Thursday, September 9, 2010

കര്‍ണ്ണാടക- കൂര്‍ഗ്-മടിക്കേരി രാജാസ് സീറ്റ്

മഴ മാറിനിന്ന ഒരു സന്ധ്യയിലാണു  മടികേരി പട്ടണത്തിലെത്തുന്നത്.കൂര്‍ഗ്(കൊടഗ്)  ജില്ലയുടെ ആസ്ഥാനമായ മടികേരിയിലെത്തുമ്പോള്‍ മഞ്ഞ് പരന്ന് തുടങ്ങിയിരുന്നു. സുഖകരമായ തണുപ്പ്.
  

പ്രസിദ്ധമായ രാജാസ്  സീറ്റിലൊന്നു പോയി,കുറച്ച് നേരം ആ പാര്‍ക്കിലിരുന്നു.മഴകാലമായതുകൊണ്ടാവാം,അധികം ആള്‍ തിരക്കില്ല.


                  കൊടഗ് രാജക്കന്മാര്‍ നൃത്ത സംഗീത സായാഹ്നങ്ങള്‍ ആസ്വദിച്ചിരുന്ന ഇടമാണല്ലോ         ഇവിടം.



മനോഹരമായ സൂര്യാസ്തമന കാഴ്ചകള്‍ ആണു ഇവിടെ നിന്നുമുള്ളത്.ഫോട്ടോഗ്രാഫിയില്‍ പ്രാവീണ്യക്കുറവ് കൊണ്ടും,ക്യാമറയുടെ പരിമിതികള്‍ കൊണ്ടും ചിത്രങ്ങള്‍ “സാദാ”“

                                                              
                                                            
                                                              
    
                                                           മഞ്ഞിന്‍ പുതപ്പണിഞ്ഞ കൊടഗന്‍ താഴ്വാരങ്ങള്‍

Saturday, July 31, 2010

സിംഗപ്പൂര്‍ ഫ്ലയര്‍

നാട്ടില്‍ നിന്നും യാത്ര തിരിക്കുന്നതിനു മുന്‍പ് തന്നെ,സിങ്കപ്പൂരിലെത്തിയാല്‍ നിശ്ചയമായും കൊണ്ട്പോകണം എന്ന് കുട്ടികള്‍ പറഞ്ഞുറപ്പിച്ചിരുന്ന ഒരു പരിപാടിയായിരുന്നു സിങ്കപ്പൂര്‍ ഫ്ലയര്‍  എന്ന ജയന്റ്വീല്‍ സന്ദര്‍ശനം.നേരത്തെ പോയികണ്ടവര്‍ പറഞ്ഞ് പിരികയറ്റിയ ഒരു സംഭവം എന്നായിരുന്നു എന്റെ ധാരണയും.

                                                                          സിങ്കപ്പൂര്‍ ഫ്ലയര്‍            
 
എത്തിയപ്പോള്‍ തന്നെ ടൂര്‍ഗൈഡിനോട് പറഞ്ഞ് അവര്‍ ടിക്കറ്റും സംഘടിപ്പിച്ചു.രാവിലെ തന്നെ അവിടെയെത്തി.
നാട്ടിലെ ജയന്റ്വീലില്‍ കയറിയ അനുഭവം വച്ച്, ദൂരെനിന്ന് കണ്ടപ്പോള്‍ തന്നെ തലകറക്കം എന്ന പേരു പറഞ്ഞ് ഭാര്യ ഒഴിവായി.പക്ഷെ അടുത്ത് ചെന്നപ്പോഴാണു അവനല്ല ഇവന്‍ എന്നും,എല്ലാവര്‍ക്കും ആസ്വദിക്കാവുന്നതാണെന്നും  പിടികിട്ടിയത്.
                                                                                      ക്യാപ്സൂളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍      

ഏതാണ്ട് 165 മീ ഉയരമുള്ള,2008-ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ, ഒബ്സെര്‍വേഷന്‍ വീല്‍ ആണു ഈ ഫ്ലയര്‍.ലണ്ടന്‍ ഐ യെക്കാളും 30മീ ഉയരക്കൂടുതല്‍ ഇവര്‍ അവകാശപ്പെടുന്നു.7മിx4മി സൈസുള്ള ക്യാപ്സ്യൂളുകളില്‍ ആണു നമ്മള്‍ കയറുന്നത്.
                                                                

                                                                  
                                                       300 സ്ക്വയര്‍ ഫീറ്റ് ഏരിയയുള്ള ക്യാപ്സൂളിനകവശം              
വളരെ സാവകാശം നീങ്ങുന്ന,വിശാലമായ ക്യാപ്സ്യൂളുകള്‍ പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ഡ് ആണു.28ആളുകള്‍ക്ക് ഇതില്‍ ഒരു സമയം കയറാമത്രെ.ഒരു സെക്കണ്ടില്‍ മുക്കാല്‍ അടി എന്ന വളരെ സാവധാനമായിട്ടുള്ള സ്പീഡ് ആണു ഇതിനുള്ളത്.കറങ്ങികൊണ്ടിരിക്കുന്നു എന്നൊരു തോന്നലേ നമ്മള്‍ക്കുണ്ടാകുന്നില്ല.പൂര്‍ണ്ണസുരക്ഷിതത്വമാണു അനുഭവപ്പെടുന്നതും.
                                                                    
തലകറക്കം പറഞ്ഞ് ഒഴിവായവരൊക്കെ മുന്‍പന്തിയില്‍ തന്നെ ചാടിക്കയറി.ക്യാപ്സ്യൂള്‍ മെല്ലെ ചലിച്ചു തുടങ്ങി.കൂട്ടികളും,മുതിര്‍ന്നവരുമെല്ലാം ആവേശത്തിലാണു. താഴെയുള്ള പാര്‍ക്കിംഗ് ഏരിയയാണു നമുക്ക് ആദ്യം ദൃശ്യമാകുന്നത്.തുടര്‍ന്ന് എഫ്-1 ട്രാക്കും,വിശാലമായ മേല്‍പ്പാലങ്ങളും കണ്ട് തുടങ്ങി. ഇവിടെനിന്നുമുള്ള കാഴ്ചകള്‍ വര്‍ണ്ണനാതീതമാണു.ദൂരെ ദൃശ്യമാകുന്ന മറീനയും,അംബരചുംബികളും.6-8 ലയിന്‍ ട്രാഫിക്കുള്ള റോഡുകള്‍.
                                                              
                                                
                                                                      ക്യാപ്സ്യൂളില്‍ നിന്നുള്ള കാഴ്ചകള്‍


                                                              
                                                                         ക്യാപ്സ്യൂളില്‍ നിന്നുള്ള കാഴ്ചകള്‍                                                                                                                                    

                                                                        
ക്യാപ്സ്യൂള്‍ പരമാവധി ഉയരത്തിലെത്തിക്കഴിഞ്ഞു.നല്ല തെളിഞ്ഞ അന്തരീക്ഷത്തില്‍, 45കിമി അകലെയുള്ള കാഴ്ചകള്‍ പോലും  കാണുവാന്‍ സാധിക്കും.മലേഷ്യ,ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ ഭാഗങ്ങളും ദൂരെ നിന്നും കാണാം.ക്യാപ്സ്യൂള്‍ താഴ്ന്നു തുടങ്ങിയപ്പോഴേക്കും കാഴ്ചകള്‍ തീരാന്‍ പോകുന്നുവല്ലോ എന്നായി വിഷമം. ഏതായാലും,ഏതൊരു സിങ്കപ്പൂര്‍ യാത്രികനും ഒഴിവാക്കാനാവാത്ത,കൊടുക്കുന്ന കാശ് മുതലാകുന്ന ഒരു അനുഭവം തന്നെയാണു,240 മില്ല്യണ്‍ സി. ഡോളര്‍ ചിലവില്‍ നിര്‍മ്മിച്ചിരിക്കുന്ന,ഈ വിസ്മയം

Thursday, July 1, 2010

എ ഫമൊസ റിസോര്‍ട്ട് ‌‌- മലേഷ്യ



മലേഷ്യയുടെ തലസ്ഥാനമായ കുലലംപൂരില്‍ നിന്നും ,നോര്‍ത്ത്-സൌത്ത് എക്സ്പ്രസ് വേയിലൂടെ ഒരു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ ലോകപ്രസിദ്ധ വിനോദ കേന്ദ്രമായ എ ഫമോസ റിസോര്‍ട്ടില്‍ എത്താം .
എ ഫമോസ എന്ന പോര്‍ച്ചുഗീസ് വാക്കിനു,ദി ഗേറ്റ് എന്നാണു അര്‍ഥം.ഇതിനു സമീപമുള്ള മലാക്ക നഗരം ഒരു പോര്‍ച്ചുഗീസ് കോളനി ആയിരുന്നുവല്ലോ.
                                                               
                                                                                                            
                                                                                                 മുന്‍ ഭാഗത്തെ  കവാടം 
ഒരാള്‍ക്ക്‌  59 മലേഷ്യന്‍ റിന്ഗ്ഗിറ്റ്(ഏകദേശം 825 രൂപ )  ടിക്കറ്റ് നിരക്ക്.ടിക്കറ്റെടുത്ത് ഉള്ളില്‍ കടന്നു.                                                                 
സകുടുംബം ഉല്ലസിക്കുവാനുള്ള നിരവധി വിനോദോപാധികള്‍ ഈ റിസോര്‍ട്ടില്‍ ഉണ്ട്.
ഒരു പകല്‍ മുഴുവന്‍ ചിലവഴിക്കാന്‍ ഉതകുന്ന വിധത്തില്‍  ആണ് ഈ റിസോര്‍ട്ട് രൂപകല്‍പന ചെയ്തിരിക്കുന്നത്.പക്ഷെ ഓരോന്നിനും,പ്രത്യേകം ചാര്‍ജ് നല്‍കണമെന്ന് മാത്രം.തിരിച്ചിറങ്ങുമ്പോള്‍ നമ്മുടെ പോക്കറ്റ് കാലിയാകുന്ന വിധത്തില്‍ ആണ് എല്ലാം സജ്ജീകരിച്ചിരിക്കുന്നത്. സൂവനീര്‍ ഷോപ്പുകളിലെല്ലാം പൊള്ളുന്ന വില.


1300 ഏക്കര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഈ റിസോര്‍ട്ടില്‍   ,ആനിമല്‍ വേള്‍ഡ് ,വാട്ടര്‍ തീം പാര്‍ക്ക്,കോ ബോയ്‌ ടൌന്‍ ,ഗോള്‍ഫ് കോഴ്സ് എന്നിങ്ങനെ നിരവധിവിഭാഗങ്ങളുണ്ട്.കൂടാതെഹോട്ടലുകള്‍,കൊണ്ടോമ്നിയമുകള്‍,ബംഗ്ലാവുകള്‍,ഡിസ്ക്കോ ക്ലബ്ബുകള്‍ അങ്ങിനെ അങ്ങിനെ വേറെയും


കുട്ടികളെ ആകര്‍ഷിച്ചു,കാശ് പിടുങ്ങാന്‍ ഇവര്‍ക്ക് പ്രത്യേക വൈഭവമാണ്.കയറിയ ഉടനെ ഒരുത്തന്‍ വന്നു കുട്ടികളെ ആദിവാസി തലപ്പാവുംധരിപ്പിച്ചു ,കുന്തവും പിടിപ്പിച്ചു. ഫോട്ടോയും എടുത്തു കഴിഞ്ഞു.!(അരുണ്‍ കായംകുളം പറഞ്ഞത് പോലെ 350 രൂപ സ്വാഹ!! )    .അടുത്ത വാതില്‍ക്കല്‍ മലമ്പാമ്പിനെ കഴുത്തില്‍ ഇടാന്‍ തയ്യാറായി മറ്റൊരുവന്‍,അവിടെയും സ്വാഹ!      
                                                                       
കുറച്ചു മാറി ആനകളുടെ അഭ്യാസം നടക്കുന്നു.ആനപ്പുറത്ത് കയറാന്‍ തിരക്ക് കൂട്ടുന്ന വിദേശികള്‍.ആവശ്യം ഉയരുന്നതിന് മുന്‍പേ പതുക്കെ അവിടന്ന് വലിഞ്ഞു.ആളൊന്നിനു വെറും  700 രൂപ!
                                                                                        ആനപന്തി      
 ഒരു മരത്തിന്റെ പ്ലാറ്റ്ഫോമില്‍ ,പുറമേ നിന്നും കാണുവാന്‍ സാധിക്കാത്ത ഒരു ചങ്ങലയില്‍ ബന്ധിച്ചു,കിടത്തിയിരിക്കുന്ന കൂറ്റന്‍ കടുവയോടു ചേര്‍ന്നു  നിന്നു ചിത്രമെടുക്കുവാനും,അതിനെ കെട്ടിപ്പിടിക്കുവാനുമുള്ള അവസരവും ഇവിടെ ഉണ്ട്.ഇത് കുട്ടികളെ തെല്ലു ഭയപ്പെടുത്തുക തന്നെ ചെയ്യും.പക്ഷെ അതിനും"സ്വാഹക്ക് "കുറവില്ല. കടുവയെ  കണ്ട മാത്രയില്‍ തന്നെ കുട്ടികള്‍ ചാടിക്കയറി സമീപത്ത്  ഇരുന്നു. പടം എടുക്കാമെന്ന് വച്ചാലോ ,നമ്മുടെ ഫോട്ടോ പിടുത്തം അവരൊട്ടു സമ്മതിക്കുകയുമില്ല.എന്നിരുന്നാലും അത് ഒരനുഭവം തന്നെ!ഈ കടുവകളെയൊക്കെ drugged ആക്കിയിരിക്കുകയാണെന്നൊരു സംസാരവും പിന്നീട് കേട്ടു.




ഇന്ത്യക്കാരായ സഞ്ചാരികളെ ഇവിടെ അധികം കാണുവാന്‍ സാധിച്ചില്ല.പക്ഷെ സൂവനീര്‍ ഷോപ്പുകളിലും,കാഫെറെറിയകളിലും എല്ലാം സെയില്‍സ് ഗേളുകള്‍ തമിഴ് വംശജരാണ്‌.ഞങ്ങള്‍ കയറിയ ഷോപ്പിലെ  രൂപിണി എന്ന  പെണ്‍കുട്ടിയുടെ മുന്‍ തലമുറ ട്രിച്ചിയില്‍ നിന്നും കുടിയേറിയവരാണ്.   
ഇന്ത്യന്‍ സിനിമകള്‍,പ്രത്യേകിച് തമിഴ് സിനിമകള്‍  , ധാരാളമായി ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
 അപ്പോഴേക്കും,ആനിമല്‍ ഷോ ക്കുള്ള സമയമായി.ഇതിനു പ്രത്യേകം ചാര്‍ജ് ഇല്ല!പന്ത് കളിക്കുന്ന ഈലും,ഒറാങ്ങ്- ഒടാങ്ങും ,കരടിയും എല്ലാം ചേര്‍ന്നുള്ള ഒരു ഷോ.ഇത്രയും മൃഗങ്ങളെ കണ്ടപ്പോഴേക്കും കുട്ടികള്‍ക്ക് ആവേശമായി,ഞങ്ങള്‍ക്ക് ചെറിയ വിശ്രമവും.
                                                                 
                                                                                     ആനിമല്‍ ഷോ              


                                                       താമസിക്കുവാനുള്ള വില്ലകളും,ഹോട്ടലുകളും             
  ഏതു തരത്തില്‍ ഉള്ള സഞ്ചാരിക്കും ഇണങ്ങുന്ന ബജടിലുള്ള  താമസ സൌകര്യം ഇവിടെ ലഭ്യമാണ് .പുറമേ നിന്നുമുള്ള  ഭക്ഷണ സാമഗ്രികള്‍ അനുവദനീയമല്ലെങ്ങിലും മലയാളിയുടെ തനിസ്വഭാവം മൂലം കുറച്ചു ഭക്ഷണപാനീയങ്ങള്‍ അകത്തു കടത്തി.പിന്നാലെ വന്ന സെക്യൂരിറ്റി ഗാര്‍ഡ് കയ്യോടെ എന്റെ ബാക്ക് പായ്ക്ക് റിസപ്ഷനിലെത്തിച്ചു തന്നു!അകത്തു ഭക്ഷണത്തിന് തീ വിലയും!ഒരു പെപ്സിക്ക് 110    രൂപ എന്ന നിലയിലാണ് കാര്യങ്ങള്‍.
വേറെയും കാഴ്ചകള്‍ നിരവധിയുണ്ട്.  ആനിമല്‍ സഫാരി ആണ് ഇതില്‍ ഏറ്റവും പ്രധാനം.വണ്ടിക്കകത്തു സുരക്ഷിതമായി ഇരുന്നു  വന്യ മൃഗങ്ങളെ വളരെ അടുത്തു കാണുവാനുള്ള സൌകര്യം ഉണ്ട്.ഉച്ച ഭക്ഷണത്തിന് ശേഷം സഫാരിക്കായി പുറപ്പെട്ടു.
                                              





                                                               
                                                                                  
.                                                                                   ആനിമല്‍ സഫാരി
ഇവിടത്തെ ഏറ്റവും നല്ല,കൊടുത്ത കാശ് മുതലാകുന്ന,പരിപാടി ആനിമല്‍ സഫാരി ആണ്.തുറസ്സായ,വിശാലമായ സ്ഥലത്ത് സ്വച്ഛന്ദം വിഹരിക്കുന്ന സിംഹം,കടുവ,കഴുതപ്പുലി തുടങ്ങിയവയെ അടുത്തു കാണാം.ഞങ്ങള്‍ ചെല്ലുമ്പോള്‍ മൃഗരാജനടക്കമുള്ളവര്‍ ഉച്ച മയക്കത്തിലായിരുന്നു.കുട്ടികള്‍ക്ക് ഇതൊരു നല്ല വിരുന്നായി.ബന്നാര്‍ഘട്ടയിലതിനേക്കാള്‍ നന്നായി ഇവയെല്ലാം ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.                                                    
.
                                                                           
നമ്മുടെ മൃഗശാലയില്‍ കണാറില്ലാത്ത മലയന്‍ ടാപിര്‍ എന്ന വിചിത്ര ജീവിയും,ഇവിടത്തെ അന്തേവാസിയാണ്. 
                                                                      
                                       
                                                               ലയന്‍ ടപിര്‍         
വൈകുന്നേരമാകുന്നു.എ ഫമോസയില്‍ നിന്നും പുറത്തിറങ്ങി.  ചരിത്ര നഗരമായ മലാക്കയിലേക്ക് ഇവിടെനിന്നും 30 മിനിറ്റ് യാത്ര മാത്രമേയുള്ളൂ.മലേഷ്യന്‍ ഗ്രാമങ്ങളിലൂടെയാണ്,അങ്ങോടുള്ള  റോഡ്‌ കടന്നു പോകുന്നത്.
                                                                  
                                                                     
  കേരളത്തെ അനുസ്മരിപ്പിക്കുന്ന ഭൂപ്രകൃതിയാണ് ഈ ഭാഗങ്ങളില്‍.
                                                                       
കാലാവസ്ഥയും സമാനം.നല്ല ഭംഗിയാര്‍ന്ന വീടുകള്‍.തെങ്ങും മാവും എല്ലാം സമൃദ്ധമായി വളരുന്നു.  കുറച്ചകലെ റബ്ബര്‍ തോട്ടങ്ങളും ധാരാളമായി കാണാം.കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും മയക്കത്തിലാണ്.മലാക്ക ലക്ഷ്യമാക്കി ഞങ്ങളുടെ വാഹനം നീങ്ങി കൊണ്ടിരുന്നു. 

Thursday, June 3, 2010

മലപ്പുറം ജില്ലയിലെ ലോകകപ്പ് കാഴ്ചകള്‍

കഴിഞ്ഞ ദിവസം കോട്ടക്കല്‍ നിന്നും,മലപ്പുറം വഴി നിലമ്പൂര്‍ വരെ പോയപ്പോഴാണ് മലബാറുകാരുടെ ഫുട്ബോള്‍ കമ്പത്തിന്റെ ഒരു ഏകദേശ ചിത്രം പിടി കിട്ടിയത്.     എറണാകുളം ജില്ലക്കാരനായ എനിക്ക് അന്യമായ ഒരു ഫുട്ബോള്‍ സംസ്കാരം ആണ്  അവിടെ കാണാന്‍ കഴിഞ്ഞത്.


റോഡിലുടനീളം ലോക കപ്പില്‍ പങ്കെടുക്കുന്ന    ടീമുകളുടെ കൂറ്റന്‍ ഫ്ലക്സ് ചിത്രങ്ങള്‍ . ബ്രസ്സീലിനും , അര്‍ജന്റിനക്കും ആണ് ആരാധകരേറെയും.കൂട്ടത്തില്‍ സ്പെയിനിനും,  ഇംഗ്ലണ്ടിനും,ഫ്രാന്‍സിനും  ആളുണ്ട്.പക്ഷെ മറ്റു രാജ്യക്കാര്‍ക്ക് ഡിമാണ്ട് അത്ര പോര.
                                                      ബ്രസീല്‍ ബ്രസീല്‍ എല്ലാം  ബ്രസീല്‍ മയം.             
                                                                             അര്‍ജന്റീനയും മോശമല്ല                   
                                               
                                                                            സ്പെയിനിനും ആളുണ്ടേ!!                 


                                               ഫ്രാന്‍സ് ഫാന്‍സും മോശക്കാരല്ല       
മതിലിന്റെ മുകളിലെല്ലാം ഫ്ലക്സ് ബോര്‍ഡുകള്‍ .ബോര്‍ഡിലെ വാചക കസര്‍ത്തുകളും,വെല്ലുവിളികളും ആരാധനയുടെ ആഴം വ്യക്തമാക്കുന്നു. ഓട്ടോ റിക്ഷയുടെ പുറകില്‍ വരെ ഫുട് ബോള്‍ വാഗ്വാദങ്ങള്‍ ആണ്.ലോക കപ്പു വിശേഷം പിന്നില്‍ എഴുതിയിരിക്കുന്ന ഒരു ഓട്ടോ യുടെ പുറകെ ഞാന്‍ വച്ച് പിടിച്ചു.അത് നിര്‍ത്തിയ തക്കത്തിന് ഒരു ചിത്രവുമെടുത്തു.രസകരമായ പിന്‍ കുറിപ്പ് ഒന്ന് വായിച്ചു നോക്കൂ.


                                                            ആയിരം മെസ്സിക്ക് അര കക്കാ!!!                          
റോഡിനു കുറുകെ വിവിധ രാജ്യങ്ങളുടെ പതാക വലിച്ചു കെട്ടിയിരിക്കുന്നു.ബ്രസീല്‍ ,അര്‍ജന്റീന ,ഇംഗ്ലണ്ട്,സ്പെയിന്‍ തുടങ്ങിയവരെല്ലാം ആ കൂട്ടത്തിലുണ്ട്.


                                                                     വിവിധ രാജ്യങ്ങളുടെ പതാകകള്‍     
ചെറിയ ചെറിയ കവലകളില്‍ എല്ലാം ,സായാഹ്നങ്ങളില്‍ ലോക കപ്പു ചര്‍ച്ചകള്‍ മാത്രം.
മലപ്പുറം പട്ടണത്തിനു അടുത്തുള്ള ഒരു ചെറുഗ്രാമത്തിലെ ചായക്കടയില്‍ വൈകുന്നേരം കയറിയ ഞാന്‍ അങ്ങിനെയുള്ള രസകരമായ ഒരു ചര്‍ച്ചക്ക് സാക്ഷിയായി.കടയുടമയായ ഖാദര്‍ ഒരു തീവ്ര ബ്രസീല്‍ അനുഭാവിയാണ്.കടയിലെ പതിവുകാരായ ഉസ്മാന്‍ ,ഷംസു ,കിരണ്‍ തുടങ്ങിയവര്‍ അര്‍ജന്റീനയുടെ കടുത്ത ആരാധകരും.പന്തയത്തിന്റെ ഇനമായിരുന്നു വിഷയം.തല മൊട്ടയടിക്കല്‍ ,ഒരു മാസത്തെ സൌജന്യ ഭക്ഷണം എന്നിവ എല്ലാം പന്തയ വിഭവങ്ങളായി രംഗത്തെത്തിയെങ്കിലും ,താരമായി മാറിയത് മൊബൈല്‍ ഫോണ്‍ തന്നെ.കയ്യാങ്കളി വരെ എത്തിയ ചര്‍ച്ചയില്‍ ,സമ്മാനമായി നോകിയ 5800 തീരുമാനിച്,അവര്‍ സൌഹൃദ പൂര്‍വ്വം പിരിഞ്ഞു.ലോക കപ്പിന്ശേഷമുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ഇരുകൂട്ടരുടെയും സ്നേഹപൂര്‍വമുള്ള  ക്ഷണം എനിക്കും ലഭിച്ചു.  ഇനി  കാത്തിരിപ്പിന്റെ നാളുകള്‍ . 


                                                                  
                                                                       
ഫുട്ബോളിനോട് അടങ്ങാത്ത അഭിനിവേശം,അഭിനന്ദിക്കപ്പെടെണ്ടത് തന്നെ.ആര്‍ക്കും ഈ നാട്ടുകാരുടെ അത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാനാകില്ല.അതുകൊണ്ടാണല്ലോ രാജ്യത്തെ ഏറ്റവും വലിയ സെവന്‍സ് ടൂര്‍ണമെന്റും മലപ്പുറം ജില്ലയില്‍ തന്നെ സംഘടിക്കപ്പെടുന്നതും.
തിരികെ വരുന്ന വഴിയില്‍ , ഹൃദ്യമായ മറ്റൊരു കാഴ്ച എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.ഒരു ലോക കപ്പിന്റെ മനോഹരമായ   രൂപം തന്നെ ,വണ്ടുരിനു അടുത്തുള്ള ചെട്ടിയാറമ്മല്‍ ജംഗ് ഷനില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഫുട് ബോള്‍ പ്രേമികളായ ഒരു സംഘം ചെറുപ്പക്കാരാണിതിനു പിന്നില്‍ .


                                                                          ചെട്ടിയറമ്മലിലെ ലോകകപ്പ്                  
തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളോട് കിടപിടിക്കുന്ന ഫുട്ബോള്‍ വികാരം സിരകളിലോടുന്ന ഈ ജനതയ്ക്ക് ഇനി ഒരു മാസക്കാലം നിദ്ര ഒഴിഞ്ഞ രാവുകള്‍ . ഇത്രയും ഫുട്ബോള്‍ കമ്പക്കാര്‍ ഇന്ത്യയില്‍ ,ഗോവയും ബംഗാളും ഉള്‍പ്പടെ,മറ്റെവിടെയെങ്ങിലും ഉണ്ടോ എന്ന് തന്നെ സംശയം.ലോക കപ്പിന്റെ അലയടികള്‍ മുഴങ്ങുന്ന കൊച്ചു കേരളത്തിലെ ,ഈ മലപ്പുറം ജില്ല    ലോക ഫുട്ബോളിന്റെ തന്നെ ശ്രദ്ധാ കേന്ദ്രമാകുന്ന കാലം വിദൂരമല്ല എന്ന് നമുക്ക് പ്രത്യാശിക്കാം.  
പ്രത്യേകമായി മലബാറിലെയും,പൊതുവില്‍ കേരളത്തിലെയും എല്ലാ ഫുട്ബോള്‍ പ്രേമികള്‍ക്കും ലോക കപ്പ്‌ ആശംസകള്‍ .                                                           

Saturday, May 8, 2010

പാലക്കാട് ജില്ല-ഷൊര്‍ണ്ണൂര്‍ കവളപ്പാറ കൊട്ടാരം

അടുത്തയിടെ ഷൊര്‍ണൂര്‍ വഴി യാത്ര ചെയ്തപ്പോഴാണ് കവളപ്പാറ കൊട്ടാരത്തെ കുറിച്ച് ഓര്‍മ്മ വന്നത്.ഒന്ന് കണ്ടിട്ട് പോകാമെന്ന് തീരുമാനിച്ചു.പക്ഷെ ക്യാമറ കയ്യില്‍ കരുതിയിട്ടില്ല.മൊബൈല്‍ ക്യാമറയില്‍ കിട്ടുന്നതാകട്ടെ എന്ന് വിചാരിച്ചു കാര്‍ ആ വഴിയിലേക്ക് തിരിച്ചു.ടൌണില്‍ നിന്നും ഏകദേശം മൂന്നു  കി മി പാലക്കാട് റോഡില്‍ യാത്ര ചെയ്‌താല്‍ കൊട്ടാരത്തിലെത്താം.
കൊല്ലിനും കൊലക്കും അധികാരമുണ്ടായിരുന്ന മൂപ്പില്‍ നായരുടെ ഉടമസ്ഥതിയിലുള്ള കവളപ്പാറ കൊട്ടാരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയമാണ്.


പിന്‍ ഭാഗം

മുന്‍ വശത്തുനിന്നുമുള്ള ദൃശ്യം
96 ഗ്രാമങ്ങളുടെ അധിപനായിരുന്ന മൂപ്പില്‍ നായര്‍ക്കു അളവറ്റ വസ്തു വകകള്‍ തന്റെ  അധീനതയിലുണ്ടായിരുന്നു.മണ്ണാര്‍ക്കാട് പ്രദേശമാകെ ഈ കുടുംബതിന്റെതായിരുന്നുവത്രേ.1960 -കളിലെ വ്യവഹാരങ്ങളില്‍ കുടുങ്ങി പഴയ കൊട്ടാരക്കെട്ടു ഇപ്പോള്‍ റിസീവര്‍ ഭരണത്തിലാണ്.ഏതാണ്ട് പൂര്‍ണ്ണമായും നശിക്കാറായ പ്രധാന എടുപ്പും,ഗതകാല സ്മരണകള്‍ പേറി നില്‍ക്കുന്ന വലിയ ഊട്ടുപുരയും ,തകര്‍ന്നു കിടക്കുന്ന സര്‍പ്പക്കാവും ആണ് ഇവിടെ അവശേഷിക്കുന്നവയില്‍ മുഖ്യം.



നാലുകെട്ട്





ഊട്ടുപുര

\
കുളപ്പുരയും കിടങ്ങും



വിശാലമായ മുന്‍ ഭാഗം


സര്‍പ്പക്കാവ്

ക്ഷേത്രം
തകര്‍ന്നു തുടങ്ങിയ നാലുകെട്ടും,കുളപ്പുര മാളികയും ഇതോടൊപ്പമുണ്ട്.വിശാലമായ പറമ്പും.ക്ഷേത്രം , വലിയ പരിക്കുകളില്ലാതെ നിലകൊള്ളുന്നു.കൊട്ടാരക്കെട്ടിന്റെ പുനരുദ്ധാരണത്തിനായി,സംസ്ഥാന പുരാവസ്തു വകുപ്പ് ചില പദ്ധതികള്‍ തയ്യാറാക്കി  എന്ന് കേട്ടിരുന്നുവെങ്കിലും ,അവയൊന്നും ഇത് വരെ യാഥാര്‍ത്ഥ്യമായിട്ടില്ല.

Followers

ജാലകം
chintha.com

About Me

My photo
a travel enthusiast who enjoys humour

About This Blog

സഞ്ചാരത്തിനിടയിലെ ചില കാഴ്ചകള്‍;ചിത്രീകരണ മികവ് തുലോം കമ്മി .അത്ര മാത്രം

FEEDJIT Live Traffic Feed

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP