ഗോള്‍ഡന്‍ ട്രയാംഗിള്‍-തായ് ലണ്ട് - രണ്ടാം ഭാഗം
ഇന്നു ചിയാങ്ങ്മയിലെത്തിയതിനു ശേഷമുള്ള രണ്ടാം പ്രഭാതം.ഒരു പ്രഭാതസവാരിക്കായി ഇറങ്ങി.തലേരാവിന്റെ ആലസ്യം വിട്ട് നഗരം ഉറക്കമുണര്‍ന്നിട്ടില്ല .റോഡിലാരേയും കാണാനില്ല.നല്ല ഇളം തണുപ്പുള്ള കാലാവസ്ഥ.ജോലിക്കായി നഗരത്തിലേക്ക് വരുന്നവരുടെ വാഹനങ്ങള്‍ ഇടക്കിടെ കടന്നുപോകുന്നുണ്ട്.ഒരു ടുക്-ടുക് അടുത്ത് വന്നുനിന്നു.
ചിയാങ്മായ് ഗ്രാമകാഴ്ചകള്‍
നഗരത്തിലേക്ക് ട്രിപ്പിനായി വരുന്ന വാഹനമാണു.30 ബാത്തിനു ഒരു ചെറിയ കറക്കമാകാമെന്നായി ചങ്ങാതി.കഷ്ട്ടിച്ച് ഒരു രണ്ട് -മൂന്ന്കിലോമീറ്റര്‍.പെട്ടെന്ന് നഗരം ഗ്രാമക്കാഴ്ചകള്‍ക്ക് വഴിമാറി.റോഡിനിരുവശവും വിശാലമായ ,നടീല്‍ കഴിഞ്ഞ,പാടശേഖരങ്ങള്‍ പച്ചപുതച്ച് നില്‍ക്കുന്നു.തികച്ചും കേരളീയ കാഴ്ചയാണെങ്കിലും സമീപഭാവിയില്‍തന്നെ നെല്‍കൃഷി കാണണമെങ്കില്‍ കേരളത്തിനു പുറത്ത്പോകണമെന്ന സ്ഥിതി ആയിക്കൊണ്ടിരിക്കുകയാണല്ലോ!10മിമിറ്റിനുള്ളില്‍ തിരികെ ഹോട്ടലിലെത്തിച്ച് ടുക്-ടുക് സ്ഥലം വിട്ടു.അന്നത്തെ പ്രഭാതസവാരിയും തഥൈവ.
ഹോട്ടല്‍ റൂമിലെത്തി തയ്യാറായി,ബ്രേക് ഫാസ്റ്റും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും ടൂറിസ്റ്റ്വാനുകളുടെ ഡ്രൈവര്‍മാര്‍ ഞങ്ങളെ പൊതിഞ്ഞു.നിരക്ക് പറഞ്ഞുറപ്പിച്ച്, തരക്കേടില്ലാതെ പെരുമാറിയ ഒരാളുടെ വാനില്‍ കയറി.അലക് എന്നാണു കക്ഷിയുടെ പേരു.നഗരത്തിനു പുറത്തുള്ള ബോസാങ് ഗ്രാമത്തിലാണു അലകിന്റെ വീട്.ഒരു ടൂര്‍കമ്പനിയുടെ വാന്‍ ഡ്രൈവറായി കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്നു.മറ്റേതു തായ് നഗരത്തേയും പോലെ ചിയാങ്ങ്മായിലും പൊതുവേ ടാക്സിനിരക്കുകള്‍ വളരെ കുറവാണു,മര്യാദക്കാരായ ഡ്രൈവര്‍മാരും.
വിഖ്യാതമായ ടൈഗര്‍ കിങ്ഡം സന്ദര്‍ശനമാണു ഈ ദിവസത്തെ ആദ്യ പരിപാടി.2008ല്‍ സ്ഥാപിതമായ ഈ ടൈഗര്‍പാര്‍ക്ക് ചിയാങ്ങ്മായിലെ പ്രധാന ആകര്‍ഷണമാണു.2011ഓടുകൂടി ചിയാങ്ങ്മായിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായി ഇത് മാറിക്കഴിഞ്ഞു.
ടൈഗര്‍ കിങ്ഡം
നിരക്കുകളും.
വടക്കുകിഴക്കന്‍ തായ്ലണ്ടിലെ ഉബോണ്‍ സൂ ശ്രുംഖലയുടെ കീഴില്പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണീ പാര്‍ക്ക്.ഒരു തായ് ലണ്ട് എം.പിയുടെ ഉടമസ്ഥതയിലാണത്രേ ഇത്. ആറ് ഏക്കറോളം വിസ്ത്രുതിയിലാണിത് സ്ഥിതിചെയ്യുന്നത്.
ചിയാങ്ങ്മായ് വഴിയിലെല്ലാം ടൈഗര്‍ കിങ്ഡമിന്റെ വലിയ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചിരിക്കുന്നു.
ഒരു 15മിനിറ്റ് യാത്രയില്‍ അവിടെ എത്തിച്ചേര്‍ന്നു.മേസെ താഴ്വരയിലെ ഒരു ചെറിയ നദീതീരത്താണീ പാര്‍ക്ക്.ദൂരേനിന്നു തന്നെ ഇതിന്റെ പ്രവേശനകവാടം ദൃശ്യമാകും.നദിക്കു കുറുകേയുള്ള പാലം കടന്ന് ഞങ്ങളുടെ വാഹനം അകത്ത് പ്രവേശിച്ചു.
പ്രധാന കെട്ടിടം
രാവിലെയായതു കൊണ്ടാകണം വലിയ തിരക്കില്ല. പ്രധാന കെട്ടിടത്തില്‍ തന്നെയാണു ടിക്കറ്റ് കൌണ്ടര്‍. നിരക്കുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡ് നോക്കിയപ്പോള്‍ ഞെട്ടി.സാമാന്യം ഉയര്‍ന്ന നിരക്കുകളാണിവിടെ.ഒരാള്‍ക്ക് 2000 രൂപ വരെയുള്ള വിവിധ പാക്കേജുകള്‍.കടുവകളുടെ സൈസ് അനുസരിച്ചാണു നിരക്കുകളും.നിലവില്‍ 32 കടുവകളാണിവിടെയുള്ളത്. വലിയ കടുവകളുമായി സല്ലപിക്കുന്നതിനു കുറഞ്ഞ നിരക്കും,കുഞ്ഞുങ്ങളുമായി കളിക്കുന്നതിനു ഉയര്‍ന്ന റേറ്റും.ഏകദേശം 15മിനിറ്റാണിതിനു അനുവദിച്ചിരിക്കുന്നത്.എങ്കിലും സമയം കൂടുതല്‍ ആവശ്യമായതുകൊണ്ടാകാം ,സമയകാര്യത്തില്‍ കടും പിടിത്തമൊന്നുമില്ല.വലിയ കടുവകളുമായി ഇടപഴകുന്നതിനുള്ള ടിക്കറ്റുമായി ഞങ്ങളും,റ്റിപവന്‍ എന്ന ട്രെയിനറും പാര്‍ക്കിനകത്തേക്കു കയറി.
പാര്‍ക്കിനകത്തെ കാഴ്ചകള്‍
അകത്തേക്കുള്ള റോഡിനിരുവശവുമായി വയര്‍ഫെന്‍സിങിനുള്ളില്‍ കടുവകളെ സ്വതന്ത്രമായി തുറന്ന് വിട്ടിരിക്കുന്നു.വലിപ്പമനുസരിച്ച് പല വിഭാഗങ്ങളായി തരം തിരിച്ചാണിവയെ വിട്ടിരിക്കുന്നത്.കടുവകളുമായി ഇടപഴകുമ്പോള്‍ എടുക്കേണ്ട മുന്‍ കരുതലുകള്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
നാലുകടുവകളെ ഇട്ടിരിക്കുന്ന ഒരു വിഭാഗത്തിലേക്കാണു റ്റിപവന്‍ ഞങ്ങളെ നയിച്ചത്.ഗെയിറ്റിനകത്ത് കടന്ന്,വീണ്ടും ഗെയിറ്റടച്ചപ്പോള്‍ നാലു കടുവകളോടൊപ്പം ട്രെയിനറും ഞങ്ങളും മാത്രം.ഉള്ളൊന്നു കാളി!ഒരു ചെറിയ ചൂരല്‍ വടി മാത്രമാണു ട്രെയിനറുടെ ആയുധം!
ഒറ്റക്ക് കിടക്കുന്ന ഒരുവനെയാണു ഞങ്ങള്‍ക്കായി റ്റിപവന്‍ തിരഞ്ഞെടുത്തത്.കടുവയുടെ പിന്‍ വശത്തുകൂടി മാത്രമേ അടുത്ത്ചെല്ലാവൂ എന്നും, നല്ല ശക്തിയില്‍ വേണം ശരീരത്തില്‍ സ്പര്‍ശിക്കാന്‍ എന്നുമുള്ള നിര്‍ദ്ദേശമനുസരിച്ച് ഓരോരുത്തരായി കടുവയെ സമീപിച്ചു.ചെറിയൊരു ഭീതിയോടെ ഫോട്ടോ സെഷന്‍ തുടങ്ങി.വാലില്‍പ്പിടിച്ചും.കെട്ടിപ്പിടിച്ചുമൊക്കെ യഥേഷ്ടം ചിത്രങ്ങളെടുക്കാം.
എപ്പോഴും ലഭിക്കുന്ന അവസരമല്ലാത്തതു കൊണ്ടു എല്ലാവരും നിറയെ ചിത്രങ്ങളെടുത്തു.റ്റിപവനൊരു റ്റിപ്പും നല്‍കി പുറത്തു കടന്നു.കടുവകുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കാനാണു തിരക്കേറേയും.പാശ്ചാത്യരാണധികവും അതിനകത്ത്.ഒരു മുക്കാല്‍ മണിക്കൂര്‍ കൊണ്ട് അതിനകമെല്ലാം ചുറ്റിക്കണ്ട് പാര്‍ക്കിനു പുറത്തിറങ്ങി.അലക് കാത്തുനില്‍ക്കുന്നുണ്ട്.കുറച്ചകലെ കഴുത്തുനീണ്ട ഗോത്രവര്‍ഗ്ഗക്കാര്‍ താമസിക്കുന്ന ഗ്രാമത്തിപോകാമെന്നായി അലക്.കഴുത്തില്‍ ഒരുതരം വളകളിട്ട്,നീണ്ട കഴുത്തുമായി ജീവിക്കുന്നവരുടെ ഗ്രാമവും ധാരാളം പേര്‍ സന്ദര്‍ശിക്കുന്നുണ്ടത്രേ. അലകിന്റെ കയ്യിലുള്ള ചിത്രങ്ങള്‍ കണ്ടപ്പോഴേ ഒരുതരം ശ്വാസം മുട്ട് അനുഭവപ്പെട്ടു,അതോടെ ആ പരിപാടി ഉപേക്ഷിക്കപ്പെട്ടു.പകരം തൊട്ടടുത്തു തന്നെയുള്ള സാഹസികവിനോദ കേന്ദ്രമായ എക്സ് സെന്റര്‍ സന്ദര്‍ശിക്കാമെന്നായി അലക്.അതിനുള്ളില്‍ നല്ലൊരു ഭക്ഷണ ശാലയും ഉണ്ട്.
എക്സ്-സെന്റര്‍ എന്ന സാഹസിക വിനോദകേന്ദ്രം
നേരം രണ്ടര മണിയായിരിക്കുന്നു.5മിനിറ്റ് യാത്രയില്‍ അവിടെയെത്തി.ബങ്കി ജമ്പിംഗ്,ഓഫ് റോഡ് കാര്‍,ഓഫ് റോഡ് ബൈക്ക്,എക്സോര്‍ബ് ബോള്‍,ഗോ കാര്‍ട്ട് അങ്ങനെ നിരവധി വിനോദങ്ങള്‍.
ബങ്കി ജമ്പിംഗ്
ബങ്കി ജമ്പിംഗ്
60 മീറ്റര്‍ ഉയരത്തിനിന്നും കാലുകള്‍ കൂട്ടിക്കെട്ടി താഴേയുള്ള കുളത്തിലേക്ക് ചാടുന്ന ബങ്കി ജമ്പിങ് അത്യന്തം സാഹസികാമായ ഒരു വിനോദമാണു.എല്ലാ വിനോദങ്ങള്‍ക്കും വളരെ ഉയര്‍ന്ന ടിക്കറ്റ് നിരക്കാണിവിടെ.ഭക്ഷണം കഴിഞ്ഞപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചു.അതിനാല്‍ ഒന്നിലും കൈവച്ചില്ല. വിനോദങ്ങളെല്ലാം കണ്ടുനിന്ന് വൈകുന്നേരത്തോടെ തിരികെ നഗരത്തിലേക്ക് മടങ്ങി.നാളെ ചെയ്യുവാന്‍ പോകുന്ന 275കിമി ദൈര്‍ഘ്യമുള്ള ഗോള്‍ഡന്‍ ട്രയാംഗിള്‍ യാത്രക്കുള്ള വാഹനവും ബുക്ക് ചെയ്ത് നൈറ്റ്മാര്‍ക്കറ്റിലൂടെ കറങ്ങി, ഭക്ഷണശേഷം ഹോട്ടലിലെത്തി.അപ്പോള്‍ സമയം അര്‍ദ്ധരാത്രിയോടടുത്തിരുന്നു.
20 comments:
രണ്ടാം ഭാഗം പതിവുപോലെ താമസിച്ചിട്ടുണ്ട്.
thamasichalum kuzhappamila nannayittundallo...keep it up.
അല്പം ഭയം തോന്നാതിരുന്നില്ല. അതിനെ എന്തിനാ ശക്തിയില്‍ സ്പര്‍ശിക്കണം എന്ന് പറയുന്നത്.
ഇത്തരം കാഴ്ചകള്‍ ഉള്ളതിനാല്‍ ആകണം ഇത്തവണത്തെ പോസ്റ്റിനു ഇത്രേം ഗൌരവം തോന്നുന്നത്.
ഭംഗിയായി.
തായ്പാടങ്ങളും,പുലിസാമ്രാജ്യവും കൊളത്തിൽ ചാടലും ഒക്കെ ഇഷ്ടമായി.സ്നേഹം.
കടുവയുടെ കൂടെയുള്ള പടത്തിൽ ഒരടിക്കുറിപ്പു കൂടി വേണമായിരുന്നു കൃഷ്ണകുമാറേ കടുവ ഏതാണെന്നു തിരിച്ചറിയാൻ :))...
നന്നായി വിവരണം..പിന്നെ ബങ്കി ജമ്പാണോ ബഞ്ചി ജമ്പാണോ ശരി ?
super super super
കാണാത്ത കാഴ്ച്ചകള്‍..
ചേലൊത്ത വിവരണം.
ഇഷ്ട്ടായി മാഷേ.
ന്നാലും “പുലിവാലു പിടിച്ചല്ലോ” അത് കഷ്ട്ടായിപ്പോയി..!
ആശംസകളോടെ പുലരി
എനിക്ക് ആ ഗ്രാമക്കാഴ്ചകള്‍ നല്ല ഇഷ്ടമായി.
നമ്മുടെ കേരളം പോലെ തോന്നി. പിന്നെ കടുവയുടെ അടുത്തു നിന്ന് ഫോട്ടോ എടുക്കാന്‍
ഇത്തിരി ധൈര്യം പോരാ. പേടി തോന്നുന്നു. ഈ കാഴ്ചകള്‍ പങ്കിട്ടതിന് സന്തോഷം.
ശരിക്കും നമ്മുടെ നാടിനെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങള്‍ . നല്ല മിഴിവുറ്റ ചിത്രങ്ങള്‍. സൂപ്പര്‍ വിവരണവും. കടുവയോടൊപ്പം ഫോട്ടോ ...പലയിടത്തും പോയി ഇത്തരം സാഹസങ്ങള്‍ക്ക് മുതിരരുത് ട്ടോ..
ഈ ബ്ലോഗ്ഗ് എന്റെ ഡാഷ് ബോര്‍ഡില്‍ വരുന്നില്ല. പോസ്റ്റ് ഇട്ടാല്‍ മെയില്‍ അയക്കൂ. ഇന്നലെ താന്കള്‍ എന്റെ ബ്ലോഗ്ഗില്‍ വന്നത് കൊണ്ട് ഇപ്പോള്‍ ഇവിടെയെത്തി. അല്ലെങ്കില്‍ ഇത്രയും മനോഹരമായ പോസ്റ്റ് വിട്ടു പോയേനെ !!!
അതെ എനിക്കും നമ്മുടെ കേരളം പോലെ തോന്നിച്ചു ഗ്രാമക്കാഴ്ച്ച കണ്ടപ്പോള്‍ ...!
സത്യത്തിനു ഇപ്പൊ പൂച്ചയെ പേടിയാ അപ്പൊ കടുവാടെ കാര്യം പറയണോ ?
ഫോട്ടോസ് ഒക്കെ നന്നായിട്ടുണ്ട് ട്ടോ ...!
നല്ല വിവരണം ..!!
പോസ്റ്റ് ഇടുമ്പോള്‍ അറീക്കുകാ ട്ടോ ...!
കടുവാക്കൂട്ടിൽ കയറി കയ്യിട്ടാലുള്ള അനുഭവം അറിയാല്ലൊ- എന്നിനി ആരോടും പറയണ്ടാട്ടൊ...!!
സ്വാഭാവികരീതിയിലാണെങ്കിൽ കടുവയുടെ അടുത്തൊന്നും പോകാനേ ഒക്കില്ല. എത്രയോ പരിശീലനം കൊടുത്തിട്ടും കാട്ടിക്കൂട്ടുന്നത് സർക്കസ് കൂടാരത്തിൽ പല പ്രാവശ്യം കണ്ടിട്ടുണ്ട്. ഇതുങ്ങളെ വാസ്തവത്തിൽ ലഹരി പദാർത്ഥങ്ങൾ കൊടുത്ത് മയക്കി കിടത്തിയിരിക്കാല്ലെ..?
ഓടു മേഞ്ഞ വീടുകൾ കണ്ടിട്ട് കേരളം തന്നെ.
ആശംസകൾ...
ആഹാ ഇത്രയും നല്ല ഒരു ബ്ലോഗ് കാണാന്‍ ഇത്രയും വൈകിയല്ലോ ( വന്നു വഴികാണിച്ചതിനു നന്ദി ) , എല്ലാം നല്ല ചിത്രങ്ങള്‍ വിവരണങ്ങള്‍ യാത്ര അനുഭവങ്ങളും കൂടുതല്‍ വായിക്കാന്‍ ഞാന്‍ വീണ്ടും വരുന്നുണ്ട് ,,, കൂടെ കൂടുവാണെ
മനോഹരമായ ചിത്രങ്ങള്‍
എന്റെ ബ്ലോഗില്‍ വന്നതിനും നന്ദി
പുന്യാളനോപ്പം ഞാനും വരുന്നു
വീണ്ടും കാണാം
ഇക്കടുവയാളൊരു പുലിതന്യാട്ടോ..
ഇതെങ്ങന്യതിന്നകത്ത് കേറിപ്പറ്റി?
അത് കണ്ടപ്പോ ഏതാ പുപ്പുലീന്നൊരു സംശ്യം...
വിവരണവും നന്നായി..
ആശംസകള്‍..
നല്ല വിവരണം, നല്ല കാഴ്ചകള്‍ ..ഇത് പോലുള്ള മൃഗങ്ങളുമായി അടുത്തിട പഴകാന്‍ അസാമാന്യ ധൈര്യം തന്നെ വേണം ..പണ്ട് ഒരു മുതല വാല് പിടിച്ച അനുഭവം ഉണ്ടേ ...
ചിത്രങ്ങളും വാക്കുകളും ഏതൊക്കെയോ ലോകത്തെത്തിക്കുന്നു. മനോഹരം
വീടുകള്‍ക്ക് തനി കേരളീയ ശൈലി തന്നെ .എവിടെ യൊക്കയൊഎ ഒരു കേരളാ ടച്ച് .പുലിയുടെ കൂടെയുള്ള ഇരുത്തം ..അപാരം തെന്നെ...ആ ചിരി ഒറിജിനല്‍ ആണൊ?
നല്ല വിവരണം മാഷേ, ചിത്രങ്ങള്‍ സൂപ്പര്‍!
അവിടെ അപ്പോൾ
എം.പി.കൾക്കൊക്കെ സഫാരി
പാർക്കുകൾ സ്വന്തമായി നടത്താം അല്ലേ..
പിന്നെ
എനിക്കിഷ്ട്ടപ്പെട്ട പടം ആ രണ്ട് പുലികളുടേതാണ് കേട്ടൊ ഭായ് (എന്തിനാണാവോ ഒരു പുലി സൺഗ്ലാസ് വെച്ചിരിക്കുന്നത്..?)
നല്ല വിവരണം
Post a Comment