Saturday, March 31, 2012

ഹോങ്കോങ് / ചൈനാ യാത്ര- 4
തിരികെ ഹോട്ടലിലെത്തി ചായ കുടിച്ച്,ഒന്ന് കുളിച്ച് ഫ്രെഷായി ഇറങ്ങിയപ്പോഴേക്കും സമയം ഏഴുമണി കഴിഞ്ഞിരിക്കുന്നു.ബെയ്ജിംഗ്-ലൂ റോഡ് ആണു അടുത്ത ലക്ഷ്യം.നടക്കാവുന്ന ദൂരം എന്നാണു മനസ്സിലാക്കിയിരുന്നതെങ്കിലും, രണ്ടര കിമി അകലെയാണത്.പകല്‍ കറങ്ങിയതിന്റെ ക്ഷീണം മാറാത്തതു കൊണ്ടാവണം നടന്നിട്ടും നടന്നിട്ടും ലക്ഷ്യസ്ഥാനത്തെത്തുന്നുമില്ല.അവസാനം ഒരുവിധത്തില്‍ ബെയ്ജിംഗ്-ലൂ റോഡ് ആരംഭിക്കുന്ന ജംഗ്ഷനിലെത്തി.നിയോണ്‍ വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുന്ന തെരുവില്‍ ആള്‍ക്കൂട്ടം ഒഴുകുന്ന കാഴ്ച ദൂരേനിന്നും തന്നെ കാണാനാകും.
                                ബെയ്ജിംഗ്-ലൂ റോഡ്

ഗോങ്-ചോ നഗരത്തിലെ ഏറ്റവും സജീവമായ വീഥികളിലൊന്നാണു ഇത്.

                                                                                                    ബെയ്ജിംഗ്-ലൂ റോഡ്

വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ഈ വോക്കിംഗ്-സ്ട്രീറ്റ് ,നഗരത്തിന്റെ മുഖ്യ ആകര്‍ഷണമാണു.വാരാന്ത്യങ്ങളില്‍ സൂചികുത്താനിടമില്ലാത്തവിധം ആയിരിക്കും തെരുവിലെ തിരക്കെന്ന് നേരത്തെതന്നെ അറിഞ്ഞിരുന്നു.ഇന്നിടദിവസമായിട്ടും തിരക്കിനു കുറവൊന്നുമില്ല.ബ്രാന്‍ഡഡ് ഷോപ്പുകളാണധികവും.താരതമ്യേന മിതമായ വിലക്കു ലഭിക്കുകയും ചെയ്യും.

രണ്ടായിരത്തി രണ്ടാമാണ്ടില്‍ ഈ തെരുവില്‍ ഖനനം നടന്നപ്പോള്‍ കണ്ടെടുക്കപ്പെട്ട ,നടപ്പാതക്ക് താഴെയുള്ള. ഏഴാം നൂറ്റാണ്ടിലെ സിറ്റി ഗ്ഗെയിറ്റുകളാണിവിടുത്തെ മുഖ്യ ആകര്‍ഷണം.കല്‍ചീളുകള്‍ അടുക്കിയുള്ള നിര്‍മ്മാണ ശൈലി കൌതുകമുണര്‍ത്തുന്നു. അത് കട്ടിയുള്ള ചില്ല് മേലാവരണം നല്‍കി നന്നായി സംരക്ഷിച്ചിരിക്കുന്നത് കൊണ്ട് വ്യക്തമായി കാണുവാന്‍ സാധിക്കും.മുന്നൂറു മീറ്ററോളം നീളമുള്ള ഈ തെരുവിന്റെ ഒരറ്റം മുതല്‍ മറ്റേഅറ്റം വരെ പോയി തിരികെ വരണമെങ്കില്‍ ഒരു മണിക്കൂര്‍ സമയം എടുക്കുമെന്നറിയുമ്പോള്‍ ഇവിടുത്തെ തിരക്ക് ഊഹിക്കാമല്ലോ.അല്ലറ ചില്ലറ ഷോപ്പിംഗ് നടത്തി തിരികെ ഹോട്ടലിനു സമീപമെത്തിയപ്പോള്‍ സമയം രാത്രി 10 മണിയായിരിക്കുന്നു.പേള്‍ നദീ തീരം ഇപ്പോഴും സജീവമാണു.ഭക്ഷണ ശാലകളിലെല്ലാം നല്ല തിരക്ക്.വൈകിട്ടത്തെ ആഹാരം ഒരു ടോം-യാം സൂപ്പിലൊതുക്കി തിരികെ റൂമിലെത്തി.

പിറ്റേന്ന് പ്രഭാത ഭക്ഷണം കഴിഞ്ഞപ്പോഴേക്കും യോങ് എത്തി.ഇന്ന് 10 ലക്ഷം സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ഫസ്റ്റ്-ടണല്‍ എന്ന അണ്ടര്‍ ഗ്രൌണ്ട് ഷോപ്പിംഗ് സെന്റര്‍ ആണു ആദ്യ ലക്ഷ്യം.ഞങ്ങളെ അവിടെ ഇറക്കി യോങ് കാര്‍ പാര്‍ക്ക് ചെയ്യുവാനായി പോയി.ആംഗ്യഭാഷയില്‍ പ്രവേശന സ്ഥലം ചൂണ്ടിക്കാണിച്ചാണു ആള്‍ സ്ഥലം വിട്ടത്.

                                             ഫസ്റ്റ്-ടണല്‍ എന്ന അണ്ടര്‍ ഗ്രൌണ്ട് ഷോപ്പിംഗ് സെന്റര്‍ 

വസ്ത്രങ്ങള്‍ക്കു മാത്രമായുള്ള ആ വലിയ മാര്‍ക്കറ്റിന്റെ എന്‍ ട്രന്‍സ് ഒരു വിധത്തില്‍ തപ്പിപ്പിടിച്ചു,താഴെയിറങ്ങി.അപ്പോഴാണു ചൈനീസ് കറന്‍സി തീരാറായ വിവരം ഓര്‍ത്തത്.തിരികെ മുകളില്‍ കയറി ഒരു ബാങ്കിലെത്തി. ഡോളര്‍ മാറിയെടുക്കുവാനുള്ള ഭഗീരഥ പ്രയത്നമായിരുന്നു പിന്നീട്.  പാസ്പോര്‍ട്ട് കോപ്പിയെല്ലാം കൊടുത്ത്,ഒരു ടോക്കണും വാങ്ങി,അനവധി പേപ്പറുകളില്‍ ഒപ്പുമിട്ട് 50 മിനിറ്റ് നീണ്ട കാത്തിരിപ്പ്.ടോക്കണ്‍ നമ്പര്‍ഇലക്ട്രോണിക് ബോര്‍ഡില്‍ തെളിയുമ്പോള്‍ നമ്മള്‍ കൌണ്ടറിലെത്തി ഡോളര്‍ നല്‍കി ചൈനീസ് യുവാന്‍ വാങ്ങണം.ഹോങ്കോങ്ങിലും മറ്റും മൂന്ന് മിനിറ്റ് കൊണ്ട് തീരുന്ന പ്രക്രിയക്കു ഇവിടെ ഒരു മണിക്കൂര്‍!! യുവാനും വാങ്ങി തിരികെ താഴെയെത്തി.ഒരു ദിവസം മുഴുവനുമെടുത്താലും കണ്ടുതീരാന്‍ സാധിക്കാത്ത, വിശാലമായ ഒരു മാര്‍ക്കറ്റാണിത്.കുറച്ച് സാധനങ്ങളെല്ലാം വാങ്ങി, നടന്നു നടന്നു കാലുകഴച്ചപ്പോള്‍ മെല്ലെ പുറത്തിറങ്ങി.ഒരു ചൈനീസ് റെസ്റ്റോറന്റില്‍ നിന്നും ഭകഷണം കഴിച്ച്,അടുത്ത ലക്ഷ്യമായ കാന്റണ്‍ ടവറിലേക്ക് തിരിച്ചു.


                                                                                                          കാന്റണ്‍ ടവര്‍

ഗോങ് ചോ 2010 ഏഷ്യന്‍ ഗെയിംസിനോടനുബന്ധിച്ച് 2010 ലാണു ഈ ടവര്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.കഴിഞ്ഞ തവണസമയക്കുറവ് മൂലം ഇത് കാണുവാന്‍ സാധിച്ചിരുന്നില്ല .600 മീറ്റര്‍ ,ആന്റിന സഹിത,ഉയരമുള്ള ഈ ടവര്‍ വളരെ ദൂരേനിന്നേ കാണുവാന്‍ സാധിക്കും. ഞങ്ങളെ പ്രധാന കവാടത്തിലിറക്കി,യോങ്ങ് കാര്‍പാര്‍ക്കിങ്ങിലേക്ക് പോയി.വളരെ വിശാലമായ എന്‍ ട്രന്‍സ് ലോബിയിലൂടെ അകത്ത് പ്രവേശിച്ചു.


                                                                                                                              
 ചൈനാ യാത്രയില്‍ മറ്റെങ്ങും അനുഭവപ്പെടാതിരുന്ന,കര്‍ശന സുരക്ഷാ പരിശോധനക്കു ശേഷം മാത്രമേ റ്റിക്കറ്റ് കൌണ്ടരില്‍ എത്താനാകൂ.സാമാന്യം ഉയര്‍ന്ന ടിക്കറ്റ് നിരക്കാണിവിടെ,സാഹസിക വിനോദങ്ങള്‍ക്കു വേറേയും.പല വിദേശികളും,പാശ്ചാത്യര്‍ പോലും, ഉയര്‍ന്ന നിരക്കിനെക്കുറിച്ച് പരാതി പറയുന്നുണ്ടായിരുന്നു. മെറ്റല്‍ ഡിറ്റക്ടറും,ഡോഗ് സ്ക്വാഡും എല്ലാം സഹിതമുള്ള പരിശോധനക്കു ശേഷം,ആളൊന്നിനു 1100 രൂപ എന്ന നിരക്കിലുള്ള റ്റിക്കറ്റും വാങ്ങി  ലിഫ്റ്റില്‍ കയറുവാനുള്ള ക്യൂവില്‍ സ്ഥലം പിടിച്ചു.വളരെ ചിട്ടയായി വേഗം ക്യൂ മുന്നോട്ട് നീങ്ങുന്നു.ഞങ്ങളുടെ ഊഴമെത്തി,ലിഫ്റ്റിനകത്തു കയറി.428 മീ ഉയരത്തിലേക്കാണിത് പായുന്നത്,അതും 2 മിനിറ്റ് കൊണ്ട്.മുകളില്‍ നിന്നുമുള്ള കാഴ്ചകള്‍ വര്‍ണ്ണനാതീതമാണു.നഗരം മിക്കവാറും മുഴുവനായി തന്നെ ഇവിടെ നിന്നും കാണാം.


                                                                          ടവറിനു മുകളില്‍ നിന്നുമുള്ള കാഴ്ചകള്‍

സന്ദര്‍ശകരെല്ലാം ഫോട്ടോ എടുക്കുവാന്‍ തിരക്കു കൂട്ടുന്നു.തൊട്ടാല്‍ പൊള്ളുന്ന വിലയുമായി സുവനീര്‍ ഷോപ്പുകളും ഈ ഫ്ലോറിലുണ്ട്.ഇതോടനുബന്ധിച്ച് സാഹസിക വിനോദങ്ങളായ ബബിള്‍ ട്രാം,സ്പൈഡര്‍ വാക്ക് ,സ്കൈ ഡ്രോപ്പ്  തുടങ്ങിയവയുമുണ്ട്.ഇത്രയും ഉയരത്തില്‍,ടവറിനു വെളിയില്‍ ഘടിപ്പിച്ചിട്ടുള്ള ഗൊണ്ടോളയില്‍(ബബിള്‍ ട്രാം) കയറി ടവര്‍ ചുറ്റുന്ന പരിപാടിയാണത്. ഉച്ച സമയമായത് കൊണ്ട് അത് നിര്‍ത്തി വച്ചിരിക്കുകയാണു,വൈകുന്നേരത്തോടെ മാത്രമേ പുനരാരംഭിക്കുകയുള്ളൂ.അതില്‍കയറുവാന്‍ സാധിക്കാതെ വന്നതിലുള്ള നിരാശയില്‍ ഞങ്ങളും ചിത്രമെടുപ്പില്‍ വ്യാപൃതരായി.ഇവിടത്തെ മറ്റൊരാകര്‍ഷണം പ്രധാന നിര്‍മ്മിതിയില്‍ നിന്നും കാന്റിലിവര്‍ ആയി നില്‍ക്കുന്ന,ഗ്ഗ്ലാസ്സ് തറയോടുകൂടിയ,ഒരു ഡെക്ക് ആണു.ഗ്ലാസ് തറയില്‍ നില്‍ക്കുമ്പോള്‍ ,നേരെതാഴെ ,അതായത് 428 മീ താഴ്ചയില്‍,നിരത്തും വാഹനങ്ങളും,ഏതൊരു ധൈര്യശാലിക്കും വിറയല്‍ അനുഭവപ്പെടുമെന്നുറപ്പ്.                                                                                                        ഗ്ലാസ് പവലിയന്‍    
                                                                             ഏഷ്യന്‍ ഗെയിംസ് സ്റ്റേഡിയങ്ങളും,ബഹുനില മന്ദിരങ്ങളുമെല്ലാം,ശാന്തമായൊഴുകുന്ന പേള്‍ നദിയും എല്ലാം ക്യാമറക്കുള്ളിലായി.ഈ കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ 488 മീ ഉയരത്തില്‍ ഒരു ഒബ്സര്‍വേഷന്‍ ഡെസ്കും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.കുറെ നേരം ചുറ്റിക്കറങ്ങിയ ശേഷം താഴെയിറങ്ങി.യോങ് അടുത്തതായി ഗ്രാന്റ് വ്യൂ എന്ന ഷോപ്പിംഗ് മോളിലേക്കാണു ഞങ്ങളെ കൊണ്ട് പോയത്.വലിയൊരു മോള്‍ എന്നതിനപ്പുറം യാതൊരു പ്രത്യേകതയുമില്ലാത്ത ഒരു സ്ഥലം.കുറച്ച് നേരം അവിടെയൊക്കെ ചുറ്റിക്കറങ്ങി,തിരികെ കാര്‍ പാര്‍ക്കിംഗിലെത്തി.ഞങ്ങളെ ഹോട്ടലില്‍ ഇറക്കി രാവിലെ കാണാമെന്നു പറഞ്ഞ് യോങ്ങ് യാത്രയായി.നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു.ഇനി ഇന്നത്തെ പരിപാടിയില്‍ ബാക്കിയുള്ളത് പേള്‍ നദിയിലൂടെയുള്ള ബോട്ട് സവാരിയാണു.പേള്‍നദി നിയോണ്‍ വെളിച്ചത്തില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണു.
                                                                           പേള്‍നദി നിയോണ്‍ വെളിച്ചത്തില്‍നിറയെ യാത്രക്കാരുമായി നീങ്ങുന്ന ലക്ഷ്വറി ബോട്ടുകള്‍. (കഴിഞ്ഞ ചൈനായാത്രയില്‍ പേള്‍ നദി കാഴ്ചകള്‍ ഒരിക്കല്‍ ഒരു പോസ്റ്റാക്കി ഇട്ടിരുന്നു.അതേ കാഴ്ചകള്‍ വീണ്ടും വിവരിക്കുന്നത് ആവര്‍ത്തന വിരസതയുളവാക്കുന്നതായതു കൊണ്ട് അത് വിവരിക്കുന്നില്ല.
ആ കാഴ്ചകള്‍ ദാ ഇവിടെ).ബോട്ട് യാത്രക്കു ശേഷം നദീതീരത്തുകൂടിയൊന്നു ചുറ്റിയടിച്ച്തിരികെഹോട്ടലിലെത്തി
.നാളെയാണുചൈനാസന്ദര്‍ശനത്തിലെ അവസാന ദിനം.രാവിലെയുള്ള കാഴ്ചകള്‍ക്കു ശേഷം തൊട്ടടുത്ത നഗരമായ ഫോഷാന്‍ നഗരത്തിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നും അത്താഴവും കഴിച്ച് മടങ്ങാനാണു പദ്ധതി.പിറ്റേന്ന്, പ്രഭാത ഭക്ഷണം കഴിഞ്ഞപ്പോഴേക്കും യോങ്ങ് എത്തിക്കഴിഞ്ഞു.നഗരത്തിന്റെ മറ്റൊരു കോര്‍ണറിലുള്ള സന്‍-യാറ്റ്-സെന്‍ മെമ്മോറിയല്‍ ഹാളിലേക്കാണു ആദ്യം പോയത്.
                                                                                    സന്‍-യാറ്റ്-സെന്‍ മെമ്മോറിയല്‍


                                                                സന്‍-യാറ്റ്-സെന്‍ മെമ്മോറിയല്‍ 

ഗോങ് ചോ നഗരത്തിന്റെ പിതാവായി കണക്കാക്കുന്ന,ചൈനീസ് രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ സന്‍-യാറ്റ്-സെന്നിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിക്കപ്പെട്ട ഒക്ടഗണല്‍ ഷെയിപ്പിലുള്ള ഒരു നിര്‍മ്മിതിയാണിത്.മൂവായിരത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാനാകുന്ന വളരെ വലിയ ഒരു ഹോളാണിത്.തൂണുകളില്ലാതെ 270 അടിയോളം സ്പാനില്‍ ആണു ഇതിലെ പ്രധാന ഹോള്‍.മനോഹരമായ ഉദ്യാനത്തോടൊപ്പം അദ്ദേഹത്തിന്റെ ഒരു പൂര്‍ണ്ണകായ പ്രതിമയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഉച്ചഭക്ഷണത്തിനു ശേഷം ഫോഷാന്‍ നഗരത്തിലേക്ക് യാത്രതിരിച്ചു.
                                                                                  ഏഷ്യന്‍ ഗെയിംസ് വേദിയില്‍

ഒരു മണിക്കൂര്‍ യാത്രക്കു ശേഷം അവിടെയുള്ള സുഹൃത്തിന്റെ വീട്ടിലെത്തി.ചെറിയൊരു വിശ്രമത്തിനു ശേഷം ഏഷ്യന്‍ ഗെയിംസ് വേദികളും മറ്റും കണ്ട് ,സുഹൃത്തിന്റെ പത്നി ഒരുക്കിയ വിഭവസമൃദ്ധമായ മലബാര്‍ ഭക്ഷണത്തിനു ശേഷം ഗോങ് ചോ എയര്‍പോര്‍ട്ടിലെത്തി കുലാലമ്പൂര്‍ വിമാനത്തിനായി കാത്തിരുന്നു.ഇതിനിടയില്‍ നാട്ടില്‍നിന്നും വേറൊരു സുഹൃത്തിന്റെ ഫോണ്‍. ആ ഫോണ്‍ സംഭാഷണം കഴിഞ്ഞപ്പോഴേക്കും, നാട്ടിലെത്തിയാല്‍ അധിക താമസമില്ലാതെ നടക്കുവാന്‍ പോകുന്ന, അടുത്ത യാത്രയുടെ കേളികൊട്ട് മുഴങ്ങി കഴിഞ്ഞിരുന്നു.


ഹോങ്കോങ് / ചൈനാ യാത്ര-1ഇവിടെ വായിക്കാം

ഹോങ്കോങ് / ചൈനാ യാത്ര-2ഇവിടെ വായിക്കാം

ഹോങ്കോങ് / ചൈനാ യാത്ര-3ഇവിടെ വായിക്കാം

 

 

 

Followers

ജാലകം
chintha.com

About Me

My photo
a travel enthusiast who enjoys humour

About This Blog

സഞ്ചാരത്തിനിടയിലെ ചില കാഴ്ചകള്‍;ചിത്രീകരണ മികവ് തുലോം കമ്മി .അത്ര മാത്രം

FEEDJIT Live Traffic Feed

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP