Thursday, June 3, 2010

മലപ്പുറം ജില്ലയിലെ ലോകകപ്പ് കാഴ്ചകള്‍

കഴിഞ്ഞ ദിവസം കോട്ടക്കല്‍ നിന്നും,മലപ്പുറം വഴി നിലമ്പൂര്‍ വരെ പോയപ്പോഴാണ് മലബാറുകാരുടെ ഫുട്ബോള്‍ കമ്പത്തിന്റെ ഒരു ഏകദേശ ചിത്രം പിടി കിട്ടിയത്.     എറണാകുളം ജില്ലക്കാരനായ എനിക്ക് അന്യമായ ഒരു ഫുട്ബോള്‍ സംസ്കാരം ആണ്  അവിടെ കാണാന്‍ കഴിഞ്ഞത്.


റോഡിലുടനീളം ലോക കപ്പില്‍ പങ്കെടുക്കുന്ന    ടീമുകളുടെ കൂറ്റന്‍ ഫ്ലക്സ് ചിത്രങ്ങള്‍ . ബ്രസ്സീലിനും , അര്‍ജന്റിനക്കും ആണ് ആരാധകരേറെയും.കൂട്ടത്തില്‍ സ്പെയിനിനും,  ഇംഗ്ലണ്ടിനും,ഫ്രാന്‍സിനും  ആളുണ്ട്.പക്ഷെ മറ്റു രാജ്യക്കാര്‍ക്ക് ഡിമാണ്ട് അത്ര പോര.
                                                      ബ്രസീല്‍ ബ്രസീല്‍ എല്ലാം  ബ്രസീല്‍ മയം.             
                                                                             അര്‍ജന്റീനയും മോശമല്ല                   
                                               
                                                                            സ്പെയിനിനും ആളുണ്ടേ!!                 


                                               ഫ്രാന്‍സ് ഫാന്‍സും മോശക്കാരല്ല       
മതിലിന്റെ മുകളിലെല്ലാം ഫ്ലക്സ് ബോര്‍ഡുകള്‍ .ബോര്‍ഡിലെ വാചക കസര്‍ത്തുകളും,വെല്ലുവിളികളും ആരാധനയുടെ ആഴം വ്യക്തമാക്കുന്നു. ഓട്ടോ റിക്ഷയുടെ പുറകില്‍ വരെ ഫുട് ബോള്‍ വാഗ്വാദങ്ങള്‍ ആണ്.ലോക കപ്പു വിശേഷം പിന്നില്‍ എഴുതിയിരിക്കുന്ന ഒരു ഓട്ടോ യുടെ പുറകെ ഞാന്‍ വച്ച് പിടിച്ചു.അത് നിര്‍ത്തിയ തക്കത്തിന് ഒരു ചിത്രവുമെടുത്തു.രസകരമായ പിന്‍ കുറിപ്പ് ഒന്ന് വായിച്ചു നോക്കൂ.


                                                            ആയിരം മെസ്സിക്ക് അര കക്കാ!!!                          
റോഡിനു കുറുകെ വിവിധ രാജ്യങ്ങളുടെ പതാക വലിച്ചു കെട്ടിയിരിക്കുന്നു.ബ്രസീല്‍ ,അര്‍ജന്റീന ,ഇംഗ്ലണ്ട്,സ്പെയിന്‍ തുടങ്ങിയവരെല്ലാം ആ കൂട്ടത്തിലുണ്ട്.


                                                                     വിവിധ രാജ്യങ്ങളുടെ പതാകകള്‍     
ചെറിയ ചെറിയ കവലകളില്‍ എല്ലാം ,സായാഹ്നങ്ങളില്‍ ലോക കപ്പു ചര്‍ച്ചകള്‍ മാത്രം.
മലപ്പുറം പട്ടണത്തിനു അടുത്തുള്ള ഒരു ചെറുഗ്രാമത്തിലെ ചായക്കടയില്‍ വൈകുന്നേരം കയറിയ ഞാന്‍ അങ്ങിനെയുള്ള രസകരമായ ഒരു ചര്‍ച്ചക്ക് സാക്ഷിയായി.കടയുടമയായ ഖാദര്‍ ഒരു തീവ്ര ബ്രസീല്‍ അനുഭാവിയാണ്.കടയിലെ പതിവുകാരായ ഉസ്മാന്‍ ,ഷംസു ,കിരണ്‍ തുടങ്ങിയവര്‍ അര്‍ജന്റീനയുടെ കടുത്ത ആരാധകരും.പന്തയത്തിന്റെ ഇനമായിരുന്നു വിഷയം.തല മൊട്ടയടിക്കല്‍ ,ഒരു മാസത്തെ സൌജന്യ ഭക്ഷണം എന്നിവ എല്ലാം പന്തയ വിഭവങ്ങളായി രംഗത്തെത്തിയെങ്കിലും ,താരമായി മാറിയത് മൊബൈല്‍ ഫോണ്‍ തന്നെ.കയ്യാങ്കളി വരെ എത്തിയ ചര്‍ച്ചയില്‍ ,സമ്മാനമായി നോകിയ 5800 തീരുമാനിച്,അവര്‍ സൌഹൃദ പൂര്‍വ്വം പിരിഞ്ഞു.ലോക കപ്പിന്ശേഷമുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ഇരുകൂട്ടരുടെയും സ്നേഹപൂര്‍വമുള്ള  ക്ഷണം എനിക്കും ലഭിച്ചു.  ഇനി  കാത്തിരിപ്പിന്റെ നാളുകള്‍ . 


                                                                  
                                                                       
ഫുട്ബോളിനോട് അടങ്ങാത്ത അഭിനിവേശം,അഭിനന്ദിക്കപ്പെടെണ്ടത് തന്നെ.ആര്‍ക്കും ഈ നാട്ടുകാരുടെ അത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാനാകില്ല.അതുകൊണ്ടാണല്ലോ രാജ്യത്തെ ഏറ്റവും വലിയ സെവന്‍സ് ടൂര്‍ണമെന്റും മലപ്പുറം ജില്ലയില്‍ തന്നെ സംഘടിക്കപ്പെടുന്നതും.
തിരികെ വരുന്ന വഴിയില്‍ , ഹൃദ്യമായ മറ്റൊരു കാഴ്ച എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.ഒരു ലോക കപ്പിന്റെ മനോഹരമായ   രൂപം തന്നെ ,വണ്ടുരിനു അടുത്തുള്ള ചെട്ടിയാറമ്മല്‍ ജംഗ് ഷനില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഫുട് ബോള്‍ പ്രേമികളായ ഒരു സംഘം ചെറുപ്പക്കാരാണിതിനു പിന്നില്‍ .


                                                                          ചെട്ടിയറമ്മലിലെ ലോകകപ്പ്                  
തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളോട് കിടപിടിക്കുന്ന ഫുട്ബോള്‍ വികാരം സിരകളിലോടുന്ന ഈ ജനതയ്ക്ക് ഇനി ഒരു മാസക്കാലം നിദ്ര ഒഴിഞ്ഞ രാവുകള്‍ . ഇത്രയും ഫുട്ബോള്‍ കമ്പക്കാര്‍ ഇന്ത്യയില്‍ ,ഗോവയും ബംഗാളും ഉള്‍പ്പടെ,മറ്റെവിടെയെങ്ങിലും ഉണ്ടോ എന്ന് തന്നെ സംശയം.ലോക കപ്പിന്റെ അലയടികള്‍ മുഴങ്ങുന്ന കൊച്ചു കേരളത്തിലെ ,ഈ മലപ്പുറം ജില്ല    ലോക ഫുട്ബോളിന്റെ തന്നെ ശ്രദ്ധാ കേന്ദ്രമാകുന്ന കാലം വിദൂരമല്ല എന്ന് നമുക്ക് പ്രത്യാശിക്കാം.  
പ്രത്യേകമായി മലബാറിലെയും,പൊതുവില്‍ കേരളത്തിലെയും എല്ലാ ഫുട്ബോള്‍ പ്രേമികള്‍ക്കും ലോക കപ്പ്‌ ആശംസകള്‍ .                                                           

Saturday, May 8, 2010

പാലക്കാട് ജില്ല-ഷൊര്‍ണ്ണൂര്‍ കവളപ്പാറ കൊട്ടാരം

അടുത്തയിടെ ഷൊര്‍ണൂര്‍ വഴി യാത്ര ചെയ്തപ്പോഴാണ് കവളപ്പാറ കൊട്ടാരത്തെ കുറിച്ച് ഓര്‍മ്മ വന്നത്.ഒന്ന് കണ്ടിട്ട് പോകാമെന്ന് തീരുമാനിച്ചു.പക്ഷെ ക്യാമറ കയ്യില്‍ കരുതിയിട്ടില്ല.മൊബൈല്‍ ക്യാമറയില്‍ കിട്ടുന്നതാകട്ടെ എന്ന് വിചാരിച്ചു കാര്‍ ആ വഴിയിലേക്ക് തിരിച്ചു.ടൌണില്‍ നിന്നും ഏകദേശം മൂന്നു  കി മി പാലക്കാട് റോഡില്‍ യാത്ര ചെയ്‌താല്‍ കൊട്ടാരത്തിലെത്താം.
കൊല്ലിനും കൊലക്കും അധികാരമുണ്ടായിരുന്ന മൂപ്പില്‍ നായരുടെ ഉടമസ്ഥതിയിലുള്ള കവളപ്പാറ കൊട്ടാരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയമാണ്.


പിന്‍ ഭാഗം

മുന്‍ വശത്തുനിന്നുമുള്ള ദൃശ്യം
96 ഗ്രാമങ്ങളുടെ അധിപനായിരുന്ന മൂപ്പില്‍ നായര്‍ക്കു അളവറ്റ വസ്തു വകകള്‍ തന്റെ  അധീനതയിലുണ്ടായിരുന്നു.മണ്ണാര്‍ക്കാട് പ്രദേശമാകെ ഈ കുടുംബതിന്റെതായിരുന്നുവത്രേ.1960 -കളിലെ വ്യവഹാരങ്ങളില്‍ കുടുങ്ങി പഴയ കൊട്ടാരക്കെട്ടു ഇപ്പോള്‍ റിസീവര്‍ ഭരണത്തിലാണ്.ഏതാണ്ട് പൂര്‍ണ്ണമായും നശിക്കാറായ പ്രധാന എടുപ്പും,ഗതകാല സ്മരണകള്‍ പേറി നില്‍ക്കുന്ന വലിയ ഊട്ടുപുരയും ,തകര്‍ന്നു കിടക്കുന്ന സര്‍പ്പക്കാവും ആണ് ഇവിടെ അവശേഷിക്കുന്നവയില്‍ മുഖ്യം.



നാലുകെട്ട്





ഊട്ടുപുര

\
കുളപ്പുരയും കിടങ്ങും



വിശാലമായ മുന്‍ ഭാഗം


സര്‍പ്പക്കാവ്

ക്ഷേത്രം
തകര്‍ന്നു തുടങ്ങിയ നാലുകെട്ടും,കുളപ്പുര മാളികയും ഇതോടൊപ്പമുണ്ട്.വിശാലമായ പറമ്പും.ക്ഷേത്രം , വലിയ പരിക്കുകളില്ലാതെ നിലകൊള്ളുന്നു.കൊട്ടാരക്കെട്ടിന്റെ പുനരുദ്ധാരണത്തിനായി,സംസ്ഥാന പുരാവസ്തു വകുപ്പ് ചില പദ്ധതികള്‍ തയ്യാറാക്കി  എന്ന് കേട്ടിരുന്നുവെങ്കിലും ,അവയൊന്നും ഇത് വരെ യാഥാര്‍ത്ഥ്യമായിട്ടില്ല.

Sunday, March 28, 2010

ഉണ്ണിയപ്പം-ഒരു വയനാടന്‍ പെരുമ

അടുത്തയിടെ വയനാട്ടിലൂടെ യാത്ര ചെയ്തപ്പോള്‍  ,മാനന്തവാടിക്കടുത്തുള്ള കാട്ടിക്കുളം എന്ന സ്ഥലം കഴിഞ്ഞ് തെറ്റ് റോഡ് എന്ന കൌതുകകരമായ പേരുള്ള ജംഗ്ഷന്‍ കാണാനിടയായി.


തെറ്റ് റോഡ് ജംഗ്ഷന്‍
റോഡുകള്‍ തിരുനെല്ലിക്കും,വീരാജ്പേട്ടിനും തിരിയുന്ന ആ ജംഗ്ഷനില്‍ സഞ്ചാരികള്‍ക്കു പലപ്പോഴും വഴി തെറ്റാറുള്ളത് കൊണ്ടാണത്രെ,തെറ്റ് റോഡ് എന്ന് പേര് വന്നത്!
വനമദ്ധ്യത്തിലുള്ള ആ  ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു ചായക്കടയാണ് ജംഗിള്‍ വ്യു.



ജംഗിള്‍ വ്യു റ്റീ ഷോപ്പ്
തിരുനെല്ലി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടകര്‍ക്കായി, വളരെയേറേ വര്‍ഷങ്ങള്‍ക്കു മുന്‍പ്,തുടങ്ങിയതാണീ ചായക്കട.ഉണ്ണിയപ്പം,ഇഡ്ഡലി,സംഭാരം എന്നിവ മാത്രമാണ് ഇവിടെ ലഭിക്കുന്ന വിഭവങ്ങള്‍.അതില്‍ ഉണ്ണിയപ്പം ഏറെ പ്രശസ്തമാണ്.


കുതിര്‍ത്ത അരി ,മരത്തിന്റെ ഉരലില്‍ പൊടിക്കുന്നതോടെയാണ് ഉണ്ണിയപ്പത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്.ഏറെ കടുപ്പമുള്ള പുളിമരത്തിന്റെ,  നടുഭാഗം തുരന്നതാണീ ഉരല്‍.

പുളിമരത്തിന്റെ  ഉരല്‍
അതില്‍ പ്ലാവിന്‍ തടി കൊണ്ടുള്ള ഉലക്ക യന്ത്ര സഹായത്താല്‍ പ്രവര്‍ത്തിപ്പിച്ച് ,അരി പൊടിക്കുന്നു.

യന്ത്രവല്‍ക്കൃത ഉലക്ക
ഈ അരിമാവ്, പഴവും രഹസ്യമായി സൂക്ഷിക്കുന്ന ചില ചേരുവകളും ചേര്‍ത്ത്,അപ്പക്കാരയില്‍ ഒഴിച്ച്, വിറകടുപ്പില്‍ ചുട്ടെടുക്കുന്നു.

                           തയ്യാറായി കഴിഞ്ഞ ഉണ്ണിയപ്പം ചൂടോടെ കുട്ടയിലേക്ക്.

      നാവില്‍ വച്ചാല്‍ അലിഞ്ഞു പോകുന്നത്ര മൃദുലമായ ഉണ്ണിയപ്പം എത്ര കഴിച്ചാലും     മതിവരില്ല.

കട ഉടമ കുട്ടേട്ടന്‍



അപ്പംവാങ്ങാനെത്തിയവരുടെ തിരക്ക്
ഇങ്ങനെ,ഒരു ദിവസം മൂവായിരത്തോളം അപ്പം ഉണ്ടാക്കുന്നുവെന്ന് കട ഉടമയായ കുട്ടേട്ടന്‍ പറഞ്ഞു.അദ്ദേഹത്തിന്റെ പുത്രന്മാരും ഇതില്‍ സഹായിക്കുന്നു.

Wednesday, March 17, 2010

ആകാശപാലം

                  മലേഷ്യയുടെ ഭാഗമായ,  ലങ്കാവിയിലെ ആകാശപാലം.
പത്ത് കേബിളുകളില്‍ തൂക്കിയിട്ടിരിക്കുന്ന,ഒരു സസ്പെന്‍ഡഡ്
കേബിള്‍ സ്ട്രേ ബ്രിഡ്ജാണിത്




          സമുദ്രനിരപ്പില്‍ നിന്നും 2275 അടി ഉയരത്തിലാണീ പാലം.ഇവിടെ നിന്നും,തായ്ലന്റിലെ തരുതാവ് ദ്വീപിന്റേയും,
 ആന്‍ഡമാന്‍ കടലിന്റെയും, കാഴ്ച ലഭിക്കും

Saturday, March 6, 2010

ലങ്കാവിയിലെ കാഴ്ചകള്‍(മലേഷ്യ)

കുലാലംപൂരിനു  വടക്ക് പടിഞ്ഞാറായി,ആന്ടമാന്‍ സീയില്‍   സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ സമൂഹമാണ് ലങ്കാവി.99 ദ്വീപുകളടങ്ങിയ സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് 62000  പേര്‍ വസിക്കുന്ന ലങ്കാവി.അതി മനോഹരമായ ബീച്ചുകള്‍ ആണു ഇവിടത്തെ പ്രധാന ആകര്‍ഷണം.തെങ്ങും,നെല്ലും,കശുമാവും എല്ലാം നിറഞ്ഞു നില്ക്കുന്ന ഭൂ പ്രകൃതി  കേരളത്തെ ഓര്‍മിപ്പിക്കുന്നു.

ചേതോഹരമായ ലങ്കാവിയിലെ  കാഴ്ചകളില്‍ പ്രധാനപ്പെട്ടതാണ്,3200 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന മാന്‍ ഗ്രോവ് (കണ്ടല്‍ കാട്)ഫോറസ്റ്റും ,  അതിലൂടെയുള്ള ബോട്ട് യാത്രയും.ലങ്കാവിയിലെ പ്രധാന പട്ടണമായ കുവാ നഗരത്തില്‍ നിന്നും 22 കിമി അകലെയുള്ള താന്‍ജംഗ് റൂ എന്ന സ്ഥലത്തെ ചെറിയ  ജെട്ടിയില്‍ നിന്നുമാണ്,ഈ കാഴ്ചകള്‍ക്കായി,ബോട്ടില്‍ കയറേണ്ടത്.


താന്‍ജംഗ് റൂ ബോട്ട് ജെട്ടി

നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മാന്‍ ഗ്രോവ് ഫോറസ്റ്റ്,മനോഹരമായ ഒരു കാഴ്ചയാണ്.


       2004ലെ സുനാമി ദുരന്തത്തില്‍ നിന്നുംലങ്കാവിയെ രക്ഷിച്ചത്‌ ഈ കണ്ടല്‍
            ‍കാടുകളാണെന്നു വിശ്വസിക്കപ്പെടുന്നു.

   വിവിധ സസ്യ ,ജീവ ജാലങ്ങളുടെ ഒരു അമൂല്യ കലവറയാണ്,ഈ കണ്ടല്‍ കാടുകള്‍.




ഈ കാടുകളുടെ  പ്രാധാന്യം തിരിച്ചറിഞ്ഞു, നന്നായി സംരക്ഷിച്ചിരിക്കുന്നു..
ഇവിടത്തെ മറ്റൊരു പ്രധാന വിനോദമാണ്‌ ഈഗിള്‍ ഫീഡിംഗ്.

ഈഗിള്‍ ഫീഡിംഗ്

ബോട്ടില്‍ നിന്നും വെള്ളത്തിലെക്കെറിയുന്ന ഇറച്ചിക്കഷണങ്ങള്‍,കാട്ടില്‍ നിന്നു ഞൊടിയിടയില്‍ പറന്നെത്തുന്ന കഴുകന്മാര്‍ കൊത്തിയെടുക്കുന്നത് കൌതുകകരമായ
 കാഴ്ചയാണ്.
ലങ്കാവിയിലെ കാഴ്ചകള്‍ ഇവിടെ അവസാനിക്കുന്നില്ല.
ഇനിയും തുടരും.........

Saturday, February 13, 2010

പെട്രോണാസ് ടവര്‍,മലേഷ്യ


മലേഷ്യയിലെ പെട്രോനാസ് ടവര്‍ -രാത്രി കാല ദൃശ്യങ്ങള്‍


നാല്പത്തി ഒന്നാം നിലയിലെ പാലം

മറ്റൊരു ദൃശ്യം


Thursday, February 11, 2010


ലങ്ഗാവിയിലെ സൂര്യാസ്തമയം(മലേഷ്യ)

Followers

ജാലകം
chintha.com

About Me

My photo
a travel enthusiast who enjoys humour

About This Blog

സഞ്ചാരത്തിനിടയിലെ ചില കാഴ്ചകള്‍;ചിത്രീകരണ മികവ് തുലോം കമ്മി .അത്ര മാത്രം

FEEDJIT Live Traffic Feed

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP