Saturday, January 28, 2012

ഹോങ്കോങ് / ചൈനാ യാത്ര- 3



ഹോങ്കോങ്ങിലെ ഹങ്-ഹോം റെയില്‍ വേ സ്റ്റേഷനില്‍,ചൈനക്കുള്ള ഇന്റര്‍ സിറ്റി ട്രെയിനും പ്രതീക്ഷിച്ച്, ഒരു നീണ്ട ക്യൂവിലാണു ഞങ്ങളിപ്പോള്‍.ചൈനയിലെ ഗോങ്ങ് ചോ നഗരത്തിലേക്കാണു യാത്ര. ഇരുന്നൂറു കിലോമീറ്ററോളം ദൂരെയുള്ള ഗോങ്ങ് ചോ നഗരത്തില്‍ ഏകദേശം രണ്ട് മണിക്കൂര്‍ സമയം കൊണ്ട് എത്താനാകും.ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നടത്തിയിരുന്നത് കൊണ്ട് ടിക്കറ്റ് വാങ്ങുവാനുള്ള പൊല്ലാപ്പ് ഒഴിവായി. സമയം നാലു മണിയോടടുക്കുന്നു.കൌണ്ടര്‍ ഇനിയും തുറന്നിട്ടില്ല.ട്രെയിന്‍ പുറപ്പെടുവാന്‍ അര മണിക്കൂറേയുള്ളു.ക്യൂവിനാകട്ടെ നിമിഷം പ്രതി നീളം വര്‍ദ്ധിച്ചും വരുന്നു.ഈ യാത്രയിലാദ്യമായി ഒരു ടെന്‍ഷന്‍ ഉടലെടുത്തു.സമയത്ത് അകത്ത് കയറാനാകുമോ എന്തോ.
                                                 ഹങ്ഹോം സ്റ്റേഷന്‍

നാലു മണി കഴിഞ്ഞതും ഒരു ഉദ്യോഗസ്ഥന്‍ വന്ന് കൌണ്ടറിനു കുറുകെയിട്ടിരുന്ന നാട മാറ്റി,തുടര്‍ന്ന് സ്കാനിങ് മെഷീന്‍ ഓണ്‍ ചെയ്തു.  ആശ്വാസം,പരിപാടി തുടങ്ങുകയായി. ക്യൂ മെല്ലെ ചലിച്ചു തുടങ്ങി. മുന്നില്‍ ഏറിയ ആളുകളും ചൈനീസ് വംശജരാണു.ഒരു പത്തിരുപത് കറുത്ത വര്‍ഗ്ഗക്കാരുമുണ്ട്.കുറച്ച് കഴിഞ്ഞപ്പോള്‍ ക്യൂവിന്റെ ചലനം നിലച്ചു, എന്തോ വാഗ്വാദം നടക്കുകയാണു.ലഗേജിന്റെ സൈസിനെക്കുറിച്ചുള്ള തര്‍ക്കമാണു ഉദ്യോഗ്സഥരും,കറുത്തവര്‍ഗ്ഗക്കാരനും തമ്മില്‍. വലിയ സൈസിനു അധികകാശ് ഒടുക്കണം.അവസാനം അയാള്‍ ക്യൂവിനു പുറത്ത് പോയി,പ്രശ്നവും തീര്‍ന്നു.ചൈനീസ് വംശജര്‍ക്കു തങ്ങളുടെ കാര്‍ഡ് കാണിച്ച് അകത്തു പ്രവേശിക്കാമെന്നുള്ളതു കൊണ്ട് ക്യൂ വേഗം മുന്നോട്ട് നീങ്ങി.കാര്യമായ പരിശോധനയൊന്നുമില്ലാതെ ഞങ്ങളും പാസ്പോര്‍ട്ട് പതിച്ചെടുത്തു അകത്തു കടന്നു.
ആവര്‍ത്തിക്കുന്നതില്‍ ക്ഷമിക്കണം,വിമാനത്താവളത്തിന്റെ സൌകര്യങ്ങളുള്ള സ്റ്റേഷന്‍ ആണിത്. ഇന്ത്യയില്‍ നിന്നും വരുന്ന നമ്മള്‍ക്ക് ചിന്തിക്കാവുന്നതിനപ്പുറം.നിര നിരയായി,പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത, ഡിപാര്‍ച്ചര്‍ ലോഞ്ചുകള്‍. ഫുഡ് ജോയന്റുകളും,സ്നാക്സ് പാര്‍ലറുകളുമെല്ലാം ധാരാളമായുണ്ട്.മറ്റുകടകളും യഥേഷ്ടം.

ഭൂ നിരപ്പിനു താഴെയാണു പ്ലാറ്റ്ഫോം.നാലര മണിയായപ്പോള്‍ എസ്കലേറ്റര്‍ ചലിച്ചുതുടങ്ങി.ഞങ്ങള്‍ പ്ലാറ്റ്ഫോമിലെത്തി.ട്രെയിന്‍ തയ്യാറായി കിടക്കുന്നു.പക്ഷെ യാത്ര പുറപ്പെട്ടത് ,നമ്മുടെ ട്രെയിനുകളെപ്പോലെ തന്നെ, അല്പം താമസിച്ച്,നാലേ  മുക്കാലോടെ മാത്രമാണു. ടിക്കറ്റ് നോക്കി ട്രെയിനകത്ത് പ്രവേശിച്ചു.നല്ല വൃത്തിയും വെടിപ്പുമുള്ള കമ്പാര്‍ട്ട്മെന്റ്.

സുഖപ്രദമായ സീറ്റുകളും.സീറ്റ് തേടിപ്പിടിച്ച് ഇരുന്നപ്പോഴേക്കും ഹോസ്റ്റസ്സ് എത്തി റ്റിക്കറ്റ് പരിശോധിച്ച ശേഷം ടിക്കറ്റിനോടൊപ്പമുള്ള ബിസ്കറ്റും വെള്ളക്കുപ്പികളും നല്‍കി.സീറ്റുകള്‍ മുഴുവനായും നിറഞ്ഞിരിക്കുന്നു.ട്രെയിന്‍ നീങ്ങിത്തുടങ്ങി.ഇരുവശത്തും നഗരക്കാഴ്ചകള്‍.ചില സ്ഥലങ്ങളില്‍ വലിയ ഇരുമ്പ് ഷീറ്റ് ഉയോഗിച്ച് ട്രാക്കിനിരുവശവും ദീര്‍ഘദൂരം മറച്ചിരിക്കുന്നു.
                                  ചൈനീസ് ഗ്രാമക്കാഴ്ചകള്‍

സീറ്റുകളിലെല്ലാം യാത്രക്കാര്‍ നിറഞ്ഞിരിക്കുന്നു.അംബരചുംബികള്‍ തിങ്ങി നില്‍ക്കുന്ന നഗര ഭാഗങ്ങള്‍ പിന്നിട്ട് തുടങ്ങി.സാവധാനമാണു യാത്ര.കുറച്ച് കഴിഞ്ഞപ്പോള്‍ ഗ്രാമക്കാഴ്ചകള്‍ കണ്ടു തുടങ്ങി.ചൈനയായിരിക്കുന്നു.

ചെറിയചെറിയചൈനീസ്ഗ്രാമങ്ങള്‍,കൃഷിജോലികളിലേര്‍പ്പെട്ടിരിക്കുന്ന ഗ്രാമീണര്‍.വിശലമായ നെല്‍പ്പാടങ്ങളും ചെറു ഡാമുകളും ഇരു വശത്തും കാണാം.ആറുമണിയോടെ ഷെന്‍ജന്‍ എന്ന വ്യാവസായിക നഗരത്തിലെത്തി.
                                                 ഷെന്‍ജന്‍ നഗരം

വലിയ കെട്ടിടങ്ങളുടെ നീണ്ട നിരതന്നെ എല്ലായിടത്തും. ഷെന്‍ജന്‍ പിന്നിട്ടതും ട്രെയിന്‍ നല്ല വേഗതയിലായി.പുറത്ത് ഇരുട്ടു വീണുതുടങ്ങി.യാത്രക്കാര്‍ എല്ലാവരും തന്നെ ഉറക്കത്തിലാണു.ഏഴുമണിയോടെ ഗോങ്-ചോ ഈസ്റ്റ് സ്റ്റേഷനെത്തി.ലഗേജുമെടുത്ത് ,ഇമിഗ്രേഷന്‍ നടപടികളും പൂര്‍ത്തിയാക്കിപുറത്തിറങ്ങി.ടാക്സികള്‍ വട്ടമിട്ടു കഴിഞ്ഞു,  ചൈനയിലെ ഏറ്റവും വലിയ പ്രശ്നമായി എനിക്കനുഭവപ്പെട്ടത് ഭാഷ തന്നെയാണു.ഇംഗ് ളീഷ് അറിയാവുന്നവരെ അധികം കാണുവാന്‍ സാധിച്ചതേയില്ല. കൈമുദ്രകളിലൂടെയാണു ആശയവിനിമയം.അവസാനം മുറി ഇംഗ്ലീഷ് അറിയാവുന്ന ഒരാളുടെ ടാക്സിയില്‍ കയറിപ്പറ്റി.നഗര ഹൃദയത്തിലുള്ള മജെസ്റ്റിക് എന്ന ഹോട്ടലില്‍ ,തലേ ദിവസം ,ടെലഫോണിലൂടെ,റൂം ബുക്ക് ചെയ്തിട്ടുണ്ട്.  (നേരത്തേ നെറ്റ് വഴി ബുക്ക് ചെയ്യുവാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ക്രെഡിറ്റ് കാര്‍ഡിന്റെ സ്കാന്‍ഡ് ഫോട്ടോ ആവശ്യപ്പെട്ടിരുന്നു .എന്തോ ഒരു പന്തികേട് തോന്നിയത് കൊണ്ട് ചെയ്തില്ല.) നഗരത്തിരക്കിലൂടെ ടാക്സി ഹോട്ടലിലെത്തി,ഞങ്ങളെ അവിടെയിറക്കി,മടങ്ങി.റിസപ്ഷനിലെത്തിയപ്പോള്‍,  പച്ച മലയാളത്തില്‍ പറഞ്ഞാല്‍,  “കളി കിട്ടി“ റിസര്‍വേഷന്‍ ഇല്ല! മുറികള്‍ ഒഴിവുമില്ല!!ഫോണിനു ചൈനീസ് സിംകാര്‍ഡുമില്ല!!!നേരത്തെ നെറ്റില്‍ ബുക്ക് ചെയ്യുവാന്‍ ശ്രമിച്ചതും,ആ അഡ്രസ്സിലുള്ള ഫോണില്‍ സംസാരിച്ചു ബുക്ക് ചെയ്തതും,വ്യാജ സൈറ്റില്‍ ആയിരുന്നു!ആ തട്ടിപ്പിനിരയാവാതെ കഷ്ടിച്ച് രക്ഷപെട്ടു.
അവസാനം ഇംഗ്ലീഷ് അറിയാവുന്ന റിസപ്ഷനിസ്റ്റിന്റെ ദയാവായ്പില്‍ എഴുപത് കി.മി.ദൂരെയുള്ള സുഹൃത്തിനു ഫോണ്‍ ചെയ്ത്,ആളുടെ പരിചയത്തിലുള്ള കാര്‍ വരാനുള്ള ഏര്‍പ്പാട് ചെയ്തു.ആ കാര്‍ ഗോങ്-ചോ നഗരത്തില്‍ തന്നെ താമസിക്കുന്ന യോങ് എന്ന ചൈനാക്കാരന്റേതാണു. കഴിഞ്ഞ ചൈനാ യാത്രയിലും യോങ്ങായിരുന്നു ഞങ്ങളുടെ സാരഥി. ഒന്‍പതര മണിയോടെ യോങ് എത്തി.സൌഹൃദം പുതുക്കി,ഒരു സിംകാര്‍ഡും വാങ്ങി, കാറില്‍ക്കയറി അടുത്ത ഹോട്ടല്‍തേടി പുറപ്പെട്ടു.പത്തര മണിയോടെ പേള്‍ നദിക്കരയിലുള്ള നല്ലൊരു ഹോട്ടലില്‍ മുറിതരപ്പെടുത്തി തന്നു,പിറ്റേന്ന് രാവിലെ കാണാമെന്ന ഉറപ്പില്‍ യോങ് യാത്ര പറഞ്ഞു.നല്ല വിശപ്പ്, ഉച്ചഭക്ഷണത്തിനു ശേഷം കാര്യമായിട്ടൊന്നും കഴിച്ചിട്ടില്ല താനും.ഹോട്ടലിലെ റെസ്റ്റോറണ്ട് അടച്ചിട്ടില്ല.അവിടെ നിന്നും ഭക്ഷണത്തിനു  ശേഷം തെരുവിലേക്കിറങ്ങി, തെരുവീഥികള്‍ ഇപ്പോഴും സജീവമാണു.ഹോട്ടലിനെതിര്‍വശത്തുള്ള നൈറ്റ്ക്ലബ്ബില്‍ സംഗീതത്തിന്റെ പ്രകമ്പനം,ചൈനീസ് യുവത്വം ആഘോഷതിമിര്‍പ്പിലാണു.അതുനേരം വെളുക്കുവോളം നീണ്ടുനില്‍ക്കുമത്രേ.
                                                                  രാത്രിയിലും സജീവമായ തെരുവുകള്‍

മുന്നില്‍ പേള്‍നദിയോടു ചേര്‍ന്നുള്ള നടപ്പാതയില്‍,സുഖകരമായ കാലാവസ്ഥയായതുകൊണ്ടാവാം, ഈ സമയത്തും നിറയെ ആളുകള്‍.ഇളം തണുപ്പിലൂടെ ,നദിയോരത്തുകൂടി കുറേദൂരം നടന്നു.പേള്‍ നദിയിലെ അലങ്കാരദീപങ്ങളെല്ലാം കണ്ണടച്ചിരിക്കുന്നു.വലിയ കെട്ടിടങ്ങളില്‍നിന്നുമുള്ള ഫ്ലാഷ് ലൈറ്റുകള്‍ മാത്രം  ഇടക്കിടെ തെളിയുന്നുണ്ട് . പോലീസ് വാഹനങ്ങള്‍ റോന്ത് ചുറ്റുന്നത് കാണാം.തിരികെ ഹോട്ടലിലെത്തുമ്പോള്‍ സമയം അര്‍ദ്ധരാത്രി കഴിഞ്ഞു.യോങ് രാവിലെ തന്നെ കാറുമായി എത്താമെന്നേറ്റിട്ടുണ്ട്.നാളെ കാണേണ്ട കാഴ്ചകളെക്കുറിച്ച് രാവിലെ ഒരു പട്ടിക തയ്യാറാക്കണം.അതിനു മുന്‍പു നല്ലൊരുറക്കം ...

പിറ്റേന്ന് രാവിലെ പത്തര മണിയോടെ ഹോട്ടലില്‍ ബ്രേക് ഫാസ്റ്റ് കഴിഞ്ഞപ്പോഴേക്കും യോങ് എത്തി.സമയ ക്ലിപ്തതയുടെ കാര്യത്തില്‍ കണിശക്കാരനാണു യോങ് എന്ന് കഴിഞ്ഞ ചൈന യാത്രയില്‍ തന്നെ ബോധ്യമായിരുന്നതാണു.പക്ഷെ ഇംഗ്ലീഷ് ഭാഷ സ്വാഹ!ആള്‍ക്ക് ആകെ അറിയാവുന്ന ഐറ്റം”ഐ ഡോണ്ട് നോ” എന്നത് മാത്രമാണു.പിന്നീടങ്ങോടുള്ള ദിവസങ്ങളില്‍ ഈ ”ഐ ഡോണ്ട് നോ”ഒരുപാടു തവണ ചിരിക്കു വകയൊരുക്കി എന്നത് മറ്റൊരു കാര്യം.  തലേന്ന് റെയില്‍ വേ സ്റ്റേഷനില്‍ നിന്നും കിട്ടിയിരുന്ന ചൈനീസ് ഭാഷയിലുള്ള മാപ്പില്‍ നിന്നും കാണേണ്ട കാഴ്ചകളൊക്കെ ഹോട്ടല്‍ റിസപ് ഷനിസ്റ്റിനെക്കൊണ്ട് മാര്‍ക്ക് ചെയ്തെടുത്ത് യോങിനു കൈമാറി.ലിസ്റ്റിലെ ആദ്യ ഇനം ടെമ്പിള്‍ ഓഫ് സിക്സ് ബന്യന്‍ ട്രീസ് എന്ന വിഖ്യാതമായ ബുദ്ധക്ഷേത്രമാണു. 1400 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം പലതവണ പുതുക്കിപണിതതാണത്രേ.ഒന്‍പത് നിലകളിലായുള്ള,ഒക്റ്റഗണല്‍ ഷേയ്പ്പിലുള്ള,  ലോട്ടസ് പഗോഡയാണു ഇവിടത്തെ മുഖ്യ ആകര്‍ഷണം.

                                                                   ടെമ്പിള്‍ ഓഫ് സിക്സ് ബന്യന്‍ ട്രീസ്

വിശുദ്ധ ബുദ്ധസന്യാസി ശാക്യമുനിയെ ആരാധിക്കുവാനായി നിര്‍മ്മിച്ചതാണിത്.ചൈനീസ് ക്ഷേത്രങ്ങളിലെ ആരാധനാമൂര്‍ത്തികളുടെ പേരുകളിലെ ഇന്ത്യന്‍ സാദൃശ്യം നമ്മുടെ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കും. ശാക്യ മുനി,ദേവരാജന്‍,മഹാവീരന്‍ തുടങ്ങിയവ അവയില്‍ ചിലത് മാത്രം.പലരൂപത്തിലുള്ള ബുദ്ധവിഗ്രഹങ്ങള്‍ ഈ ക്ഷേത്രത്തില്‍ പ്രതിഷ്ടിച്ചിരിക്കുന്നു.സന്ദര്‍ശകരില്‍ പാശ്ചാത്യരാണധികവും,ഇന്ത്യാക്കാര്‍ ഞങ്ങള്‍ മാത്രം.മറ്റു പല സ്ഥലങ്ങളിലും ഇത് തന്നെയായിരുന്നു സ്ഥിതി.കുറച്ച് ചിത്രങ്ങളെടുത്ത ശേഷം ഞങ്ങള്‍ അടുത്ത ലക്ഷ്യമായ ഗോങ്സിയാവൊ ക്ഷേത്രത്തിലേക്ക് നീങ്ങി.200 ബിസി യില്‍ നിര്‍മ്മാണം ആരംഭിച്ചതെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രമാണു ഗോങ്-ചോ നഗരത്തിന്റെ പിറവിക്കു നിദാനമെന്ന് കന്റോണീസ് സംസ്കാരത്തില്‍ വിശ്വസിച്ച് വരുന്നു.
                                                                                   ഗോങ്സിയാവൊ ക്ഷേത്രം



                                                                                   ഗോങ്സിയാവൊ ക്ഷേത്രം
വളരെ വിശാലമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ ഹോള്‍ ഓഫ് സ്ലീപിങ് ബുദ്ധ ആണു പ്രധാന കാഴ്ച. കൂടാതെ ശാക്യമുനിയുടേയും, മഞ്ജുശ്രീയുടേയും,വിശ്വഭദ്ര ബോധിസത്വന്റേയും വിഗ്രഹങ്ങള്‍ കാണാം.ഈ ക്ഷേത്രത്തില്‍ തദ്ദേശീയരെയാണു കൂടുതലായും കാണുവാന്‍ കഴിഞ്ഞത്. സോവനീര്‍ ഷോപ്പുകളും ഇതിനകത്തുണ്ട്.വിദേശ ടൂറിസ്റ്റുകളുടെ അഭാവം കൊണ്ടാകാം, വളരെ ന്യായമായ വിലയില്‍ ആണു ഇവിടെ മിക്കവാറും മെമെന്റോകളും വില്‍ക്കുന്നത്.ആ അവസരം മുതലാക്കി ഞങ്ങളും അല്ലറ ചില്ലറ ഷോപ്പിംഗ് നടത്തി.

നേരം ഉച്ചയായി,വിശപ്പും ആക്രമിച്ചും തുടങ്ങി.ഒരു ഹോട്ടലില്‍ പോകണം എന്ന് യോങിനോട് ആംഗ്യ ഭാഷയിലൂടെ ഒരു വിധം പറഞ്ഞൊപ്പിച്ചു.ഹാവൂ, ആശ്വാസം!! ആള്‍ക്കു കാര്യം പിടികിട്ടി.യോങ് പേള്‍നദീ തീരത്ത് തന്നെയുള്ള വലിയൊരു റെസ്റ്റോറന്റിലേക്ക് ഞങ്ങളെ ആനയിച്ചു!!ഹോങ്സിങ് സീ ഫുഡ് റെസ്റ്റാറന്റ് എന്നാണതിന്റെ പേര്.
                                                                        മെനു പരിശോധിക്കുന്ന യോങ്

                                                                                                        “മുതല “മെനു


സീഫുഡ് ആണു മെയിന്‍ ഐറ്റം എങ്കിലും അവിടത്തെ പ്രധാന താരം മുതലയിറച്ചിയാണു.കഴിഞ്ഞ തവണ അത് കഴിക്കാനാകാത്തതിന്റെ വിഷമം തീര്‍ക്കാനായി ,കൈപൊള്ളുന്ന വിലയാണെങ്കിലും,ചെറിയൊരു ഡിഷ് ഓര്‍ഡര്‍ ചെയ്തു. താല്‍പ്പര്യ ക്കുറവ് മൂലം ,ആ വിഭവം കാണുവാന്‍ പോലും കൂട്ടാക്കാതെ,പ്രിയപത്നി അടുത്ത റ്റേബിളിലേക്ക് മാറിക്കഴിഞ്ഞു. എരിവു കൂടുതല്‍ കൊണ്ടാകണം പറയത്തക്ക രുചിയോ,രുചിഭേദമോ അനുഭവപ്പെട്ടുമില്ല!

ഭക്ഷണ ശേഷം,ഇന്നത്തെ ദിവസത്തെ അവസാന ഇനമായ ചെന്‍ക്ലാന്‍ അക്കദമി ലക്ഷ്യമാക്കി പുറപ്പെട്ടു.നഗരത്തിന്റെ കുപ്രസിദ്ധമായ ട്രാഫിക്-ജാം ഈ യാത്രയിലാണനുഭവപ്പെട്ടത്.പക്ഷെ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പോലീസ് സേന ഇതിന്റെ രൂക്ഷത കുറക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുമുണ്ട്.

                                                    തലങ്ങും,വിലങ്ങും പോലീസ് ബൈക്കുകളും,കാറുകളും ചീറിപ്പായുന്നു.

                                             അന്തരീക്ഷമാലിന്യം കുറക്കാനായി എലക്ടിക്  ബസ്സുകളും


                        വെയില്‍ ചാഞ്ഞ്തുടങ്ങി.തിരക്കിനിടയിലൂടെ ചെന്‍ ക്ലാന്‍ അക്കാദമിയിലെത്തി.
                       ഗോങ്ങ്-ഡോങ്ങ് ഫോക് ആര്‍ട്ട് മ്യൂസിയമായി ഇപ്പോള്‍ ഇത് പ്രവര്‍ത്തിച്ച് വരുന്നു.
                                                                                 ചെന്‍ ക്ലാന്‍ അക്കാദമി
10 ആര്‍.എം.ബി യാണിവിടുത്തെ പ്രവേശന ടിക്കറ്റ് നിരക്ക്,ഏകദേശം എഴുപത് രൂപ. ഒന്നരലക്ഷം ച.അടി വിസ്തൃതിയില്‍ സ്ഥിതിചെയ്യുന്ന ഒരു മന്ദിരസമുച്ചയമാണിത്.



                                              ചെന്‍ ക്ലാന്‍ അക്കാദമി

പത്തൊന്‍പത് കെട്ടിടങ്ങളും,ഒന്‍പത് വിശാലമായ ഹോളുകളും, ആറ് നടുമുറ്റങ്ങളും ചേര്‍ന്ന ഒരു സിമട്രിക് ബില്‍ഡിംഗ് കോമ്പ്ലക്സാണ് ഈ അക്കാദമി.ചെന്‍ ക്ലാന്‍ വംശജര്‍ പണിതുയര്‍ത്തി,ഇമ്പീരിയല്‍ പരീക്ഷ കേന്ദ്രമായി പ്രവര്‍ത്തിച്ച് വന്നിരുന്ന ഇവിടം ഇന്ന് ചൈനീസ് ശില്പചാതുര്യിയുടെ മകുടോദാഹരണമായി നില കൊള്ളുന്നു. ചൈനീസ് കരകൌശല വസ്തുക്കള്‍ ,മറ്റ് സോവനീറുകള്‍ തുടങ്ങിയവയെല്ലാം വില്‍പ്പനക്കായി വച്ചിട്ടുണ്ട്. ആനക്കൊമ്പുകളില്‍ തീര്‍ത്തിരിക്കുന്ന ശില്പങ്ങള്‍ അത്യന്തം മനോഹരവും വിലയേറിയതുമാണു.മറ്റു സോവനീറുകളും പൊള്ളുന്ന വിലയ്ക്ക് ധാരാളമായി നിരത്തിയിരിക്കുന്നു.ഒരു ടിപ്പിക്കല്‍ ചൈനീസ് ഭവനത്തിന്റെ മാതൃക,അടിക്കുറിപ്പുകള്‍ സഹിതം,ഭംഗിയായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.പാശ്ചാത്യര്‍ ആണ് ഇവിടത്തെ സന്ദര്‍ശകരിലേറേയും,അതിനാല്‍ സോവനീര്‍ ഷോപ്പുകളില്‍ വില്‍പ്പനയും പൊടിപൊടിക്കുന്നുണ്ട്.
രണ്ട് മണിക്കൂറിലേറെ സമയമെടുത്ത്,എല്ലാം കണ്ട് തീര്‍ന്നു പുറത്തിറങ്ങുമ്പോള്‍ നേരം സന്ധ്യയായി.തിരികെ റൂമിലെത്തി,ചെറിയൊരു വിശ്രമത്തിനു ശേഷം കുറച്ച് ഷോപ്പിംഗ് നടത്തുവാന്‍ പത്നി പദ്ധതിയിട്ടിട്ടുണ്ട്.പ്രസിദ്ധമായ ബെയ്ജിംഗ്-ലു റോഡ് ഷോപ്പിംഗ് കേന്ദ്രം ഹോട്ടലില്‍ നിന്നും നടക്കാവുന്ന ദൂരത്താണെന്നും ആള്‍ രാവിലെ റിസപ്ഷനില്‍ നിന്ന് മനസ്സിലാക്കി വച്ചിട്ടുമുണ്ട്.അതിലേക്കായി തിരികെ ഹോട്ടലിലേക്ക് മടങ്ങി.

ഹോങ്കോങ്ങ്  യാത്ര-ഭാഗം 1   ഇവിടെ വായിക്കാം

ഹോങ്കോങ്ങ്  യാത്ര-ഭാഗം 2   ഇവിടെ വായിക്കാം


Followers

ജാലകം
chintha.com

About Me

My photo
a travel enthusiast who enjoys humour

About This Blog

സഞ്ചാരത്തിനിടയിലെ ചില കാഴ്ചകള്‍;ചിത്രീകരണ മികവ് തുലോം കമ്മി .അത്ര മാത്രം

FEEDJIT Live Traffic Feed

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP