Thursday, June 3, 2010

മലപ്പുറം ജില്ലയിലെ ലോകകപ്പ് കാഴ്ചകള്‍

കഴിഞ്ഞ ദിവസം കോട്ടക്കല്‍ നിന്നും,മലപ്പുറം വഴി നിലമ്പൂര്‍ വരെ പോയപ്പോഴാണ് മലബാറുകാരുടെ ഫുട്ബോള്‍ കമ്പത്തിന്റെ ഒരു ഏകദേശ ചിത്രം പിടി കിട്ടിയത്.     എറണാകുളം ജില്ലക്കാരനായ എനിക്ക് അന്യമായ ഒരു ഫുട്ബോള്‍ സംസ്കാരം ആണ്  അവിടെ കാണാന്‍ കഴിഞ്ഞത്.


റോഡിലുടനീളം ലോക കപ്പില്‍ പങ്കെടുക്കുന്ന    ടീമുകളുടെ കൂറ്റന്‍ ഫ്ലക്സ് ചിത്രങ്ങള്‍ . ബ്രസ്സീലിനും , അര്‍ജന്റിനക്കും ആണ് ആരാധകരേറെയും.കൂട്ടത്തില്‍ സ്പെയിനിനും,  ഇംഗ്ലണ്ടിനും,ഫ്രാന്‍സിനും  ആളുണ്ട്.പക്ഷെ മറ്റു രാജ്യക്കാര്‍ക്ക് ഡിമാണ്ട് അത്ര പോര.
                                                      ബ്രസീല്‍ ബ്രസീല്‍ എല്ലാം  ബ്രസീല്‍ മയം.             
                                                                             അര്‍ജന്റീനയും മോശമല്ല                   
                                               
                                                                            സ്പെയിനിനും ആളുണ്ടേ!!                 


                                               ഫ്രാന്‍സ് ഫാന്‍സും മോശക്കാരല്ല       
മതിലിന്റെ മുകളിലെല്ലാം ഫ്ലക്സ് ബോര്‍ഡുകള്‍ .ബോര്‍ഡിലെ വാചക കസര്‍ത്തുകളും,വെല്ലുവിളികളും ആരാധനയുടെ ആഴം വ്യക്തമാക്കുന്നു. ഓട്ടോ റിക്ഷയുടെ പുറകില്‍ വരെ ഫുട് ബോള്‍ വാഗ്വാദങ്ങള്‍ ആണ്.ലോക കപ്പു വിശേഷം പിന്നില്‍ എഴുതിയിരിക്കുന്ന ഒരു ഓട്ടോ യുടെ പുറകെ ഞാന്‍ വച്ച് പിടിച്ചു.അത് നിര്‍ത്തിയ തക്കത്തിന് ഒരു ചിത്രവുമെടുത്തു.രസകരമായ പിന്‍ കുറിപ്പ് ഒന്ന് വായിച്ചു നോക്കൂ.


                                                            ആയിരം മെസ്സിക്ക് അര കക്കാ!!!                          
റോഡിനു കുറുകെ വിവിധ രാജ്യങ്ങളുടെ പതാക വലിച്ചു കെട്ടിയിരിക്കുന്നു.ബ്രസീല്‍ ,അര്‍ജന്റീന ,ഇംഗ്ലണ്ട്,സ്പെയിന്‍ തുടങ്ങിയവരെല്ലാം ആ കൂട്ടത്തിലുണ്ട്.


                                                                     വിവിധ രാജ്യങ്ങളുടെ പതാകകള്‍     
ചെറിയ ചെറിയ കവലകളില്‍ എല്ലാം ,സായാഹ്നങ്ങളില്‍ ലോക കപ്പു ചര്‍ച്ചകള്‍ മാത്രം.
മലപ്പുറം പട്ടണത്തിനു അടുത്തുള്ള ഒരു ചെറുഗ്രാമത്തിലെ ചായക്കടയില്‍ വൈകുന്നേരം കയറിയ ഞാന്‍ അങ്ങിനെയുള്ള രസകരമായ ഒരു ചര്‍ച്ചക്ക് സാക്ഷിയായി.കടയുടമയായ ഖാദര്‍ ഒരു തീവ്ര ബ്രസീല്‍ അനുഭാവിയാണ്.കടയിലെ പതിവുകാരായ ഉസ്മാന്‍ ,ഷംസു ,കിരണ്‍ തുടങ്ങിയവര്‍ അര്‍ജന്റീനയുടെ കടുത്ത ആരാധകരും.പന്തയത്തിന്റെ ഇനമായിരുന്നു വിഷയം.തല മൊട്ടയടിക്കല്‍ ,ഒരു മാസത്തെ സൌജന്യ ഭക്ഷണം എന്നിവ എല്ലാം പന്തയ വിഭവങ്ങളായി രംഗത്തെത്തിയെങ്കിലും ,താരമായി മാറിയത് മൊബൈല്‍ ഫോണ്‍ തന്നെ.കയ്യാങ്കളി വരെ എത്തിയ ചര്‍ച്ചയില്‍ ,സമ്മാനമായി നോകിയ 5800 തീരുമാനിച്,അവര്‍ സൌഹൃദ പൂര്‍വ്വം പിരിഞ്ഞു.ലോക കപ്പിന്ശേഷമുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ഇരുകൂട്ടരുടെയും സ്നേഹപൂര്‍വമുള്ള  ക്ഷണം എനിക്കും ലഭിച്ചു.  ഇനി  കാത്തിരിപ്പിന്റെ നാളുകള്‍ . 


                                                                  
                                                                       
ഫുട്ബോളിനോട് അടങ്ങാത്ത അഭിനിവേശം,അഭിനന്ദിക്കപ്പെടെണ്ടത് തന്നെ.ആര്‍ക്കും ഈ നാട്ടുകാരുടെ അത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാനാകില്ല.അതുകൊണ്ടാണല്ലോ രാജ്യത്തെ ഏറ്റവും വലിയ സെവന്‍സ് ടൂര്‍ണമെന്റും മലപ്പുറം ജില്ലയില്‍ തന്നെ സംഘടിക്കപ്പെടുന്നതും.
തിരികെ വരുന്ന വഴിയില്‍ , ഹൃദ്യമായ മറ്റൊരു കാഴ്ച എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.ഒരു ലോക കപ്പിന്റെ മനോഹരമായ   രൂപം തന്നെ ,വണ്ടുരിനു അടുത്തുള്ള ചെട്ടിയാറമ്മല്‍ ജംഗ് ഷനില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഫുട് ബോള്‍ പ്രേമികളായ ഒരു സംഘം ചെറുപ്പക്കാരാണിതിനു പിന്നില്‍ .


                                                                          ചെട്ടിയറമ്മലിലെ ലോകകപ്പ്                  
തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളോട് കിടപിടിക്കുന്ന ഫുട്ബോള്‍ വികാരം സിരകളിലോടുന്ന ഈ ജനതയ്ക്ക് ഇനി ഒരു മാസക്കാലം നിദ്ര ഒഴിഞ്ഞ രാവുകള്‍ . ഇത്രയും ഫുട്ബോള്‍ കമ്പക്കാര്‍ ഇന്ത്യയില്‍ ,ഗോവയും ബംഗാളും ഉള്‍പ്പടെ,മറ്റെവിടെയെങ്ങിലും ഉണ്ടോ എന്ന് തന്നെ സംശയം.ലോക കപ്പിന്റെ അലയടികള്‍ മുഴങ്ങുന്ന കൊച്ചു കേരളത്തിലെ ,ഈ മലപ്പുറം ജില്ല    ലോക ഫുട്ബോളിന്റെ തന്നെ ശ്രദ്ധാ കേന്ദ്രമാകുന്ന കാലം വിദൂരമല്ല എന്ന് നമുക്ക് പ്രത്യാശിക്കാം.  
പ്രത്യേകമായി മലബാറിലെയും,പൊതുവില്‍ കേരളത്തിലെയും എല്ലാ ഫുട്ബോള്‍ പ്രേമികള്‍ക്കും ലോക കപ്പ്‌ ആശംസകള്‍ .                                                           

Followers

ജാലകം
chintha.com

About Me

My photo
a travel enthusiast who enjoys humour

About This Blog

സഞ്ചാരത്തിനിടയിലെ ചില കാഴ്ചകള്‍;ചിത്രീകരണ മികവ് തുലോം കമ്മി .അത്ര മാത്രം

FEEDJIT Live Traffic Feed

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP