Sunday, June 5, 2011

ഇന്ത്യ-ഉത്തര്‍പ്രദേശ്-ഫത്തേപുര്‍സിക്രി

ഗോള്‍ഡന്‍ ട്രൈ യാംഗിള്‍ എന്നറിയപ്പെടുന്ന ഡല്‍ഹി-ആഗ്ര-ജെയ്പൂര്‍ റൂട്ടിലുള്ള കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് എന്നും ഹരമാണല്ലോ.കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ റൂട്ടില്‍ സഞ്ചരിചിട്ടുണ്ട്. ഇന്ത്യയുടെ നല്ലൊരു ഭാഗവും ഇനിയും കണ്ട്തീര്‍ത്തിട്ടില്ലെങ്കില്‍ തന്നെയും, ഒരു തവണ കൂടി   ഗോള്‍ഡന്‍ ട്രൈ യാംഗിള്‍ യാത്ര ആകാമെന്ന് കരുതി.അങ്ങിനെ ഡല്‍ഹി വഴി ആഗ്രയിലെത്തി.ഒരു ദിവസത്തെ പകല്‍ കാഴ്ചകളില്‍ ഒതുങ്ങുന്നതാണ് സാധാരണ സഞ്ചാരികള്‍ക്ക് ആഗ്ര.ഒരു ദിവസം കൊണ്ട് ആഗ്ര കാഴ്ചകള്‍ കണ്ടു ,ഹോട്ടലില്‍ എത്തി.
രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം പുറത്തേക്കിറങ്ങി.ഇന്ന് വൈകിട്ടോടെ ജയ്പൂരിലെത്തണം.പോകുന്ന വഴിയാണ് വിഖ്യാതമായ ഫത്തെര്‍പൂര്‍ സിക്രി.ആഗ്രയില്‍ നിന്നും ഏതാണ്ട് ഒരു മണിക്കൂര്‍ നേരത്തെ യാത്രയുണ്ട് ഫതെര്‍പൂര്‍ സിക്രിയിലേക്ക്.39 കിമി ദൂരം.രാവിലെ തന്നെ ആഗ്ര തെരുവീഥികള്‍ തിരക്കിന്റെ പിടിയിലായി കഴിഞ്ഞു.
                                                                        ആഗ്ര തെരുവ്
എങ്ങും ട്രാഫിക് ബ്ലോക്ക്‌.സിഗ്നല്‍ കൂസാതെ തലങ്ങും വിലങ്ങും നീങ്ങുന്ന വാഹനങ്ങള്‍. കുതിരവണ്ടികളും,നാല്‍ക്കാലികളും പുറമേ.  ചൂടുകാലം തുടങ്ങിയിരിക്കുന്നു.വാഹനത്തിലെ തെര്‍മോ മീടറില്‍ 36 ഡിഗ്രീ യാണ് ചൂട്. ജൈപൂരിനടുതുള്ള മില്‍കാപൂര്‍സ്വദേശിയായ സുനില്‍ കുമാര്‍ ആണ് വാഹനത്തിന്റെ സാരഥി.നല്ലൊരു ചെറുപ്പക്കാരന്‍.ക്ഷമാപൂര്‍വ്വം എല്ലാ കാര്യങ്ങളും വിശദീകരിച്ചു തരും.സാധാരണ ഉത്തര ഇന്ത്യകാരുറെ അഹംഭാവമൊന്നുമില്ല.ഒരു റെയില്‍ ക്രോസ് കഴിഞ്ഞതോടെ തിരക്ക് തെല്ലൊന്നു ശമിച്ചു.ഇപ്പോള്‍ ഗോതമ്പ് പാടങ്ങളുടെ നടുവിലൂടെയാണ് യാത്ര.കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ഗോതമ്പ് പാടങ്ങള്‍.ഇതിനു നെല്‍ കൃഷിയോളം വെള്ളം വേണ്ടായത്രേ.റോഡരുകില്‍ നിറയെ ഗ്രാന്റിസ് മരങ്ങള്‍.അപൂര്‍വ്വമായി മാവുകളും.



മികച്ച പാതയിലൂടെയാണ് സഞ്ചാരമെങ്കിലും വേഗത 90 കിമി എന്ന പരിധിയില്‍ ആണ്.പലപ്പോഴും അത് 70-80കിമി ആയി താഴുകയും ചെയ്യുന്നു.ഹൈവേയില്‍ പല സ്ഥലങ്ങളിലും ക്യാമറകള്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന് സുനില്‍ പറഞ്ഞു.ഓവര്‍ സ്പീഡിനു ഫൈന്‍ 5000 രൂപയും!ഇടക്കിടെ ടോള്‍ബൂത്തുകളും അവിടെയെല്ലാം വാഹന നിരകളും.
ജ യ് പൂര്‍ ഹൈവേയില്‍ നിന്നും കാര്‍ ഫത്തേപൂര്‍സിക്രിയിലേക്കുള്ള പാതയിലേക്ക് തിരിഞ്ഞു.കുറെദൂരം മുന്നോട്ടോടി ഒരു പാര്‍ക്കിംഗ് ഏരിയയിലെത്തി.ഇവിടെ നിന്നും ഇനി മിനി ബസ്സില്‍ ആണു യാത്ര.11 മണിയാകുന്നതേയുള്ളുവെങ്കിലും വെയിലിനു ഘനം വച്ചിരിക്കുന്നു.നല്ല ചൂട്.ഏകദേശം 40 ഡിഗ്രീ! ഒരു സീറ്റ് സംഘടിപ്പിച്ചു.അവധിദിവസമായതിനാല്‍ നല്ല തിരക്ക്.കോട്ടയുടെ പ്രവേശനകവാടവും കടന്ന് കോട്ടയുടെ സമീപത്ത് ബസ് നിന്നു.അവിടെ ഗൈഡ് മാന്‍സിംഗ് ടിക്കറ്റുമായി കാത്തു നില്‍ക്കുന്നു.ഇന്ത്യാക്കാര്‍ക്ക് 10 രൂപയാണു നിരക്ക്,വിദേശികള്‍ക്ക് 250രൂപയും!!!.മാന്‍സിംഗ് ഹിന്ദിയില്‍ വിവരണം തുടങ്ങിക്കഴിഞ്ഞു.നമുക്കു ഹിന്ദി കമ്മിയും.അതറിഞ്ഞപ്പോള്‍ ആള്‍ സംസാരം ഇംഗ്ലീഷിലാക്കി. ഹിന്ദിക്കാരുടെ ഇംഗ് ളീഷ് മനസ്സിലാക്കണമെങ്കില്‍ തെല്ലൊന്നുമല്ല ബുദ്ധിമുട്ട്.പേരുകള്‍ പറയുന്നത് പോലും വ്യത്യസ്തമായാണു. ഷാജഹാന്‍ എന്ന് ആശാന്‍ ഉച്ചരിക്കുന്നത് സാസാനെന്നാണു.  നമ്മുടെ ഇംഗ്ലീഷ് കേള്‍ക്കുമ്പോള്‍ “ഇവനേതുനാട്ടുകാരനാടാ“ എന്നൊരു ഭാവവും.തെക്കേഇന്ത്യാകാരുടെ മോശം ഇംഗ്ലീഷിനെക്കുറിച്ച് ഒരു തവണ മാന്‍സിംഗ് സൂചിപ്പിക്കുകയും ചെയ്തു!!

                                                                                       കോട്ടവാതില്‍


മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക് ബര്‍ 16-)0 നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണീ കോട്ടയും നഗരവും.ഫത്തേപൂര്‍സിക്രി എന്നാല്‍ വിജയത്തിന്റെ നഗരം എന്നാണു അര്‍ത്ഥം.അഫ് ഗാന്‍ ആക്രമണം മൂലവും,വരള്‍ച്ച കൊണ്ടും ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം അക് ബര്‍ ഈ നഗരിയെ കയ്യൊഴിഞ്ഞു എന്നാണു ചരിത്രം.സുല്‍ഫി സെയിന്റ് സലീം ചിസ്തിയുടെ അനുഗ്രഹത്തെ തുടര്‍ന്ന് അക് ബറിനൊരു ആണ്‍കുഞ്ഞ് ജനിച്ചെന്നും,അതിനെത്തുടര്‍ന്ന് സന്യാസിവരന്റെ ആഗ്രഹപരകാരമാണു ഈ നഗരത്തിന്റെ നിര്‍മ്മാണം നടത്തിയതെന്നും പറയുന്നു.അതല്ല,ഗുജറാത്ത് പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കാനുള്ള പടയൊരുക്കത്തിനായി നിര്‍മ്മിക്കപ്പെട്ടാതാണിതെന്നും മറ്റൊരു ചരിത്രം.ഹിസ്റ്ററി ഈസ് മിസ്റ്ററി എന്നാണല്ലോ.ദൂരെ നിന്നു തന്നെ പ്രവേശന കവാടം കണ്ടു.
അകത്തേക്ക് പ്രവേശിക്കുമ്പോള്‍ വലിയ ഒരു ഉദ്യാനമാണു ആദ്യം ശ്രദ്ധയില്‍ പെടുന്നത്.ദീവാന്‍-ഇ-ആം എന്ന ഹാള്‍ ഓഫ് പബ്ലിക് ഓഡിയന്‍സിനോടു ചേര്‍ന്നാണീ ഉദ്യാനം.പൊതുജനങ്ങളുടെ പരാതികള്‍ കേട്ടിരുന്നത് ഇവിടെയാണ്.
                                                                                              ദീവാന്‍-ഇ-ആം
പ്രഭുക്കന്മാരേയും നാടുവാഴികളേയും  ചക്രവര്‍ത്തി കണ്ടിരുന്ന മന്ദിരമാണു ദീവാന്‍-ഇ-ഖാസ്.ചുമന്ന സാന്‍ഡ് സ്റ്റോണ്‍ കൊണ്ടുള്ള ഒരു വിസ്മയ നിര്‍മ്മിതിയാണീ മന്ദിരം.
                                              ദീവാന്‍-ഇ-ഖാസ്

                                                                                                  പഞ്ചമഹല്‍

അഞ്ച് നിലകളില്‍ പടുത്തുയര്‍ത്തിയിരിക്കുന്ന മറ്റൊരു സമുച്ചയമാണു പഞ്ചമഹല്‍.കോട്ടക്ക് പുറത്തായി ദൂരെ ഹിരണ്‍ മീനാര്‍ എന്ന ടവര്‍ കാണാം.ആനകളെകൊണ്ട് കുറ്റവാളികളെ കൊന്നിരുന്നത് ഇവിടെയായിരുന്നത്രെ.
                                                                                                 ഹിരണ്‍ മീനാര്‍
             വിഖ്യാതനായ സംഗീതഞ്ജന്‍ ടാന്‍സന്‍ സംഗീതപരിപാടികള്‍ നടത്തിരുന്ന മണ്ഡപം



എല്ലായിടവും വിദേശികളുടെ തിരക്കാണ്.അവര്‍ ചരിത്രം എല്ലാം വായിച്ചറിഞ്ഞാണു കാഴ്ചകള്‍ കാണുന്നത്.നമ്മളെപ്പോലെ ഓട്ടപ്രദിക്ഷണക്കാരല്ല.നടന്ന് നടന്ന് അക് ബറിന്റെ രജപുത്ര ഭാര്യയായിരുന്ന ജോധാഭായിയുടെ കൊട്ടാരത്തിലെത്തി.

                                                                            ജോധാഭായിയുടെ കൊട്ടാരം
ഒരു തണലില്‍ നിന്നു മാന്‍സിംഗിന്റെ വിവരണം കേട്ടുകൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് അയാളുടെ ശബ്ദം ക്രമാതീതമായി ഉയരുന്നു. ഉറഞ്ഞു തുള്ളി ആരെയോ ശകാരിക്കുകയാണു വിദ്വാന്‍.കാരണം ബഹുരസം.ഞങ്ങള്‍ക്കു കാര്യങ്ങള്‍ പറഞ്ഞു തരുന്ന സമയത്ത് മറ്റൊരു സംഘം,ഉത്തരേന്ത്യക്കാര്‍,മറഞ്ഞു നിന്നു വിവരണം കേട്ടതാണു ആളെ പ്രകോപിപ്പിച്ചത്.

താപനില സഹിക്കാവുന്നതിനുമപ്പുറത്തായിരിക്കുന്നു.40 ഡിഗ്രിക്ക് മുകളിലാണു ചൂട്.സത്യം പറഞ്ഞാല്‍ എങ്ങിനെയെങ്കിലും ഒന്ന് തിരികെ കാറിലെത്തിയാല്‍ മതിയെന്നായി.പക്ഷെ മാന്‍സിംഗുണ്ടോ വിടുന്നു.തൊട്ടടുത്തുള്ള ജുമാമസ്ജിദ് കാണണമെന്നായി അയാള്‍.  ന്യായമായ ദൂരം നടക്കുകയും വേണം.അയാളുടെ പുറകെ നടന്നു.ജുമാമസ്ജിദിലെത്തി, വിശാലമായ ഒരു സ്ഥലത്താണു ഇത് നിലകൊള്ളുന്നത്.റെഡ് സാന്‍ഡ് സ്റ്റോണില്‍ നിര്‍മ്മിച്ച വളരെ വലിയ ഒരു മസ്ജിദ്.

                                                                                                      ജുമാമസ്ജിദ്
                                             സുല്‍ഫി സെയിന്റ് സലീം ചിസ്തിയുടെ റ്റോമ്പ്

നടുവിലായി സുല്‍ഫി സെയിന്റ് സലീം ചിസ്തിയുടെ വെള്ളമാ‍ര്‍ബിളില്‍ നിര്‍മ്മിച്ച റ്റോമ്പും സ്ഥിതിചെയ്യുന്നു.ജാതിമതഭേദമന്യെ എല്ലാവരും അതിനകത്ത് പ്രാര്‍ഥിക്കുന്നു.ജുമാ മസ്ജിദിന്റെ പ്രധാന കവാടമായ ബുലണ്ട് ദര്‍വാസ ലോകത്തിലെ തന്നെ ഏറ്റവും വലിയ കവാടമാണെന്നു ഗൈഡ് പറഞ്ഞു. തിരികെ പാര്‍ക്കിങ് ഏരിയയിലെത്തി ആദ്യത്തെ ബസ്സില്‍ താഴെയെത്തി.എല്ലാവരും വെയില്‍ കൊണ്ട് തളര്‍ന്നിരിക്കുന്നു. മാന്‍സിംഗിനോടു യാത്ര പറഞ്ഞു വാഹനത്തില്‍ കയറി. അടുത്ത ലക്ഷ്യമായ ജയ് പൂരിലേക്കു യാത്ര തുടര്‍ന്നു.

Followers

ജാലകം
chintha.com

About Me

My photo
a travel enthusiast who enjoys humour

About This Blog

സഞ്ചാരത്തിനിടയിലെ ചില കാഴ്ചകള്‍;ചിത്രീകരണ മികവ് തുലോം കമ്മി .അത്ര മാത്രം

FEEDJIT Live Traffic Feed

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP