Saturday, January 28, 2012

ഹോങ്കോങ് / ചൈനാ യാത്ര- 3



ഹോങ്കോങ്ങിലെ ഹങ്-ഹോം റെയില്‍ വേ സ്റ്റേഷനില്‍,ചൈനക്കുള്ള ഇന്റര്‍ സിറ്റി ട്രെയിനും പ്രതീക്ഷിച്ച്, ഒരു നീണ്ട ക്യൂവിലാണു ഞങ്ങളിപ്പോള്‍.ചൈനയിലെ ഗോങ്ങ് ചോ നഗരത്തിലേക്കാണു യാത്ര. ഇരുന്നൂറു കിലോമീറ്ററോളം ദൂരെയുള്ള ഗോങ്ങ് ചോ നഗരത്തില്‍ ഏകദേശം രണ്ട് മണിക്കൂര്‍ സമയം കൊണ്ട് എത്താനാകും.ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നടത്തിയിരുന്നത് കൊണ്ട് ടിക്കറ്റ് വാങ്ങുവാനുള്ള പൊല്ലാപ്പ് ഒഴിവായി. സമയം നാലു മണിയോടടുക്കുന്നു.കൌണ്ടര്‍ ഇനിയും തുറന്നിട്ടില്ല.ട്രെയിന്‍ പുറപ്പെടുവാന്‍ അര മണിക്കൂറേയുള്ളു.ക്യൂവിനാകട്ടെ നിമിഷം പ്രതി നീളം വര്‍ദ്ധിച്ചും വരുന്നു.ഈ യാത്രയിലാദ്യമായി ഒരു ടെന്‍ഷന്‍ ഉടലെടുത്തു.സമയത്ത് അകത്ത് കയറാനാകുമോ എന്തോ.
                                                 ഹങ്ഹോം സ്റ്റേഷന്‍

നാലു മണി കഴിഞ്ഞതും ഒരു ഉദ്യോഗസ്ഥന്‍ വന്ന് കൌണ്ടറിനു കുറുകെയിട്ടിരുന്ന നാട മാറ്റി,തുടര്‍ന്ന് സ്കാനിങ് മെഷീന്‍ ഓണ്‍ ചെയ്തു.  ആശ്വാസം,പരിപാടി തുടങ്ങുകയായി. ക്യൂ മെല്ലെ ചലിച്ചു തുടങ്ങി. മുന്നില്‍ ഏറിയ ആളുകളും ചൈനീസ് വംശജരാണു.ഒരു പത്തിരുപത് കറുത്ത വര്‍ഗ്ഗക്കാരുമുണ്ട്.കുറച്ച് കഴിഞ്ഞപ്പോള്‍ ക്യൂവിന്റെ ചലനം നിലച്ചു, എന്തോ വാഗ്വാദം നടക്കുകയാണു.ലഗേജിന്റെ സൈസിനെക്കുറിച്ചുള്ള തര്‍ക്കമാണു ഉദ്യോഗ്സഥരും,കറുത്തവര്‍ഗ്ഗക്കാരനും തമ്മില്‍. വലിയ സൈസിനു അധികകാശ് ഒടുക്കണം.അവസാനം അയാള്‍ ക്യൂവിനു പുറത്ത് പോയി,പ്രശ്നവും തീര്‍ന്നു.ചൈനീസ് വംശജര്‍ക്കു തങ്ങളുടെ കാര്‍ഡ് കാണിച്ച് അകത്തു പ്രവേശിക്കാമെന്നുള്ളതു കൊണ്ട് ക്യൂ വേഗം മുന്നോട്ട് നീങ്ങി.കാര്യമായ പരിശോധനയൊന്നുമില്ലാതെ ഞങ്ങളും പാസ്പോര്‍ട്ട് പതിച്ചെടുത്തു അകത്തു കടന്നു.
ആവര്‍ത്തിക്കുന്നതില്‍ ക്ഷമിക്കണം,വിമാനത്താവളത്തിന്റെ സൌകര്യങ്ങളുള്ള സ്റ്റേഷന്‍ ആണിത്. ഇന്ത്യയില്‍ നിന്നും വരുന്ന നമ്മള്‍ക്ക് ചിന്തിക്കാവുന്നതിനപ്പുറം.നിര നിരയായി,പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത, ഡിപാര്‍ച്ചര്‍ ലോഞ്ചുകള്‍. ഫുഡ് ജോയന്റുകളും,സ്നാക്സ് പാര്‍ലറുകളുമെല്ലാം ധാരാളമായുണ്ട്.മറ്റുകടകളും യഥേഷ്ടം.

ഭൂ നിരപ്പിനു താഴെയാണു പ്ലാറ്റ്ഫോം.നാലര മണിയായപ്പോള്‍ എസ്കലേറ്റര്‍ ചലിച്ചുതുടങ്ങി.ഞങ്ങള്‍ പ്ലാറ്റ്ഫോമിലെത്തി.ട്രെയിന്‍ തയ്യാറായി കിടക്കുന്നു.പക്ഷെ യാത്ര പുറപ്പെട്ടത് ,നമ്മുടെ ട്രെയിനുകളെപ്പോലെ തന്നെ, അല്പം താമസിച്ച്,നാലേ  മുക്കാലോടെ മാത്രമാണു. ടിക്കറ്റ് നോക്കി ട്രെയിനകത്ത് പ്രവേശിച്ചു.നല്ല വൃത്തിയും വെടിപ്പുമുള്ള കമ്പാര്‍ട്ട്മെന്റ്.

സുഖപ്രദമായ സീറ്റുകളും.സീറ്റ് തേടിപ്പിടിച്ച് ഇരുന്നപ്പോഴേക്കും ഹോസ്റ്റസ്സ് എത്തി റ്റിക്കറ്റ് പരിശോധിച്ച ശേഷം ടിക്കറ്റിനോടൊപ്പമുള്ള ബിസ്കറ്റും വെള്ളക്കുപ്പികളും നല്‍കി.സീറ്റുകള്‍ മുഴുവനായും നിറഞ്ഞിരിക്കുന്നു.ട്രെയിന്‍ നീങ്ങിത്തുടങ്ങി.ഇരുവശത്തും നഗരക്കാഴ്ചകള്‍.ചില സ്ഥലങ്ങളില്‍ വലിയ ഇരുമ്പ് ഷീറ്റ് ഉയോഗിച്ച് ട്രാക്കിനിരുവശവും ദീര്‍ഘദൂരം മറച്ചിരിക്കുന്നു.
                                  ചൈനീസ് ഗ്രാമക്കാഴ്ചകള്‍

സീറ്റുകളിലെല്ലാം യാത്രക്കാര്‍ നിറഞ്ഞിരിക്കുന്നു.അംബരചുംബികള്‍ തിങ്ങി നില്‍ക്കുന്ന നഗര ഭാഗങ്ങള്‍ പിന്നിട്ട് തുടങ്ങി.സാവധാനമാണു യാത്ര.കുറച്ച് കഴിഞ്ഞപ്പോള്‍ ഗ്രാമക്കാഴ്ചകള്‍ കണ്ടു തുടങ്ങി.ചൈനയായിരിക്കുന്നു.

ചെറിയചെറിയചൈനീസ്ഗ്രാമങ്ങള്‍,കൃഷിജോലികളിലേര്‍പ്പെട്ടിരിക്കുന്ന ഗ്രാമീണര്‍.വിശലമായ നെല്‍പ്പാടങ്ങളും ചെറു ഡാമുകളും ഇരു വശത്തും കാണാം.ആറുമണിയോടെ ഷെന്‍ജന്‍ എന്ന വ്യാവസായിക നഗരത്തിലെത്തി.
                                                 ഷെന്‍ജന്‍ നഗരം

വലിയ കെട്ടിടങ്ങളുടെ നീണ്ട നിരതന്നെ എല്ലായിടത്തും. ഷെന്‍ജന്‍ പിന്നിട്ടതും ട്രെയിന്‍ നല്ല വേഗതയിലായി.പുറത്ത് ഇരുട്ടു വീണുതുടങ്ങി.യാത്രക്കാര്‍ എല്ലാവരും തന്നെ ഉറക്കത്തിലാണു.ഏഴുമണിയോടെ ഗോങ്-ചോ ഈസ്റ്റ് സ്റ്റേഷനെത്തി.ലഗേജുമെടുത്ത് ,ഇമിഗ്രേഷന്‍ നടപടികളും പൂര്‍ത്തിയാക്കിപുറത്തിറങ്ങി.ടാക്സികള്‍ വട്ടമിട്ടു കഴിഞ്ഞു,  ചൈനയിലെ ഏറ്റവും വലിയ പ്രശ്നമായി എനിക്കനുഭവപ്പെട്ടത് ഭാഷ തന്നെയാണു.ഇംഗ് ളീഷ് അറിയാവുന്നവരെ അധികം കാണുവാന്‍ സാധിച്ചതേയില്ല. കൈമുദ്രകളിലൂടെയാണു ആശയവിനിമയം.അവസാനം മുറി ഇംഗ്ലീഷ് അറിയാവുന്ന ഒരാളുടെ ടാക്സിയില്‍ കയറിപ്പറ്റി.നഗര ഹൃദയത്തിലുള്ള മജെസ്റ്റിക് എന്ന ഹോട്ടലില്‍ ,തലേ ദിവസം ,ടെലഫോണിലൂടെ,റൂം ബുക്ക് ചെയ്തിട്ടുണ്ട്.  (നേരത്തേ നെറ്റ് വഴി ബുക്ക് ചെയ്യുവാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ക്രെഡിറ്റ് കാര്‍ഡിന്റെ സ്കാന്‍ഡ് ഫോട്ടോ ആവശ്യപ്പെട്ടിരുന്നു .എന്തോ ഒരു പന്തികേട് തോന്നിയത് കൊണ്ട് ചെയ്തില്ല.) നഗരത്തിരക്കിലൂടെ ടാക്സി ഹോട്ടലിലെത്തി,ഞങ്ങളെ അവിടെയിറക്കി,മടങ്ങി.റിസപ്ഷനിലെത്തിയപ്പോള്‍,  പച്ച മലയാളത്തില്‍ പറഞ്ഞാല്‍,  “കളി കിട്ടി“ റിസര്‍വേഷന്‍ ഇല്ല! മുറികള്‍ ഒഴിവുമില്ല!!ഫോണിനു ചൈനീസ് സിംകാര്‍ഡുമില്ല!!!നേരത്തെ നെറ്റില്‍ ബുക്ക് ചെയ്യുവാന്‍ ശ്രമിച്ചതും,ആ അഡ്രസ്സിലുള്ള ഫോണില്‍ സംസാരിച്ചു ബുക്ക് ചെയ്തതും,വ്യാജ സൈറ്റില്‍ ആയിരുന്നു!ആ തട്ടിപ്പിനിരയാവാതെ കഷ്ടിച്ച് രക്ഷപെട്ടു.
അവസാനം ഇംഗ്ലീഷ് അറിയാവുന്ന റിസപ്ഷനിസ്റ്റിന്റെ ദയാവായ്പില്‍ എഴുപത് കി.മി.ദൂരെയുള്ള സുഹൃത്തിനു ഫോണ്‍ ചെയ്ത്,ആളുടെ പരിചയത്തിലുള്ള കാര്‍ വരാനുള്ള ഏര്‍പ്പാട് ചെയ്തു.ആ കാര്‍ ഗോങ്-ചോ നഗരത്തില്‍ തന്നെ താമസിക്കുന്ന യോങ് എന്ന ചൈനാക്കാരന്റേതാണു. കഴിഞ്ഞ ചൈനാ യാത്രയിലും യോങ്ങായിരുന്നു ഞങ്ങളുടെ സാരഥി. ഒന്‍പതര മണിയോടെ യോങ് എത്തി.സൌഹൃദം പുതുക്കി,ഒരു സിംകാര്‍ഡും വാങ്ങി, കാറില്‍ക്കയറി അടുത്ത ഹോട്ടല്‍തേടി പുറപ്പെട്ടു.പത്തര മണിയോടെ പേള്‍ നദിക്കരയിലുള്ള നല്ലൊരു ഹോട്ടലില്‍ മുറിതരപ്പെടുത്തി തന്നു,പിറ്റേന്ന് രാവിലെ കാണാമെന്ന ഉറപ്പില്‍ യോങ് യാത്ര പറഞ്ഞു.നല്ല വിശപ്പ്, ഉച്ചഭക്ഷണത്തിനു ശേഷം കാര്യമായിട്ടൊന്നും കഴിച്ചിട്ടില്ല താനും.ഹോട്ടലിലെ റെസ്റ്റോറണ്ട് അടച്ചിട്ടില്ല.അവിടെ നിന്നും ഭക്ഷണത്തിനു  ശേഷം തെരുവിലേക്കിറങ്ങി, തെരുവീഥികള്‍ ഇപ്പോഴും സജീവമാണു.ഹോട്ടലിനെതിര്‍വശത്തുള്ള നൈറ്റ്ക്ലബ്ബില്‍ സംഗീതത്തിന്റെ പ്രകമ്പനം,ചൈനീസ് യുവത്വം ആഘോഷതിമിര്‍പ്പിലാണു.അതുനേരം വെളുക്കുവോളം നീണ്ടുനില്‍ക്കുമത്രേ.
                                                                  രാത്രിയിലും സജീവമായ തെരുവുകള്‍

മുന്നില്‍ പേള്‍നദിയോടു ചേര്‍ന്നുള്ള നടപ്പാതയില്‍,സുഖകരമായ കാലാവസ്ഥയായതുകൊണ്ടാവാം, ഈ സമയത്തും നിറയെ ആളുകള്‍.ഇളം തണുപ്പിലൂടെ ,നദിയോരത്തുകൂടി കുറേദൂരം നടന്നു.പേള്‍ നദിയിലെ അലങ്കാരദീപങ്ങളെല്ലാം കണ്ണടച്ചിരിക്കുന്നു.വലിയ കെട്ടിടങ്ങളില്‍നിന്നുമുള്ള ഫ്ലാഷ് ലൈറ്റുകള്‍ മാത്രം  ഇടക്കിടെ തെളിയുന്നുണ്ട് . പോലീസ് വാഹനങ്ങള്‍ റോന്ത് ചുറ്റുന്നത് കാണാം.തിരികെ ഹോട്ടലിലെത്തുമ്പോള്‍ സമയം അര്‍ദ്ധരാത്രി കഴിഞ്ഞു.യോങ് രാവിലെ തന്നെ കാറുമായി എത്താമെന്നേറ്റിട്ടുണ്ട്.നാളെ കാണേണ്ട കാഴ്ചകളെക്കുറിച്ച് രാവിലെ ഒരു പട്ടിക തയ്യാറാക്കണം.അതിനു മുന്‍പു നല്ലൊരുറക്കം ...

പിറ്റേന്ന് രാവിലെ പത്തര മണിയോടെ ഹോട്ടലില്‍ ബ്രേക് ഫാസ്റ്റ് കഴിഞ്ഞപ്പോഴേക്കും യോങ് എത്തി.സമയ ക്ലിപ്തതയുടെ കാര്യത്തില്‍ കണിശക്കാരനാണു യോങ് എന്ന് കഴിഞ്ഞ ചൈന യാത്രയില്‍ തന്നെ ബോധ്യമായിരുന്നതാണു.പക്ഷെ ഇംഗ്ലീഷ് ഭാഷ സ്വാഹ!ആള്‍ക്ക് ആകെ അറിയാവുന്ന ഐറ്റം”ഐ ഡോണ്ട് നോ” എന്നത് മാത്രമാണു.പിന്നീടങ്ങോടുള്ള ദിവസങ്ങളില്‍ ഈ ”ഐ ഡോണ്ട് നോ”ഒരുപാടു തവണ ചിരിക്കു വകയൊരുക്കി എന്നത് മറ്റൊരു കാര്യം.  തലേന്ന് റെയില്‍ വേ സ്റ്റേഷനില്‍ നിന്നും കിട്ടിയിരുന്ന ചൈനീസ് ഭാഷയിലുള്ള മാപ്പില്‍ നിന്നും കാണേണ്ട കാഴ്ചകളൊക്കെ ഹോട്ടല്‍ റിസപ് ഷനിസ്റ്റിനെക്കൊണ്ട് മാര്‍ക്ക് ചെയ്തെടുത്ത് യോങിനു കൈമാറി.ലിസ്റ്റിലെ ആദ്യ ഇനം ടെമ്പിള്‍ ഓഫ് സിക്സ് ബന്യന്‍ ട്രീസ് എന്ന വിഖ്യാതമായ ബുദ്ധക്ഷേത്രമാണു. 1400 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം പലതവണ പുതുക്കിപണിതതാണത്രേ.ഒന്‍പത് നിലകളിലായുള്ള,ഒക്റ്റഗണല്‍ ഷേയ്പ്പിലുള്ള,  ലോട്ടസ് പഗോഡയാണു ഇവിടത്തെ മുഖ്യ ആകര്‍ഷണം.

                                                                   ടെമ്പിള്‍ ഓഫ് സിക്സ് ബന്യന്‍ ട്രീസ്

വിശുദ്ധ ബുദ്ധസന്യാസി ശാക്യമുനിയെ ആരാധിക്കുവാനായി നിര്‍മ്മിച്ചതാണിത്.ചൈനീസ് ക്ഷേത്രങ്ങളിലെ ആരാധനാമൂര്‍ത്തികളുടെ പേരുകളിലെ ഇന്ത്യന്‍ സാദൃശ്യം നമ്മുടെ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കും. ശാക്യ മുനി,ദേവരാജന്‍,മഹാവീരന്‍ തുടങ്ങിയവ അവയില്‍ ചിലത് മാത്രം.പലരൂപത്തിലുള്ള ബുദ്ധവിഗ്രഹങ്ങള്‍ ഈ ക്ഷേത്രത്തില്‍ പ്രതിഷ്ടിച്ചിരിക്കുന്നു.സന്ദര്‍ശകരില്‍ പാശ്ചാത്യരാണധികവും,ഇന്ത്യാക്കാര്‍ ഞങ്ങള്‍ മാത്രം.മറ്റു പല സ്ഥലങ്ങളിലും ഇത് തന്നെയായിരുന്നു സ്ഥിതി.കുറച്ച് ചിത്രങ്ങളെടുത്ത ശേഷം ഞങ്ങള്‍ അടുത്ത ലക്ഷ്യമായ ഗോങ്സിയാവൊ ക്ഷേത്രത്തിലേക്ക് നീങ്ങി.200 ബിസി യില്‍ നിര്‍മ്മാണം ആരംഭിച്ചതെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രമാണു ഗോങ്-ചോ നഗരത്തിന്റെ പിറവിക്കു നിദാനമെന്ന് കന്റോണീസ് സംസ്കാരത്തില്‍ വിശ്വസിച്ച് വരുന്നു.
                                                                                   ഗോങ്സിയാവൊ ക്ഷേത്രം



                                                                                   ഗോങ്സിയാവൊ ക്ഷേത്രം
വളരെ വിശാലമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ ഹോള്‍ ഓഫ് സ്ലീപിങ് ബുദ്ധ ആണു പ്രധാന കാഴ്ച. കൂടാതെ ശാക്യമുനിയുടേയും, മഞ്ജുശ്രീയുടേയും,വിശ്വഭദ്ര ബോധിസത്വന്റേയും വിഗ്രഹങ്ങള്‍ കാണാം.ഈ ക്ഷേത്രത്തില്‍ തദ്ദേശീയരെയാണു കൂടുതലായും കാണുവാന്‍ കഴിഞ്ഞത്. സോവനീര്‍ ഷോപ്പുകളും ഇതിനകത്തുണ്ട്.വിദേശ ടൂറിസ്റ്റുകളുടെ അഭാവം കൊണ്ടാകാം, വളരെ ന്യായമായ വിലയില്‍ ആണു ഇവിടെ മിക്കവാറും മെമെന്റോകളും വില്‍ക്കുന്നത്.ആ അവസരം മുതലാക്കി ഞങ്ങളും അല്ലറ ചില്ലറ ഷോപ്പിംഗ് നടത്തി.

നേരം ഉച്ചയായി,വിശപ്പും ആക്രമിച്ചും തുടങ്ങി.ഒരു ഹോട്ടലില്‍ പോകണം എന്ന് യോങിനോട് ആംഗ്യ ഭാഷയിലൂടെ ഒരു വിധം പറഞ്ഞൊപ്പിച്ചു.ഹാവൂ, ആശ്വാസം!! ആള്‍ക്കു കാര്യം പിടികിട്ടി.യോങ് പേള്‍നദീ തീരത്ത് തന്നെയുള്ള വലിയൊരു റെസ്റ്റോറന്റിലേക്ക് ഞങ്ങളെ ആനയിച്ചു!!ഹോങ്സിങ് സീ ഫുഡ് റെസ്റ്റാറന്റ് എന്നാണതിന്റെ പേര്.
                                                                        മെനു പരിശോധിക്കുന്ന യോങ്

                                                                                                        “മുതല “മെനു


സീഫുഡ് ആണു മെയിന്‍ ഐറ്റം എങ്കിലും അവിടത്തെ പ്രധാന താരം മുതലയിറച്ചിയാണു.കഴിഞ്ഞ തവണ അത് കഴിക്കാനാകാത്തതിന്റെ വിഷമം തീര്‍ക്കാനായി ,കൈപൊള്ളുന്ന വിലയാണെങ്കിലും,ചെറിയൊരു ഡിഷ് ഓര്‍ഡര്‍ ചെയ്തു. താല്‍പ്പര്യ ക്കുറവ് മൂലം ,ആ വിഭവം കാണുവാന്‍ പോലും കൂട്ടാക്കാതെ,പ്രിയപത്നി അടുത്ത റ്റേബിളിലേക്ക് മാറിക്കഴിഞ്ഞു. എരിവു കൂടുതല്‍ കൊണ്ടാകണം പറയത്തക്ക രുചിയോ,രുചിഭേദമോ അനുഭവപ്പെട്ടുമില്ല!

ഭക്ഷണ ശേഷം,ഇന്നത്തെ ദിവസത്തെ അവസാന ഇനമായ ചെന്‍ക്ലാന്‍ അക്കദമി ലക്ഷ്യമാക്കി പുറപ്പെട്ടു.നഗരത്തിന്റെ കുപ്രസിദ്ധമായ ട്രാഫിക്-ജാം ഈ യാത്രയിലാണനുഭവപ്പെട്ടത്.പക്ഷെ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പോലീസ് സേന ഇതിന്റെ രൂക്ഷത കുറക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുമുണ്ട്.

                                                    തലങ്ങും,വിലങ്ങും പോലീസ് ബൈക്കുകളും,കാറുകളും ചീറിപ്പായുന്നു.

                                             അന്തരീക്ഷമാലിന്യം കുറക്കാനായി എലക്ടിക്  ബസ്സുകളും


                        വെയില്‍ ചാഞ്ഞ്തുടങ്ങി.തിരക്കിനിടയിലൂടെ ചെന്‍ ക്ലാന്‍ അക്കാദമിയിലെത്തി.
                       ഗോങ്ങ്-ഡോങ്ങ് ഫോക് ആര്‍ട്ട് മ്യൂസിയമായി ഇപ്പോള്‍ ഇത് പ്രവര്‍ത്തിച്ച് വരുന്നു.
                                                                                 ചെന്‍ ക്ലാന്‍ അക്കാദമി
10 ആര്‍.എം.ബി യാണിവിടുത്തെ പ്രവേശന ടിക്കറ്റ് നിരക്ക്,ഏകദേശം എഴുപത് രൂപ. ഒന്നരലക്ഷം ച.അടി വിസ്തൃതിയില്‍ സ്ഥിതിചെയ്യുന്ന ഒരു മന്ദിരസമുച്ചയമാണിത്.



                                              ചെന്‍ ക്ലാന്‍ അക്കാദമി

പത്തൊന്‍പത് കെട്ടിടങ്ങളും,ഒന്‍പത് വിശാലമായ ഹോളുകളും, ആറ് നടുമുറ്റങ്ങളും ചേര്‍ന്ന ഒരു സിമട്രിക് ബില്‍ഡിംഗ് കോമ്പ്ലക്സാണ് ഈ അക്കാദമി.ചെന്‍ ക്ലാന്‍ വംശജര്‍ പണിതുയര്‍ത്തി,ഇമ്പീരിയല്‍ പരീക്ഷ കേന്ദ്രമായി പ്രവര്‍ത്തിച്ച് വന്നിരുന്ന ഇവിടം ഇന്ന് ചൈനീസ് ശില്പചാതുര്യിയുടെ മകുടോദാഹരണമായി നില കൊള്ളുന്നു. ചൈനീസ് കരകൌശല വസ്തുക്കള്‍ ,മറ്റ് സോവനീറുകള്‍ തുടങ്ങിയവയെല്ലാം വില്‍പ്പനക്കായി വച്ചിട്ടുണ്ട്. ആനക്കൊമ്പുകളില്‍ തീര്‍ത്തിരിക്കുന്ന ശില്പങ്ങള്‍ അത്യന്തം മനോഹരവും വിലയേറിയതുമാണു.മറ്റു സോവനീറുകളും പൊള്ളുന്ന വിലയ്ക്ക് ധാരാളമായി നിരത്തിയിരിക്കുന്നു.ഒരു ടിപ്പിക്കല്‍ ചൈനീസ് ഭവനത്തിന്റെ മാതൃക,അടിക്കുറിപ്പുകള്‍ സഹിതം,ഭംഗിയായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.പാശ്ചാത്യര്‍ ആണ് ഇവിടത്തെ സന്ദര്‍ശകരിലേറേയും,അതിനാല്‍ സോവനീര്‍ ഷോപ്പുകളില്‍ വില്‍പ്പനയും പൊടിപൊടിക്കുന്നുണ്ട്.
രണ്ട് മണിക്കൂറിലേറെ സമയമെടുത്ത്,എല്ലാം കണ്ട് തീര്‍ന്നു പുറത്തിറങ്ങുമ്പോള്‍ നേരം സന്ധ്യയായി.തിരികെ റൂമിലെത്തി,ചെറിയൊരു വിശ്രമത്തിനു ശേഷം കുറച്ച് ഷോപ്പിംഗ് നടത്തുവാന്‍ പത്നി പദ്ധതിയിട്ടിട്ടുണ്ട്.പ്രസിദ്ധമായ ബെയ്ജിംഗ്-ലു റോഡ് ഷോപ്പിംഗ് കേന്ദ്രം ഹോട്ടലില്‍ നിന്നും നടക്കാവുന്ന ദൂരത്താണെന്നും ആള്‍ രാവിലെ റിസപ്ഷനില്‍ നിന്ന് മനസ്സിലാക്കി വച്ചിട്ടുമുണ്ട്.അതിലേക്കായി തിരികെ ഹോട്ടലിലേക്ക് മടങ്ങി.

ഹോങ്കോങ്ങ്  യാത്ര-ഭാഗം 1   ഇവിടെ വായിക്കാം

ഹോങ്കോങ്ങ്  യാത്ര-ഭാഗം 2   ഇവിടെ വായിക്കാം


24 comments:

krishnakumar513 January 28, 2012 at 7:28 AM  

മൂന്നാം ഭാഗവും താമസിച്ചു.സുഹൃത്തുക്കള്‍ സദയം ക്ഷമിക്കുമല്ലോ?

വേണുഗോപാല്‍ January 28, 2012 at 5:02 PM  

കലക്കന്‍ .. ചൈനയില്‍ ഒന്ന് പോയി വന്ന പ്രതീതി ....

വിവരണത്തിന്റെ കൂടെ നല്ല ചിത്രങ്ങള്‍ കൂടി ആയപ്പോള്‍ ഗംഭീരമായി..
ആശംസകള്‍

Unknown January 28, 2012 at 8:49 PM  

ചിത്രങ്ങള്‍ സഹിതമുള്ള വിവരണം വായന ഏറെ രസകരമാക്കി. ഒന്നും രണ്ടും ഭാഗങ്ങള്‍ ഇന്നാണ് വായിച്ചത്.

പട്ടേപ്പാടം റാംജി January 29, 2012 at 5:43 AM  

ട്രെയിനും സ്റേഷനും ഒക്കെ കാണുമ്പോള്‍ നമുക്ക്‌ അത്ഭുതം തോന്നും എന്നത് ശരി ആണ്.
അത്രയും നന്നായിരിക്കുന്നു ഓരോന്നും. ആ അമ്പലങ്ങളും വിവരണവും എല്ലാം നന്നായിട്ടുണ്ട്. രാത്രിയില്‍ ദീപം തെളിയുമ്പോള്‍ വരുന്ന ചിത്രത്തിന്റെ മാറ്റം മനോഹരമായി.

വീകെ January 29, 2012 at 11:56 AM  

ചൈനാ സന്ദർശനത്തിന്റെ മൂന്നാം ഭാ‍ഗം വരാൻ വൈകിയതുകൊണ്ട് എനിക്ക് ഒന്നുകൂടി ഹോങ്കോങ്ങു വരെ പോകേണ്ടി വന്നു. അന്നു കാണാത്ത ചിത്രങ്ങൾ ഇന്നു തെളിഞ്ഞു കണ്ടു. (എങ്കിലും രണ്ടാമത് പോയതിന്റെ വണ്ടിക്കാശ് എനിക്ക് തിരിച്ചു തരണേ.)
ചിത്രങ്ങൾ നന്നായിരിക്കുന്നു. നമ്മുടെ നാട്ടിലെപ്പോലെ ടൂറിസ്റ്റുകളെ പറ്റിക്കണ സംഘങ്ങൾ അവിടേയും ഉണ്ടല്ലെ..?
ആശംസകൾ...

siya January 29, 2012 at 6:57 PM  

വിവരണം&ഫോട്ടോസ് നന്നായിട്ടോ ..പിന്നെ, മുതലയിറച്ചി കഴിച്ചിട്ടുള്ള ഒരു ബ്ലോഗ്‌ ചങ്ങാതി എനിക്ക് ഉണ്ടെന്ന് ഇനി എല്ലാരോടും പറയാല്ലോ !!!

Unknown January 29, 2012 at 8:30 PM  

കൃഷ്ണകുമാർ..ഒറ്റ വാക്കിൽ പറയാം..സൂപ്പർ വിവരണം. ചിത്രങ്ങൾ ഒന്നിനൊന്ന് മനോഹരം..മറ്റു ഭാഗങ്ങളേക്കാൾ ഏറെ ഇഷ്ടപ്പെട്ടത് ഈ വിവരണം തന്നെ.

ഇടയ്ക്ക് ഒരു ചിത്രം മാത്രം തലതിരിഞ്ഞുപോയല്ലോ..അത് പോർട്രയിറ്റ് ആയി കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു.

ഫ്രീയായി തരപ്പെടുത്തിതന്ന ചൈനായാത്രയ്ക്ക് ഏറെ നന്ദി..ഒപ്പം ആശംസകളും.

കാഴ്ചകളിലൂടെ January 31, 2012 at 2:02 AM  

കൃഷ്ണ കുമാര്‍ സൂപ്പര്‍ സുപ്രെ. ചിത്രങ്ങളും വിവരണങ്ങളും സൂപ്പര്‍. തുടരുക ആശംസകള്‍

vettathan February 1, 2012 at 6:27 PM  

യാത്രാവിവരണം ഭംഗിയായി.ആഗോളവല്‍ക്കരണത്തിന്റെ ഗുണങ്ങള്‍ ഏറെ സ്വന്തമാക്കിയ നാടാണ് ചൈന.നല്ല ട്രയിനുകളും വൃത്തിയായി സൂക്ഷിയ്ക്കുന്ന സ്മാരകങ്ങളും നമുക്ക് എന്നാണുണ്ടാവുക?

Anonymous February 2, 2012 at 8:30 PM  

nice travelogue with lovely narration and photos

thanks

വെറുതെ...വെറും വെറുതെ ! February 4, 2012 at 5:53 AM  

നന്ദി കൃഷ്ണകുമാര്‍ . ചൈനയില്‍ പോയി വന്നത് പോലെ തന്നെ ഫീല്‍ ചെയ്തു. നല്ല അവതരണം. നല്ല ഫോട്ടോസ്. Keep up the good work !

Pradeep Kumar February 4, 2012 at 7:43 PM  

ഞാന്‍ നിങ്ങളുടെ യാത്രകളിലൂടെ കടന്നുപോവുകയായിരുന്നു.ഒരുപാട് യാത്രകള്‍ ചെയ്യാന്‍ അവസരം കിട്ടുന്നവരോട് എനിക്ക് അസൂയയാണ്.മൂര്‍ച്ചയുള്ള സുവ്യക്തമായ ഈ ചിത്രങ്ങള്‍ നിങ്ങളോടുള്ള എന്റെ അസൂയ വല്ലാതെ കൂട്ടുന്നു. അപൂര്‍വ്വസുന്ദരമായ ഇത്തരം അനുഭവങ്ങള്‍ ഇനിയും പങ്കുവെക്കുക.

മനു അഥവാ മാനസി February 5, 2012 at 9:08 PM  

നന്നായിരിക്കുന്നു സുഹൃത്തേ,ചിത്രങ്ങള്‍ ഈ വിവരണം കൂടുതല്‍ മനോഹരമാക്കി..

kamyakam February 8, 2012 at 6:18 AM  
This comment has been removed by the author.
krishnakumar513 February 8, 2012 at 6:20 AM  

@വേണുഗോപാല്‍:സന്ദര്‍ശനത്തിനു വളരെ നന്ദി..
@റ്റോംസ്‌ || thattakam.com | snapsnshots.com :അഭിപ്രായം അറിയിച്ചതില്‍ സന്തോഷം,റ്റോംസ്
@പട്ടേപ്പാടം റാംജി:നമ്മുടെ നാടുമായി താരതമ്യം ചെയ്യുമ്പോള്‍ മാത്രമാണു റാംജി സാബ് ഒരു വിഷമം
@വീ കെ:ഹ ഹ,വണ്ടിക്കാശ് ഉടനെ അയച്ചേക്കാം കേട്ടോ.കള്ളനോട്ടുകളൊഴികെ മറ്റ് തട്ടിപ്പുകള്‍ വലുതായിട്ടില്ല എന്നാണു എന്റെ സുഹൃത്ത് പറയുന്നത്.
@siya :മുതലയിറച്ചി കഴിച്ച സുഹൃത്തു മാത്രമല്ല,അടുത്തിരുന്നു അത് കണ്ട കൂട്ടുകാരിയും എന്നും പറയാം സിയാ..
@ഷിബു തോവാള:വളരെ സന്തോഷം തോന്നുന്നു ഷിബു ഈ കമന്റ് വായിച്ചപ്പോള്‍.പിന്നെ ഇതൊക്കെ ഒരു അമച്വര്‍ കളികളല്ലേ!!

പഥികൻ February 9, 2012 at 1:12 PM  

വൈകിയാണെങ്കിലും ഞാൻ എത്തി :) വിശദമായ വിവരണത്തിനു നന്ദി..ചൈന എന്റ്റെ സ്വപ്നനാടാണ്..എന്നാണോ പോകാൻ പറ്റുക :)

Muralee Mukundan , ബിലാത്തിപട്ടണം February 10, 2012 at 5:24 AM  

ഇത്തിരി താമസിച്ചാലെന്താ ..
അത്ര സൂപ്പറായല്ലേ പടങ്ങളൂം ഒപ്പമുള്ള ആലേഖനങ്ങളും ഈയാത്രയിലൂ‍ടെ ആവാഹിച്ച് വെച്ചിരിക്കുന്നതിവിടെ...!

ബിന്ദു കെ പി February 10, 2012 at 9:06 AM  

എനിക്ക് പോകാൻ ഏറെ താല്പര്യമുള്ള ഇടങ്ങളിൽ ഒന്നാണ് ചൈന. അതുകൊണ്ടുതന്നെ വളരെ താല്പര്യത്തോടെയാണ് വായിച്ചത്. നന്നായിരിക്കുന്നു.
ആ ലോട്ടസ് പഗോഡയുടെ പടമെന്തിനാ തിരിച്ചിട്ടത്? അതൊന്നു നേരെയാക്കിക്കൂടെ?

നിരക്ഷരൻ February 15, 2012 at 8:58 PM  

ചിത്രങ്ങളും കൂടുതൽ വിവരണങ്ങളുമൊക്കെയായി ഈ പോസ്റ്റ് ശരിക്കും കൊഴുത്തു. ഭാഷ പ്രശ്നമാകുന്നില്ലേ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു. എന്തായാലും I don't know എങ്കിലും അവർക്ക് അറിയാമല്ലോ :)

ജോസ്‌പ്രകാശ് അറിയണ്ട മുതല ഫ്രൈ തിന്ന കാര്യം :)

anupama February 26, 2012 at 12:28 AM  

Dear Krishnakumar,
Amazing and attractive photos with wonderful description!
Keep it up!
Thanks for sharing your experiences!
Sasneham,
Anu

ശ്രീ March 4, 2012 at 9:33 PM  

ഫുഡ് മാത്രം കണ്ടിട്ട് അങ്ങ് ദഹിയ്ക്കുന്നില്ല :)

മൊത്തത്തില്‍ അടിപൊളി യാത്ര ആയിരുന്നുവല്ലേ?

ബെഞ്ചാലി March 6, 2012 at 9:57 PM  

വിവരണങ്ങൾക്കൊപ്പം ചിത്രങ്ങൾകൂടി ചേർന്നപ്പോൾ പോസ്റ്റ് മനോഹരമായി.

sabukeralam wings of charity May 24, 2012 at 8:05 AM  

very good NELLIYAMPATHI HILL STATION via POTHUNDI DAM
നെല്ലിയാമ്പതിയിലേക്ക് പോത്തുണ്ടി ഡാം വഴി
http://www.sabukeralam.blogspot.in/
www.travelviews.in

sabukeralam wings of charity May 24, 2012 at 8:06 AM  

പ്രകൃതിയിലേക്ക് ഒരു യാത്ര
NELLIYAMPATHI HILL STATION via POTHUNDI DAM
നെല്ലിയാമ്പതിയിലേക്ക് പോത്തുണ്ടി ഡാം വഴി
http://www.sabukeralam.blogspot.in/
www.travelviews.in

Followers

ജാലകം
chintha.com

About Me

My photo
a travel enthusiast who enjoys humour

About This Blog

സഞ്ചാരത്തിനിടയിലെ ചില കാഴ്ചകള്‍;ചിത്രീകരണ മികവ് തുലോം കമ്മി .അത്ര മാത്രം

FEEDJIT Live Traffic Feed

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP