Sunday, January 16, 2011

ശബരിമല പുല്ലുമേട് ദുരന്തം

ഇത് സഞ്ചാരത്തിനിടയിലെ കാഴ്ചകള്‍ ആണെന്നെനിക്കു തോന്നുന്നില്ല.കാണുവാന്‍ രസകരമായ കാഴ്ചകളുമല്ല.പക്ഷെ അവിടെ ഉണ്ടായ അത്യാഹിതത്തിന്റെ ചില ചിത്രങ്ങള്‍ ഒന്ന് പോസ്റ്റ് ചെയ്യണമെന്നു തോന്നി.

                                                                      പുല്ലുമേടിലേക്കുള്ള കാനനപാത                       
 ഇന്നലെ കുമളി-വണ്ടിപ്പെരിയാര്‍ ഭാഗങ്ങളില്‍ ഉണ്ടായിരുന്നത് കൊണ്ട്, വാര്‍ത്ത അറിഞ്ഞ ഉടനെ ഒരു ഫോര്‍വീല്‍ വാഹനം സംഘടിപ്പിച്ച് അങ്ങോട്ടേക്ക് തിരിച്ചു.പ്രത്യേക അനുമതിയോടെ മാത്രമെ അവിടം സന്ദര്‍ശിക്കുവാന്‍ സാധിക്കുകയുള്ളൂ.
                                                                                          പുല്ലുമേട്-ഒരു കാഴ്ച
വണ്ടിപ്പെരിയാര്‍ കക്കികവലയില്‍ നിന്നും ഗവി റോഡില്‍ ഏകദേശം 14 കിമി പോയാല്‍ നാലാം മൈല്‍ എത്തി.അവിടെ നിറയെ പോലീസുകാരുണ്ട്.അവിടെ നിന്നും വലത്തൊട്ടു 11 കിലോമീറ്ററോളം യാത്ര ചെയ്താല്‍ പുല്ലുമേട് പ്രദേശം.പുല്ലുമേടിന്റെ തെക്കേ അതിര്‍ത്തിയാണു ഉപ്പുപാറ. 
                  അങ്ങ് ദൂരെ മലയുടെ അതിരില്‍നിന്നുമാണു ശബരിമലയിലേക്കുള്ള ഇറക്കം തുടങ്ങുന്നത്


അവിടെ നിന്നുമാണു ശബരിമലയിലേക്കുള്ള ഇറക്കം(6കിമി)ആരംഭിക്കുന്നത്. ഇങ്ങനെ ഒരു ദുരന്തം സംഭവിക്കുവാന്‍ യാതൊരുവിധ സാധ്യതയുമുള്ള പ്രദേശമല്ല പുല്ലുമേട് എന്നു അവിടെയെത്തുന്ന ഏതൊരാള്‍ക്കും മനസ്സിലാകും.ഒട്ടുമുക്കാല്‍ ഭാഗവും നിരപ്പായ ഒരു സ്ഥലം.നമ്മുടെ സംവിധാനങ്ങളുടെ അപര്യാപ്തത ഒന്നുകൊണ്ടു മാത്രമാണു ദുരന്തം.
വിശാലമായ വഴിയിലൂടെ ദര്‍ശനം കഴിഞ്ഞ് തിങ്ങി നിറഞ്ഞു വരുന്ന ആളുകള്‍ പെട്ടെന്ന് ഇതേപാതയില്‍. ഒരു ബോട്ടില്‍ നെക്കിലേക്കു എത്തിപ്പെടുന്നു.
                                                                                     പാത ഇടുങ്ങിയതായി മാറുന്നു

കാരണം ഇരുവശവും താല്‍ക്കാലിക കടകള്‍ നിറഞ്ഞ ഇവിടെ 12 അടി മാത്രമാണു റോഡിനു വീതി,അവിടെ മുതല്‍ ചെറിയ ഒരു ഇറക്കവും.പിന്നീടുള്ള ഒരു 15 മീറ്റര്‍നീളത്തില്‍ ആണു അത്യാഹിതം സംഭവിച്ചത്.
                                                                                                    ചെറിയ ഒരിറക്കം

                                                ഈ ഇരുമ്പ് ചാനലിലൂടെയാണു വാഹനങ്ങള്‍ തടയാനുള്ള ചങ്ങല ഇട്ടിരുന്നത്കാടായ കാട്ടിലെല്ലാം സോളാര്‍ ലൈറ്റ് വൈക്കുന്ന വനംവകുപ്പുകാര്‍ ഇവിടെ പേരിനു പോലും ഒരു ലൈറ്റ് വച്ചതായി കണ്ടില്ല.കടകളില്‍ നിന്നുമുണ്ടായിരുന്ന പെട്രോള്‍മാക്സ് വെളിച്ചം മാത്രമാണു അന്നുണ്ടായിരുന്നത്.

ഏറ്റവും അപകടകരമായി നിന്നിരുന്നത് റോഡീനു ഒത്തനടുവില്‍ കണ്ട ഒരു ഇരുമ്പ് ചാനലാണു.റോഡിനു കുറുകെ ഉണ്ടായിരുന്ന ചങ്ങല ഇരുമ്പ് ചാനലിനുള്ളിലൂടെയാണു ഇട്ടിരുന്നത്. 
 ഒരു തരി വെളിച്ചം പോലുമില്ലാതെ, ഈ ഇടുങ്ങിയ പാ‍ത തിങ്ങിനിറഞ്ഞ്, ആയിരങ്ങള്‍ നല്ല വേഗതയില്‍ വരുന്നു.ചങ്ങലയിലും,ഇരുമ്പ് കുറ്റിയിലും തട്ടി മുന്‍ നിരക്കാര്‍ താഴെ വീഴുന്നു,അവരെ ചവിട്ടി മെതിച്ച് പതിനായിരങ്ങള്‍ കടന്നു പോകുന്നു!!വെറും പതിനഞ്ച്-ഇരുപത് മീറ്റര്‍ നീളം സ്ഥലത്താണു ഇത് സംഭവിച്ചതെന്ന് പറയുന്നു!


കുറ്റാകൂരിരുട്ടില്‍ ചങ്ങലയില്‍ തട്ടി വീണ നൂറുകണക്കിനാളുകളുടെ ശരീരം തുളച്ചത് ചാനലും.ഇപ്പോഴും അത് മാറ്റിയിട്ടില്ല!!!


        അപകടത്തിനിരയായവരുടെ സാധന സാമഗ്രികളുടെ  ഹൃദയഭേദകമായ കാഴ്ച
അന്വേഷണ കമ്മീഷനും,അന്വേഷണങ്ങളും എന്തെല്ലാം കണ്ടെത്തലുകള്‍ നടത്തിയാലും അത്യവശ്യം വെളിച്ചവും,ബലവത്തായ പൈപ്പ് വേലിയും,കുറച്ച് സുരക്ഷാ ഉദ്യോഗസ്ഥരും ഈ സ്ഥലത്തുണ്ടായിരുന്നെങ്കില്‍ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല  അതി ദാരുണമായ  ഈ ദുരന്തം എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും.
ഉണ്ടെന്ന് പറയപ്പെടുന്ന എട്ടോ പത്തോ കടുവകള്‍ക്കായി ,കോടിക്കണക്കിനു രൂപ പലപ്രോജക്റ്റുകളില്‍ ചിലവഴിക്കുമ്പോഴും ,ഒരു മരം പോലുമില്ലാത്ത ഇവിടെ ഇനിയെങ്കിലും  മനുഷ്യജീവന്‍ ഹോമിക്കപ്പെടാതിരിക്കുവാനുള്ള,  അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാനുള്ള വനംവകുപ്പിന്റെ വിമുഖത മാറിയേതീരൂ.  കാലഹണപ്പെട്ട നിയമങ്ങളാണു കാരണമെങ്കില്‍ , ശബരിമല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടുള്ള നിയമങ്ങളുടെ പൊളിച്ചെഴുത്തും....

Followers

ജാലകം
chintha.com

About Me

My photo
a travel enthusiast who enjoys humour

About This Blog

സഞ്ചാരത്തിനിടയിലെ ചില കാഴ്ചകള്‍;ചിത്രീകരണ മികവ് തുലോം കമ്മി .അത്ര മാത്രം

FEEDJIT Live Traffic Feed

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP