ഗോള്‍ഡന്‍ ട്രയാംഗിള്‍-തായ് ലണ്ട് - മൂന്നാം ഭാഗം
ഗോള്‍ഡന്‍ ട്രയാംഗിള്‍-തായ് ലണ്ട്-ഒന്നാം ഭാഗം- ഇവിടെ വായിക്കാം
ഗോള്‍ഡന്‍ ട്രയാംഗിള്‍-തായ് ലണ്ട്- രണ്ടാം ഭാഗം- ഇവിടെ വായിക്കാം
ചിയാങ്ങ്മയിയിലെ മൂന്നാം പ്രഭാതമാണിന്നു.വിഖ്യാതമായ ഗോള്‍ഡന്‍ ട്രയാംഗിള്‍ സന്ദര്‍ശനമാണു ഇന്നത്തെ പ്രധാന പ്രോഗ്രാം.ഈ നഗരത്തില്‍ നിന്നും ഏകദേശം 250കിമി അകലെയാണീ പ്രദേശം.മൂന്നര-നാലു മണിക്കൂര്‍ യാത്രയുണ്ടിവിടേക്ക്.ട്രാഫിക്കിനനുസരിച്ച് യാത്രാ സമയം കൂടാമെന്നും അറിഞ്ഞിരുന്നു.അതിനാല്‍ രാവിലെ ഏഴുമണിയോടെ തയ്യാറായി പ്രഭാതഭക്ഷണത്തിനെത്തി.ആ സമയം ഒരു ചങ്ങാതിമാത്രമില്ല.ഏകദേശം മുക്കാല്‍മണിക്കൂര്‍ കാത്തിരിപ്പിനു ശേഷം ആളെത്തി,ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സമയം എട്ടര.വാന്‍ ഡ്രൈവര്‍ ഏഴരമുതല്‍ കാത്ത്നില്‍ക്കുകയാണു.എല്ലാവരും വാഹനത്തില്‍ കയറി.ഇപ്പോഴും പഴയ ചങ്ങാതി മാത്രമില്ല.വാന്‍ ഡ്രൈവര്‍ ധൃതികൂട്ടിത്തുടങ്ങി.അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ആളെത്തി.മൊബൈല്‍ മറന്നുവച്ചത് തേടിപ്പോയതായിരുന്നു കക്ഷി.തിരക്കുപിടിച്ച ഈ ദിവസത്തില്‍ രാവിലെയുണ്ടായ സമയ നഷ്ടം ഒന്നര മണിക്കൂര്‍!!
തുടര്‍ന്ന് വാഹനം പുറപ്പെടുമ്പോള്‍ സമയം ഒന്‍പതര.നഗരം തിരക്കിന്റെ പിടിയിലമര്‍ന്നു തുടങ്ങിയിരിക്കുന്നു.
നഗരപരിധി പിന്നിട്ടതും തികച്ചും ഗ്രാമീണമായ കാഴ്ചകള്‍ മാത്രമായി.സുന്ദരമായ രണ്ടുവരി/നാലുവരിപ്പാത.ചിട്ടയോടെ നീങ്ങുന്ന വാഹനങ്ങള്‍.കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും മലമ്പ്രദേശമായി.നല്ല കയറ്റങ്ങളും വളവുകളും ഇറക്കങ്ങളും.
ഇടക്കിടെ ചെറുപട്ടണങ്ങളും തായ്ക്ഷേത്രങ്ങളും.റോഡിനിരുവശവുംനിറയെകായ്ച്ചുകിടക്കുന്ന ലിച്ചിപഴത്തോട്ടങ്ങളാണു പ്രധാന ആകര്‍ഷണം.
ചെറുകുന്നുകളുടെ താഴ്വാരങ്ങളില്‍ വിളവെടുപ്പ് കഴിഞ്ഞ നെല്‍പ്പാടങ്ങള്‍. ഹൈവേയുടെ വശങ്ങളിലെല്ലാം കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സൈന്‍ബോര്‍ഡുകള്‍.അതിനാല്‍ ഈ പ്രദേശങ്ങളിലെല്ലാം ഡ്രൈവിങ് വളരെ എളുപ്പമാണു.ഇടക്കുള്ള പ്രധാനനഗരമാണു ചിയാങ് റായ്. വിമാനത്താവളവും അന്താരാഷ്ട്ര ഹോട്ടല്‍ ശ്രുംഖലകളും എല്ലാമുള്ള ഒരു നഗരം.ഈ നഗരമാകുമ്പോഴേക്കും റോഡുകള്‍ ആറുവരിയായിരിക്കുന്നു.നഗരത്തിനു പുറത്തുള്ള ബൈപാസ്സിലൂടെവാഹനം കുതിച്ചു കൊണ്ടിരുന്നു.മനോഹരമായ ഒരു നഗരമാണു ചിയാങ് റായ്.
റോഡിനിരുവശവും പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്ന പോലെയുള്ള മരങ്ങളും,തലയുയര്‍ത്തി പനകളും.പഴമയുടെ പ്രൌഡി വിളിച്ചോതുന്ന കമാനങ്ങള്‍ നഗരത്തിലെവിടെയും കാണുവാന്‍ കഴിയും.
ഇന്ധനം നിറക്കുവാനായി വാന്‍ ഒരു പെട്രോള്‍സ്റ്റേഷനിലേക്ക് കയറി.വിശാലമായ പമ്പ്.ഭക്ഷണം കഴിക്കുവാനും,പ്രാഥമികാവശ്യങ്ങള്‍ക്കുമെല്ലാം വിപുലമായ സജ്ജീകരണങ്ങളാണിവിടെ.അതും ഏറ്റവും വൃത്തിയായ സാഹചര്യത്തില്‍.നമ്മുടെ നാട്ടില്‍ ഇല്ലാത്തതും ഇതാണല്ലോ.ലഘുഭക്ഷണത്തിനു ശേഷം വീണ്ടും യാത്ര.ഒരു മയക്കം കഴിഞ്ഞപ്പോഴേക്കും തായ്-മ്യാന്‍ മാര്‍ അതിര്‍ത്തിയെത്തി.തായ് ലണ്ടിന്റെ അതിര്‍ത്തി നഗരമായ മേ സേ ആണിത്.
തായ് ലണ്ടിന്റെ ഏറ്റവും വടക്കേ അതിര്‍ത്തി.
സേ നദിക്കു കുറുകേയുള്ള ഒരു പാലത്തിനിപ്പുറം മ്യാന്‍മാര്‍!പഴയ ബര്‍മ.
പാലത്തിനപ്പുറത്തെ നഗരത്തിനു താചിലെക് എന്നാണു പേരു നല്‍കിയിരിക്കുന്നത്.ബര്‍മീസ് എമിഗ്രേഷനില്‍ പാസ്പോര്‍ട്ട് നല്‍കി ഒരു ചെറിയ ഫീസടച്ചാല്‍ അക്കരെകടക്കുന്നതിനുള്ള അനുവാദമായി.160 കിമി അകലെയുള്ള കെങ് ടങ് എന്ന ബര്‍മീസ് നഗരം വരെ നമ്മള്‍ക്ക് സഞ്ചരിക്കാം.അതിനപ്പുറത്തേക്ക് പ്രത്യേക വിസ തന്നെ വേണം. വൈകിട്ടു ആറുമണിക്കു പക്ഷെ അതിര്‍ത്തി പാലം അടക്കപ്പെടും.പിന്നെ രാവിലെ ആറുമണിവരെ കാത്തിരിക്കുകയേ നിര്‍വ്വാഹമുള്ളൂ.
പാലത്തിനപ്പുറവും ഇപ്പുറവും തമ്മില്‍ അജഗജാന്തരമാണു അനുഭവപ്പെടുന്നത്.വലിയ കെട്ടിടങ്ങളും ആഡംബരകാറുകളും നിറഞ്ഞ തായ് ലണ്ട് ഭാഗവും,ദാരിദ്യം നിറഞ്ഞ മ്യാന്‍ മാര്‍ ഭാഗവും.
താചിലെക് മാര്‍ക്കറ്റ്
പരമ്പരാഗത വേഷം ധരിച്ച മ്യാന്‍ മര്‍ സ്ത്രീകള്‍
മ്യാന്മാറില്‍ കടന്നപ്പോഴേക്കും ചെറിയ കരകൌശല വസ്തുക്കളുമായി കുട്ടികള്‍ പുറകേ കൂടി.വാങ്ങുകയല്ലാതെ വേറെ നിവൃത്തിയില്ല.
ഷെ ഡാഗണ്‍ പഗോഡ
ഒരു ചെറിയ വാന്‍ വാടകയ്ക്കെടുത്ത് പ്രശസ്തമായ ഷെ ഡാഗണ്‍ പഗോഡ കാണുന്നതിനായി ഞങ്ങള്‍ പുറപ്പെട്ടു.ഒരു ചെറിയ കുന്നിന്മുകളിലാണത്. വളരെ മനോഹരമായ ഒരു നിര്‍മ്മിതി.അവിടേയും കുട്ടികച്ചവടക്കാര്‍ നിങ്ങളെ പിടികൂടും.ഈ കുന്നിന്‍ മുകളില്‍ നിന്നും നഗരത്തിന്റെ ഒരു വിഹഗവീക്ഷണം ലഭിക്കും. സമയം രണ്ടരയായി.ഇനി ഭക്ഷണശേഷം യാത്രയാകാമെന്നു തീരുമാനിച്ചെങ്കിലും ഡ്രൈവര്‍ സമ്മതിച്ചില്ല,ഉടനെ ഗോള്‍ഡന്‍ ട്രയാംഗിളിലേക്ക് പോകണമെന്നായി കക്ഷി.പോകുന്ന വഴിയില്‍ നല്ല ഭക്ഷണം ലഭിക്കുമത്രേ.അങ്ങനെ വാഹനം ത്രിവേണീ സംഗം ലക്ഷ്യമാകി നീങ്ങി.കുറച്ചുകഴിഞപ്പോള്‍ വലതുഭാഗത്തായി മെകോങ് നദി കണ്ടു തുടങ്ങി.നദിക്കരയില്‍ നിരവധി ഭക്ഷണശാലകളും.നല്ല ഒരു റസ്റ്റോറണ്ടില്‍ ഭക്ഷണം കഴിച്ച ശേഷം കുറച്ചു മുന്നോട്ട് നീങ്ങിയപ്പോള്‍ മുന്നില്‍ ത്രിവേണീ സംഗമം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഗോള്‍ഡന്‍ ട്രയാംഗിള്‍.
ഗോള്‍ഡന്‍ ട്രയാംഗിള്‍
തായ് ലണ്ട് ഭാഗത്തു നിന്നും നോക്കിയാല്‍ ഇടതുവശത്ത് മ്യാന്‍ മറും വലത് കരയില്‍ ലാവോസും.ഗ്യാംബ്ലിങ് നിയമവിധേയമായ മ്യാന്‍ മറില്‍ പ്രവര്‍ത്തിക്കുന്ന കാസിനോയും ഇവിടെ നിന്നാല്‍ കാണുവാന്‍ കഴിയും.വലത് കരയിലെ ലാവോസ് നിര്‍മ്മിതികളും വ്യക്തമായി കാണാം.താഴെ ബോട്ടിംഗ് നടക്കുന്നു.300 ബാത്തിനു ലാവോസില്‍ പോയിവരാം.അതിനു തയ്യാറായെങ്കിലും ഡ്രൈവര്‍ അവിടേയും ഇടങ്കോലിട്ടു.ബോട്ട് സവാരി ഒന്നര മണിക്കൂര്‍ എടുക്കുമത്രേ.അതിനു ശേഷം പ്രശസ്തമായ റോങ്ഖണ്‍ക്ഷേത്രവും,ഓപിയം മ്യൂസിയവും സന്ദര്‍ശിക്കുവാന്‍ സമയം ലഭിക്കുകയില്ല.അതോടെ ബോട്ട് യാത്ര ഉപേക്ഷിക്കപ്പെട്ടു.
തുടര്‍ന്ന് അവിടെയുള്ള വലിയൊരു ക്ഷേത്രവും,അതിനു ചുറ്റുമായുള്ള സുവനീര്‍ ഷോപ്പുകളും സന്ദര്‍ശിച്ച ശേഷം നാലരയോടെ മടങ്ങാം എന്ന് തീരുമാനിച്ചു.അതുപ്രകാരം തിരികെയെത്തിയപ്പോള്‍ രാവിലെ യാത്ര താമസിപ്പിച്ച ചങ്ങാതി മാത്രമില്ല.ബോട്ട് യാത്രയെല്ലാം കഴിഞ്ഞു ആറുമണിയോടെ ആളെത്തി.അതോടെ മറ്റ് പരിപാടികളും ഉപേക്ഷിക്കപ്പെട്ടു.ആ നഷ്ട്ടബോധത്തില്‍ മുഴുകി രാത്രി വൈകി നഗരത്തില്‍ മടങ്ങിയെത്തി.പിറ്റേന്നാണു ഈ നഗരത്തിലെ അവസാന രാത്രി.അതിനടുത്ത ദിവസം ചിയാങ്മയിയോട് വിടപറയണം.
പിറ്റേന്ന് പകല്‍ മുഴുവന്‍ എല്ലാവരും നഗരത്തിനു അടുത്തുള്ള ഹയ് ടുങ്താ എന്ന തടാകപരിസരത്ത് സാഹസിക വിനോദങ്ങളിലേര്‍പ്പെട്ടിരിക്കുകയായിരുന്നു.
റോങ്ഖണ്‍ക്ഷേത്രം(കടപ്പാട്-ഗൂഗിള്‍)
തടാകത്തിനു കുറുകെ കമ്പിയില്‍ തൂങ്ങി മറുകര പറ്റിയതും,മരങ്ങളുടെ മുകളിലൂടെയുള്ള നടത്തവും അവിസ്മരണീയമായി.അതിനടുത്ത ദിവസം കുലാലമ്പൂരിലെത്തി,അന്നവിടെ തങ്ങി,പിറ്റേദിവസം നാട്ടിലേക്ക് തിരിച്ചു.ഒട്ടേറെ അനുഭവങ്ങള്‍ സമ്മാനിച്ച മറ്റൊരു യാത്രയുടെ പരിസമാപ്തി.!!