ശബരിമല പുല്ലുമേട് ദുരന്തം
ഇത് സഞ്ചാരത്തിനിടയിലെ കാഴ്ചകള്‍ ആണെന്നെനിക്കു തോന്നുന്നില്ല.കാണുവാന്‍ രസകരമായ കാഴ്ചകളുമല്ല.പക്ഷെ അവിടെ ഉണ്ടായ അത്യാഹിതത്തിന്റെ ചില ചിത്രങ്ങള്‍ ഒന്ന് പോസ്റ്റ് ചെയ്യണമെന്നു തോന്നി.
ഇന്നലെ കുമളി-വണ്ടിപ്പെരിയാര്‍ ഭാഗങ്ങളില്‍ ഉണ്ടായിരുന്നത് കൊണ്ട്,ഈ വാര്‍ത്ത അറിഞ്ഞ ഉടനെ ഒരു ഫോര്‍വീല്‍ വാഹനം സംഘടിപ്പിച്ച് അങ്ങോട്ടേക്ക് തിരിച്ചു.പ്രത്യേക അനുമതിയോടെ മാത്രമെ അവിടം സന്ദര്‍ശിക്കുവാന്‍ സാധിക്കുകയുള്ളൂ.
പുല്ലുമേട്-ഒരു കാഴ്ച
വണ്ടിപ്പെരിയാര്‍ കക്കികവലയില്‍ നിന്നും ഗവി റോഡില്‍ ഏകദേശം 14 കിമി പോയാല്‍ നാലാം മൈല്‍ എത്തി.അവിടെ നിറയെ പോലീസുകാരുണ്ട്.അവിടെ നിന്നും വലത്തൊട്ടു 11 കിലോമീറ്ററോളം യാത്ര ചെയ്താല്‍ പുല്ലുമേട് പ്രദേശം.പുല്ലുമേടിന്റെ തെക്കേ അതിര്‍ത്തിയാണു ഉപ്പുപാറ.
അങ്ങ് ദൂരെ മലയുടെ അതിരില്‍നിന്നുമാണു ശബരിമലയിലേക്കുള്ള ഇറക്കം തുടങ്ങുന്നത്
അവിടെ നിന്നുമാണു ശബരിമലയിലേക്കുള്ള ഇറക്കം(6കിമി)ആരംഭിക്കുന്നത്. ഇങ്ങനെ ഒരു ദുരന്തം സംഭവിക്കുവാന്‍ യാതൊരുവിധ സാധ്യതയുമുള്ള പ്രദേശമല്ല പുല്ലുമേട് എന്നു അവിടെയെത്തുന്ന ഏതൊരാള്‍ക്കും മനസ്സിലാകും.ഒട്ടുമുക്കാല്‍ ഭാഗവും നിരപ്പായ ഒരു സ്ഥലം.നമ്മുടെ സംവിധാനങ്ങളുടെ അപര്യാപ്തത ഒന്നുകൊണ്ടു മാത്രമാണു ഈ ദുരന്തം.
വിശാലമായ വഴിയിലൂടെ ദര്‍ശനം കഴിഞ്ഞ് തിങ്ങി നിറഞ്ഞു വരുന്ന ആളുകള്‍ പെട്ടെന്ന് ഇതേപാതയില്‍. ഒരു ബോട്ടില്‍ നെക്കിലേക്കു എത്തിപ്പെടുന്നു.
പാത ഇടുങ്ങിയതായി മാറുന്നു
കാരണം ഇരുവശവും താല്‍ക്കാലിക കടകള്‍ നിറഞ്ഞ ഇവിടെ 12 അടി മാത്രമാണു റോഡിനു വീതി,അവിടെ മുതല്‍ ചെറിയ ഒരു ഇറക്കവും.പിന്നീടുള്ള ഒരു 15 മീറ്റര്‍നീളത്തില്‍ ആണു ഈ അത്യാഹിതം സംഭവിച്ചത്.
ചെറിയ ഒരിറക്കം
ഈ ഇരുമ്പ് ചാനലിലൂടെയാണു വാഹനങ്ങള്‍ തടയാനുള്ള ചങ്ങല ഇട്ടിരുന്നത്
കാടായ കാട്ടിലെല്ലാം സോളാര്‍ ലൈറ്റ് വൈക്കുന്ന വനംവകുപ്പുകാര്‍ ഇവിടെ പേരിനു പോലും ഒരു ലൈറ്റ് വച്ചതായി കണ്ടില്ല.കടകളില്‍ നിന്നുമുണ്ടായിരുന്ന പെട്രോള്‍മാക്സ് വെളിച്ചം മാത്രമാണു അന്നുണ്ടായിരുന്നത്.
ഏറ്റവും അപകടകരമായി നിന്നിരുന്നത് റോഡീനു ഒത്തനടുവില്‍ കണ്ട ഒരു ഇരുമ്പ് ചാനലാണു.റോഡിനു കുറുകെ ഉണ്ടായിരുന്ന ചങ്ങല ഈ ഇരുമ്പ് ചാനലിനുള്ളിലൂടെയാണു ഇട്ടിരുന്നത്.
ഒരു തരി വെളിച്ചം പോലുമില്ലാതെ, ഈ ഇടുങ്ങിയ പാത തിങ്ങിനിറഞ്ഞ്, ആയിരങ്ങള്‍ നല്ല വേഗതയില്‍ വരുന്നു.ചങ്ങലയിലും,ഇരുമ്പ് കുറ്റിയിലും തട്ടി മുന്‍ നിരക്കാര്‍ താഴെ വീഴുന്നു,അവരെ ചവിട്ടി മെതിച്ച് പതിനായിരങ്ങള്‍ കടന്നു പോകുന്നു!!വെറും പതിനഞ്ച്-ഇരുപത് മീറ്റര്‍ നീളം സ്ഥലത്താണു ഇത് സംഭവിച്ചതെന്ന് പറയുന്നു!
കുറ്റാകൂരിരുട്ടില്‍ ചങ്ങലയില്‍ തട്ടി വീണ നൂറുകണക്കിനാളുകളുടെ ശരീരം തുളച്ചത് ഈ ചാനലും.ഇപ്പോഴും അത് മാറ്റിയിട്ടില്ല!!!
അപകടത്തിനിരയായവരുടെ സാധന സാമഗ്രികളുടെ ഹൃദയഭേദകമായ കാഴ്ച
അന്വേഷണ കമ്മീഷനും,അന്വേഷണങ്ങളും എന്തെല്ലാം കണ്ടെത്തലുകള്‍ നടത്തിയാലും അത്യവശ്യം വെളിച്ചവും,ബലവത്തായ പൈപ്പ് വേലിയും,കുറച്ച് സുരക്ഷാ ഉദ്യോഗസ്ഥരും ഈ സ്ഥലത്തുണ്ടായിരുന്നെങ്കില്‍ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല അതി ദാരുണമായ ഈ ദുരന്തം എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും.
ഉണ്ടെന്ന് പറയപ്പെടുന്ന എട്ടോ പത്തോ കടുവകള്‍ക്കായി ,കോടിക്കണക്കിനു രൂപ പലപ്രോജക്റ്റുകളില്‍ ചിലവഴിക്കുമ്പോഴും ,ഒരു മരം പോലുമില്ലാത്ത ഇവിടെ ഇനിയെങ്കിലും മനുഷ്യജീവന്‍ ഹോമിക്കപ്പെടാതിരിക്കുവാനുള്ള, അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാനുള്ള വനംവകുപ്പിന്റെ വിമുഖത മാറിയേതീരൂ. കാലഹണപ്പെട്ട നിയമങ്ങളാണു കാരണമെങ്കില്‍ , ശബരിമല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടുള്ള നിയമങ്ങളുടെ പൊളിച്ചെഴുത്തും....
18 comments:
കുറച്ച് നാളുകള്‍ ആയി പോസ്റ്റ് എഴുതിയിട്ട്.അടുത്ത പോസ്റ്റ് ഇങ്ങനെയൊന്ന് ആകേണ്ടിവരുമെന്നൊരിക്കലും കരുതിയില്ല.ഇതുപോലുള്ള ദുരന്തങ്ങള്‍ ഇനിയെങ്കിലും ആവര്‍ത്തിക്കാതിരിക്കട്ടെ....
ഇത്തരം ദുരന്തങ്ങള്‍ ഒരിക്കലും സംഭാവിക്കല്ലേ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുമ്പോഴും ഒന്നിന് പുറകെ ഒന്നായ് കടന്നു വരികയാണ്. ബോട്ടപകടം നടന്നപ്പോഴും ചില ആശങ്കകള്‍ അവശേഷിച്ചിരുന്നു. അതിപ്പോഴും അതെ പടി തുടരുന്നു. മൃഗങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ പലതും നടക്കുമ്പോള്‍ മനുഷ്യനെ തിരിഞ്ഞു നോക്കാന്‍ സമയവും സൌകര്യവും ഇല്ലാതാകുന്ന അവസ്ഥ പരിതാപകരം തന്നെ.
ചിത്രങ്ങള്‍ കാണുമ്പോള്‍ ശാന്തമായ ഒരു പ്രദേശം.
ഫോട്ടോകള്‍ക്കും പോസ്റ്റിനും നന്ദി....
റിസര്‍വ് വനമായ ഇവിടേയ്ക്ക് ആളുകളെ കയറ്റി വിട്ടവര്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടത്.
ഭക്തിയുടെ കൊടുമുടിയില്‍ ആറാടി നില്‍ക്കുന്ന മലയാളികള്‍ എന്ത് കൊണ്ട് മകര വിളക്കിന് മുന്‍പേ മല കയറി അയ്യപ്പനെ കണ്ട് മടങ്ങുന്നു. തിരക്കില്‍ നിന്ന് ഒഴിഞ്ഞ് വീട്ടിലിരുന്ന് ടി.വി.യില്‍ ലൈവ് കാണാനാണ് മലയാളി “സ്വാമിമാര്‍ക്ക്” താല്പര്യമെന്ന് ചാനലുകാര്‍ക്ക് പോലും അറിയാം. എന്നാല്‍ ഭക്തിക്ക് വേണ്ടി എന്തും സഹിക്കുന്ന പാവം അന്യനാട്ടുകാരെ പിഴിയുക അല്ലാതെ മറ്റൊരു ലക്ഷ്യവും നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കില്ല.
അയ്യപ്പന്റെ കൂട്ടുകാരന്‍ വാവര്‍. മുസ്ലീം മതം ഉണ്ടായത് എപ്പോഴാണ്? അയ്യപ്പ വിഗ്രഹം സ്ഥാപിച്ചത് പരശുരാമന്‍. കേരളം ഉണ്ടാക്കിയത് പരശുരാമന്‍. അപ്പോള്‍ കേരളം എന്ന കര ഉണ്ടായത് ഏത് വര്‍ഷത്തിലായിരിക്കും! അയ്യപ്പ വിഗ്രഹം ബുദ്ധന്റേതാണോ അതോ ആദിവാസികളുടെ ദൈവത്തിന്റെതാണോ?
ഇങ്ങനെയൊക്കെ കണ്‍ഫ്യൂഷന്‍ അടിപ്പിക്കുന്ന ചരിത്രമുള്ള അയ്യപ്പന്റെ ഉത്സവം മാറ്റുന്നതില്‍ അയ്യപ്പന് എതിര്‍പ്പില്ല എന്ന് കവടി നിരത്തി കണ്ടത് പോലെ മകര മാസത്തില്‍ എന്നും മകര ജ്യോതി തെളിയുന്നതിലും അയ്യപ്പന് എതിര്‍പ്പില്ല എന്ന് കവടി നിരത്തി പറയുവാന്‍ പറ്റുമെന്നിരിക്കേ എന്തിന് പാവം അന്യ നാട്ടുകാരായ ഭക്തരെ ഇങ്ങനെ കൊലയ്ക്ക് കൊടുക്കുന്നു!
ഇതുപോലെ തുറസായ സ്ഥലത്ത് ആളുകൾ തിക്കിതിരക്കു കാരണം കൊല്ലപ്പെടണമെങ്കിൽ ഈ മനുഷ്യരുടെ മനസ്സിലുള്ളത് ഭക്തി തന്നെയായിരുന്നോ എന്ന് സംശയം.
റിസർവ് വനത്തിൽ അനധികൃതമായി പ്രവേശിക്കുന്നവർക്ക് അടിസ്ഥാനസൗകര്യം സർക്കാർ ഒരുക്കണമെന്ന വാദവും കൊള്ളാം
ചിത്രങ്ങൾ നന്നായി ക്രിഷ്! എന്തൊരു ദുരന്തമായിരുന്നു! ഈ ഭക്തർക്കെല്ലാം അന്നു തന്നെ പോണമെന്നുണ്ടോ? ഈശ്വരൻ എന്നും അവിടെ ഉണ്ടാവില്ലേ?
പട്ടേപ്പാടം റാംജി:ണന്ദി റാംജി,ഈ ചിന്ത എല്ലാവര്‍ക്കും ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു
മനോജ്:സന്ദര്‍ശനത്തിനും,അഭിപ്രായത്തിനും നന്ദി
റോബി:സന്ദശനത്തിനു നന്ദി.പിന്നെ “റിസര്‍വ്“ വനത്തിന്റെ അവസ്ഥ കണ്ടല്ലോ?മൊട്ടക്കുന്നുകള്‍!അവിടെ ബഹുനിലമന്ദിരങ്ങളോ വ്യാപാരസമുച്ചയങ്ങളോ വേണമെന്നല്ല പറയുന്നത്.ഒരിത്തിരി വെള്ളവും,വെളിച്ചവും.അതു മാത്രം!!
“അനധികൃതമായി“ആണാവോ കെ എസ് ആര്‍ ടി സി ദിവസം 300 സര്‍വ്വീസുകള്‍ നടത്തുന്നത്?
ഈ ദുരന്തങ്ങൽക്കുശേഷം 15 ഓളം വി.ഐ.പി കൾ ഹെലികോപ്റ്റർ മാർഗ്ഗം പുല്ലുമേട്ടിലെത്തി,
ഈ ഹെലികോപ്റ്റർ ദുരന്തദിനം ഉപയോഗിക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ എത്രയോ മനുഷ്യജീവനുകൾ രക്ഷപെടുത്താനാവുമായിരുന്നു. എന്നാണ് നമ്മുടെ ഭരണക്കാർക്ക് ബുദ്ധി ഉദിക്കുക.
എന്നാണ് കേരളത്തിൽ ആമ്പുലൻസ് ഹെലിക്കോപ്റ്റർ സംവിധാനം ഏർപ്പെടുത്തുക!!.
ഓരോ ദുരന്തങ്ങൾക്കൊടുവിലും പരിതപിക്കുവാൻ, ചർച്ചകൾ നടത്തുവാൻ നാം മലയാളികൾ ആരേക്കാളും മുന്നിലാണ്. പക്ഷെ അടുത്ത ചർച്ച പഴയതിനെ വിസ്മൃതിയിലാഴ്തും. ലക്ഷോപലക്ഷം ആളുകൾ കൂടുന്നയിടത്ത് ഉണ്ടാകാവുന്ന ഭവിഷത്തുകൾ മുന്നിട്ടുകാണുവാൻ നാം ഒരിക്കലും ശ്രമിക്കില്ല. അതിനുവേണ്ട സംവിധാനങ്ങൾ ഒരുക്കാൻ നാം പലപ്പോഴും തയ്യാറാകാത്തപക്ഷം ഇത്തരം സംഭവങ്ങൾ നടമാടികൊണ്ടേയിരിക്കും
ദുരന്തങ്ങള്‍ തീരില്ല ഇവിടെ.... ഇന്നു കൂടി ഈ ഓര്‍മകള്‍... നാളെ മുതല്‍ നമ്മള്‍ഊം മറക്കുമെല്ലാം........പിന്നെയൊരു അന്വേഷനവും പഠനവും.....ആര്‍ക്കോവേണ്ടി....
ഫോട്ടോകള്‍ നന്നായിട്ടുണ്ട്, സമയോചിതവും.
ഭക്തി വില്‍പ്പന ഈ നാട്ടിലേ (ഭാരതം) നടക്കൂ ഇതുപോലെ. അവിടെ സര്‍ക്കാരുകള്‍ മാറി വന്നാലും കാര്യം ഒന്ന് പോലെ തന്നെ. ദുരന്തങ്ങള്‍ ആരെയും ചിന്തിപ്പിക്കാതെ, നടപടിയെടുപ്പിക്കാതെ കടന്നുപോകുന്നു,വേറൊന്നിന് കാത്ത് കൊണ്ട്.
അങ്ങനെ മകരവിളക്ക് വെറും തകരവിളക്കായി.. ഇനി ഒരു കാര്യം കൂടി അറിഞ്ഞാല്‍ കൊള്ളാം. നിഘണ്ടുവില്‍ ജ്യോതിയ്ക്ക് നക്ഷത്രം എന്ന് അര്‍ത്ഥമുണ്ടോ? അത് എന്നും ഉദിക്കുന്ന നക്ഷത്രമെങ്കില്‍ ശബരിമലയുമായി കലണ്ടര്‍ ബന്ധമല്ലാതെ എന്തു ബന്ധം? അറിവുള്ളവര്‍ പറഞ്ഞുതരണം.
കാലം തിരുത്താൻ പോകുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും.
നമുക്കു പ്രതീക്ഷവെയ്ക്കാം.
ഇത്രയധികം ഭക്തന്മാർ വരുന്ന സ്ഥലത്തെ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ് ചെയ്യാത്ത ദേവസ്വത്തെ പറഞ്ഞാൽ മതിയല്ലൊ. എന്തായാലും ഇങ്ങനെ ഒന്ന് സംഭവിച്ചത് ദുഖകരമാണ്. വരാൻ വൈകി ക്ഷമിക്കുക.
സർക്കാർ സംവിധാനങ്ങൾ ഇനിയും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഇനിയും ഇത് പോലെയുള്ള ദുരന്ത വാർത്തകൾ നാം വായിക്കേണ്ടി വരും എന്ന് ഈ ചിത്രങ്ങൾ നമ്മോട് വിളിച്ച് പറയുന്നു..
ഇത് വായനക്കാരുമായി പങ്ക് വെച്ച താങ്കൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ
പ്രകൃതിദുരന്തമെന്കില്‍ പറഞ്ഞുനില്ക്കാമായിരുന്നു. അധികൃതരുടെ അനാസ്ഥകൊണ്ട് സംഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് നാം എന്ത് പറയും!!
ഇത്രയും വ്യക്തമായി ചിത്രങ്ങള്‍ സഹിതം ആരും വിശധീകരിച്ചില്ല...
വളരെ നല്ലത് .അപ്പോഴേക്കും എല്ലാവരും മകര ജ്യോതി തട്ടിപ്പ് എന്ന ചര്‍ച്ചയിലേക്ക് കടക്കുകയും സെക്കുലര്‍ ഹിപ്പോക്രിസി ആഘോഷിക്കുകയും ആയിരുന്നു .
സ്ഥിരമായി പോവുന്ന ഒരാള്‍ എന്ന നിലക്ക് ശബരി മലയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ മനസ്സിലാക്കുവാന്‍ എനിക്ക് കഴിയും അത് അനാസ്ഥ മാത്രമല്ല ജനത്തിരക്കിന്റെ ആ തള്ളല്‍ ഞാനും പലപ്പോഴും അനുഭവിച്ചിട്ടുണ്ട് ....കുറെ കുടി പ്ലാന്‍ ചെയ്തു ക്രമീകരണങ്ങള്‍ നടത്തേണ്ടത് ആണ്..
കാര്യങ്ങൾ വ്യക്തമാക്കിയ ചിത്രങ്ങൾക്ക് വളരെ നന്ദി..
മനുഷ്യ ചരിത്രത്തിൽ ദുരന്തങ്ങൾക്ക് ഒരു പഞ്ഞവുമില്ല, പലതരം കാരണങ്ങൾ കൊണ്ട്.. അനുഭവിയ്ക്കുന്നവനെ മാത്രം വേട്ടയാടുന്ന ഒന്നാണ് ദുരന്തമെന്നതുകൊണ്ട് ബാക്കിയെല്ലാവർക്കും അത് മറന്നു കളയുവാനാകുമെന്നതാണ് സത്യം. ദുരന്തങ്ങൾ ആവർത്തിയ്ക്കുന്നതിന്റെ ഒരു പ്രധാന കാരണവും അതു തന്നെയാണ്.
മനുഷ്യന്‍ ഉണ്ടാക്കുന്ന ദുരന്തം,അയ്യപ്പന്‍
കാക്കട്ടെ
Post a Comment