Saturday, December 17, 2011

ഹോങ്കോങ് യാത്ര-2

                                       

                                                 ഹോങ്കോങ് യാത്രാക്കുറിപ്പുകള്‍ -2                       (ഹോങ്കോങ് യാത്രാക്കുറിപ്പുകള്‍-1  ഇവിടെ)ഹോങ്കോങ് നഗരത്തിന്റെ ഒരു പ്രധാന ഭാഗമാണു കോവ് ലൂണ്‍.അവിടെയാണു ഞങ്ങളുടെ ഹോട്ടല്‍.കാര്‍ഹോട്ടലിന്റെപാര്‍ക്കിംഗഏരിയായിലെത്തി.ലഗേജുകളെല്ലാമെടുത്ത്,റിസപ്ഷനിലെത്തി ചെക്ക്-ഇന്‍ ചെയ്തു.തരക്കേടില്ലാത്ത ഒരു ഹോട്ടലാണു മെട്രോപാര്‍ക്ക്.ആദ്യം തന്നെ രണ്ട് സെറ്റ് ക്യാമറ ബാറ്ററികളും ചാര്‍ജ് ചെയ്യാന്‍ വച്ചു .ബാറ്ററികളുടെ ചാര്‍ജ് പോയതായിരുന്നു നേരത്തെയുണ്ടായ പ്രശ്നം. നേരം ഉച്ച കഴിഞ്ഞിരിക്കുന്നു,ഭക്ഷണം കഴിക്കണം.ഇന്ത്യന്‍ റെസ്റ്റോറന്റ് തേടി നടക്കാന്‍ സാധിക്കുകയില്ല,അതാത് സ്ഥലത്തെ ഭക്ഷണം കഴിക്കണം എന്ന് മുന്‍ കൂര്‍ കരാറിലാണു പ്രിയപത്നിയെ കൊണ്ടുവന്നിരിക്കുന്നതു തന്നെ.ഹോട്ടലിനു തൊട്ടടുത്ത് തന്നെയുള്ള ഒരു റെസ്റ്റോറന്റില്‍ നിന്നുംതനി ഹോങ്കോങ്  ഭക്ഷണം തന്നെ കഴിച്ച്നഗരകാഴ്ചകള്‍ കാണുവാനായിറങ്ങി.
                                                                            മോങ്കോക്  ഈസ്റ്റ് സ്റ്റേഷന്‍

മോങ്കോക് റെയില്‍ വേ സ്റ്റേഷനാണു ആദ്യ ലക്ഷ്യം.അവിടെ നിന്നും,നേരത്തേ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നടത്തിയിരിക്കുന്ന ചൈനയിലേക്കുള്ള ട്രെയിന്‍ റ്റിക്കറ്റ് വാങ്ങണം.മറ്റന്നാള്‍ വൈകിട്ടാണു ഗോങ്ചോയ്ക്കുള്ള ട്രെയിന്‍. നടക്കാവുന്ന ദൂരത്താണു ഈ സ്റ്റേഷന്‍. സ്റ്റേഷനിലെത്തി.നമ്മുടെ നാട്ടിലെ ഒരു ചെറിയ വിമാനത്താവളം പോലെയുണ്ട് മോങ്കോക് ഈസ്റ്റ് സ്റ്റേഷന്‍.വലിയ ഒരു ഷോപ്പിങ് മോളിനുള്ളിലായാണു സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.കസ്റ്റമര്‍ സര്‍വീസ് സെന്ററിലെത്തി റ്റിക്കറ്റും വാങ്ങി പുറത്തു കടന്നു.
                                                                            മോങ്കോക്  ഈസ്റ്റ് സ്റ്റേഷന്‍

സമയം വളരെക്കുറവായതു കൊണ്ട് കാഴ്ചകളെല്ലാം തിടുക്കത്തില്‍ കണ്ട് തീര്‍ക്കാനാണു പരിപാടി.വൈകും വരെ ഇവിടെല്ലാം ഒന്നു ചുറ്റിക്കറങ്ങി,രാത്രിയിലത്തെ ഹോപ് ഓണ്‍-ഹോപ് ഓഫ് ബസ്സില്‍ നഗരക്കാഴ്ചകള്‍ കാണാനാണു പദ്ധതി.ആദ്യം മോങ്കോക് ബേര്‍ഡ് മാര്‍കറ്റിലെത്തി,പക്ഷികളേയും മറ്റും വില്‍ക്കുന്ന ഒരിടം,നമുക്ക് താല്പര്യം തോന്നുന്നതൊന്നുമില്ല താനും.ടാക്സി കാശ് സ്വാഹ! നഗരത്തിന്റെ പ്രധാന ഷോപ്പിങ് ഏരിയായിലേക്ക് തിരിച്ചു.സിം-ഷ സൂയ്  എന്ന സ്ഥലത്താണിപ്പോള്‍,വളരെ തിരക്ക് പിടിച്ച ഒരിടം,നിറയെ കടകള്‍.

                                                                                                   സിം-ഷ സൂയ്  

എവിടേയും സൌന്ദര്യ വര്‍ധക വസ്തുക്കളുടെയും മറ്റുംബ്രാണ്ടഡ് ഷോപ്പുകള്‍.അതിലൂടെയെല്ലാം ഒന്ന് ചുറ്റിയടിച്ചപ്പോഴേക്കും സമയം സന്ധ്യയായി,ഇനി ഹോപ് ഓണ്‍-ഹോപ് ഓഫ് ബസ് പിടിക്കണം.ഒരു റ്റാക്സിയില്‍ ബസ് പിക്ക്-അപ് ഏരിയയിലേക്ക് തിരിച്ചു.പൊടുന്നനെ മഴ തുടങ്ങിയിരിക്കുന്നു,അതും നല്ല ശക്തമായ മഴ.ഹോങ്കോങില്‍ അങ്ങനെയാണത്രേ ഒരു മുന്നറിയിപ്പുമില്ലാതെയാണു മഴ വരുന്നതും പോകുന്നതും.മുകള്‍ഭാഗം തുറന്ന ബസിലെ യാത്ര നടക്കില്ലെന്നുറപ്പായി.അതോടെ ഒരു ഷോപ്പിങ്മാളിനു സമീപമിറങ്ങി.അതിന്റെ വാതില്‍ക്കല്‍ തന്നെ  തെക്കേഇന്ത്യന്‍ ഛായയുള്ള കുറെ ചെറുപ്പക്കാര്‍.കോഴിക്കോട്ടുകാരന്‍ ഫസലും സംഘവുമാണു.അവര്‍ ചൈനയില്‍ വിദ്യാഭ്യാസം നടത്തുന്നവരാണു,അതോടൊപ്പം ചെറിയ കച്ചവടവും.അതിന്റെ ഭാഗമായി ഇവിടെ എത്തിയതാണു.കുശലപ്രശ്നം കഴിഞ്ഞിട്ടും മഴ തോരുന്ന മട്ടില്ല,സമയം എട്ടര മണിയായിരിക്കുന്നു,രക്ഷയില്ല.വീണ്ടും ടാക്സിയില്‍ ഹോട്ടലിലേക്ക്.ഇന്നത്തെ കാഴ്ചകള്‍ തഥൈവയായിരിക്കുന്നു.ഒരു സൂപ്പും അകത്താക്കി,കുറച്ച് പഴങ്ങളും വാങ്ങി തിരികെ മുറിയിലെത്തി.കുളി കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുമ്പോഴും ഹോപ് ഓണ്‍-ഹോപ് ഓഫ് ബസ്സില്‍ കയറി  നഗരക്കാഴ്ചകള്‍ കാണാന്‍ കഴിയാത്തതിലുള്ള വിഷമം മാറിയിരുന്നില്ല.
പിറ്റേന്ന് അതിരാവിലെ തയ്യാറായി ഹോട്ടല്‍ റിസപ്ഷനിലെത്തി.എട്ടു മണിക്കാണു വിശ്വ   പ്രസിദ്ധമായ ഡിസ്നി ലാന്റ് ടൂറിനായി പോകേണ്ടത്.കൃത്യ സമയത്ത് തന്നെ വാഹനം എത്തി.നഗരാതിര്‍ത്തി പിന്നീട്ടതും ചെറു മഴ തുടങ്ങി.ഇത്തവണ മഴ കൃത്യമായി കൂടെയുണ്ടെന്ന് തോന്നുന്നു.(ഇത്തവണ ഒപ്പം വന്നിരിക്കുന്ന ആളുടെ സമയം കൊണ്ടാകാം ഹ ഹ )  യാത്ര കുളമാകാനുള്ള എല്ലാ സാദ്ധ്യതയും മുന്നില്‍ തെളിയുന്നു.ഭാഗ്യം ഏതായാലും മഴ നീണ്ടുനിന്നില്ല,എന്നു മാത്രമല്ല പിന്നീടങ്ങോട് ഒരു ദിവസം പോലും മഴ ശല്യപ്പെടുത്തിയതുമില്ല.ആളുടെ സമയം മോശമല്ല!!.ഇടദിവസമായതു ഡിസ്നിലാണ്ടിലേക്കുള്ള റോഡിലും വലിയ തിരക്കില്ല.

വലിയ കമാനങ്ങളുള്ള പാലങ്ങളിലൂടെയൊക്കെ കാര്‍ നീങ്ങിക്കൊണ്ടിരുന്നു. അരമണിക്കൂര്‍ കൊണ്ട് ഡിസ്നി ലാന്റ് പാര്‍ക്കിങ്ങിലെത്തി,ഇവിടുന്നങ്ങോട് സ്വകാര്യവാഹനങ്ങള്‍ കടത്തി വിടുകയില്ല.ടിക്കറ്റും കയ്യിലേല്‍പ്പിച്ച് ഡ്രൈവര്‍ തിരികെപ്പോയി.                                                                                                     ഡിസ്നി ലാന്റ്

പ്രവേശന കവാടം ദൂരെനിന്നേ കാണാം.തരക്കേടില്ലാത്ത ആള്‍ത്തിരക്കും.ക്യൂവിലൂടെ അകത്ത് പ്രവേശിച്ചു,വിശദമായ പരിശോധനകള്‍ക്ക് ശേഷമാണു പ്രവേശനം,ഭക്ഷണ സധനങ്ങളൊന്നും അനുവദനീയമല്ല.ആദ്യം തന്നെ ഒരു മാപ് സംഘടിപ്പിച്ചു.(പലരും, പലവുരു മനോഹരമായി പറഞ്ഞ, ഡിസ്നി ലാന്റ് കാഴ്ചകള്‍ വര്‍ണ്ണിക്കുന്നത് അരോചകമാകുമെന്നുള്ളതു കൊണ്ട് അതിനു മുതിരുന്നില്ല,ഒരു ചെറിയ വിവരണം മാത്രം).
ആദ്യം തന്നെ ഡിസ്നി ലാന്റ് റെയിലില്‍ ഒരു യാത്ര ആകാമെന്നു കരുതി.നല്ല ജനക്കൂട്ടം തന്നെ ക്യൂവിലുണ്ട്.ഡിസ്നി ലാന്റിനു ഒന്നു വലം വച്ചു വരാം ഈ ട്രെയിനില്‍.

                                                                                         ഡിസ്നി ലാന്റ്  സ്റ്റേഷന്‍

പാര്‍ക്കിനെക്കുറിച്ച് ഒരു ധാരണയും ലഭിക്കും.ട്രെയിനില്‍ ഒന്നല്ല,രണ്ടു തവണ വലം വച്ചു.

ടാര്‍സന്‍ ഐലന്റ്

 ടാര്‍സന്‍ ഐലന്റിലെ പ്ലാസ്റ്റിക് വൃക്ഷം

പിന്നീട് എല്ലാ ഭാഗങ്ങളും ചുറ്റിക്കണ്ടതിനു ശേഷം അഡ്വെഞ്ചര്‍ ലാന്റ് രെസ്റ്റോറന്റില്‍ നിന്നു ഉച്ച ഭക്ഷണവും കഴിച്ച് ,അതിനോടു ചേര്‍ന്നുള്ള തടാകത്തിലൂടെ ഒരു ചങ്ങാട യാത്രയും നടത്തിവിവിധ റൈഡുകളെല്ലാംആ സ്വദിച്ച്,3ഡി തീയേറ്ററിലെ സിനിമാ പ്രദര്‍ശനവും കഴിഞ്ഞപ്പോഴേക്കും ഡിസ്നി ലാന്റ് പരേഡ് തുടങ്ങി.അപ്പോഴേക്കും നേരം ഇരുട്ടിതുടങ്ങിയിരിക്കുന്നു.ആബാലവൃദ്ധം ജനങ്ങളും ആസ്വദിക്കുന്ന നിരവധികാഴ്ചകള്‍ കൊണ്ട് സമ്പന്നമാണു ഇവിടം എന്ന് പറയാതെ വയ്യ.
തിരികെ ഡിസ്നി ലാന്റ്റെയില്‍ വേ സ്റ്റേഷനില്‍ നിന്നും മെട്രോയില്‍ മടങ്ങാനാണു പരിപാടി.വെണ്ടിങ്മെഷീനില്‍ നിന്നും ടിക്കറ്റും വാങ്ങി പ്ലാറ്റ്ഫോമിലേക്കിറങ്ങി.

                                                  ഡിസ് നി ലാന്റ് മെട്രോ റെയില്‍ വേ സ്റ്റേഷന്‍                                                                                           ഹോങ്കോങ് മെട്രോ

വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു സിസ്റ്റമാണു ഈ മെട്രോയുടേത്.വിവിധ നിറങ്ങളിലുള്ള ലൈനുകള്‍.യാതൊരു സംശയത്തിനും ഇടവരാതെ ,ട്രെയിനുകള്‍ മാറിക്കയറി നമ്മള്‍ക്ക് ലക്ഷ്യസ്ഥാനത്തെത്താം.മൂന്നു ട്രെയിനുകള്‍ മാറിക്കയറേണ്ടി വന്നിട്ടും,ആരോടും വഴിപോലും ചോദിക്കാതെ,ഞങ്ങള്‍ക്ക് താമസസ്ഥലത്തെത്താനായി എന്നതു തന്നെ ഈ മെട്രോയുടെ കാര്യ ക്ഷമതക്കുദാഹരമാണല്ലോ.കൊച്ചിമെട്രോയുംഇങ്ങനെയാകുമെന്ന്നമുക്കാശിക്കാം! ചെറിയൊരാഹാരത്തിനു ശേഷം തിരികെ മുറിയിലെത്തി.നാളെ ഒരു ഹാഫ് ഡേ സിറ്റി ടൂര്‍ ബുക്ക് ചെയ്തിട്ടുണ്ട്.അതിനുശേഷം വൈകിട്ടുള്ള ട്രെയിനില്‍ ചൈനക്ക് തിരിക്കണം.
രാവിലെ ഹോട്ടല്‍ ലോബിയിലെത്തി .7.55 നു തന്നെ ഗൈഡ് എത്തിക്കഴിഞ്ഞു.ഇവോണ്‍ എന്നു പേരായ ഒരു യുവതിയാണു ഇന്നത്തെ ഗൈഡ്. ഇവരുടെ സമയക്ലിപ്തത വളരെ അഭിനന്ദാര്‍ഹമാണു.ഇത്തവണ ഒരു മിനിവാനിലാണു യാത്ര.രണ്ട് ഹോട്ടലുകളില്‍ നിന്നും സഹയാത്രികരേയും കയറ്റി യാത്ര തുടര്‍ന്നു.മൂന്ന് അമേരിക്കന്‍ കുടുംബങ്ങളാണു സഹയാത്രികര്‍.തമാശയൊക്കെ പറഞ്ഞ്,ചിരിച്ചുല്ലസിച്ചാണു അവരുടെ യാത്ര.“മാ“ എന്ന ബുദ്ധക്ഷേത്ര സന്ദര്‍ശനമാണു പരിപാടിയിലെ ആദ്യ ഇനം.


                                                                                                       ബുദ്ധക്ഷേത്രം

വളരെ പുരാതനമായ ഈ ക്ഷേത്രത്തില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണു.അവിടെ നിന്നും പുറത്തിറങ്ങി കുറെസമയം കഴിഞ്ഞിട്ടും ഒരു അമേരിക്കന്‍ ദമ്പതികള്‍ എത്തിയിട്ടില്ല.ക്ഷേത്രത്തില്‍ ദീര്‍ഘമായ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുകയാണവര്‍.ആ സമയം കൊണ്ട് കുറച്ച് ചിത്രങ്ങളെടുത്തു.അപ്പോഴേക്കും അവരെത്തി.ഇനി വിക്ടോറിയാ പീക് ആണു അടുത്ത് ലക്ഷ്യം.10 മിനിറ്റുനുള്ളില്‍ താഴ്വാരത്തെത്തി.വലിയ തിരക്കൊന്നുമില്ല.ട്രാ‍മിലാണു മല കയറ്റം.

                                                                                          വിക്ടോറിയ പീക് ട്രാം

ഇവോണ്‍ റ്റിക്കറ്റ് വാങ്ങി വന്നു.വളരെ പതുക്കെ ഒരു ട്രാം വന്നു നിന്നു.നമ്മുടെ ബസിന്റെ ആകൃതിയിലുള്ള ഒരു വാഹനം.മരത്തിന്റെ സീറ്റുകളും,രണ്ട് വശവും കാഴ്ചകള്‍ കാണാനുതകുന്ന വിശാലമായ ഗ്ലാസ് ജനലുകളും ഇതിന്റെ പ്രത്യേകതകളാണു.ഇരുപത്തിയഞ്ചോളം പേര്‍ക്ക് ഒരു ട്രാമില്‍ സഞ്ചരിക്കാനാകും.ട്രാം മെല്ലെ നീങ്ങിത്തുടങ്ങി.ഉയരത്തിലേക്കെത്തുമ്പോഴേക്കും കൂടുതല്‍ കൂടുതല്‍ കാഴ്ചകള്‍ കണ്‍ മുന്നില്‍ തെളിഞ്ഞു തുടങ്ങി.7-8 മിനിറ്റ് കൊണ്ട് ട്രാം പീകിലെത്തിക്കഴിഞ്ഞു.അര മണിക്കൂര്‍ ആണു ഗൈഡ് അവിടെ അനുവദിച്ചിരിക്കുന്ന സമയം.പീക്കില്‍ നിറയെ സഞ്ചാരികളാണു,ഏവരും ചിത്രങ്ങളെടുക്കുന്ന തിരക്കിലും.താഴെ ഹോങ്കോങ് നഗരത്തിലെ അംബര ചുംബികള്‍ വ്യക്തമായി കാണാം.ഇവിടെനിന്നും രാത്രിയിലെ ലേസര്‍ വെളിച്ചത്തില്‍ മുങ്ങിയ നഗരകാഴ്ചകളാണു ചേതോഹരം  എന്നു ഇവോണ്‍ പിന്നീട് പറയുകയുണ്ടായി.നിരവധി സുവനീര്‍ ഷോപ്പുകളും,റെസ്റ്റോറന്റുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.മറ്റേതൊരു ടൂറിസ്റ്റ്കേന്ദ്രത്തേയും പോലെ തീ വിലയും. ഇവോണിന്റെ കര്‍ക്കശ സ്വഭാവം കൊണ്ടാകാം ഇപ്രാവശ്യം പറഞ്ഞ സമയത്ത് തന്നെ എല്ലാവരും തിരിച്ചെത്തിക്കഴിഞ്ഞു .അബര്‍ഡീന്‍ ഫിഷിങ് വില്ലേജാണു ഇനി കാണുവാനുള്ള ഒരു പ്രദേശം.മലയിറങ്ങി വാന്‍ ചെറിയ ഒരു ബോട്ട്ജെട്ടിയിലെത്തി.വിശാലമായ ഒരു പ്രദേശമാണിവിടം,സന്ദര്‍ശകരെക്കാത്ത് നിരവധി ബോട്ടുകള്‍.20 മിനിറ്റ് നീളുന്ന ഒരു ബോട്ട് യാത്ര


.                                 ഒരു വല്യമ്മ ഞങ്ങള്‍ക്കുള്ള ബോട്ടുമായി കാത്ത് നില്‍ക്കുന്നുണ്ട്.

അനവധിബോട്ടുകള്‍ക്കിടയിലൂടെ ഒന്നു ചുറ്റിക്കറക്കി, തിരികെ ബോട്ട്ജെട്ടിയിലിറക്കി, ആളൊന്നിനു 60 ഡോളറും വാങ്ങി വല്യമ്മ സ്ഥലം വിട്ടു.യാതൊരു മൂല്യവുമില്ലാത്ത ഒരു പരിപാടിയായിട്ടാണു ഇതെനിക്കനുഭവപ്പെട്ടത്.തുടര്‍ന്നു, മറ്റ് പലരാജ്യങ്ങളിലേയും ,പതിവു പരിപാടിയായ,ജെം ഫാക്ടറി സന്ദര്‍ശനമായിരുന്നു.തിടുക്കത്തില്‍ ഞങ്ങള്‍ അതിനുള്ളില്‍ നിന്നും പുറത്തിറങ്ങി, ഈ ഹാഫ് ഡേ ടൂറിലെ അവസാന ഇനമായ, പ്രസിദ്ധമായ സ്റ്റാന്‍ലി മാര്‍ക്കറ്റിലേക്ക് യാത്രയായി.

                                                                                              സ്റ്റാന്‍ലി മാര്‍ക്കറ്റ്

അവിടുത്തെ ഷോപ്പിങ്ങിനു ശേഷം എല്ലാവരും അവരവരുടെ വഴിയ്ക്ക് പിരിയുകയാണു.ഞങ്ങളെ ഹങ്-ഹോം സ്റ്റേഷനിലിറക്കാമെന്നാണു ഇവോണിന്റെ വാഗ്ദാനം.സാമാന്യ വിലക്കു സാധനങ്ങള്‍ ലഭിക്കുന്ന വലിയൊരു മാര്‍ക്കറ്റാണിവിടം.അല്ലറ ചില്ലറ ഷോപ്പിങ്ങിനു ശേഷം ഏകദേശം 3 മണിയോടെ ഞങ്ങളെ സ്റ്റേഷനിലിറക്കി,കര്‍ക്കശക്കാരിയായ ആ ഗ്ഗൈഡ്,ഇവോണ്‍ വിട പറഞ്ഞു.സ്റ്റാന്‍ലി മാര്‍ക്കറ്റില്‍ വച്ചു തന്നെ അമേരിക്കന്‍ കുടുംബങ്ങളും യാത്ര പറഞ്ഞിരുന്നു.
വളരെ വലിയൊരു റെയില്‍ വേ സ്റ്റേഷനാണു ഹങ്-ഹോം.

                                                                                      ഹങ്-ഹോം സ്റ്റേഷന്‍

ചൈന മെയിന്‍ ലാന്റിലേക്കുള്ള ട്രെയിനുകളെല്ലാം ഇവിടെ നിന്നുമാണു പുറപ്പെടുന്നത്.അനേകം ഷോപ്പുകളും,റെസ്റ്റോറന്റുകളും ഇതിനകത്തുണ്ട്.മക് ഡോണാള്‍ഡില്‍ നിന്നും ഭക്ഷണ ശേഷം ഞങ്ങള്‍ ചെക്ക്-ഇന്‍ കൌണ്ടറിലേക്ക് നടന്നു.ചൈനയിലെ ഗോങ് ഡോങ് പ്രവിശ്യയിലുള്ള,ഗോങ്-ചോ നഗരത്തിലേക്കാണു ഞങ്ങളുടെ യാത്ര. ഇമ്മിഗ്രേഷന്‍,കസ്റ്റംസ് നടപടികള്‍ മുതലായവ ഇവിടെ പൂര്‍ത്തിയാക്കാനുണ്ട്.അവിടെ ചെന്നപ്പോഴുണ്ട് സാമാന്യം വലിയൊരു ക്യൂ! നൂറു പേരോളം മുന്നിലുണ്ട്.4.35 നു ആണു ട്രെയിന്‍,കൌണ്ടര്‍ 4.00 മണിക്കു മാത്രമേ തുറക്കുകയുള്ളൂ താനും.അതിനിടയ്ക്കു കര്‍ശനമായ ലഗേജിന്റെ സൈസ് പരിശോധനയും.ചെറിയ ടെന്‍ഷനുമായി ,കൌണ്ടര്‍ തുറക്കുന്നതു കാത്ത് ഞങ്ങളും ആ ക്യൂവിന്റെ ഭാഗമായി കാത്തു നിന്നു.

.
Saturday, October 29, 2011

ഹോങ്കോങ് യാത്ര

                                               ഹോങ്കോങ് യാത്രാക്കുറിപ്പുകള്‍ -1

ചെറുപ്പം മുതലേ കേട്ടിരുന്ന ഒരു സ്ഥല പേരായിരുന്നു ഹോങ്കോങ്.ചില സ്വന്തക്കാര്‍ അവിടെയുണ്ടായിരുന്നു എന്ന് കേട്ടിട്ടുള്ളതു കൊണ്ടാവാം,ആ പേരിനോടൊരു മമത തോന്നിയിരുന്നത്.മാത്രവുമല്ല,പണ്ടൊരു ഐ.വി.ശശി സിനിമയില്‍ (ഇനിയെങ്കിലും?) ആ നാടിന്റെ കാഴ്ചകള്‍ കണ്ട ചെറിയ ഒരോര്‍മ്മയും.
ഹോങ്കോങ്  നഗരത്തിന്റെ ഒരു വിദൂരകാഴ്ച

കഴിഞ്ഞ ചൈനാ യാത്രയില്‍, ഇടക്കൊരു മൂന്ന് ദിവസം ചൈനയില്‍ നിന്നും ഹോങ്കോങിലെത്തി, ഹോങ്കോങ് നഗരം കൂടികാണണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ആ പരിപാടി നടന്നില്ല.ചൈന വിസ,സിംഗിള്‍ എന്‍ട്രി ആയിപ്പോയതാണു കാരണം.എന്തായാലും ഈ  യാത്രയില്‍ ആദ്യം ഹോങ്കോങ് നഗരം ചുറ്റിക്കണ്ട്,പിന്നീട് ട്രെയിന്‍ മാര്‍ഗ്ഗം ചൈനയില്‍ എത്തിച്ചേരുവാനുള്ള പദ്ധതിയാണു തയ്യാറാക്കിയത്.
കൊച്ചിയില്‍ നിന്നും എയര്‍ ഏഷ്യ വിമാനക്കമ്പനി സര്‍വീസ് തുടങ്ങിയത് മൂലമാണു എന്റെ മിക്കവാറും യാത്രകളെല്ലാം തരമായത് എന്ന് ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ.കഴിഞ്ഞ വര്‍ഷമാദ്യം,അതായത് 2010 ജനുവരിയില്‍, എയര്‍ ഏഷ്യ  കൊച്ചിയില്‍ നിന്നും സര്‍വീസ് തുടങ്ങുമ്പോള്‍,അതു വരെ ഇങ്ങനെയൊരു വിമാനക്കമ്പനിയെക്കുറിച്ച് കേട്ടറിവ് പോലുമില്ലായിരുന്നു.വെറും അയ്യായിരം രൂപയ്ക്ക് മലേഷ്യയ്ക്ക് പോയിവരാം എന്ന് പരസ്യം കണ്ടപ്പോള്‍ അത്ര വിശ്വാസം തോന്നിയതുമില്ല.പക്ഷെ അന്നുമുതലിങ്ങോട് വളരെ പ്രയോജനപ്രദമായ ഒരുപാട് യാത്രകള്‍ ഈ ചെലവ്കുറഞ്ഞ വിമാനകമ്പനി സമ്മാനിച്ചു.
ഈ പ്രാവശ്യം യാത്രയില്‍ പ്രിയപത്നിയും ചേരുന്നു എന്ന് നേരത്തെതന്നെ അറിയിച്ചിരുന്നു.സാധാരണ യാത്രകളെല്ലാം സ്നേഹിതരോടൊപ്പമാണു.എന്നാല്‍ ഇത്തവണ ഞങ്ങള്‍ രണ്ടാള്‍ മാത്രം.ഒപ്പം വരാമെന്ന് സമ്മതിച്ചിരുന്ന ഒരു അഭിഭാഷക കുടുംബം സമയമായപ്പോള്‍ യാത്ര റദ്ദാക്കി.

  അങ്ങനെ പതിവ് പോലെ കൊച്ചിയില്‍ നിന്നും കുലാലമ്പൂര്‍ എത്തിച്ചേര്‍ന്നു.എയര്‍ ഏഷ്യ സര്‍വീസില്‍,കൊച്ചിയില്‍ നിന്നും, കുലാലമ്പൂര്‍ വഴി മാത്രമെ യാത്ര ചെയ്യാന്‍ സാധിക്കൂ.സമയം അര്‍ദ്ധരാത്രിയായിരിക്കുന്നു.കഴിഞ്ഞ പ്രാവശ്യം വിമാനത്താവളത്തിലിരുന്നു നേരം വെളുപ്പിച്ച അനുഭവമുള്ളത് കൊണ്ട് കാലേകൂട്ടി എല്‍.സി.സി.റ്റി വിമാനത്താവളത്തിനടുത്തുള്ള ട്യൂണ്‍ ഹോട്ടലില്‍ റൂം ബുക്ക് ചെയ്തിരുന്നു.വിമാനത്താവളത്തില്‍ നിന്നും 1കിമി മാത്രം ദൂരമുള്ള ഈ ഹോട്ടലിലേക്ക് ഹോട്ടലുകാരുടെ വക ഷട്ടില്‍ ബസ് ,പതിനഞ്ച് മിനിറ്റ് ഇടവേളകളില്‍, ഉണ്ട്.ചാര്‍ജ് 1 മലേഷ്യന്‍ റിംഗ്ഗിറ്റ് .ബസ്സില്‍ കയറി ഹോട്ടലില്‍ എത്തി.ആദ്യമായാണു ഇവിടെ തങ്ങുന്നത്.ചെക്-ഇന്‍ ചെയ്ത് മുറിയിലെത്തിയപ്പോള്‍ മാത്രമാണു മുറിയുടെ വലിപ്പം മനസ്സിലായത്,കഷ്ടിച്ചൊരു 90 സ്ക്വയര്‍ഫീറ്റ്!!2പെട്ടികള്‍ സഹിതം മുറിയില്‍ കയറിയാല്‍ പിന്നെ കിടക്കയില്‍ ഇരിക്കുക മാത്രമേ രക്ഷയുള്ളൂ,കാല്‍കുത്താന്‍ പോലും മുറിയില്‍ സ്ഥലമില്ല.
റ്റോയ് ലറ്റിനു അത്യാവശ്യ വലിപ്പമുണ്ട്.പെട്ടിയൊക്കെ ഒന്നടുക്കിവച്ച്,ഒരു വിധത്തില്‍ മുന്‍ വശത്തുള്ള വരാന്തയിലെത്തിയപ്പോഴാണു രസകരമായ ആ കാഴ്ച കണ്ടത്.ഞങ്ങളോടൊപ്പം വിമാനത്തിലുണ്ടായിരുന്ന,ന്യൂസീലാന്റില്‍ സെറ്റില്‍ ചെയ്തിരിക്കുന്ന,മലയാളി അദ്ധ്യാപക ദമ്പതികള്‍ ,തങ്ങളുടെ വലിയപെട്ടികള്‍ മുറിക്കകത്ത് കയറ്റാനാവാതെ കുഴങ്ങുന്നു!പിന്നെ അവരോടൊപ്പം കൂടി,ഏഴെട്ട് വലിയ പെട്ടികള്‍ വരാന്തയുടെ മൂലക്കും,ഞങ്ങളുടെ മുറിയിലും ഒക്കെ കുത്തിക്കയറ്റി അഡ്ജസ്റ്റ് ചെയ്ത് ഒരു പ്രകാരം മുറിക്കകത്ത് തിരികെ കയറി.പിറ്റേന്ന് അതിരാവിലെയാണു ഹോങ്കോങ് വിമാനം.അലാറം സെറ്റ് ചെയ്ത് ഹ്രസ്വമായ ഒരുറക്കത്തിലേക്ക് വഴുതി വീണു.
വെളുപ്പിനെ ഉണര്‍ന്ന് തയ്യാറായി,ന്യൂസിലാന്റുകാരുടെ ബാഗുകള്‍ താഴെ ഏല്‍പ്പിച്ച്, റൂം ചെക് ഔട്ട് ചെയ്ത്,ഷട്ടില്‍ബസില്‍ തന്നെ വിമാനത്താവളത്തിലെത്തി.
കുലാലമ്പൂര്‍ എല്‍.സി.സി.റ്റി വിമാനത്താവളം അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ ഒരു റെയില്‍ വേ സ്റ്റേഷന്‍ പോലെതന്നെയാണു.കുറച്ച്കൂടി വിപുലമായ സൌകര്യങ്ങുളെണ്ടെന്ന് മാത്രം.തൊണ്ണൂറ് ശതമാനവും സാധാരണക്കാരായ യാത്രക്കാര്‍ അവരുടെ കെട്ടും കിടയുമായി തലങ്ങും വിലങ്ങും നടക്കുന്നത് കാണാം.ധാരാളമായി തമിഴ് വംശജരേയും കാണാം. വളരെ സൌഹ്രുദപൂര്‍വ്വം പെരുമാറുന്ന ഉദ്യോഗസ്ഥരാണു ഭൂരിഭാഗവും.ഞങ്ങള്‍ എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ ചെക്ക്-ഇന്‍ കൌണ്ടര്‍ തുറന്ന് വരുന്നതേയുള്ളൂ.ബോര്‍ഡിംഗ് പാസും പരിശോധനകളും പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറി.കുറച്ച് കഴിഞ്ഞപ്പോഴേക്കും മുന്‍ കൂട്ടി ഓര്‍ഡര്‍ ചെയ്തിരുന്ന പ്രാതലുമായി തമിഴ്വംശജ എയര്‍ഹോസ്റ്റസ് എത്തി.അതും കഴിച്ച് നല്ലൊരു ഉറക്കം.
വിമാനം ഹോങ്കോങില്‍ ലാന്റ് ചെയ്യാന്‍ പോകുന്നു എന്ന അറിയിപ്പ് കേട്ടാണുണര്‍ന്നത്.സമയം 11.15 ആയിരിക്കുന്നു.മലേഷ്യന്‍ സമയം തന്നെയാണിവിടേയും.
വിമാനത്താവളത്തിലെത്തി.ഒരു പടുകൂറ്റന്‍ വിമാനത്താവളം.ബാഗേജിനും,ഇമിഗ്രേഷനും വേണ്ടി കാണിച്ചിരിക്കുന്ന ബോര്‍ഡുകള്‍ നോക്കി നോക്കി,ഒരു എസ്കലേറ്റര്‍ വഴി താഴെ നിലയിലെത്തി.ഒരു റെയില്‍ വേ പ്ലാറ്റ്ഫോമാണത്.ചെറുട്രെയിനുകള്‍ വന്നു നില്‍ക്കുന്നു,ആളുകള്‍ കയറുന്നു,എങ്ങോടാണെന്നു മാത്രം ഒരു പിടിയും കിട്ടുന്നില്ല.അടുത്ത് നിന്നിരുന്ന ഒരു തമിഴ് കുടുംബത്തോട് ചോദിച്ചപ്പോഴാണു കാര്യം പിടികിട്ടിയത്.
ഹോങ്കോങ്  എയര്‍പോര്‍ട്ട്.-എമിഗ്രേഷനിലേക്കുള്ള ട്രെയിന്‍

ലഗേജ് ഏരിയയിലേക്കുള്ള ട്രെയിന്‍ ആണത്.അടുത്ത ട്രെയിനില്‍ കയറി,ഏകദേശം ഒരു മിനിറ്റ് യാത്രക്കു ശേഷം ഇമിഗ്രേഷനിലെത്തിയപ്പോള്‍ വലിയ തിരക്കു,ഒരഞ്ഞൂറ്പേര്‍ മുന്നില്‍!കൂടുതലും ആഫ്രിക്കന്‍ വംശജരും,സായിപ്പന്മാരും.ഇന്ത്യാക്കാര്‍ വളരെകുറച്ച് മാത്രം.ഹോങ്കോങില്‍ സന്ദര്‍ശന വിസ സൌജന്യമാണു,ബാക്കിയെല്ലാത്തിനും വളരെ കൂടുതലും.സൌജന്യ വിസക്കുപകരം ഹോട്ടലും,ടാക്സിയുമെല്ലാം ചേര്‍ത്ത് വിസയുടെ മുതലും പലിശയും കൂടി അവര്‍ വാങ്ങുന്നുണ്ട്.കൌണ്ടറിലിരുന്ന എമിഗ്രേഷന്‍ ഓഫീസര്‍ യാതൊരു ചോദ്യവും കൂടാതെ 20 ദിവസ സന്ദര്‍ശനം അനുവദിച്ചു തന്നു.പിന്നീട് ലഗ്ഗേജ് റീക്ലെയിം ഏരിയയിലെത്തി ബാഗുകളെല്ലാമെടുത്തു.
എയര്‍പോര്‍ ട്ട് അറൈവല്‍ ഹോള്‍

വളരെ വലിയ ഹോളാണത്,ഒരു ഫോട്ടോ എടുക്കാം എന്ന് കരുതി ക്യാമറ ബാഗില്‍നിന്നും എടുത്ത് നോക്കിയപ്പോള്‍ ബാറ്ററിപവര്‍ ഇല്ല.അടുത്ത സെറ്റ് ബാറ്ററിയും തഥൈവ! അല്ലെങ്കിലും ഈ വക കാര്യങ്ങള്‍,ക്യാമറ ലാപ് റ്റോപ് തുടങ്ങിയവ,ഞാനുമായി എല്ലായ്പ്പോഴും മുന്നാളാണല്ലൊ.(പതിവ് പോലെ മൊബൈലില്‍ ഒന്ന് രണ്ട് ചിത്രമെടുത്തു,നമുക്കതേ പറഞ്ഞിട്ടുള്ളൂ.)
അറൈവല്‍ ഹോളില്‍ നിറയെ ഹോട്ടലുകാരുടെ പ്രതിനിധികള്‍ ആണു,പ്രീപെയ്ഡ് ടാക്സി കൌണ്ടറുകളും.ഞങ്ങളുടെ താമസസ്ഥലമായ കോവ് ലൂണ്‍ ഭാഗത്തേക്ക് 100 എച്.കെ ഡി ആണു ചാര്‍ജ്.ഒരു ടാക്സിയില്‍ കയറി ഹോട്ടലിലേക്ക് തിരിച്ചു.ഏകദേശം 40 മിനിറ്റ് യാത്രയുണ്ട് ഹോട്ടലിലേക്ക്.വലിയ പാലങ്ങളും ടണലുമെല്ലാം താണ്ടിയാണു യാത്ര.വളരെ മികച്ച ഒരു ട്രാഫിക് സിസ്റ്റമാണിവിടെ.ഒട്ടേറെ വാഹനങ്ങള്‍ ചീറിപ്പായുന്നുണ്ടെങ്കിലും,ഉച്ച നേരമായതു കൊണ്ടാണോ എന്തോ ട്രാഫിക് ബ്ലോക്ക് എങ്ങും അനുഭവപ്പെടുന്നില്ല.

മികവുറ്ററോഡുകളുംപാലങ്ങളും, ചുറ്റുംഅംബരചുംബികള്‍.    നഗരത്തിലെത്തിക്കഴിഞ്ഞിരിക്കുന്നു.
നഗരകാഴ്ചകള്‍

                                                                          നഗരകാഴ്ചകള്‍
എങ്ങും ആള്‍ത്തിരക്കു.പെഡെസ്റ്റ് റിയന്‍ ക്രോസിംഗില്‍ ,സിഗ്നല്‍ നോക്കി,റോഡ് മുറിച്ച് കടക്കുന്ന ആളുകള്‍.ഈ തിരക്കിലൂടെ കാര്‍ ഹോട്ടലിനു മുന്നിലെത്തി.
Sunday, September 11, 2011

ഇടുക്കി ജില്ല-വണ്ടിപ്പെരിയാര്‍ മൌണ്ട് സത്രം പുല്‍മേടുകളിലൂടെ ഒരു യാത്ര

ഇടുക്കിയുടെ കാഴ്ചകള്‍ എത്ര വര്‍ണ്ണിച്ചാലും എനിക്കു മതിയാകാറില്ല എന്ന് സുഹൃത്തുക്കള്‍ കളിയാ ക്കാറുണ്ട്.അതില്‍ സത്യമില്ലാതില്ല താനും.പക്ഷെ ഓരോ ഇടുക്കി യാത്രയും എനിക്ക് പുതിയ കാഴ്ചകള്‍ തന്നെയാണു.തൊട്ടടുത്ത ജില്ലക്കാരനായതുമൂലം മിക്കവാറും ഇടുക്കി യാത്രകള്‍ തരമാകാറുമുണ്ട്.അതുപോലൊരു യാത്രയായിരുന്നു ഇതും.എന്നാല്‍ വളരെ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ഒന്നും.

                                            ക്യാമറ പതിവുപോലെ മറന്നു വച്ചു.!!!അതിനാല്‍ മൊബൈല്‍ ചിത്രങ്ങളാണെല്ലാം.

വണ്ടിപ്പെരിയാര്‍ ടൌണില്‍ നിന്നും അരണക്കല്‍ എസ്റ്റേറ്റ് വഴിയുള്ള ഒരു യാത്രയില്‍ പങ്കുകൊള്ളുവാനാണു എനിക്ക് അവസരം സിദ്ധിച്ചത്. വണ്ടിപ്പെരിയാറില്‍ നിന്നും ഏകദേശം 18 കിമി ദൂരമാണു ഈ എസ്റ്റേറ്റ് വഴി മൌണ്ട് സത്രം എന്ന സ്ഥലത്തേക്ക്.പഴയകാല ശബരിമല പാത ഇതിലെയായിരുന്നു.ആദ്യ 5-6 കിമി റോഡ് അടുത്തകാലത്തായി പഞ്ചായത്ത് പുതുക്കിപണിതിട്ടുണ്ട്.പിന്നെയങ്ങോട്ട് റോഡില്ല എന്നു പറയാം.ഊഞ്ഞാലാട്ടം മാത്രം.സത്രം വരെ ജീപ്പ് റോഡുണ്ട്.മണ്ണുറോഡാണെന്നുമാത്രം.നല്ല മഴ തുടങ്ങികഴിഞ്ഞു.മൊബൈല്‍ പുറത്തെടുക്കുവാന്‍ പോലും സാധിക്കാത്ത മഴ.വല്ല വിധേനയും സത്രത്തിലെത്തി.സത്രമായിരുന്ന കെട്ടിടത്തിന്റെ അവശിഷ്ട്ടങ്ങള്‍ മാത്രം.ആ ഭാഗത്ത് മഴയില്ല.
സത്രത്തിന്റെ അവശിഷ്ടങ്ങള്‍
ആ കാണുന്ന മലമുകളില്‍ നിന്നുമാണു പുല്‍മേടിലേക്കുള്ള പരമ്പരാഗത പാത

ഇവിടെനിന്നും 6 കിമി പോയാല്‍ വള്ളക്കടവിലെത്താം.ഗവിറോഡിലുള്ള അതേ സ്ഥലം തന്നെ.അവിടെ നിന്നും 6കിമി പോയി നാലാം മൈല്‍ എന്ന സ്ഥലത്തുനിന്നും തിരിഞ്ഞു 11 കിമി യാത്ര ചെയ്താല്‍ പുല്ലുമേട്.ആ പുല്ലുമേടില്‍നിന്നും,തെക്കു ഭാഗത്തേക്കാണു ശബരിമലയിലേക്കുള്ള നടത്തം തുടങ്ങുന്നത്.പുല്ലുമേടില്‍നിന്നും പടിഞ്ഞാറോട്ട് 6കിമി സഞ്ചരിച്ചാല്‍ മൌണ്ട് സത്രം.ഈ വഴിയാണത്രെ ഇപ്പോള്‍ ശബരിമലക്കുള്ള കാല്‍നടപാതയായി പരിഗണിക്കുന്നത്.
ഈ ഭാഗത്ത് മഴയേയില്ല. കൂടെയുള്ളവര്‍ ഉപ്പുപാറ കാണുവാന്‍ പോയപ്പോള്‍.ഞാനും ഒരു സുഹൃത്തും കൂടി സത്രം പാതയിലൂടെ കുറച്ച്ദൂരം നടക്കാമെന്നു തീരുമാനിച്ചു.മണ്ണു റോഡ് തന്നെ.രണ്ട് വശത്തും പുല്‍മേടുകള്‍ മാത്രം.ഇടക്കിടെ ഷോലവനങ്ങളും.ഒരു 200മി പോയപ്പോള്‍ വനംവകുപ്പിന്റെ ഒരു വാച്ചര്‍ ധൃതിയില്‍ നടന്നു വരുന്നു.ആള്‍ ഞങ്ങളോട് നില്‍ക്കുവാന്‍ ആംഗ്യം കാണിക്കുന്നു.തൊട്ടപ്പുറത്തെ വളവില്‍ ഒരു ഒറ്റയാന്‍ (മോഴ) നിലയുറപ്പിച്ചിരിക്കുന്നു.അതിനു തെളിവെന്നോണം തൊട്ട് മുന്‍പില്‍,ആവിപറക്കുന്ന ആനപിണ്ടവും.ഞങ്ങള്‍ ഏതായാലും വന്നവഴിയേ തിരിച്ചടിച്ചു.
                                                                                   സത്രം റോഡിന്റെ തുടക്കം

തിരികെയെത്തിയപ്പോള്‍ ഉപ്പുപാറയ്ക്ക് പോയവര്‍ മടങ്ങിയെത്തിയിരിക്കുന്നു.ആളുകളെല്ലാം ദൂരേക്ക് കൈ ചൂണ്ടുന്നുമുണ്ട്.അങ്ങ്ദൂരെ ഒരു മലമുകളില്‍ ഒരു ആന നില്‍പ്പുണ്ട്.
                                                                           ആദ്യത്തെ ആനകാഴ്ച

                                          ഇന്നാദ്യമായി ആനയെക്കണ്ട ആവേശത്തിലായി എല്ലാവരും
വാഹനത്തില്‍ കയറി സത്രം റൂട്ടില്‍ യാത്ര തുടങ്ങി.
പ്രകൃതി ഭംഗി വിവരിക്കുവാന്‍ വയ്യാത്ത വിധം തന്നെ.എങ്ങും പച്ചപരവതാനി മാത്രം.ഇളം തണുപ്പും!

                                                          നോക്കെത്താ ദൂരത്തോളം പുല്‍മേടുകള്‍
                     ക്യാമറ മറന്ന നിമിഷത്തെ ശപിച്ചുകൊണ്ട് മൊബൈല്‍ പുറത്തെടുത്തു.ഉള്ളത്കൊണ്ട്ഓണം പോലെ.
ഒരു ഒറ്റയാന്‍ അങ്ങകലെ മലയില്‍ (ഭൂതക്കണ്ണാടി വേണം കാണണമെങ്കില്‍)

നോക്കെത്താദൂരത്തോളം പച്ച പുതച്ച പുല്‍മേടുകള്‍ മാത്രം.അങ്ങിങ്ങായി ഷോലവനങ്ങള്‍ വേറൊന്നുമില്ല.എല്ലാ മലയിലും ആനകള്‍ ഡസന്‍ കണക്കിനു പുല്ല് മേയുന്നു.ചില മലകളില്‍ ഒറ്റക്കു വിഹരിക്കുന്നവയും.വഴിക്കു കുറുകെ ഒരു പറ്റം കാട്ടുപോത്തുകള്‍ ഓടിമറയുന്നു.വളഞ്ഞും ചെരിഞ്ഞും വാഹനം പതുക്കെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.ഇപ്പോള്‍ വലതു ഭാഗത്തായി ഒരു ഫോറസ്റ്റ് വാച്ച്ടവര്‍ കാണാം,നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നതേയുള്ളൂ.
വനംവകുപ്പിന്റെ വാച്ച് ടവര്‍

ഇടത്ത് വശത്ത് തൊട്ടടുത്ത് കുറെയധികം മ്ലാവുകള്‍,എല്ലാം അസാമാന്യ വലിപ്പമുള്ളവ.മൊബൈല്‍ ക്യാമറ സെറ്റ് ആക്കിവന്നപ്പോഴേക്കും അതതിന്റെ പാട്ടിനുപോയി.
കുറച്ചുകൂടി മുന്നോട്ട്ചെന്നപ്പോള്‍ ഇനിയും പോകാന്‍ പറ്റാത്തവിധം ചെളിക്കുണ്ടായിരിക്കുന്നു റോഡ്.ഞങ്ങള്‍ക്ക് ഫോര്‍വീല്‍ ഇല്ലാത്തതിനാല്‍ യാത്ര ഇവിടെ അവസാനിപ്പിക്കുകയേ നിര്‍വ്വാഹമുള്ളൂ.
സീതക്കുളം

അങ്ങ് ദൂരെ താഴ്വാരത്ത് സീതക്കുളം കാണാം,സീത കുളിച്ചതെന്നു കരുതപ്പെടുന്ന,മനോഹരമായ ഒരു ജലാശയം. മൊബൈലില്‍,ഉള്ള സെറ്റപ്പില്‍,അതിന്റെ ചിത്രവുമെടുത്ത്,തിരികേ മടങ്ങി.

Sunday, June 5, 2011

ഇന്ത്യ-ഉത്തര്‍പ്രദേശ്-ഫത്തേപുര്‍സിക്രി

ഗോള്‍ഡന്‍ ട്രൈ യാംഗിള്‍ എന്നറിയപ്പെടുന്ന ഡല്‍ഹി-ആഗ്ര-ജെയ്പൂര്‍ റൂട്ടിലുള്ള കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് എന്നും ഹരമാണല്ലോ.കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ റൂട്ടില്‍ സഞ്ചരിചിട്ടുണ്ട്. ഇന്ത്യയുടെ നല്ലൊരു ഭാഗവും ഇനിയും കണ്ട്തീര്‍ത്തിട്ടില്ലെങ്കില്‍ തന്നെയും, ഒരു തവണ കൂടി   ഗോള്‍ഡന്‍ ട്രൈ യാംഗിള്‍ യാത്ര ആകാമെന്ന് കരുതി.അങ്ങിനെ ഡല്‍ഹി വഴി ആഗ്രയിലെത്തി.ഒരു ദിവസത്തെ പകല്‍ കാഴ്ചകളില്‍ ഒതുങ്ങുന്നതാണ് സാധാരണ സഞ്ചാരികള്‍ക്ക് ആഗ്ര.ഒരു ദിവസം കൊണ്ട് ആഗ്ര കാഴ്ചകള്‍ കണ്ടു ,ഹോട്ടലില്‍ എത്തി.
രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം പുറത്തേക്കിറങ്ങി.ഇന്ന് വൈകിട്ടോടെ ജയ്പൂരിലെത്തണം.പോകുന്ന വഴിയാണ് വിഖ്യാതമായ ഫത്തെര്‍പൂര്‍ സിക്രി.ആഗ്രയില്‍ നിന്നും ഏതാണ്ട് ഒരു മണിക്കൂര്‍ നേരത്തെ യാത്രയുണ്ട് ഫതെര്‍പൂര്‍ സിക്രിയിലേക്ക്.39 കിമി ദൂരം.രാവിലെ തന്നെ ആഗ്ര തെരുവീഥികള്‍ തിരക്കിന്റെ പിടിയിലായി കഴിഞ്ഞു.
                                                                        ആഗ്ര തെരുവ്
എങ്ങും ട്രാഫിക് ബ്ലോക്ക്‌.സിഗ്നല്‍ കൂസാതെ തലങ്ങും വിലങ്ങും നീങ്ങുന്ന വാഹനങ്ങള്‍. കുതിരവണ്ടികളും,നാല്‍ക്കാലികളും പുറമേ.  ചൂടുകാലം തുടങ്ങിയിരിക്കുന്നു.വാഹനത്തിലെ തെര്‍മോ മീടറില്‍ 36 ഡിഗ്രീ യാണ് ചൂട്. ജൈപൂരിനടുതുള്ള മില്‍കാപൂര്‍സ്വദേശിയായ സുനില്‍ കുമാര്‍ ആണ് വാഹനത്തിന്റെ സാരഥി.നല്ലൊരു ചെറുപ്പക്കാരന്‍.ക്ഷമാപൂര്‍വ്വം എല്ലാ കാര്യങ്ങളും വിശദീകരിച്ചു തരും.സാധാരണ ഉത്തര ഇന്ത്യകാരുറെ അഹംഭാവമൊന്നുമില്ല.ഒരു റെയില്‍ ക്രോസ് കഴിഞ്ഞതോടെ തിരക്ക് തെല്ലൊന്നു ശമിച്ചു.ഇപ്പോള്‍ ഗോതമ്പ് പാടങ്ങളുടെ നടുവിലൂടെയാണ് യാത്ര.കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ഗോതമ്പ് പാടങ്ങള്‍.ഇതിനു നെല്‍ കൃഷിയോളം വെള്ളം വേണ്ടായത്രേ.റോഡരുകില്‍ നിറയെ ഗ്രാന്റിസ് മരങ്ങള്‍.അപൂര്‍വ്വമായി മാവുകളും.മികച്ച പാതയിലൂടെയാണ് സഞ്ചാരമെങ്കിലും വേഗത 90 കിമി എന്ന പരിധിയില്‍ ആണ്.പലപ്പോഴും അത് 70-80കിമി ആയി താഴുകയും ചെയ്യുന്നു.ഹൈവേയില്‍ പല സ്ഥലങ്ങളിലും ക്യാമറകള്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന് സുനില്‍ പറഞ്ഞു.ഓവര്‍ സ്പീഡിനു ഫൈന്‍ 5000 രൂപയും!ഇടക്കിടെ ടോള്‍ബൂത്തുകളും അവിടെയെല്ലാം വാഹന നിരകളും.
ജ യ് പൂര്‍ ഹൈവേയില്‍ നിന്നും കാര്‍ ഫത്തേപൂര്‍സിക്രിയിലേക്കുള്ള പാതയിലേക്ക് തിരിഞ്ഞു.കുറെദൂരം മുന്നോട്ടോടി ഒരു പാര്‍ക്കിംഗ് ഏരിയയിലെത്തി.ഇവിടെ നിന്നും ഇനി മിനി ബസ്സില്‍ ആണു യാത്ര.11 മണിയാകുന്നതേയുള്ളുവെങ്കിലും വെയിലിനു ഘനം വച്ചിരിക്കുന്നു.നല്ല ചൂട്.ഏകദേശം 40 ഡിഗ്രീ! ഒരു സീറ്റ് സംഘടിപ്പിച്ചു.അവധിദിവസമായതിനാല്‍ നല്ല തിരക്ക്.കോട്ടയുടെ പ്രവേശനകവാടവും കടന്ന് കോട്ടയുടെ സമീപത്ത് ബസ് നിന്നു.അവിടെ ഗൈഡ് മാന്‍സിംഗ് ടിക്കറ്റുമായി കാത്തു നില്‍ക്കുന്നു.ഇന്ത്യാക്കാര്‍ക്ക് 10 രൂപയാണു നിരക്ക്,വിദേശികള്‍ക്ക് 250രൂപയും!!!.മാന്‍സിംഗ് ഹിന്ദിയില്‍ വിവരണം തുടങ്ങിക്കഴിഞ്ഞു.നമുക്കു ഹിന്ദി കമ്മിയും.അതറിഞ്ഞപ്പോള്‍ ആള്‍ സംസാരം ഇംഗ്ലീഷിലാക്കി. ഹിന്ദിക്കാരുടെ ഇംഗ് ളീഷ് മനസ്സിലാക്കണമെങ്കില്‍ തെല്ലൊന്നുമല്ല ബുദ്ധിമുട്ട്.പേരുകള്‍ പറയുന്നത് പോലും വ്യത്യസ്തമായാണു. ഷാജഹാന്‍ എന്ന് ആശാന്‍ ഉച്ചരിക്കുന്നത് സാസാനെന്നാണു.  നമ്മുടെ ഇംഗ്ലീഷ് കേള്‍ക്കുമ്പോള്‍ “ഇവനേതുനാട്ടുകാരനാടാ“ എന്നൊരു ഭാവവും.തെക്കേഇന്ത്യാകാരുടെ മോശം ഇംഗ്ലീഷിനെക്കുറിച്ച് ഒരു തവണ മാന്‍സിംഗ് സൂചിപ്പിക്കുകയും ചെയ്തു!!

                                                                                       കോട്ടവാതില്‍


മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക് ബര്‍ 16-)0 നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണീ കോട്ടയും നഗരവും.ഫത്തേപൂര്‍സിക്രി എന്നാല്‍ വിജയത്തിന്റെ നഗരം എന്നാണു അര്‍ത്ഥം.അഫ് ഗാന്‍ ആക്രമണം മൂലവും,വരള്‍ച്ച കൊണ്ടും ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം അക് ബര്‍ ഈ നഗരിയെ കയ്യൊഴിഞ്ഞു എന്നാണു ചരിത്രം.സുല്‍ഫി സെയിന്റ് സലീം ചിസ്തിയുടെ അനുഗ്രഹത്തെ തുടര്‍ന്ന് അക് ബറിനൊരു ആണ്‍കുഞ്ഞ് ജനിച്ചെന്നും,അതിനെത്തുടര്‍ന്ന് സന്യാസിവരന്റെ ആഗ്രഹപരകാരമാണു ഈ നഗരത്തിന്റെ നിര്‍മ്മാണം നടത്തിയതെന്നും പറയുന്നു.അതല്ല,ഗുജറാത്ത് പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കാനുള്ള പടയൊരുക്കത്തിനായി നിര്‍മ്മിക്കപ്പെട്ടാതാണിതെന്നും മറ്റൊരു ചരിത്രം.ഹിസ്റ്ററി ഈസ് മിസ്റ്ററി എന്നാണല്ലോ.ദൂരെ നിന്നു തന്നെ പ്രവേശന കവാടം കണ്ടു.
അകത്തേക്ക് പ്രവേശിക്കുമ്പോള്‍ വലിയ ഒരു ഉദ്യാനമാണു ആദ്യം ശ്രദ്ധയില്‍ പെടുന്നത്.ദീവാന്‍-ഇ-ആം എന്ന ഹാള്‍ ഓഫ് പബ്ലിക് ഓഡിയന്‍സിനോടു ചേര്‍ന്നാണീ ഉദ്യാനം.പൊതുജനങ്ങളുടെ പരാതികള്‍ കേട്ടിരുന്നത് ഇവിടെയാണ്.
                                                                                              ദീവാന്‍-ഇ-ആം
പ്രഭുക്കന്മാരേയും നാടുവാഴികളേയും  ചക്രവര്‍ത്തി കണ്ടിരുന്ന മന്ദിരമാണു ദീവാന്‍-ഇ-ഖാസ്.ചുമന്ന സാന്‍ഡ് സ്റ്റോണ്‍ കൊണ്ടുള്ള ഒരു വിസ്മയ നിര്‍മ്മിതിയാണീ മന്ദിരം.
                                              ദീവാന്‍-ഇ-ഖാസ്

                                                                                                  പഞ്ചമഹല്‍

അഞ്ച് നിലകളില്‍ പടുത്തുയര്‍ത്തിയിരിക്കുന്ന മറ്റൊരു സമുച്ചയമാണു പഞ്ചമഹല്‍.കോട്ടക്ക് പുറത്തായി ദൂരെ ഹിരണ്‍ മീനാര്‍ എന്ന ടവര്‍ കാണാം.ആനകളെകൊണ്ട് കുറ്റവാളികളെ കൊന്നിരുന്നത് ഇവിടെയായിരുന്നത്രെ.
                                                                                                 ഹിരണ്‍ മീനാര്‍
             വിഖ്യാതനായ സംഗീതഞ്ജന്‍ ടാന്‍സന്‍ സംഗീതപരിപാടികള്‍ നടത്തിരുന്ന മണ്ഡപംഎല്ലായിടവും വിദേശികളുടെ തിരക്കാണ്.അവര്‍ ചരിത്രം എല്ലാം വായിച്ചറിഞ്ഞാണു കാഴ്ചകള്‍ കാണുന്നത്.നമ്മളെപ്പോലെ ഓട്ടപ്രദിക്ഷണക്കാരല്ല.നടന്ന് നടന്ന് അക് ബറിന്റെ രജപുത്ര ഭാര്യയായിരുന്ന ജോധാഭായിയുടെ കൊട്ടാരത്തിലെത്തി.

                                                                            ജോധാഭായിയുടെ കൊട്ടാരം
ഒരു തണലില്‍ നിന്നു മാന്‍സിംഗിന്റെ വിവരണം കേട്ടുകൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് അയാളുടെ ശബ്ദം ക്രമാതീതമായി ഉയരുന്നു. ഉറഞ്ഞു തുള്ളി ആരെയോ ശകാരിക്കുകയാണു വിദ്വാന്‍.കാരണം ബഹുരസം.ഞങ്ങള്‍ക്കു കാര്യങ്ങള്‍ പറഞ്ഞു തരുന്ന സമയത്ത് മറ്റൊരു സംഘം,ഉത്തരേന്ത്യക്കാര്‍,മറഞ്ഞു നിന്നു വിവരണം കേട്ടതാണു ആളെ പ്രകോപിപ്പിച്ചത്.

താപനില സഹിക്കാവുന്നതിനുമപ്പുറത്തായിരിക്കുന്നു.40 ഡിഗ്രിക്ക് മുകളിലാണു ചൂട്.സത്യം പറഞ്ഞാല്‍ എങ്ങിനെയെങ്കിലും ഒന്ന് തിരികെ കാറിലെത്തിയാല്‍ മതിയെന്നായി.പക്ഷെ മാന്‍സിംഗുണ്ടോ വിടുന്നു.തൊട്ടടുത്തുള്ള ജുമാമസ്ജിദ് കാണണമെന്നായി അയാള്‍.  ന്യായമായ ദൂരം നടക്കുകയും വേണം.അയാളുടെ പുറകെ നടന്നു.ജുമാമസ്ജിദിലെത്തി, വിശാലമായ ഒരു സ്ഥലത്താണു ഇത് നിലകൊള്ളുന്നത്.റെഡ് സാന്‍ഡ് സ്റ്റോണില്‍ നിര്‍മ്മിച്ച വളരെ വലിയ ഒരു മസ്ജിദ്.

                                                                                                      ജുമാമസ്ജിദ്
                                             സുല്‍ഫി സെയിന്റ് സലീം ചിസ്തിയുടെ റ്റോമ്പ്

നടുവിലായി സുല്‍ഫി സെയിന്റ് സലീം ചിസ്തിയുടെ വെള്ളമാ‍ര്‍ബിളില്‍ നിര്‍മ്മിച്ച റ്റോമ്പും സ്ഥിതിചെയ്യുന്നു.ജാതിമതഭേദമന്യെ എല്ലാവരും അതിനകത്ത് പ്രാര്‍ഥിക്കുന്നു.ജുമാ മസ്ജിദിന്റെ പ്രധാന കവാടമായ ബുലണ്ട് ദര്‍വാസ ലോകത്തിലെ തന്നെ ഏറ്റവും വലിയ കവാടമാണെന്നു ഗൈഡ് പറഞ്ഞു. തിരികെ പാര്‍ക്കിങ് ഏരിയയിലെത്തി ആദ്യത്തെ ബസ്സില്‍ താഴെയെത്തി.എല്ലാവരും വെയില്‍ കൊണ്ട് തളര്‍ന്നിരിക്കുന്നു. മാന്‍സിംഗിനോടു യാത്ര പറഞ്ഞു വാഹനത്തില്‍ കയറി. അടുത്ത ലക്ഷ്യമായ ജയ് പൂരിലേക്കു യാത്ര തുടര്‍ന്നു.

Followers

ജാലകം
chintha.com

About Me

My photo
a travel enthusiast who enjoys humour

About This Blog

സഞ്ചാരത്തിനിടയിലെ ചില കാഴ്ചകള്‍;ചിത്രീകരണ മികവ് തുലോം കമ്മി .അത്ര മാത്രം

FEEDJIT Live Traffic Feed

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP