സിംഗപ്പൂര്‍ ഫ്ലയര്‍
നാട്ടില്‍ നിന്നും യാത്ര തിരിക്കുന്നതിനു മുന്‍പ് തന്നെ,സിങ്കപ്പൂരിലെത്തിയാല്‍ നിശ്ചയമായും കൊണ്ട്പോകണം എന്ന് കുട്ടികള്‍ പറഞ്ഞുറപ്പിച്ചിരുന്ന ഒരു പരിപാടിയായിരുന്നു സിങ്കപ്പൂര്‍ ഫ്ലയര്‍ എന്ന ജയന്റ്വീല്‍ സന്ദര്‍ശനം.നേരത്തെ പോയികണ്ടവര്‍ പറഞ്ഞ് പിരികയറ്റിയ ഒരു സംഭവം എന്നായിരുന്നു എന്റെ ധാരണയും.
എത്തിയപ്പോള്‍ തന്നെ ടൂര്‍ഗൈഡിനോട് പറഞ്ഞ് അവര്‍ ടിക്കറ്റും സംഘടിപ്പിച്ചു.രാവിലെ തന്നെ അവിടെയെത്തി.
നാട്ടിലെ ജയന്റ്വീലില്‍ കയറിയ അനുഭവം വച്ച്, ദൂരെനിന്ന് കണ്ടപ്പോള്‍ തന്നെ തലകറക്കം എന്ന പേരു പറഞ്ഞ് ഭാര്യ ഒഴിവായി.പക്ഷെ അടുത്ത് ചെന്നപ്പോഴാണു അവനല്ല ഇവന്‍ എന്നും,എല്ലാവര്‍ക്കും ആസ്വദിക്കാവുന്നതാണെന്നും പിടികിട്ടിയത്.
ക്യാപ്സൂളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍
ഏതാണ്ട് 165 മീ ഉയരമുള്ള,2008-ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ, ഒബ്സെര്‍വേഷന്‍ വീല്‍ ആണു ഈ ഫ്ലയര്‍.ലണ്ടന്‍ ഐ യെക്കാളും 30മീ ഉയരക്കൂടുതല്‍ ഇവര്‍ അവകാശപ്പെടുന്നു.7മിx4മി സൈസുള്ള ക്യാപ്സ്യൂളുകളില്‍ ആണു നമ്മള്‍ കയറുന്നത്.
300 സ്ക്വയര്‍ ഫീറ്റ് ഏരിയയുള്ള ക്യാപ്സൂളിനകവശം
വളരെ സാവകാശം നീങ്ങുന്ന,വിശാലമായ ക്യാപ്സ്യൂളുകള്‍ പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ഡ് ആണു.28ആളുകള്‍ക്ക് ഇതില്‍ ഒരു സമയം കയറാമത്രെ.ഒരു സെക്കണ്ടില്‍ മുക്കാല്‍ അടി എന്ന വളരെ സാവധാനമായിട്ടുള്ള സ്പീഡ് ആണു ഇതിനുള്ളത്.കറങ്ങികൊണ്ടിരിക്കുന്നു എന്നൊരു തോന്നലേ നമ്മള്‍ക്കുണ്ടാകുന്നില്ല.പൂര്‍ണ്ണസുരക്ഷിതത്വമാണു അനുഭവപ്പെടുന്നതും.
തലകറക്കം പറഞ്ഞ് ഒഴിവായവരൊക്കെ മുന്‍പന്തിയില്‍ തന്നെ ചാടിക്കയറി.ക്യാപ്സ്യൂള്‍ മെല്ലെ ചലിച്ചു തുടങ്ങി.കൂട്ടികളും,മുതിര്‍ന്നവരുമെല്ലാം ആവേശത്തിലാണു. താഴെയുള്ള പാര്‍ക്കിംഗ് ഏരിയയാണു നമുക്ക് ആദ്യം ദൃശ്യമാകുന്നത്.തുടര്‍ന്ന് എഫ്-1 ട്രാക്കും,വിശാലമായ മേല്‍പ്പാലങ്ങളും കണ്ട് തുടങ്ങി. ഇവിടെനിന്നുമുള്ള കാഴ്ചകള്‍ വര്‍ണ്ണനാതീതമാണു.ദൂരെ ദൃശ്യമാകുന്ന മറീനയും,അംബരചുംബികളും.6-8 ലയിന്‍ ട്രാഫിക്കുള്ള റോഡുകള്‍.
ക്യാപ്സ്യൂളില്‍ നിന്നുള്ള കാഴ്ചകള്‍
ക്യാപ്സ്യൂളില്‍ നിന്നുള്ള കാഴ്ചകള്‍
ക്യാപ്സ്യൂള്‍ പരമാവധി ഉയരത്തിലെത്തിക്കഴിഞ്ഞു.നല്ല തെളിഞ്ഞ അന്തരീക്ഷത്തില്‍, 45കിമി അകലെയുള്ള കാഴ്ചകള്‍ പോലും കാണുവാന്‍ സാധിക്കും.മലേഷ്യ,ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ ഭാഗങ്ങളും ദൂരെ നിന്നും കാണാം.ക്യാപ്സ്യൂള്‍ താഴ്ന്നു തുടങ്ങിയപ്പോഴേക്കും കാഴ്ചകള്‍ തീരാന്‍ പോകുന്നുവല്ലോ എന്നായി വിഷമം. ഏതായാലും,ഏതൊരു സിങ്കപ്പൂര്‍ യാത്രികനും ഒഴിവാക്കാനാവാത്ത,കൊടുക്കുന്ന കാശ് മുതലാകുന്ന ഒരു അനുഭവം തന്നെയാണു,240 മില്ല്യണ്‍ സി. ഡോളര്‍ ചിലവില്‍ നിര്‍മ്മിച്ചിരിക്കുന്ന,ഈ വിസ്മയം