Sunday, September 11, 2011

ഇടുക്കി ജില്ല-വണ്ടിപ്പെരിയാര്‍ മൌണ്ട് സത്രം പുല്‍മേടുകളിലൂടെ ഒരു യാത്ര

ഇടുക്കിയുടെ കാഴ്ചകള്‍ എത്ര വര്‍ണ്ണിച്ചാലും എനിക്കു മതിയാകാറില്ല എന്ന് സുഹൃത്തുക്കള്‍ കളിയാ ക്കാറുണ്ട്.അതില്‍ സത്യമില്ലാതില്ല താനും.പക്ഷെ ഓരോ ഇടുക്കി യാത്രയും എനിക്ക് പുതിയ കാഴ്ചകള്‍ തന്നെയാണു.തൊട്ടടുത്ത ജില്ലക്കാരനായതുമൂലം മിക്കവാറും ഇടുക്കി യാത്രകള്‍ തരമാകാറുമുണ്ട്.അതുപോലൊരു യാത്രയായിരുന്നു ഇതും.എന്നാല്‍ വളരെ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ഒന്നും.

                                            ക്യാമറ പതിവുപോലെ മറന്നു വച്ചു.!!!അതിനാല്‍ മൊബൈല്‍ ചിത്രങ്ങളാണെല്ലാം.

വണ്ടിപ്പെരിയാര്‍ ടൌണില്‍ നിന്നും അരണക്കല്‍ എസ്റ്റേറ്റ് വഴിയുള്ള ഒരു യാത്രയില്‍ പങ്കുകൊള്ളുവാനാണു എനിക്ക് അവസരം സിദ്ധിച്ചത്. വണ്ടിപ്പെരിയാറില്‍ നിന്നും ഏകദേശം 18 കിമി ദൂരമാണു ഈ എസ്റ്റേറ്റ് വഴി മൌണ്ട് സത്രം എന്ന സ്ഥലത്തേക്ക്.പഴയകാല ശബരിമല പാത ഇതിലെയായിരുന്നു.ആദ്യ 5-6 കിമി റോഡ് അടുത്തകാലത്തായി പഞ്ചായത്ത് പുതുക്കിപണിതിട്ടുണ്ട്.പിന്നെയങ്ങോട്ട് റോഡില്ല എന്നു പറയാം.ഊഞ്ഞാലാട്ടം മാത്രം.സത്രം വരെ ജീപ്പ് റോഡുണ്ട്.മണ്ണുറോഡാണെന്നുമാത്രം.നല്ല മഴ തുടങ്ങികഴിഞ്ഞു.മൊബൈല്‍ പുറത്തെടുക്കുവാന്‍ പോലും സാധിക്കാത്ത മഴ.വല്ല വിധേനയും സത്രത്തിലെത്തി.സത്രമായിരുന്ന കെട്ടിടത്തിന്റെ അവശിഷ്ട്ടങ്ങള്‍ മാത്രം.ആ ഭാഗത്ത് മഴയില്ല.
സത്രത്തിന്റെ അവശിഷ്ടങ്ങള്‍
ആ കാണുന്ന മലമുകളില്‍ നിന്നുമാണു പുല്‍മേടിലേക്കുള്ള പരമ്പരാഗത പാത

ഇവിടെനിന്നും 6 കിമി പോയാല്‍ വള്ളക്കടവിലെത്താം.ഗവിറോഡിലുള്ള അതേ സ്ഥലം തന്നെ.അവിടെ നിന്നും 6കിമി പോയി നാലാം മൈല്‍ എന്ന സ്ഥലത്തുനിന്നും തിരിഞ്ഞു 11 കിമി യാത്ര ചെയ്താല്‍ പുല്ലുമേട്.ആ പുല്ലുമേടില്‍നിന്നും,തെക്കു ഭാഗത്തേക്കാണു ശബരിമലയിലേക്കുള്ള നടത്തം തുടങ്ങുന്നത്.പുല്ലുമേടില്‍നിന്നും പടിഞ്ഞാറോട്ട് 6കിമി സഞ്ചരിച്ചാല്‍ മൌണ്ട് സത്രം.ഈ വഴിയാണത്രെ ഇപ്പോള്‍ ശബരിമലക്കുള്ള കാല്‍നടപാതയായി പരിഗണിക്കുന്നത്.
ഈ ഭാഗത്ത് മഴയേയില്ല. കൂടെയുള്ളവര്‍ ഉപ്പുപാറ കാണുവാന്‍ പോയപ്പോള്‍.ഞാനും ഒരു സുഹൃത്തും കൂടി സത്രം പാതയിലൂടെ കുറച്ച്ദൂരം നടക്കാമെന്നു തീരുമാനിച്ചു.മണ്ണു റോഡ് തന്നെ.രണ്ട് വശത്തും പുല്‍മേടുകള്‍ മാത്രം.ഇടക്കിടെ ഷോലവനങ്ങളും.ഒരു 200മി പോയപ്പോള്‍ വനംവകുപ്പിന്റെ ഒരു വാച്ചര്‍ ധൃതിയില്‍ നടന്നു വരുന്നു.ആള്‍ ഞങ്ങളോട് നില്‍ക്കുവാന്‍ ആംഗ്യം കാണിക്കുന്നു.തൊട്ടപ്പുറത്തെ വളവില്‍ ഒരു ഒറ്റയാന്‍ (മോഴ) നിലയുറപ്പിച്ചിരിക്കുന്നു.അതിനു തെളിവെന്നോണം തൊട്ട് മുന്‍പില്‍,ആവിപറക്കുന്ന ആനപിണ്ടവും.ഞങ്ങള്‍ ഏതായാലും വന്നവഴിയേ തിരിച്ചടിച്ചു.
                                                                                   സത്രം റോഡിന്റെ തുടക്കം

തിരികെയെത്തിയപ്പോള്‍ ഉപ്പുപാറയ്ക്ക് പോയവര്‍ മടങ്ങിയെത്തിയിരിക്കുന്നു.ആളുകളെല്ലാം ദൂരേക്ക് കൈ ചൂണ്ടുന്നുമുണ്ട്.അങ്ങ്ദൂരെ ഒരു മലമുകളില്‍ ഒരു ആന നില്‍പ്പുണ്ട്.
                                                                           ആദ്യത്തെ ആനകാഴ്ച

                                          ഇന്നാദ്യമായി ആനയെക്കണ്ട ആവേശത്തിലായി എല്ലാവരും
വാഹനത്തില്‍ കയറി സത്രം റൂട്ടില്‍ യാത്ര തുടങ്ങി.
പ്രകൃതി ഭംഗി വിവരിക്കുവാന്‍ വയ്യാത്ത വിധം തന്നെ.എങ്ങും പച്ചപരവതാനി മാത്രം.ഇളം തണുപ്പും!

                                                          നോക്കെത്താ ദൂരത്തോളം പുല്‍മേടുകള്‍
                     ക്യാമറ മറന്ന നിമിഷത്തെ ശപിച്ചുകൊണ്ട് മൊബൈല്‍ പുറത്തെടുത്തു.ഉള്ളത്കൊണ്ട്ഓണം പോലെ.
ഒരു ഒറ്റയാന്‍ അങ്ങകലെ മലയില്‍ (ഭൂതക്കണ്ണാടി വേണം കാണണമെങ്കില്‍)

നോക്കെത്താദൂരത്തോളം പച്ച പുതച്ച പുല്‍മേടുകള്‍ മാത്രം.അങ്ങിങ്ങായി ഷോലവനങ്ങള്‍ വേറൊന്നുമില്ല.എല്ലാ മലയിലും ആനകള്‍ ഡസന്‍ കണക്കിനു പുല്ല് മേയുന്നു.ചില മലകളില്‍ ഒറ്റക്കു വിഹരിക്കുന്നവയും.വഴിക്കു കുറുകെ ഒരു പറ്റം കാട്ടുപോത്തുകള്‍ ഓടിമറയുന്നു.വളഞ്ഞും ചെരിഞ്ഞും വാഹനം പതുക്കെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.ഇപ്പോള്‍ വലതു ഭാഗത്തായി ഒരു ഫോറസ്റ്റ് വാച്ച്ടവര്‍ കാണാം,നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നതേയുള്ളൂ.
വനംവകുപ്പിന്റെ വാച്ച് ടവര്‍

ഇടത്ത് വശത്ത് തൊട്ടടുത്ത് കുറെയധികം മ്ലാവുകള്‍,എല്ലാം അസാമാന്യ വലിപ്പമുള്ളവ.മൊബൈല്‍ ക്യാമറ സെറ്റ് ആക്കിവന്നപ്പോഴേക്കും അതതിന്റെ പാട്ടിനുപോയി.
കുറച്ചുകൂടി മുന്നോട്ട്ചെന്നപ്പോള്‍ ഇനിയും പോകാന്‍ പറ്റാത്തവിധം ചെളിക്കുണ്ടായിരിക്കുന്നു റോഡ്.ഞങ്ങള്‍ക്ക് ഫോര്‍വീല്‍ ഇല്ലാത്തതിനാല്‍ യാത്ര ഇവിടെ അവസാനിപ്പിക്കുകയേ നിര്‍വ്വാഹമുള്ളൂ.
സീതക്കുളം

അങ്ങ് ദൂരെ താഴ്വാരത്ത് സീതക്കുളം കാണാം,സീത കുളിച്ചതെന്നു കരുതപ്പെടുന്ന,മനോഹരമായ ഒരു ജലാശയം. മൊബൈലില്‍,ഉള്ള സെറ്റപ്പില്‍,അതിന്റെ ചിത്രവുമെടുത്ത്,തിരികേ മടങ്ങി.

14 comments:

krishnakumar513 September 11, 2011 at 6:33 AM  

കുറച്ച് നാളുകള്‍ക്ക് ശേഷം ചെറിയൊരു യാത്രാ വിവരണം.....

പഥികൻ September 11, 2011 at 6:52 AM  

ഇതു വരെ പോയിട്ടില്ലാത്ത മനോഹരമായ സ്ഥലം...ചിത്രങ്ങൾ അസ്സലായി..പ്രത്യേകിച്ചും മലമുകളിൽ നില്ക്കുന്ന കൊമ്പന്റെ ഫോട്ടോ..

siya September 11, 2011 at 8:12 PM  

കൃഷ്ണാ -അപ്പോള് ഇടുക്കി എങ്കില്‍ ഇടുക്കി!!!ഇടയ്ക്ക് ക്യാമറ ഇല്ലാതെ പോകുന്നതും നല്ലതാ ..ഇതുപോലെ പ്രകൃതിയെ അടുത്ത് അറിയാന്‍ കഴിയുന്നത്‌ അപ്പോള്‍ ആവും .

ഓണം ആയിട്ട് അവിടെ ആണോ പോയത് ? എല്ലാവര്ക്കും വൈകിയ ഓണാശംസകളും നേരുന്നു

Unknown September 11, 2011 at 9:26 PM  

മനോഹരമായ യാത്രാവിവരണം..ഇടുക്കിക്കാരനാണെങ്കിലും ഇങ്ങനെ ഒരു സ്ഥലത്തെപ്പറ്റി ആദ്യമായാണ് കേൾക്കുന്നത്...ഇനിയെങ്കിലും ഇത്രയും മനോഹരമായ സ്ഥലത്ത്
പോകുമ്പോൾ ക്യാമറ മറക്കരുതേ......

കാഴ്ചകളിലൂടെ September 11, 2011 at 9:53 PM  

നന്നായിരിക്കുന്നു. മൊബൈല്‍ ഫോട്ടോസ് ആണെങ്കിലും നന്നായിട്ടുണ്ട്

വീകെ September 15, 2011 at 5:05 AM  

ഇടുക്കി കാഴ്ചകളുടെ പറുദീസയല്ലെ.
എത്ര കണ്ടാലും മതി വരാത്തവ.
ഫോട്ടോയിൽ രണ്ടെണ്ണമേ കാണാനായുള്ളു. ബാക്കിയുള്ളത് ലോഡായില്ല. മോബൈൽ ക്യാമേറയിൽ ആണെങ്കിലും ഫോട്ടോ മോശമായിട്ടില്ല.
ആശംസകൾ...

naimishika September 16, 2011 at 2:35 AM  

good photos and scripting... keep it up

Anil cheleri kumaran September 26, 2011 at 7:09 AM  

ക്യാമറ ഉണ്ടായിരുന്നെങ്കിൽ തകർപ്പൻ പടങ്ങൾ കിട്ടുമായിരുന്നല്ലോ.

കുസുമം ആര്‍ പുന്നപ്ര October 7, 2011 at 3:58 AM  

മൊബൈലിലെ ആണെങ്കിലും നല്ല നല്ല പടങ്ങളാണഉ കേട്ടോ.

ജയരാജ്‌മുരുക്കുംപുഴ October 8, 2011 at 5:23 AM  

vivaranavu, chithrangalum manoharam...........

Anonymous October 9, 2011 at 10:00 AM  

nice virtual tour

thanks for sharing

jyo.mds October 17, 2011 at 11:15 PM  

പുല്‍മേടുകള്‍ വളരെ മനോഹരമായിരിക്കുന്നു.യാത്ര പെട്ടെന്ന് അവസാനിപ്പിച്ചത് പോലെ തോന്നി.

Muralee Mukundan , ബിലാത്തിപട്ടണം January 7, 2012 at 1:33 AM  

നാട്ടിലെ ഇത്രമനോഹരമായ ഒരു സ്ഥലത്തെപറ്റി വിശദമായി അറിയുവാൻ സാധിച്ചു കേട്ടൊ ഭായ്

നിരക്ഷരൻ February 14, 2012 at 9:59 PM  

പുതിയൊരു സ്ഥലം കാണാൻ പറ്റി. മൌണ്ട് സത്രം എന്ന് തന്നെയാണോ സ്ഥലപ്പേര് ?

Followers

ജാലകം
chintha.com

About Me

My photo
a travel enthusiast who enjoys humour

About This Blog

സഞ്ചാരത്തിനിടയിലെ ചില കാഴ്ചകള്‍;ചിത്രീകരണ മികവ് തുലോം കമ്മി .അത്ര മാത്രം

FEEDJIT Live Traffic Feed

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP