റ്റെപുകളെല്ലാം നടന്ന് തന്നെയിറങ്ങി വാനില്‍ കയറി സിറ്റിയിലേക്ക് മടങ്ങി.
സിറ്റിയിലെത്തുമ്പോഴേക്കും ഇരുട്ട് പരന്നുകഴിഞ്ഞിരുന്നു.തെരുവീഥികളെല്ലാം സജീവമായികഴിഞ്ഞിരിക്കുന്നു.നഗരം വെളിച്ചത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണു. ചിയാങ്മായ് നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിലൊന്നാണു നൈറ്റ്മാര്‍ക്കറ്റ്.


                                                                                                                                                 
                                                                                           നൈറ്റ്മാര്‍ക്കറ്റ്.
പ്രധാനറോഡിനിരുവശവുമായി ,ഒന്നരകിലോമീറ്റര്‍ നീളത്തില്‍ ,അസംഖ്യം ചെറിയ ചെറിയ പെട്ടിക്കടകള്‍.നഗരത്തിലെ പ്രമുഖ ഹോട്ടലുകളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നതും ഇവിടെത്തന്നെയാണു.നടപ്പാത തിങ്ങി നിറഞ്ഞു നീങ്ങുന്ന ടൂറിസ്റ്റുകള്‍.എല്ലാം പാശ്ചാത്യര്‍.ഒരു ആഴ്ച മുഴുവന്‍ നടത്തിയ ഈ യാത്രയിലെ ഒരു പ്രത്യേകതയും അതായിരുന്നു.എങ്ങും പാശ്ചാത്യര്‍ മാത്രം.ഒരു വടക്കേഇന്ത്യന്‍ ദമ്പതികളെ ഒഴികേ ഇന്ത്യാക്കാരേ ആരേയും മറ്റെങ്ങും കാണുവാന്‍ സാധിച്ചില്ല.

                                                                                                                           
                                                                                               നൈറ്റ്മാര്‍ക്കറ്റ്.


ഈ നൈറ്റ്മാര്‍ക്കറ്റില്‍ ഭൂരിപക്ഷം കടകളും ടൂറിസ്റ്റുകള്‍ക്കായുള്ള സൂവനീര്‍ഷോപ്പുകള്‍ ആണു. മറ്റ് തായ് നഗരങ്ങളേക്കാള്‍ വിലക്കൂടുതല്‍ ആണു സാധനങ്ങള്‍ക്കെല്ലാം.നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും ഇടക്കിടെ കാണാം.ഇതിനിടയിലായി ധാരാളം റെസ്റ്റോറന്റുകളും.തീരപ്രദേശത്തല്ല ഈ നഗരമെങ്കിലും എവിടേയും സീഫുഡ് റെസ്റ്റോറന്റുകള്‍ കാണുവാന്‍ കഴിയും.അതും ന്യായമായ വിലയില്‍ ഭക്ഷണം ലഭിക്കുന്നവ.അല്ലറ ചില്ലറ ഷോപ്പിംഗിനു ശേഷം, നല്ലൊരു അത്താഴവും കഴിച്ച്,തിരികെ ഹോട്ടലിലേക്കു മടങ്ങി. സമയം അര്‍ദ്ധരാത്രിയോടടുക്കുന്നു,നഗരം ഇപ്പോഴും സജീവമാണു.നടക്കാവുന്ന ദൂരം മാത്രമേ ഹോട്ടലിലേക്കുള്ളൂ.സുഖകരമായ,ഇളം തണുപ്പുള്ള ആ കാലാവസ്ഥയിലൂടെ ഹോട്ടല്‍ ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു.




















































Saturday, March 31, 2012

ഹോങ്കോങ് / ചൈനാ യാത്ര- 4




തിരികെ ഹോട്ടലിലെത്തി ചായ കുടിച്ച്,ഒന്ന് കുളിച്ച് ഫ്രെഷായി ഇറങ്ങിയപ്പോഴേക്കും സമയം ഏഴുമണി കഴിഞ്ഞിരിക്കുന്നു.ബെയ്ജിംഗ്-ലൂ റോഡ് ആണു അടുത്ത ലക്ഷ്യം.നടക്കാവുന്ന ദൂരം എന്നാണു മനസ്സിലാക്കിയിരുന്നതെങ്കിലും, രണ്ടര കിമി അകലെയാണത്.പകല്‍ കറങ്ങിയതിന്റെ ക്ഷീണം മാറാത്തതു കൊണ്ടാവണം നടന്നിട്ടും നടന്നിട്ടും ലക്ഷ്യസ്ഥാനത്തെത്തുന്നുമില്ല.അവസാനം ഒരുവിധത്തില്‍ ബെയ്ജിംഗ്-ലൂ റോഡ് ആരംഭിക്കുന്ന ജംഗ്ഷനിലെത്തി.നിയോണ്‍ വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുന്ന തെരുവില്‍ ആള്‍ക്കൂട്ടം ഒഴുകുന്ന കാഴ്ച ദൂരേനിന്നും തന്നെ കാണാനാകും.
                                ബെയ്ജിംഗ്-ലൂ റോഡ്

ഗോങ്-ചോ നഗരത്തിലെ ഏറ്റവും സജീവമായ വീഥികളിലൊന്നാണു ഇത്.

                                                                                                    ബെയ്ജിംഗ്-ലൂ റോഡ്

വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ഈ വോക്കിംഗ്-സ്ട്രീറ്റ് ,നഗരത്തിന്റെ മുഖ്യ ആകര്‍ഷണമാണു.വാരാന്ത്യങ്ങളില്‍ സൂചികുത്താനിടമില്ലാത്തവിധം ആയിരിക്കും തെരുവിലെ തിരക്കെന്ന് നേരത്തെതന്നെ അറിഞ്ഞിരുന്നു.ഇന്നിടദിവസമായിട്ടും തിരക്കിനു കുറവൊന്നുമില്ല.ബ്രാന്‍ഡഡ് ഷോപ്പുകളാണധികവും.താരതമ്യേന മിതമായ വിലക്കു ലഭിക്കുകയും ചെയ്യും.

രണ്ടായിരത്തി രണ്ടാമാണ്ടില്‍ ഈ തെരുവില്‍ ഖനനം നടന്നപ്പോള്‍ കണ്ടെടുക്കപ്പെട്ട ,നടപ്പാതക്ക് താഴെയുള്ള. ഏഴാം നൂറ്റാണ്ടിലെ സിറ്റി ഗ്ഗെയിറ്റുകളാണിവിടുത്തെ മുഖ്യ ആകര്‍ഷണം.കല്‍ചീളുകള്‍ അടുക്കിയുള്ള നിര്‍മ്മാണ ശൈലി കൌതുകമുണര്‍ത്തുന്നു. അത് കട്ടിയുള്ള ചില്ല് മേലാവരണം നല്‍കി നന്നായി സംരക്ഷിച്ചിരിക്കുന്നത് കൊണ്ട് വ്യക്തമായി കാണുവാന്‍ സാധിക്കും.മുന്നൂറു മീറ്ററോളം നീളമുള്ള ഈ തെരുവിന്റെ ഒരറ്റം മുതല്‍ മറ്റേഅറ്റം വരെ പോയി തിരികെ വരണമെങ്കില്‍ ഒരു മണിക്കൂര്‍ സമയം എടുക്കുമെന്നറിയുമ്പോള്‍ ഇവിടുത്തെ തിരക്ക് ഊഹിക്കാമല്ലോ.അല്ലറ ചില്ലറ ഷോപ്പിംഗ് നടത്തി തിരികെ ഹോട്ടലിനു സമീപമെത്തിയപ്പോള്‍ സമയം രാത്രി 10 മണിയായിരിക്കുന്നു.പേള്‍ നദീ തീരം ഇപ്പോഴും സജീവമാണു.ഭക്ഷണ ശാലകളിലെല്ലാം നല്ല തിരക്ക്.വൈകിട്ടത്തെ ആഹാരം ഒരു ടോം-യാം സൂപ്പിലൊതുക്കി തിരികെ റൂമിലെത്തി.

പിറ്റേന്ന് പ്രഭാത ഭക്ഷണം കഴിഞ്ഞപ്പോഴേക്കും യോങ് എത്തി.ഇന്ന് 10 ലക്ഷം സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ഫസ്റ്റ്-ടണല്‍ എന്ന അണ്ടര്‍ ഗ്രൌണ്ട് ഷോപ്പിംഗ് സെന്റര്‍ ആണു ആദ്യ ലക്ഷ്യം.ഞങ്ങളെ അവിടെ ഇറക്കി യോങ് കാര്‍ പാര്‍ക്ക് ചെയ്യുവാനായി പോയി.ആംഗ്യഭാഷയില്‍ പ്രവേശന സ്ഥലം ചൂണ്ടിക്കാണിച്ചാണു ആള്‍ സ്ഥലം വിട്ടത്.

                                             ഫസ്റ്റ്-ടണല്‍ എന്ന അണ്ടര്‍ ഗ്രൌണ്ട് ഷോപ്പിംഗ് സെന്റര്‍ 

വസ്ത്രങ്ങള്‍ക്കു മാത്രമായുള്ള ആ വലിയ മാര്‍ക്കറ്റിന്റെ എന്‍ ട്രന്‍സ് ഒരു വിധത്തില്‍ തപ്പിപ്പിടിച്ചു,താഴെയിറങ്ങി.അപ്പോഴാണു ചൈനീസ് കറന്‍സി തീരാറായ വിവരം ഓര്‍ത്തത്.തിരികെ മുകളില്‍ കയറി ഒരു ബാങ്കിലെത്തി. ഡോളര്‍ മാറിയെടുക്കുവാനുള്ള ഭഗീരഥ പ്രയത്നമായിരുന്നു പിന്നീട്.  പാസ്പോര്‍ട്ട് കോപ്പിയെല്ലാം കൊടുത്ത്,ഒരു ടോക്കണും വാങ്ങി,അനവധി പേപ്പറുകളില്‍ ഒപ്പുമിട്ട് 50 മിനിറ്റ് നീണ്ട കാത്തിരിപ്പ്.ടോക്കണ്‍ നമ്പര്‍ഇലക്ട്രോണിക് ബോര്‍ഡില്‍ തെളിയുമ്പോള്‍ നമ്മള്‍ കൌണ്ടറിലെത്തി ഡോളര്‍ നല്‍കി ചൈനീസ് യുവാന്‍ വാങ്ങണം.ഹോങ്കോങ്ങിലും മറ്റും മൂന്ന് മിനിറ്റ് കൊണ്ട് തീരുന്ന പ്രക്രിയക്കു ഇവിടെ ഒരു മണിക്കൂര്‍!! യുവാനും വാങ്ങി തിരികെ താഴെയെത്തി.ഒരു ദിവസം മുഴുവനുമെടുത്താലും കണ്ടുതീരാന്‍ സാധിക്കാത്ത, വിശാലമായ ഒരു മാര്‍ക്കറ്റാണിത്.കുറച്ച് സാധനങ്ങളെല്ലാം വാങ്ങി, നടന്നു നടന്നു കാലുകഴച്ചപ്പോള്‍ മെല്ലെ പുറത്തിറങ്ങി.ഒരു ചൈനീസ് റെസ്റ്റോറന്റില്‍ നിന്നും ഭകഷണം കഴിച്ച്,അടുത്ത ലക്ഷ്യമായ കാന്റണ്‍ ടവറിലേക്ക് തിരിച്ചു.


                                                                                                          കാന്റണ്‍ ടവര്‍

ഗോങ് ചോ 2010 ഏഷ്യന്‍ ഗെയിംസിനോടനുബന്ധിച്ച് 2010 ലാണു ഈ ടവര്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.കഴിഞ്ഞ തവണസമയക്കുറവ് മൂലം ഇത് കാണുവാന്‍ സാധിച്ചിരുന്നില്ല .600 മീറ്റര്‍ ,ആന്റിന സഹിത,ഉയരമുള്ള ഈ ടവര്‍ വളരെ ദൂരേനിന്നേ കാണുവാന്‍ സാധിക്കും. ഞങ്ങളെ പ്രധാന കവാടത്തിലിറക്കി,യോങ്ങ് കാര്‍പാര്‍ക്കിങ്ങിലേക്ക് പോയി.വളരെ വിശാലമായ എന്‍ ട്രന്‍സ് ലോബിയിലൂടെ അകത്ത് പ്രവേശിച്ചു.


                                                                                                                              
 ചൈനാ യാത്രയില്‍ മറ്റെങ്ങും അനുഭവപ്പെടാതിരുന്ന,കര്‍ശന സുരക്ഷാ പരിശോധനക്കു ശേഷം മാത്രമേ റ്റിക്കറ്റ് കൌണ്ടരില്‍ എത്താനാകൂ.സാമാന്യം ഉയര്‍ന്ന ടിക്കറ്റ് നിരക്കാണിവിടെ,സാഹസിക വിനോദങ്ങള്‍ക്കു വേറേയും.പല വിദേശികളും,പാശ്ചാത്യര്‍ പോലും, ഉയര്‍ന്ന നിരക്കിനെക്കുറിച്ച് പരാതി പറയുന്നുണ്ടായിരുന്നു. മെറ്റല്‍ ഡിറ്റക്ടറും,ഡോഗ് സ്ക്വാഡും എല്ലാം സഹിതമുള്ള പരിശോധനക്കു ശേഷം,ആളൊന്നിനു 1100 രൂപ എന്ന നിരക്കിലുള്ള റ്റിക്കറ്റും വാങ്ങി  ലിഫ്റ്റില്‍ കയറുവാനുള്ള ക്യൂവില്‍ സ്ഥലം പിടിച്ചു.വളരെ ചിട്ടയായി വേഗം ക്യൂ മുന്നോട്ട് നീങ്ങുന്നു.ഞങ്ങളുടെ ഊഴമെത്തി,ലിഫ്റ്റിനകത്തു കയറി.428 മീ ഉയരത്തിലേക്കാണിത് പായുന്നത്,അതും 2 മിനിറ്റ് കൊണ്ട്.മുകളില്‍ നിന്നുമുള്ള കാഴ്ചകള്‍ വര്‍ണ്ണനാതീതമാണു.നഗരം മിക്കവാറും മുഴുവനായി തന്നെ ഇവിടെ നിന്നും കാണാം.


                                                                          ടവറിനു മുകളില്‍ നിന്നുമുള്ള കാഴ്ചകള്‍

സന്ദര്‍ശകരെല്ലാം ഫോട്ടോ എടുക്കുവാന്‍ തിരക്കു കൂട്ടുന്നു.തൊട്ടാല്‍ പൊള്ളുന്ന വിലയുമായി സുവനീര്‍ ഷോപ്പുകളും ഈ ഫ്ലോറിലുണ്ട്.ഇതോടനുബന്ധിച്ച് സാഹസിക വിനോദങ്ങളായ ബബിള്‍ ട്രാം,സ്പൈഡര്‍ വാക്ക് ,സ്കൈ ഡ്രോപ്പ്  തുടങ്ങിയവയുമുണ്ട്.ഇത്രയും ഉയരത്തില്‍,ടവറിനു വെളിയില്‍ ഘടിപ്പിച്ചിട്ടുള്ള ഗൊണ്ടോളയില്‍(ബബിള്‍ ട്രാം) കയറി ടവര്‍ ചുറ്റുന്ന പരിപാടിയാണത്. ഉച്ച സമയമായത് കൊണ്ട് അത് നിര്‍ത്തി വച്ചിരിക്കുകയാണു,വൈകുന്നേരത്തോടെ മാത്രമേ പുനരാരംഭിക്കുകയുള്ളൂ.അതില്‍കയറുവാന്‍ സാധിക്കാതെ വന്നതിലുള്ള നിരാശയില്‍ ഞങ്ങളും ചിത്രമെടുപ്പില്‍ വ്യാപൃതരായി.ഇവിടത്തെ മറ്റൊരാകര്‍ഷണം പ്രധാന നിര്‍മ്മിതിയില്‍ നിന്നും കാന്റിലിവര്‍ ആയി നില്‍ക്കുന്ന,ഗ്ഗ്ലാസ്സ് തറയോടുകൂടിയ,ഒരു ഡെക്ക് ആണു.ഗ്ലാസ് തറയില്‍ നില്‍ക്കുമ്പോള്‍ ,നേരെതാഴെ ,അതായത് 428 മീ താഴ്ചയില്‍,നിരത്തും വാഹനങ്ങളും,ഏതൊരു ധൈര്യശാലിക്കും വിറയല്‍ അനുഭവപ്പെടുമെന്നുറപ്പ്.



                                                                                                        ഗ്ലാസ് പവലിയന്‍    
                                                                             ഏഷ്യന്‍ ഗെയിംസ് സ്റ്റേഡിയങ്ങളും,ബഹുനില മന്ദിരങ്ങളുമെല്ലാം,ശാന്തമായൊഴുകുന്ന പേള്‍ നദിയും എല്ലാം ക്യാമറക്കുള്ളിലായി.ഈ കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ 488 മീ ഉയരത്തില്‍ ഒരു ഒബ്സര്‍വേഷന്‍ ഡെസ്കും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.കുറെ നേരം ചുറ്റിക്കറങ്ങിയ ശേഷം താഴെയിറങ്ങി.യോങ് അടുത്തതായി ഗ്രാന്റ് വ്യൂ എന്ന ഷോപ്പിംഗ് മോളിലേക്കാണു ഞങ്ങളെ കൊണ്ട് പോയത്.വലിയൊരു മോള്‍ എന്നതിനപ്പുറം യാതൊരു പ്രത്യേകതയുമില്ലാത്ത ഒരു സ്ഥലം.കുറച്ച് നേരം അവിടെയൊക്കെ ചുറ്റിക്കറങ്ങി,തിരികെ കാര്‍ പാര്‍ക്കിംഗിലെത്തി.ഞങ്ങളെ ഹോട്ടലില്‍ ഇറക്കി രാവിലെ കാണാമെന്നു പറഞ്ഞ് യോങ്ങ് യാത്രയായി.നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു.ഇനി ഇന്നത്തെ പരിപാടിയില്‍ ബാക്കിയുള്ളത് പേള്‍ നദിയിലൂടെയുള്ള ബോട്ട് സവാരിയാണു.പേള്‍നദി നിയോണ്‍ വെളിച്ചത്തില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണു.
                                                                           പേള്‍നദി നിയോണ്‍ വെളിച്ചത്തില്‍







നിറയെ യാത്രക്കാരുമായി നീങ്ങുന്ന ലക്ഷ്വറി ബോട്ടുകള്‍. (കഴിഞ്ഞ ചൈനായാത്രയില്‍ പേള്‍ നദി കാഴ്ചകള്‍ ഒരിക്കല്‍ ഒരു പോസ്റ്റാക്കി ഇട്ടിരുന്നു.അതേ കാഴ്ചകള്‍ വീണ്ടും വിവരിക്കുന്നത് ആവര്‍ത്തന വിരസതയുളവാക്കുന്നതായതു കൊണ്ട് അത് വിവരിക്കുന്നില്ല.
ആ കാഴ്ചകള്‍ ദാ ഇവിടെ).ബോട്ട് യാത്രക്കു ശേഷം നദീതീരത്തുകൂടിയൊന്നു ചുറ്റിയടിച്ച്തിരികെഹോട്ടലിലെത്തി
.നാളെയാണുചൈനാസന്ദര്‍ശനത്തിലെ അവസാന ദിനം.രാവിലെയുള്ള കാഴ്ചകള്‍ക്കു ശേഷം തൊട്ടടുത്ത നഗരമായ ഫോഷാന്‍ നഗരത്തിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നും അത്താഴവും കഴിച്ച് മടങ്ങാനാണു പദ്ധതി.പിറ്റേന്ന്, പ്രഭാത ഭക്ഷണം കഴിഞ്ഞപ്പോഴേക്കും യോങ്ങ് എത്തിക്കഴിഞ്ഞു.നഗരത്തിന്റെ മറ്റൊരു കോര്‍ണറിലുള്ള സന്‍-യാറ്റ്-സെന്‍ മെമ്മോറിയല്‍ ഹാളിലേക്കാണു ആദ്യം പോയത്.
                                                                                    സന്‍-യാറ്റ്-സെന്‍ മെമ്മോറിയല്‍


                                                                സന്‍-യാറ്റ്-സെന്‍ മെമ്മോറിയല്‍ 

ഗോങ് ചോ നഗരത്തിന്റെ പിതാവായി കണക്കാക്കുന്ന,ചൈനീസ് രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ സന്‍-യാറ്റ്-സെന്നിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിക്കപ്പെട്ട ഒക്ടഗണല്‍ ഷെയിപ്പിലുള്ള ഒരു നിര്‍മ്മിതിയാണിത്.മൂവായിരത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാനാകുന്ന വളരെ വലിയ ഒരു ഹോളാണിത്.തൂണുകളില്ലാതെ 270 അടിയോളം സ്പാനില്‍ ആണു ഇതിലെ പ്രധാന ഹോള്‍.മനോഹരമായ ഉദ്യാനത്തോടൊപ്പം അദ്ദേഹത്തിന്റെ ഒരു പൂര്‍ണ്ണകായ പ്രതിമയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഉച്ചഭക്ഷണത്തിനു ശേഷം ഫോഷാന്‍ നഗരത്തിലേക്ക് യാത്രതിരിച്ചു.
                                                                                  ഏഷ്യന്‍ ഗെയിംസ് വേദിയില്‍

ഒരു മണിക്കൂര്‍ യാത്രക്കു ശേഷം അവിടെയുള്ള സുഹൃത്തിന്റെ വീട്ടിലെത്തി.ചെറിയൊരു വിശ്രമത്തിനു ശേഷം ഏഷ്യന്‍ ഗെയിംസ് വേദികളും മറ്റും കണ്ട് ,സുഹൃത്തിന്റെ പത്നി ഒരുക്കിയ വിഭവസമൃദ്ധമായ മലബാര്‍ ഭക്ഷണത്തിനു ശേഷം ഗോങ് ചോ എയര്‍പോര്‍ട്ടിലെത്തി കുലാലമ്പൂര്‍ വിമാനത്തിനായി കാത്തിരുന്നു.ഇതിനിടയില്‍ നാട്ടില്‍നിന്നും വേറൊരു സുഹൃത്തിന്റെ ഫോണ്‍. ആ ഫോണ്‍ സംഭാഷണം കഴിഞ്ഞപ്പോഴേക്കും, നാട്ടിലെത്തിയാല്‍ അധിക താമസമില്ലാതെ നടക്കുവാന്‍ പോകുന്ന, അടുത്ത യാത്രയുടെ കേളികൊട്ട് മുഴങ്ങി കഴിഞ്ഞിരുന്നു.


ഹോങ്കോങ് / ചൈനാ യാത്ര-1ഇവിടെ വായിക്കാം

ഹോങ്കോങ് / ചൈനാ യാത്ര-2ഇവിടെ വായിക്കാം

ഹോങ്കോങ് / ചൈനാ യാത്ര-3ഇവിടെ വായിക്കാം

 

 

 

Saturday, January 28, 2012

ഹോങ്കോങ് / ചൈനാ യാത്ര- 3



ഹോങ്കോങ്ങിലെ ഹങ്-ഹോം റെയില്‍ വേ സ്റ്റേഷനില്‍,ചൈനക്കുള്ള ഇന്റര്‍ സിറ്റി ട്രെയിനും പ്രതീക്ഷിച്ച്, ഒരു നീണ്ട ക്യൂവിലാണു ഞങ്ങളിപ്പോള്‍.ചൈനയിലെ ഗോങ്ങ് ചോ നഗരത്തിലേക്കാണു യാത്ര. ഇരുന്നൂറു കിലോമീറ്ററോളം ദൂരെയുള്ള ഗോങ്ങ് ചോ നഗരത്തില്‍ ഏകദേശം രണ്ട് മണിക്കൂര്‍ സമയം കൊണ്ട് എത്താനാകും.ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നടത്തിയിരുന്നത് കൊണ്ട് ടിക്കറ്റ് വാങ്ങുവാനുള്ള പൊല്ലാപ്പ് ഒഴിവായി. സമയം നാലു മണിയോടടുക്കുന്നു.കൌണ്ടര്‍ ഇനിയും തുറന്നിട്ടില്ല.ട്രെയിന്‍ പുറപ്പെടുവാന്‍ അര മണിക്കൂറേയുള്ളു.ക്യൂവിനാകട്ടെ നിമിഷം പ്രതി നീളം വര്‍ദ്ധിച്ചും വരുന്നു.ഈ യാത്രയിലാദ്യമായി ഒരു ടെന്‍ഷന്‍ ഉടലെടുത്തു.സമയത്ത് അകത്ത് കയറാനാകുമോ എന്തോ.
                                                 ഹങ്ഹോം സ്റ്റേഷന്‍

നാലു മണി കഴിഞ്ഞതും ഒരു ഉദ്യോഗസ്ഥന്‍ വന്ന് കൌണ്ടറിനു കുറുകെയിട്ടിരുന്ന നാട മാറ്റി,തുടര്‍ന്ന് സ്കാനിങ് മെഷീന്‍ ഓണ്‍ ചെയ്തു.  ആശ്വാസം,പരിപാടി തുടങ്ങുകയായി. ക്യൂ മെല്ലെ ചലിച്ചു തുടങ്ങി. മുന്നില്‍ ഏറിയ ആളുകളും ചൈനീസ് വംശജരാണു.ഒരു പത്തിരുപത് കറുത്ത വര്‍ഗ്ഗക്കാരുമുണ്ട്.കുറച്ച് കഴിഞ്ഞപ്പോള്‍ ക്യൂവിന്റെ ചലനം നിലച്ചു, എന്തോ വാഗ്വാദം നടക്കുകയാണു.ലഗേജിന്റെ സൈസിനെക്കുറിച്ചുള്ള തര്‍ക്കമാണു ഉദ്യോഗ്സഥരും,കറുത്തവര്‍ഗ്ഗക്കാരനും തമ്മില്‍. വലിയ സൈസിനു അധികകാശ് ഒടുക്കണം.അവസാനം അയാള്‍ ക്യൂവിനു പുറത്ത് പോയി,പ്രശ്നവും തീര്‍ന്നു.ചൈനീസ് വംശജര്‍ക്കു തങ്ങളുടെ കാര്‍ഡ് കാണിച്ച് അകത്തു പ്രവേശിക്കാമെന്നുള്ളതു കൊണ്ട് ക്യൂ വേഗം മുന്നോട്ട് നീങ്ങി.കാര്യമായ പരിശോധനയൊന്നുമില്ലാതെ ഞങ്ങളും പാസ്പോര്‍ട്ട് പതിച്ചെടുത്തു അകത്തു കടന്നു.
ആവര്‍ത്തിക്കുന്നതില്‍ ക്ഷമിക്കണം,വിമാനത്താവളത്തിന്റെ സൌകര്യങ്ങളുള്ള സ്റ്റേഷന്‍ ആണിത്. ഇന്ത്യയില്‍ നിന്നും വരുന്ന നമ്മള്‍ക്ക് ചിന്തിക്കാവുന്നതിനപ്പുറം.നിര നിരയായി,പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത, ഡിപാര്‍ച്ചര്‍ ലോഞ്ചുകള്‍. ഫുഡ് ജോയന്റുകളും,സ്നാക്സ് പാര്‍ലറുകളുമെല്ലാം ധാരാളമായുണ്ട്.മറ്റുകടകളും യഥേഷ്ടം.

ഭൂ നിരപ്പിനു താഴെയാണു പ്ലാറ്റ്ഫോം.നാലര മണിയായപ്പോള്‍ എസ്കലേറ്റര്‍ ചലിച്ചുതുടങ്ങി.ഞങ്ങള്‍ പ്ലാറ്റ്ഫോമിലെത്തി.ട്രെയിന്‍ തയ്യാറായി കിടക്കുന്നു.പക്ഷെ യാത്ര പുറപ്പെട്ടത് ,നമ്മുടെ ട്രെയിനുകളെപ്പോലെ തന്നെ, അല്പം താമസിച്ച്,നാലേ  മുക്കാലോടെ മാത്രമാണു. ടിക്കറ്റ് നോക്കി ട്രെയിനകത്ത് പ്രവേശിച്ചു.നല്ല വൃത്തിയും വെടിപ്പുമുള്ള കമ്പാര്‍ട്ട്മെന്റ്.

സുഖപ്രദമായ സീറ്റുകളും.സീറ്റ് തേടിപ്പിടിച്ച് ഇരുന്നപ്പോഴേക്കും ഹോസ്റ്റസ്സ് എത്തി റ്റിക്കറ്റ് പരിശോധിച്ച ശേഷം ടിക്കറ്റിനോടൊപ്പമുള്ള ബിസ്കറ്റും വെള്ളക്കുപ്പികളും നല്‍കി.സീറ്റുകള്‍ മുഴുവനായും നിറഞ്ഞിരിക്കുന്നു.ട്രെയിന്‍ നീങ്ങിത്തുടങ്ങി.ഇരുവശത്തും നഗരക്കാഴ്ചകള്‍.ചില സ്ഥലങ്ങളില്‍ വലിയ ഇരുമ്പ് ഷീറ്റ് ഉയോഗിച്ച് ട്രാക്കിനിരുവശവും ദീര്‍ഘദൂരം മറച്ചിരിക്കുന്നു.
                                  ചൈനീസ് ഗ്രാമക്കാഴ്ചകള്‍

സീറ്റുകളിലെല്ലാം യാത്രക്കാര്‍ നിറഞ്ഞിരിക്കുന്നു.അംബരചുംബികള്‍ തിങ്ങി നില്‍ക്കുന്ന നഗര ഭാഗങ്ങള്‍ പിന്നിട്ട് തുടങ്ങി.സാവധാനമാണു യാത്ര.കുറച്ച് കഴിഞ്ഞപ്പോള്‍ ഗ്രാമക്കാഴ്ചകള്‍ കണ്ടു തുടങ്ങി.ചൈനയായിരിക്കുന്നു.

ചെറിയചെറിയചൈനീസ്ഗ്രാമങ്ങള്‍,കൃഷിജോലികളിലേര്‍പ്പെട്ടിരിക്കുന്ന ഗ്രാമീണര്‍.വിശലമായ നെല്‍പ്പാടങ്ങളും ചെറു ഡാമുകളും ഇരു വശത്തും കാണാം.ആറുമണിയോടെ ഷെന്‍ജന്‍ എന്ന വ്യാവസായിക നഗരത്തിലെത്തി.
                                                 ഷെന്‍ജന്‍ നഗരം

വലിയ കെട്ടിടങ്ങളുടെ നീണ്ട നിരതന്നെ എല്ലായിടത്തും. ഷെന്‍ജന്‍ പിന്നിട്ടതും ട്രെയിന്‍ നല്ല വേഗതയിലായി.പുറത്ത് ഇരുട്ടു വീണുതുടങ്ങി.യാത്രക്കാര്‍ എല്ലാവരും തന്നെ ഉറക്കത്തിലാണു.ഏഴുമണിയോടെ ഗോങ്-ചോ ഈസ്റ്റ് സ്റ്റേഷനെത്തി.ലഗേജുമെടുത്ത് ,ഇമിഗ്രേഷന്‍ നടപടികളും പൂര്‍ത്തിയാക്കിപുറത്തിറങ്ങി.ടാക്സികള്‍ വട്ടമിട്ടു കഴിഞ്ഞു,  ചൈനയിലെ ഏറ്റവും വലിയ പ്രശ്നമായി എനിക്കനുഭവപ്പെട്ടത് ഭാഷ തന്നെയാണു.ഇംഗ് ളീഷ് അറിയാവുന്നവരെ അധികം കാണുവാന്‍ സാധിച്ചതേയില്ല. കൈമുദ്രകളിലൂടെയാണു ആശയവിനിമയം.അവസാനം മുറി ഇംഗ്ലീഷ് അറിയാവുന്ന ഒരാളുടെ ടാക്സിയില്‍ കയറിപ്പറ്റി.നഗര ഹൃദയത്തിലുള്ള മജെസ്റ്റിക് എന്ന ഹോട്ടലില്‍ ,തലേ ദിവസം ,ടെലഫോണിലൂടെ,റൂം ബുക്ക് ചെയ്തിട്ടുണ്ട്.  (നേരത്തേ നെറ്റ് വഴി ബുക്ക് ചെയ്യുവാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ക്രെഡിറ്റ് കാര്‍ഡിന്റെ സ്കാന്‍ഡ് ഫോട്ടോ ആവശ്യപ്പെട്ടിരുന്നു .എന്തോ ഒരു പന്തികേട് തോന്നിയത് കൊണ്ട് ചെയ്തില്ല.) നഗരത്തിരക്കിലൂടെ ടാക്സി ഹോട്ടലിലെത്തി,ഞങ്ങളെ അവിടെയിറക്കി,മടങ്ങി.റിസപ്ഷനിലെത്തിയപ്പോള്‍,  പച്ച മലയാളത്തില്‍ പറഞ്ഞാല്‍,  “കളി കിട്ടി“ റിസര്‍വേഷന്‍ ഇല്ല! മുറികള്‍ ഒഴിവുമില്ല!!ഫോണിനു ചൈനീസ് സിംകാര്‍ഡുമില്ല!!!നേരത്തെ നെറ്റില്‍ ബുക്ക് ചെയ്യുവാന്‍ ശ്രമിച്ചതും,ആ അഡ്രസ്സിലുള്ള ഫോണില്‍ സംസാരിച്ചു ബുക്ക് ചെയ്തതും,വ്യാജ സൈറ്റില്‍ ആയിരുന്നു!ആ തട്ടിപ്പിനിരയാവാതെ കഷ്ടിച്ച് രക്ഷപെട്ടു.
അവസാനം ഇംഗ്ലീഷ് അറിയാവുന്ന റിസപ്ഷനിസ്റ്റിന്റെ ദയാവായ്പില്‍ എഴുപത് കി.മി.ദൂരെയുള്ള സുഹൃത്തിനു ഫോണ്‍ ചെയ്ത്,ആളുടെ പരിചയത്തിലുള്ള കാര്‍ വരാനുള്ള ഏര്‍പ്പാട് ചെയ്തു.ആ കാര്‍ ഗോങ്-ചോ നഗരത്തില്‍ തന്നെ താമസിക്കുന്ന യോങ് എന്ന ചൈനാക്കാരന്റേതാണു. കഴിഞ്ഞ ചൈനാ യാത്രയിലും യോങ്ങായിരുന്നു ഞങ്ങളുടെ സാരഥി. ഒന്‍പതര മണിയോടെ യോങ് എത്തി.സൌഹൃദം പുതുക്കി,ഒരു സിംകാര്‍ഡും വാങ്ങി, കാറില്‍ക്കയറി അടുത്ത ഹോട്ടല്‍തേടി പുറപ്പെട്ടു.പത്തര മണിയോടെ പേള്‍ നദിക്കരയിലുള്ള നല്ലൊരു ഹോട്ടലില്‍ മുറിതരപ്പെടുത്തി തന്നു,പിറ്റേന്ന് രാവിലെ കാണാമെന്ന ഉറപ്പില്‍ യോങ് യാത്ര പറഞ്ഞു.നല്ല വിശപ്പ്, ഉച്ചഭക്ഷണത്തിനു ശേഷം കാര്യമായിട്ടൊന്നും കഴിച്ചിട്ടില്ല താനും.ഹോട്ടലിലെ റെസ്റ്റോറണ്ട് അടച്ചിട്ടില്ല.അവിടെ നിന്നും ഭക്ഷണത്തിനു  ശേഷം തെരുവിലേക്കിറങ്ങി, തെരുവീഥികള്‍ ഇപ്പോഴും സജീവമാണു.ഹോട്ടലിനെതിര്‍വശത്തുള്ള നൈറ്റ്ക്ലബ്ബില്‍ സംഗീതത്തിന്റെ പ്രകമ്പനം,ചൈനീസ് യുവത്വം ആഘോഷതിമിര്‍പ്പിലാണു.അതുനേരം വെളുക്കുവോളം നീണ്ടുനില്‍ക്കുമത്രേ.
                                                                  രാത്രിയിലും സജീവമായ തെരുവുകള്‍

മുന്നില്‍ പേള്‍നദിയോടു ചേര്‍ന്നുള്ള നടപ്പാതയില്‍,സുഖകരമായ കാലാവസ്ഥയായതുകൊണ്ടാവാം, ഈ സമയത്തും നിറയെ ആളുകള്‍.ഇളം തണുപ്പിലൂടെ ,നദിയോരത്തുകൂടി കുറേദൂരം നടന്നു.പേള്‍ നദിയിലെ അലങ്കാരദീപങ്ങളെല്ലാം കണ്ണടച്ചിരിക്കുന്നു.വലിയ കെട്ടിടങ്ങളില്‍നിന്നുമുള്ള ഫ്ലാഷ് ലൈറ്റുകള്‍ മാത്രം  ഇടക്കിടെ തെളിയുന്നുണ്ട് . പോലീസ് വാഹനങ്ങള്‍ റോന്ത് ചുറ്റുന്നത് കാണാം.തിരികെ ഹോട്ടലിലെത്തുമ്പോള്‍ സമയം അര്‍ദ്ധരാത്രി കഴിഞ്ഞു.യോങ് രാവിലെ തന്നെ കാറുമായി എത്താമെന്നേറ്റിട്ടുണ്ട്.നാളെ കാണേണ്ട കാഴ്ചകളെക്കുറിച്ച് രാവിലെ ഒരു പട്ടിക തയ്യാറാക്കണം.അതിനു മുന്‍പു നല്ലൊരുറക്കം ...

പിറ്റേന്ന് രാവിലെ പത്തര മണിയോടെ ഹോട്ടലില്‍ ബ്രേക് ഫാസ്റ്റ് കഴിഞ്ഞപ്പോഴേക്കും യോങ് എത്തി.സമയ ക്ലിപ്തതയുടെ കാര്യത്തില്‍ കണിശക്കാരനാണു യോങ് എന്ന് കഴിഞ്ഞ ചൈന യാത്രയില്‍ തന്നെ ബോധ്യമായിരുന്നതാണു.പക്ഷെ ഇംഗ്ലീഷ് ഭാഷ സ്വാഹ!ആള്‍ക്ക് ആകെ അറിയാവുന്ന ഐറ്റം”ഐ ഡോണ്ട് നോ” എന്നത് മാത്രമാണു.പിന്നീടങ്ങോടുള്ള ദിവസങ്ങളില്‍ ഈ ”ഐ ഡോണ്ട് നോ”ഒരുപാടു തവണ ചിരിക്കു വകയൊരുക്കി എന്നത് മറ്റൊരു കാര്യം.  തലേന്ന് റെയില്‍ വേ സ്റ്റേഷനില്‍ നിന്നും കിട്ടിയിരുന്ന ചൈനീസ് ഭാഷയിലുള്ള മാപ്പില്‍ നിന്നും കാണേണ്ട കാഴ്ചകളൊക്കെ ഹോട്ടല്‍ റിസപ് ഷനിസ്റ്റിനെക്കൊണ്ട് മാര്‍ക്ക് ചെയ്തെടുത്ത് യോങിനു കൈമാറി.ലിസ്റ്റിലെ ആദ്യ ഇനം ടെമ്പിള്‍ ഓഫ് സിക്സ് ബന്യന്‍ ട്രീസ് എന്ന വിഖ്യാതമായ ബുദ്ധക്ഷേത്രമാണു. 1400 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം പലതവണ പുതുക്കിപണിതതാണത്രേ.ഒന്‍പത് നിലകളിലായുള്ള,ഒക്റ്റഗണല്‍ ഷേയ്പ്പിലുള്ള,  ലോട്ടസ് പഗോഡയാണു ഇവിടത്തെ മുഖ്യ ആകര്‍ഷണം.

                                                                   ടെമ്പിള്‍ ഓഫ് സിക്സ് ബന്യന്‍ ട്രീസ്

വിശുദ്ധ ബുദ്ധസന്യാസി ശാക്യമുനിയെ ആരാധിക്കുവാനായി നിര്‍മ്മിച്ചതാണിത്.ചൈനീസ് ക്ഷേത്രങ്ങളിലെ ആരാധനാമൂര്‍ത്തികളുടെ പേരുകളിലെ ഇന്ത്യന്‍ സാദൃശ്യം നമ്മുടെ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കും. ശാക്യ മുനി,ദേവരാജന്‍,മഹാവീരന്‍ തുടങ്ങിയവ അവയില്‍ ചിലത് മാത്രം.പലരൂപത്തിലുള്ള ബുദ്ധവിഗ്രഹങ്ങള്‍ ഈ ക്ഷേത്രത്തില്‍ പ്രതിഷ്ടിച്ചിരിക്കുന്നു.സന്ദര്‍ശകരില്‍ പാശ്ചാത്യരാണധികവും,ഇന്ത്യാക്കാര്‍ ഞങ്ങള്‍ മാത്രം.മറ്റു പല സ്ഥലങ്ങളിലും ഇത് തന്നെയായിരുന്നു സ്ഥിതി.കുറച്ച് ചിത്രങ്ങളെടുത്ത ശേഷം ഞങ്ങള്‍ അടുത്ത ലക്ഷ്യമായ ഗോങ്സിയാവൊ ക്ഷേത്രത്തിലേക്ക് നീങ്ങി.200 ബിസി യില്‍ നിര്‍മ്മാണം ആരംഭിച്ചതെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രമാണു ഗോങ്-ചോ നഗരത്തിന്റെ പിറവിക്കു നിദാനമെന്ന് കന്റോണീസ് സംസ്കാരത്തില്‍ വിശ്വസിച്ച് വരുന്നു.
                                                                                   ഗോങ്സിയാവൊ ക്ഷേത്രം



                                                                                   ഗോങ്സിയാവൊ ക്ഷേത്രം
വളരെ വിശാലമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ ഹോള്‍ ഓഫ് സ്ലീപിങ് ബുദ്ധ ആണു പ്രധാന കാഴ്ച. കൂടാതെ ശാക്യമുനിയുടേയും, മഞ്ജുശ്രീയുടേയും,വിശ്വഭദ്ര ബോധിസത്വന്റേയും വിഗ്രഹങ്ങള്‍ കാണാം.ഈ ക്ഷേത്രത്തില്‍ തദ്ദേശീയരെയാണു കൂടുതലായും കാണുവാന്‍ കഴിഞ്ഞത്. സോവനീര്‍ ഷോപ്പുകളും ഇതിനകത്തുണ്ട്.വിദേശ ടൂറിസ്റ്റുകളുടെ അഭാവം കൊണ്ടാകാം, വളരെ ന്യായമായ വിലയില്‍ ആണു ഇവിടെ മിക്കവാറും മെമെന്റോകളും വില്‍ക്കുന്നത്.ആ അവസരം മുതലാക്കി ഞങ്ങളും അല്ലറ ചില്ലറ ഷോപ്പിംഗ് നടത്തി.

നേരം ഉച്ചയായി,വിശപ്പും ആക്രമിച്ചും തുടങ്ങി.ഒരു ഹോട്ടലില്‍ പോകണം എന്ന് യോങിനോട് ആംഗ്യ ഭാഷയിലൂടെ ഒരു വിധം പറഞ്ഞൊപ്പിച്ചു.ഹാവൂ, ആശ്വാസം!! ആള്‍ക്കു കാര്യം പിടികിട്ടി.യോങ് പേള്‍നദീ തീരത്ത് തന്നെയുള്ള വലിയൊരു റെസ്റ്റോറന്റിലേക്ക് ഞങ്ങളെ ആനയിച്ചു!!ഹോങ്സിങ് സീ ഫുഡ് റെസ്റ്റാറന്റ് എന്നാണതിന്റെ പേര്.
                                                                        മെനു പരിശോധിക്കുന്ന യോങ്

                                                                                                        “മുതല “മെനു


സീഫുഡ് ആണു മെയിന്‍ ഐറ്റം എങ്കിലും അവിടത്തെ പ്രധാന താരം മുതലയിറച്ചിയാണു.കഴിഞ്ഞ തവണ അത് കഴിക്കാനാകാത്തതിന്റെ വിഷമം തീര്‍ക്കാനായി ,കൈപൊള്ളുന്ന വിലയാണെങ്കിലും,ചെറിയൊരു ഡിഷ് ഓര്‍ഡര്‍ ചെയ്തു. താല്‍പ്പര്യ ക്കുറവ് മൂലം ,ആ വിഭവം കാണുവാന്‍ പോലും കൂട്ടാക്കാതെ,പ്രിയപത്നി അടുത്ത റ്റേബിളിലേക്ക് മാറിക്കഴിഞ്ഞു. എരിവു കൂടുതല്‍ കൊണ്ടാകണം പറയത്തക്ക രുചിയോ,രുചിഭേദമോ അനുഭവപ്പെട്ടുമില്ല!

ഭക്ഷണ ശേഷം,ഇന്നത്തെ ദിവസത്തെ അവസാന ഇനമായ ചെന്‍ക്ലാന്‍ അക്കദമി ലക്ഷ്യമാക്കി പുറപ്പെട്ടു.നഗരത്തിന്റെ കുപ്രസിദ്ധമായ ട്രാഫിക്-ജാം ഈ യാത്രയിലാണനുഭവപ്പെട്ടത്.പക്ഷെ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പോലീസ് സേന ഇതിന്റെ രൂക്ഷത കുറക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുമുണ്ട്.

                                                    തലങ്ങും,വിലങ്ങും പോലീസ് ബൈക്കുകളും,കാറുകളും ചീറിപ്പായുന്നു.

                                             അന്തരീക്ഷമാലിന്യം കുറക്കാനായി എലക്ടിക്  ബസ്സുകളും


                        വെയില്‍ ചാഞ്ഞ്തുടങ്ങി.തിരക്കിനിടയിലൂടെ ചെന്‍ ക്ലാന്‍ അക്കാദമിയിലെത്തി.
                       ഗോങ്ങ്-ഡോങ്ങ് ഫോക് ആര്‍ട്ട് മ്യൂസിയമായി ഇപ്പോള്‍ ഇത് പ്രവര്‍ത്തിച്ച് വരുന്നു.
                                                                                 ചെന്‍ ക്ലാന്‍ അക്കാദമി
10 ആര്‍.എം.ബി യാണിവിടുത്തെ പ്രവേശന ടിക്കറ്റ് നിരക്ക്,ഏകദേശം എഴുപത് രൂപ. ഒന്നരലക്ഷം ച.അടി വിസ്തൃതിയില്‍ സ്ഥിതിചെയ്യുന്ന ഒരു മന്ദിരസമുച്ചയമാണിത്.



                                              ചെന്‍ ക്ലാന്‍ അക്കാദമി

പത്തൊന്‍പത് കെട്ടിടങ്ങളും,ഒന്‍പത് വിശാലമായ ഹോളുകളും, ആറ് നടുമുറ്റങ്ങളും ചേര്‍ന്ന ഒരു സിമട്രിക് ബില്‍ഡിംഗ് കോമ്പ്ലക്സാണ് ഈ അക്കാദമി.ചെന്‍ ക്ലാന്‍ വംശജര്‍ പണിതുയര്‍ത്തി,ഇമ്പീരിയല്‍ പരീക്ഷ കേന്ദ്രമായി പ്രവര്‍ത്തിച്ച് വന്നിരുന്ന ഇവിടം ഇന്ന് ചൈനീസ് ശില്പചാതുര്യിയുടെ മകുടോദാഹരണമായി നില കൊള്ളുന്നു. ചൈനീസ് കരകൌശല വസ്തുക്കള്‍ ,മറ്റ് സോവനീറുകള്‍ തുടങ്ങിയവയെല്ലാം വില്‍പ്പനക്കായി വച്ചിട്ടുണ്ട്. ആനക്കൊമ്പുകളില്‍ തീര്‍ത്തിരിക്കുന്ന ശില്പങ്ങള്‍ അത്യന്തം മനോഹരവും വിലയേറിയതുമാണു.മറ്റു സോവനീറുകളും പൊള്ളുന്ന വിലയ്ക്ക് ധാരാളമായി നിരത്തിയിരിക്കുന്നു.ഒരു ടിപ്പിക്കല്‍ ചൈനീസ് ഭവനത്തിന്റെ മാതൃക,അടിക്കുറിപ്പുകള്‍ സഹിതം,ഭംഗിയായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.പാശ്ചാത്യര്‍ ആണ് ഇവിടത്തെ സന്ദര്‍ശകരിലേറേയും,അതിനാല്‍ സോവനീര്‍ ഷോപ്പുകളില്‍ വില്‍പ്പനയും പൊടിപൊടിക്കുന്നുണ്ട്.
രണ്ട് മണിക്കൂറിലേറെ സമയമെടുത്ത്,എല്ലാം കണ്ട് തീര്‍ന്നു പുറത്തിറങ്ങുമ്പോള്‍ നേരം സന്ധ്യയായി.തിരികെ റൂമിലെത്തി,ചെറിയൊരു വിശ്രമത്തിനു ശേഷം കുറച്ച് ഷോപ്പിംഗ് നടത്തുവാന്‍ പത്നി പദ്ധതിയിട്ടിട്ടുണ്ട്.പ്രസിദ്ധമായ ബെയ്ജിംഗ്-ലു റോഡ് ഷോപ്പിംഗ് കേന്ദ്രം ഹോട്ടലില്‍ നിന്നും നടക്കാവുന്ന ദൂരത്താണെന്നും ആള്‍ രാവിലെ റിസപ്ഷനില്‍ നിന്ന് മനസ്സിലാക്കി വച്ചിട്ടുമുണ്ട്.അതിലേക്കായി തിരികെ ഹോട്ടലിലേക്ക് മടങ്ങി.

ഹോങ്കോങ്ങ്  യാത്ര-ഭാഗം 1   ഇവിടെ വായിക്കാം

ഹോങ്കോങ്ങ്  യാത്ര-ഭാഗം 2   ഇവിടെ വായിക്കാം


Followers

About Me

My Photo
a travel enthusiast who enjoys humour

About This Blog

സഞ്ചാരത്തിനിടയിലെ ചില കാഴ്ചകള്‍;ചിത്രീകരണ മികവ് തുലോം കമ്മി .അത്ര മാത്രം

Blog Archive

FEEDJIT Live Traffic Feed

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP