Saturday, December 17, 2011

ഹോങ്കോങ് യാത്ര-2





                                       

                                                 ഹോങ്കോങ് യാത്രാക്കുറിപ്പുകള്‍ -2



                       (ഹോങ്കോങ് യാത്രാക്കുറിപ്പുകള്‍-1  ഇവിടെ)



ഹോങ്കോങ് നഗരത്തിന്റെ ഒരു പ്രധാന ഭാഗമാണു കോവ് ലൂണ്‍.അവിടെയാണു ഞങ്ങളുടെ ഹോട്ടല്‍.കാര്‍ഹോട്ടലിന്റെപാര്‍ക്കിംഗഏരിയായിലെത്തി.ലഗേജുകളെല്ലാമെടുത്ത്,റിസപ്ഷനിലെത്തി ചെക്ക്-ഇന്‍ ചെയ്തു.തരക്കേടില്ലാത്ത ഒരു ഹോട്ടലാണു മെട്രോപാര്‍ക്ക്.ആദ്യം തന്നെ രണ്ട് സെറ്റ് ക്യാമറ ബാറ്ററികളും ചാര്‍ജ് ചെയ്യാന്‍ വച്ചു .ബാറ്ററികളുടെ ചാര്‍ജ് പോയതായിരുന്നു നേരത്തെയുണ്ടായ പ്രശ്നം. നേരം ഉച്ച കഴിഞ്ഞിരിക്കുന്നു,ഭക്ഷണം കഴിക്കണം.ഇന്ത്യന്‍ റെസ്റ്റോറന്റ് തേടി നടക്കാന്‍ സാധിക്കുകയില്ല,അതാത് സ്ഥലത്തെ ഭക്ഷണം കഴിക്കണം എന്ന് മുന്‍ കൂര്‍ കരാറിലാണു പ്രിയപത്നിയെ കൊണ്ടുവന്നിരിക്കുന്നതു തന്നെ.ഹോട്ടലിനു തൊട്ടടുത്ത് തന്നെയുള്ള ഒരു റെസ്റ്റോറന്റില്‍ നിന്നുംതനി ഹോങ്കോങ്  ഭക്ഷണം തന്നെ കഴിച്ച്നഗരകാഴ്ചകള്‍ കാണുവാനായിറങ്ങി.
                                                                            മോങ്കോക്  ഈസ്റ്റ് സ്റ്റേഷന്‍

മോങ്കോക് റെയില്‍ വേ സ്റ്റേഷനാണു ആദ്യ ലക്ഷ്യം.അവിടെ നിന്നും,നേരത്തേ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നടത്തിയിരിക്കുന്ന ചൈനയിലേക്കുള്ള ട്രെയിന്‍ റ്റിക്കറ്റ് വാങ്ങണം.മറ്റന്നാള്‍ വൈകിട്ടാണു ഗോങ്ചോയ്ക്കുള്ള ട്രെയിന്‍. നടക്കാവുന്ന ദൂരത്താണു ഈ സ്റ്റേഷന്‍. സ്റ്റേഷനിലെത്തി.നമ്മുടെ നാട്ടിലെ ഒരു ചെറിയ വിമാനത്താവളം പോലെയുണ്ട് മോങ്കോക് ഈസ്റ്റ് സ്റ്റേഷന്‍.വലിയ ഒരു ഷോപ്പിങ് മോളിനുള്ളിലായാണു സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.കസ്റ്റമര്‍ സര്‍വീസ് സെന്ററിലെത്തി റ്റിക്കറ്റും വാങ്ങി പുറത്തു കടന്നു.
                                                                            മോങ്കോക്  ഈസ്റ്റ് സ്റ്റേഷന്‍

സമയം വളരെക്കുറവായതു കൊണ്ട് കാഴ്ചകളെല്ലാം തിടുക്കത്തില്‍ കണ്ട് തീര്‍ക്കാനാണു പരിപാടി.വൈകും വരെ ഇവിടെല്ലാം ഒന്നു ചുറ്റിക്കറങ്ങി,രാത്രിയിലത്തെ ഹോപ് ഓണ്‍-ഹോപ് ഓഫ് ബസ്സില്‍ നഗരക്കാഴ്ചകള്‍ കാണാനാണു പദ്ധതി.ആദ്യം മോങ്കോക് ബേര്‍ഡ് മാര്‍കറ്റിലെത്തി,പക്ഷികളേയും മറ്റും വില്‍ക്കുന്ന ഒരിടം,നമുക്ക് താല്പര്യം തോന്നുന്നതൊന്നുമില്ല താനും.ടാക്സി കാശ് സ്വാഹ! നഗരത്തിന്റെ പ്രധാന ഷോപ്പിങ് ഏരിയായിലേക്ക് തിരിച്ചു.സിം-ഷ സൂയ്  എന്ന സ്ഥലത്താണിപ്പോള്‍,വളരെ തിരക്ക് പിടിച്ച ഒരിടം,നിറയെ കടകള്‍.

                                                                                                   സിം-ഷ സൂയ്  

എവിടേയും സൌന്ദര്യ വര്‍ധക വസ്തുക്കളുടെയും മറ്റുംബ്രാണ്ടഡ് ഷോപ്പുകള്‍.അതിലൂടെയെല്ലാം ഒന്ന് ചുറ്റിയടിച്ചപ്പോഴേക്കും സമയം സന്ധ്യയായി,ഇനി ഹോപ് ഓണ്‍-ഹോപ് ഓഫ് ബസ് പിടിക്കണം.ഒരു റ്റാക്സിയില്‍ ബസ് പിക്ക്-അപ് ഏരിയയിലേക്ക് തിരിച്ചു.പൊടുന്നനെ മഴ തുടങ്ങിയിരിക്കുന്നു,അതും നല്ല ശക്തമായ മഴ.ഹോങ്കോങില്‍ അങ്ങനെയാണത്രേ ഒരു മുന്നറിയിപ്പുമില്ലാതെയാണു മഴ വരുന്നതും പോകുന്നതും.മുകള്‍ഭാഗം തുറന്ന ബസിലെ യാത്ര നടക്കില്ലെന്നുറപ്പായി.അതോടെ ഒരു ഷോപ്പിങ്മാളിനു സമീപമിറങ്ങി.അതിന്റെ വാതില്‍ക്കല്‍ തന്നെ  തെക്കേഇന്ത്യന്‍ ഛായയുള്ള കുറെ ചെറുപ്പക്കാര്‍.കോഴിക്കോട്ടുകാരന്‍ ഫസലും സംഘവുമാണു.അവര്‍ ചൈനയില്‍ വിദ്യാഭ്യാസം നടത്തുന്നവരാണു,അതോടൊപ്പം ചെറിയ കച്ചവടവും.അതിന്റെ ഭാഗമായി ഇവിടെ എത്തിയതാണു.കുശലപ്രശ്നം കഴിഞ്ഞിട്ടും മഴ തോരുന്ന മട്ടില്ല,സമയം എട്ടര മണിയായിരിക്കുന്നു,രക്ഷയില്ല.വീണ്ടും ടാക്സിയില്‍ ഹോട്ടലിലേക്ക്.ഇന്നത്തെ കാഴ്ചകള്‍ തഥൈവയായിരിക്കുന്നു.ഒരു സൂപ്പും അകത്താക്കി,കുറച്ച് പഴങ്ങളും വാങ്ങി തിരികെ മുറിയിലെത്തി.കുളി കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുമ്പോഴും ഹോപ് ഓണ്‍-ഹോപ് ഓഫ് ബസ്സില്‍ കയറി  നഗരക്കാഴ്ചകള്‍ കാണാന്‍ കഴിയാത്തതിലുള്ള വിഷമം മാറിയിരുന്നില്ല.
പിറ്റേന്ന് അതിരാവിലെ തയ്യാറായി ഹോട്ടല്‍ റിസപ്ഷനിലെത്തി.എട്ടു മണിക്കാണു വിശ്വ   പ്രസിദ്ധമായ ഡിസ്നി ലാന്റ് ടൂറിനായി പോകേണ്ടത്.കൃത്യ സമയത്ത് തന്നെ വാഹനം എത്തി.നഗരാതിര്‍ത്തി പിന്നീട്ടതും ചെറു മഴ തുടങ്ങി.ഇത്തവണ മഴ കൃത്യമായി കൂടെയുണ്ടെന്ന് തോന്നുന്നു.(ഇത്തവണ ഒപ്പം വന്നിരിക്കുന്ന ആളുടെ സമയം കൊണ്ടാകാം ഹ ഹ )  യാത്ര കുളമാകാനുള്ള എല്ലാ സാദ്ധ്യതയും മുന്നില്‍ തെളിയുന്നു.ഭാഗ്യം ഏതായാലും മഴ നീണ്ടുനിന്നില്ല,എന്നു മാത്രമല്ല പിന്നീടങ്ങോട് ഒരു ദിവസം പോലും മഴ ശല്യപ്പെടുത്തിയതുമില്ല.ആളുടെ സമയം മോശമല്ല!!.ഇടദിവസമായതു ഡിസ്നിലാണ്ടിലേക്കുള്ള റോഡിലും വലിയ തിരക്കില്ല.

വലിയ കമാനങ്ങളുള്ള പാലങ്ങളിലൂടെയൊക്കെ കാര്‍ നീങ്ങിക്കൊണ്ടിരുന്നു. അരമണിക്കൂര്‍ കൊണ്ട് ഡിസ്നി ലാന്റ് പാര്‍ക്കിങ്ങിലെത്തി,ഇവിടുന്നങ്ങോട് സ്വകാര്യവാഹനങ്ങള്‍ കടത്തി വിടുകയില്ല.ടിക്കറ്റും കയ്യിലേല്‍പ്പിച്ച് ഡ്രൈവര്‍ തിരികെപ്പോയി.



                                                                                                     ഡിസ്നി ലാന്റ്

പ്രവേശന കവാടം ദൂരെനിന്നേ കാണാം.തരക്കേടില്ലാത്ത ആള്‍ത്തിരക്കും.ക്യൂവിലൂടെ അകത്ത് പ്രവേശിച്ചു,വിശദമായ പരിശോധനകള്‍ക്ക് ശേഷമാണു പ്രവേശനം,ഭക്ഷണ സധനങ്ങളൊന്നും അനുവദനീയമല്ല.ആദ്യം തന്നെ ഒരു മാപ് സംഘടിപ്പിച്ചു.(പലരും, പലവുരു മനോഹരമായി പറഞ്ഞ, ഡിസ്നി ലാന്റ് കാഴ്ചകള്‍ വര്‍ണ്ണിക്കുന്നത് അരോചകമാകുമെന്നുള്ളതു കൊണ്ട് അതിനു മുതിരുന്നില്ല,ഒരു ചെറിയ വിവരണം മാത്രം).
ആദ്യം തന്നെ ഡിസ്നി ലാന്റ് റെയിലില്‍ ഒരു യാത്ര ആകാമെന്നു കരുതി.നല്ല ജനക്കൂട്ടം തന്നെ ക്യൂവിലുണ്ട്.ഡിസ്നി ലാന്റിനു ഒന്നു വലം വച്ചു വരാം ഈ ട്രെയിനില്‍.

                                                                                         ഡിസ്നി ലാന്റ്  സ്റ്റേഷന്‍

പാര്‍ക്കിനെക്കുറിച്ച് ഒരു ധാരണയും ലഭിക്കും.ട്രെയിനില്‍ ഒന്നല്ല,രണ്ടു തവണ വലം വച്ചു.

ടാര്‍സന്‍ ഐലന്റ്

 ടാര്‍സന്‍ ഐലന്റിലെ പ്ലാസ്റ്റിക് വൃക്ഷം

പിന്നീട് എല്ലാ ഭാഗങ്ങളും ചുറ്റിക്കണ്ടതിനു ശേഷം അഡ്വെഞ്ചര്‍ ലാന്റ് രെസ്റ്റോറന്റില്‍ നിന്നു ഉച്ച ഭക്ഷണവും കഴിച്ച് ,അതിനോടു ചേര്‍ന്നുള്ള തടാകത്തിലൂടെ ഒരു ചങ്ങാട യാത്രയും നടത്തിവിവിധ റൈഡുകളെല്ലാംആ സ്വദിച്ച്,3ഡി തീയേറ്ററിലെ സിനിമാ പ്രദര്‍ശനവും കഴിഞ്ഞപ്പോഴേക്കും ഡിസ്നി ലാന്റ് പരേഡ് തുടങ്ങി.അപ്പോഴേക്കും നേരം ഇരുട്ടിതുടങ്ങിയിരിക്കുന്നു.ആബാലവൃദ്ധം ജനങ്ങളും ആസ്വദിക്കുന്ന നിരവധികാഴ്ചകള്‍ കൊണ്ട് സമ്പന്നമാണു ഇവിടം എന്ന് പറയാതെ വയ്യ.
തിരികെ ഡിസ്നി ലാന്റ്റെയില്‍ വേ സ്റ്റേഷനില്‍ നിന്നും മെട്രോയില്‍ മടങ്ങാനാണു പരിപാടി.വെണ്ടിങ്മെഷീനില്‍ നിന്നും ടിക്കറ്റും വാങ്ങി പ്ലാറ്റ്ഫോമിലേക്കിറങ്ങി.

                                                  ഡിസ് നി ലാന്റ് മെട്രോ റെയില്‍ വേ സ്റ്റേഷന്‍



                                                                                           ഹോങ്കോങ് മെട്രോ

വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു സിസ്റ്റമാണു ഈ മെട്രോയുടേത്.വിവിധ നിറങ്ങളിലുള്ള ലൈനുകള്‍.യാതൊരു സംശയത്തിനും ഇടവരാതെ ,ട്രെയിനുകള്‍ മാറിക്കയറി നമ്മള്‍ക്ക് ലക്ഷ്യസ്ഥാനത്തെത്താം.മൂന്നു ട്രെയിനുകള്‍ മാറിക്കയറേണ്ടി വന്നിട്ടും,ആരോടും വഴിപോലും ചോദിക്കാതെ,ഞങ്ങള്‍ക്ക് താമസസ്ഥലത്തെത്താനായി എന്നതു തന്നെ ഈ മെട്രോയുടെ കാര്യ ക്ഷമതക്കുദാഹരമാണല്ലോ.കൊച്ചിമെട്രോയുംഇങ്ങനെയാകുമെന്ന്നമുക്കാശിക്കാം! ചെറിയൊരാഹാരത്തിനു ശേഷം തിരികെ മുറിയിലെത്തി.നാളെ ഒരു ഹാഫ് ഡേ സിറ്റി ടൂര്‍ ബുക്ക് ചെയ്തിട്ടുണ്ട്.അതിനുശേഷം വൈകിട്ടുള്ള ട്രെയിനില്‍ ചൈനക്ക് തിരിക്കണം.
രാവിലെ ഹോട്ടല്‍ ലോബിയിലെത്തി .7.55 നു തന്നെ ഗൈഡ് എത്തിക്കഴിഞ്ഞു.ഇവോണ്‍ എന്നു പേരായ ഒരു യുവതിയാണു ഇന്നത്തെ ഗൈഡ്. ഇവരുടെ സമയക്ലിപ്തത വളരെ അഭിനന്ദാര്‍ഹമാണു.ഇത്തവണ ഒരു മിനിവാനിലാണു യാത്ര.രണ്ട് ഹോട്ടലുകളില്‍ നിന്നും സഹയാത്രികരേയും കയറ്റി യാത്ര തുടര്‍ന്നു.മൂന്ന് അമേരിക്കന്‍ കുടുംബങ്ങളാണു സഹയാത്രികര്‍.തമാശയൊക്കെ പറഞ്ഞ്,ചിരിച്ചുല്ലസിച്ചാണു അവരുടെ യാത്ര.“മാ“ എന്ന ബുദ്ധക്ഷേത്ര സന്ദര്‍ശനമാണു പരിപാടിയിലെ ആദ്യ ഇനം.


                                                                                                       ബുദ്ധക്ഷേത്രം

വളരെ പുരാതനമായ ഈ ക്ഷേത്രത്തില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണു.അവിടെ നിന്നും പുറത്തിറങ്ങി കുറെസമയം കഴിഞ്ഞിട്ടും ഒരു അമേരിക്കന്‍ ദമ്പതികള്‍ എത്തിയിട്ടില്ല.ക്ഷേത്രത്തില്‍ ദീര്‍ഘമായ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുകയാണവര്‍.ആ സമയം കൊണ്ട് കുറച്ച് ചിത്രങ്ങളെടുത്തു.അപ്പോഴേക്കും അവരെത്തി.ഇനി വിക്ടോറിയാ പീക് ആണു അടുത്ത് ലക്ഷ്യം.10 മിനിറ്റുനുള്ളില്‍ താഴ്വാരത്തെത്തി.വലിയ തിരക്കൊന്നുമില്ല.ട്രാ‍മിലാണു മല കയറ്റം.

                                                                                          വിക്ടോറിയ പീക് ട്രാം

ഇവോണ്‍ റ്റിക്കറ്റ് വാങ്ങി വന്നു.വളരെ പതുക്കെ ഒരു ട്രാം വന്നു നിന്നു.നമ്മുടെ ബസിന്റെ ആകൃതിയിലുള്ള ഒരു വാഹനം.മരത്തിന്റെ സീറ്റുകളും,രണ്ട് വശവും കാഴ്ചകള്‍ കാണാനുതകുന്ന വിശാലമായ ഗ്ലാസ് ജനലുകളും ഇതിന്റെ പ്രത്യേകതകളാണു.ഇരുപത്തിയഞ്ചോളം പേര്‍ക്ക് ഒരു ട്രാമില്‍ സഞ്ചരിക്കാനാകും.ട്രാം മെല്ലെ നീങ്ങിത്തുടങ്ങി.ഉയരത്തിലേക്കെത്തുമ്പോഴേക്കും കൂടുതല്‍ കൂടുതല്‍ കാഴ്ചകള്‍ കണ്‍ മുന്നില്‍ തെളിഞ്ഞു തുടങ്ങി.



7-8 മിനിറ്റ് കൊണ്ട് ട്രാം പീകിലെത്തിക്കഴിഞ്ഞു.അര മണിക്കൂര്‍ ആണു ഗൈഡ് അവിടെ അനുവദിച്ചിരിക്കുന്ന സമയം.പീക്കില്‍ നിറയെ സഞ്ചാരികളാണു,ഏവരും ചിത്രങ്ങളെടുക്കുന്ന തിരക്കിലും.താഴെ ഹോങ്കോങ് നഗരത്തിലെ അംബര ചുംബികള്‍ വ്യക്തമായി കാണാം.ഇവിടെനിന്നും രാത്രിയിലെ ലേസര്‍ വെളിച്ചത്തില്‍ മുങ്ങിയ നഗരകാഴ്ചകളാണു ചേതോഹരം  എന്നു ഇവോണ്‍ പിന്നീട് പറയുകയുണ്ടായി.നിരവധി സുവനീര്‍ ഷോപ്പുകളും,റെസ്റ്റോറന്റുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.മറ്റേതൊരു ടൂറിസ്റ്റ്കേന്ദ്രത്തേയും പോലെ തീ വിലയും. ഇവോണിന്റെ കര്‍ക്കശ സ്വഭാവം കൊണ്ടാകാം ഇപ്രാവശ്യം പറഞ്ഞ സമയത്ത് തന്നെ എല്ലാവരും തിരിച്ചെത്തിക്കഴിഞ്ഞു .അബര്‍ഡീന്‍ ഫിഷിങ് വില്ലേജാണു ഇനി കാണുവാനുള്ള ഒരു പ്രദേശം.മലയിറങ്ങി വാന്‍ ചെറിയ ഒരു ബോട്ട്ജെട്ടിയിലെത്തി.വിശാലമായ ഒരു പ്രദേശമാണിവിടം,സന്ദര്‍ശകരെക്കാത്ത് നിരവധി ബോട്ടുകള്‍.20 മിനിറ്റ് നീളുന്ന ഒരു ബോട്ട് യാത്ര


.                                 ഒരു വല്യമ്മ ഞങ്ങള്‍ക്കുള്ള ബോട്ടുമായി കാത്ത് നില്‍ക്കുന്നുണ്ട്.

അനവധിബോട്ടുകള്‍ക്കിടയിലൂടെ ഒന്നു ചുറ്റിക്കറക്കി, തിരികെ ബോട്ട്ജെട്ടിയിലിറക്കി, ആളൊന്നിനു 60 ഡോളറും വാങ്ങി വല്യമ്മ സ്ഥലം വിട്ടു.യാതൊരു മൂല്യവുമില്ലാത്ത ഒരു പരിപാടിയായിട്ടാണു ഇതെനിക്കനുഭവപ്പെട്ടത്.തുടര്‍ന്നു, മറ്റ് പലരാജ്യങ്ങളിലേയും ,പതിവു പരിപാടിയായ,ജെം ഫാക്ടറി സന്ദര്‍ശനമായിരുന്നു.തിടുക്കത്തില്‍ ഞങ്ങള്‍ അതിനുള്ളില്‍ നിന്നും പുറത്തിറങ്ങി, ഈ ഹാഫ് ഡേ ടൂറിലെ അവസാന ഇനമായ, പ്രസിദ്ധമായ സ്റ്റാന്‍ലി മാര്‍ക്കറ്റിലേക്ക് യാത്രയായി.

                                                                                              സ്റ്റാന്‍ലി മാര്‍ക്കറ്റ്

അവിടുത്തെ ഷോപ്പിങ്ങിനു ശേഷം എല്ലാവരും അവരവരുടെ വഴിയ്ക്ക് പിരിയുകയാണു.ഞങ്ങളെ ഹങ്-ഹോം സ്റ്റേഷനിലിറക്കാമെന്നാണു ഇവോണിന്റെ വാഗ്ദാനം.സാമാന്യ വിലക്കു സാധനങ്ങള്‍ ലഭിക്കുന്ന വലിയൊരു മാര്‍ക്കറ്റാണിവിടം.അല്ലറ ചില്ലറ ഷോപ്പിങ്ങിനു ശേഷം ഏകദേശം 3 മണിയോടെ ഞങ്ങളെ സ്റ്റേഷനിലിറക്കി,കര്‍ക്കശക്കാരിയായ ആ ഗ്ഗൈഡ്,ഇവോണ്‍ വിട പറഞ്ഞു.സ്റ്റാന്‍ലി മാര്‍ക്കറ്റില്‍ വച്ചു തന്നെ അമേരിക്കന്‍ കുടുംബങ്ങളും യാത്ര പറഞ്ഞിരുന്നു.
വളരെ വലിയൊരു റെയില്‍ വേ സ്റ്റേഷനാണു ഹങ്-ഹോം.

                                                                                      ഹങ്-ഹോം സ്റ്റേഷന്‍

ചൈന മെയിന്‍ ലാന്റിലേക്കുള്ള ട്രെയിനുകളെല്ലാം ഇവിടെ നിന്നുമാണു പുറപ്പെടുന്നത്.അനേകം ഷോപ്പുകളും,റെസ്റ്റോറന്റുകളും ഇതിനകത്തുണ്ട്.മക് ഡോണാള്‍ഡില്‍ നിന്നും ഭക്ഷണ ശേഷം ഞങ്ങള്‍ ചെക്ക്-ഇന്‍ കൌണ്ടറിലേക്ക് നടന്നു.ചൈനയിലെ ഗോങ് ഡോങ് പ്രവിശ്യയിലുള്ള,ഗോങ്-ചോ നഗരത്തിലേക്കാണു ഞങ്ങളുടെ യാത്ര. ഇമ്മിഗ്രേഷന്‍,കസ്റ്റംസ് നടപടികള്‍ മുതലായവ ഇവിടെ പൂര്‍ത്തിയാക്കാനുണ്ട്.അവിടെ ചെന്നപ്പോഴുണ്ട് സാമാന്യം വലിയൊരു ക്യൂ! നൂറു പേരോളം മുന്നിലുണ്ട്.4.35 നു ആണു ട്രെയിന്‍,കൌണ്ടര്‍ 4.00 മണിക്കു മാത്രമേ തുറക്കുകയുള്ളൂ താനും.അതിനിടയ്ക്കു കര്‍ശനമായ ലഗേജിന്റെ സൈസ് പരിശോധനയും.ചെറിയ ടെന്‍ഷനുമായി ,കൌണ്ടര്‍ തുറക്കുന്നതു കാത്ത് ഞങ്ങളും ആ ക്യൂവിന്റെ ഭാഗമായി കാത്തു നിന്നു.

.




Followers

ജാലകം
chintha.com

About Me

My photo
a travel enthusiast who enjoys humour

About This Blog

സഞ്ചാരത്തിനിടയിലെ ചില കാഴ്ചകള്‍;ചിത്രീകരണ മികവ് തുലോം കമ്മി .അത്ര മാത്രം

FEEDJIT Live Traffic Feed

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP