Saturday, October 29, 2011

ഹോങ്കോങ് യാത്ര

                                               ഹോങ്കോങ് യാത്രാക്കുറിപ്പുകള്‍ -1

ചെറുപ്പം മുതലേ കേട്ടിരുന്ന ഒരു സ്ഥല പേരായിരുന്നു ഹോങ്കോങ്.ചില സ്വന്തക്കാര്‍ അവിടെയുണ്ടായിരുന്നു എന്ന് കേട്ടിട്ടുള്ളതു കൊണ്ടാവാം,ആ പേരിനോടൊരു മമത തോന്നിയിരുന്നത്.മാത്രവുമല്ല,പണ്ടൊരു ഐ.വി.ശശി സിനിമയില്‍ (ഇനിയെങ്കിലും?) ആ നാടിന്റെ കാഴ്ചകള്‍ കണ്ട ചെറിയ ഒരോര്‍മ്മയും.
ഹോങ്കോങ്  നഗരത്തിന്റെ ഒരു വിദൂരകാഴ്ച

കഴിഞ്ഞ ചൈനാ യാത്രയില്‍, ഇടക്കൊരു മൂന്ന് ദിവസം ചൈനയില്‍ നിന്നും ഹോങ്കോങിലെത്തി, ഹോങ്കോങ് നഗരം കൂടികാണണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ആ പരിപാടി നടന്നില്ല.ചൈന വിസ,സിംഗിള്‍ എന്‍ട്രി ആയിപ്പോയതാണു കാരണം.എന്തായാലും ഈ  യാത്രയില്‍ ആദ്യം ഹോങ്കോങ് നഗരം ചുറ്റിക്കണ്ട്,പിന്നീട് ട്രെയിന്‍ മാര്‍ഗ്ഗം ചൈനയില്‍ എത്തിച്ചേരുവാനുള്ള പദ്ധതിയാണു തയ്യാറാക്കിയത്.
കൊച്ചിയില്‍ നിന്നും എയര്‍ ഏഷ്യ വിമാനക്കമ്പനി സര്‍വീസ് തുടങ്ങിയത് മൂലമാണു എന്റെ മിക്കവാറും യാത്രകളെല്ലാം തരമായത് എന്ന് ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ.കഴിഞ്ഞ വര്‍ഷമാദ്യം,അതായത് 2010 ജനുവരിയില്‍, എയര്‍ ഏഷ്യ  കൊച്ചിയില്‍ നിന്നും സര്‍വീസ് തുടങ്ങുമ്പോള്‍,അതു വരെ ഇങ്ങനെയൊരു വിമാനക്കമ്പനിയെക്കുറിച്ച് കേട്ടറിവ് പോലുമില്ലായിരുന്നു.വെറും അയ്യായിരം രൂപയ്ക്ക് മലേഷ്യയ്ക്ക് പോയിവരാം എന്ന് പരസ്യം കണ്ടപ്പോള്‍ അത്ര വിശ്വാസം തോന്നിയതുമില്ല.പക്ഷെ അന്നുമുതലിങ്ങോട് വളരെ പ്രയോജനപ്രദമായ ഒരുപാട് യാത്രകള്‍ ഈ ചെലവ്കുറഞ്ഞ വിമാനകമ്പനി സമ്മാനിച്ചു.
ഈ പ്രാവശ്യം യാത്രയില്‍ പ്രിയപത്നിയും ചേരുന്നു എന്ന് നേരത്തെതന്നെ അറിയിച്ചിരുന്നു.സാധാരണ യാത്രകളെല്ലാം സ്നേഹിതരോടൊപ്പമാണു.എന്നാല്‍ ഇത്തവണ ഞങ്ങള്‍ രണ്ടാള്‍ മാത്രം.ഒപ്പം വരാമെന്ന് സമ്മതിച്ചിരുന്ന ഒരു അഭിഭാഷക കുടുംബം സമയമായപ്പോള്‍ യാത്ര റദ്ദാക്കി.

  അങ്ങനെ പതിവ് പോലെ കൊച്ചിയില്‍ നിന്നും കുലാലമ്പൂര്‍ എത്തിച്ചേര്‍ന്നു.എയര്‍ ഏഷ്യ സര്‍വീസില്‍,കൊച്ചിയില്‍ നിന്നും, കുലാലമ്പൂര്‍ വഴി മാത്രമെ യാത്ര ചെയ്യാന്‍ സാധിക്കൂ.സമയം അര്‍ദ്ധരാത്രിയായിരിക്കുന്നു.കഴിഞ്ഞ പ്രാവശ്യം വിമാനത്താവളത്തിലിരുന്നു നേരം വെളുപ്പിച്ച അനുഭവമുള്ളത് കൊണ്ട് കാലേകൂട്ടി എല്‍.സി.സി.റ്റി വിമാനത്താവളത്തിനടുത്തുള്ള ട്യൂണ്‍ ഹോട്ടലില്‍ റൂം ബുക്ക് ചെയ്തിരുന്നു.വിമാനത്താവളത്തില്‍ നിന്നും 1കിമി മാത്രം ദൂരമുള്ള ഈ ഹോട്ടലിലേക്ക് ഹോട്ടലുകാരുടെ വക ഷട്ടില്‍ ബസ് ,പതിനഞ്ച് മിനിറ്റ് ഇടവേളകളില്‍, ഉണ്ട്.ചാര്‍ജ് 1 മലേഷ്യന്‍ റിംഗ്ഗിറ്റ് .ബസ്സില്‍ കയറി ഹോട്ടലില്‍ എത്തി.ആദ്യമായാണു ഇവിടെ തങ്ങുന്നത്.ചെക്-ഇന്‍ ചെയ്ത് മുറിയിലെത്തിയപ്പോള്‍ മാത്രമാണു മുറിയുടെ വലിപ്പം മനസ്സിലായത്,കഷ്ടിച്ചൊരു 90 സ്ക്വയര്‍ഫീറ്റ്!!2പെട്ടികള്‍ സഹിതം മുറിയില്‍ കയറിയാല്‍ പിന്നെ കിടക്കയില്‍ ഇരിക്കുക മാത്രമേ രക്ഷയുള്ളൂ,കാല്‍കുത്താന്‍ പോലും മുറിയില്‍ സ്ഥലമില്ല.
റ്റോയ് ലറ്റിനു അത്യാവശ്യ വലിപ്പമുണ്ട്.പെട്ടിയൊക്കെ ഒന്നടുക്കിവച്ച്,ഒരു വിധത്തില്‍ മുന്‍ വശത്തുള്ള വരാന്തയിലെത്തിയപ്പോഴാണു രസകരമായ ആ കാഴ്ച കണ്ടത്.ഞങ്ങളോടൊപ്പം വിമാനത്തിലുണ്ടായിരുന്ന,ന്യൂസീലാന്റില്‍ സെറ്റില്‍ ചെയ്തിരിക്കുന്ന,മലയാളി അദ്ധ്യാപക ദമ്പതികള്‍ ,തങ്ങളുടെ വലിയപെട്ടികള്‍ മുറിക്കകത്ത് കയറ്റാനാവാതെ കുഴങ്ങുന്നു!പിന്നെ അവരോടൊപ്പം കൂടി,ഏഴെട്ട് വലിയ പെട്ടികള്‍ വരാന്തയുടെ മൂലക്കും,ഞങ്ങളുടെ മുറിയിലും ഒക്കെ കുത്തിക്കയറ്റി അഡ്ജസ്റ്റ് ചെയ്ത് ഒരു പ്രകാരം മുറിക്കകത്ത് തിരികെ കയറി.പിറ്റേന്ന് അതിരാവിലെയാണു ഹോങ്കോങ് വിമാനം.അലാറം സെറ്റ് ചെയ്ത് ഹ്രസ്വമായ ഒരുറക്കത്തിലേക്ക് വഴുതി വീണു.
വെളുപ്പിനെ ഉണര്‍ന്ന് തയ്യാറായി,ന്യൂസിലാന്റുകാരുടെ ബാഗുകള്‍ താഴെ ഏല്‍പ്പിച്ച്, റൂം ചെക് ഔട്ട് ചെയ്ത്,ഷട്ടില്‍ബസില്‍ തന്നെ വിമാനത്താവളത്തിലെത്തി.
കുലാലമ്പൂര്‍ എല്‍.സി.സി.റ്റി വിമാനത്താവളം അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ ഒരു റെയില്‍ വേ സ്റ്റേഷന്‍ പോലെതന്നെയാണു.കുറച്ച്കൂടി വിപുലമായ സൌകര്യങ്ങുളെണ്ടെന്ന് മാത്രം.തൊണ്ണൂറ് ശതമാനവും സാധാരണക്കാരായ യാത്രക്കാര്‍ അവരുടെ കെട്ടും കിടയുമായി തലങ്ങും വിലങ്ങും നടക്കുന്നത് കാണാം.ധാരാളമായി തമിഴ് വംശജരേയും കാണാം. വളരെ സൌഹ്രുദപൂര്‍വ്വം പെരുമാറുന്ന ഉദ്യോഗസ്ഥരാണു ഭൂരിഭാഗവും.ഞങ്ങള്‍ എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ ചെക്ക്-ഇന്‍ കൌണ്ടര്‍ തുറന്ന് വരുന്നതേയുള്ളൂ.ബോര്‍ഡിംഗ് പാസും പരിശോധനകളും പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറി.കുറച്ച് കഴിഞ്ഞപ്പോഴേക്കും മുന്‍ കൂട്ടി ഓര്‍ഡര്‍ ചെയ്തിരുന്ന പ്രാതലുമായി തമിഴ്വംശജ എയര്‍ഹോസ്റ്റസ് എത്തി.അതും കഴിച്ച് നല്ലൊരു ഉറക്കം.
വിമാനം ഹോങ്കോങില്‍ ലാന്റ് ചെയ്യാന്‍ പോകുന്നു എന്ന അറിയിപ്പ് കേട്ടാണുണര്‍ന്നത്.സമയം 11.15 ആയിരിക്കുന്നു.മലേഷ്യന്‍ സമയം തന്നെയാണിവിടേയും.
വിമാനത്താവളത്തിലെത്തി.ഒരു പടുകൂറ്റന്‍ വിമാനത്താവളം.ബാഗേജിനും,ഇമിഗ്രേഷനും വേണ്ടി കാണിച്ചിരിക്കുന്ന ബോര്‍ഡുകള്‍ നോക്കി നോക്കി,ഒരു എസ്കലേറ്റര്‍ വഴി താഴെ നിലയിലെത്തി.ഒരു റെയില്‍ വേ പ്ലാറ്റ്ഫോമാണത്.ചെറുട്രെയിനുകള്‍ വന്നു നില്‍ക്കുന്നു,ആളുകള്‍ കയറുന്നു,എങ്ങോടാണെന്നു മാത്രം ഒരു പിടിയും കിട്ടുന്നില്ല.അടുത്ത് നിന്നിരുന്ന ഒരു തമിഴ് കുടുംബത്തോട് ചോദിച്ചപ്പോഴാണു കാര്യം പിടികിട്ടിയത്.
ഹോങ്കോങ്  എയര്‍പോര്‍ട്ട്.-എമിഗ്രേഷനിലേക്കുള്ള ട്രെയിന്‍

ലഗേജ് ഏരിയയിലേക്കുള്ള ട്രെയിന്‍ ആണത്.അടുത്ത ട്രെയിനില്‍ കയറി,ഏകദേശം ഒരു മിനിറ്റ് യാത്രക്കു ശേഷം ഇമിഗ്രേഷനിലെത്തിയപ്പോള്‍ വലിയ തിരക്കു,ഒരഞ്ഞൂറ്പേര്‍ മുന്നില്‍!കൂടുതലും ആഫ്രിക്കന്‍ വംശജരും,സായിപ്പന്മാരും.ഇന്ത്യാക്കാര്‍ വളരെകുറച്ച് മാത്രം.ഹോങ്കോങില്‍ സന്ദര്‍ശന വിസ സൌജന്യമാണു,ബാക്കിയെല്ലാത്തിനും വളരെ കൂടുതലും.സൌജന്യ വിസക്കുപകരം ഹോട്ടലും,ടാക്സിയുമെല്ലാം ചേര്‍ത്ത് വിസയുടെ മുതലും പലിശയും കൂടി അവര്‍ വാങ്ങുന്നുണ്ട്.കൌണ്ടറിലിരുന്ന എമിഗ്രേഷന്‍ ഓഫീസര്‍ യാതൊരു ചോദ്യവും കൂടാതെ 20 ദിവസ സന്ദര്‍ശനം അനുവദിച്ചു തന്നു.പിന്നീട് ലഗ്ഗേജ് റീക്ലെയിം ഏരിയയിലെത്തി ബാഗുകളെല്ലാമെടുത്തു.
എയര്‍പോര്‍ ട്ട് അറൈവല്‍ ഹോള്‍

വളരെ വലിയ ഹോളാണത്,ഒരു ഫോട്ടോ എടുക്കാം എന്ന് കരുതി ക്യാമറ ബാഗില്‍നിന്നും എടുത്ത് നോക്കിയപ്പോള്‍ ബാറ്ററിപവര്‍ ഇല്ല.അടുത്ത സെറ്റ് ബാറ്ററിയും തഥൈവ! അല്ലെങ്കിലും ഈ വക കാര്യങ്ങള്‍,ക്യാമറ ലാപ് റ്റോപ് തുടങ്ങിയവ,ഞാനുമായി എല്ലായ്പ്പോഴും മുന്നാളാണല്ലൊ.(പതിവ് പോലെ മൊബൈലില്‍ ഒന്ന് രണ്ട് ചിത്രമെടുത്തു,നമുക്കതേ പറഞ്ഞിട്ടുള്ളൂ.)
അറൈവല്‍ ഹോളില്‍ നിറയെ ഹോട്ടലുകാരുടെ പ്രതിനിധികള്‍ ആണു,പ്രീപെയ്ഡ് ടാക്സി കൌണ്ടറുകളും







.ഞങ്ങളുടെ താമസസ്ഥലമായ കോവ് ലൂണ്‍ ഭാഗത്തേക്ക് 100 എച്.കെ ഡി ആണു ചാര്‍ജ്.ഒരു ടാക്സിയില്‍ കയറി ഹോട്ടലിലേക്ക് തിരിച്ചു.ഏകദേശം 40 മിനിറ്റ് യാത്രയുണ്ട് ഹോട്ടലിലേക്ക്.വലിയ പാലങ്ങളും ടണലുമെല്ലാം താണ്ടിയാണു യാത്ര.വളരെ മികച്ച ഒരു ട്രാഫിക് സിസ്റ്റമാണിവിടെ.ഒട്ടേറെ വാഹനങ്ങള്‍ ചീറിപ്പായുന്നുണ്ടെങ്കിലും,ഉച്ച നേരമായതു കൊണ്ടാണോ എന്തോ ട്രാഫിക് ബ്ലോക്ക് എങ്ങും അനുഭവപ്പെടുന്നില്ല.

മികവുറ്ററോഡുകളുംപാലങ്ങളും, ചുറ്റുംഅംബരചുംബികള്‍.    നഗരത്തിലെത്തിക്കഴിഞ്ഞിരിക്കുന്നു.
നഗരകാഴ്ചകള്‍

                                                                          നഗരകാഴ്ചകള്‍
എങ്ങും ആള്‍ത്തിരക്കു.പെഡെസ്റ്റ് റിയന്‍ ക്രോസിംഗില്‍ ,സിഗ്നല്‍ നോക്കി,റോഡ് മുറിച്ച് കടക്കുന്ന ആളുകള്‍.ഈ തിരക്കിലൂടെ കാര്‍ ഹോട്ടലിനു മുന്നിലെത്തി.




Sunday, September 11, 2011

ഇടുക്കി ജില്ല-വണ്ടിപ്പെരിയാര്‍ മൌണ്ട് സത്രം പുല്‍മേടുകളിലൂടെ ഒരു യാത്ര

ഇടുക്കിയുടെ കാഴ്ചകള്‍ എത്ര വര്‍ണ്ണിച്ചാലും എനിക്കു മതിയാകാറില്ല എന്ന് സുഹൃത്തുക്കള്‍ കളിയാ ക്കാറുണ്ട്.അതില്‍ സത്യമില്ലാതില്ല താനും.പക്ഷെ ഓരോ ഇടുക്കി യാത്രയും എനിക്ക് പുതിയ കാഴ്ചകള്‍ തന്നെയാണു.തൊട്ടടുത്ത ജില്ലക്കാരനായതുമൂലം മിക്കവാറും ഇടുക്കി യാത്രകള്‍ തരമാകാറുമുണ്ട്.അതുപോലൊരു യാത്രയായിരുന്നു ഇതും.എന്നാല്‍ വളരെ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ഒന്നും.

                                            ക്യാമറ പതിവുപോലെ മറന്നു വച്ചു.!!!അതിനാല്‍ മൊബൈല്‍ ചിത്രങ്ങളാണെല്ലാം.

വണ്ടിപ്പെരിയാര്‍ ടൌണില്‍ നിന്നും അരണക്കല്‍ എസ്റ്റേറ്റ് വഴിയുള്ള ഒരു യാത്രയില്‍ പങ്കുകൊള്ളുവാനാണു എനിക്ക് അവസരം സിദ്ധിച്ചത്. വണ്ടിപ്പെരിയാറില്‍ നിന്നും ഏകദേശം 18 കിമി ദൂരമാണു ഈ എസ്റ്റേറ്റ് വഴി മൌണ്ട് സത്രം എന്ന സ്ഥലത്തേക്ക്.പഴയകാല ശബരിമല പാത ഇതിലെയായിരുന്നു.ആദ്യ 5-6 കിമി റോഡ് അടുത്തകാലത്തായി പഞ്ചായത്ത് പുതുക്കിപണിതിട്ടുണ്ട്.പിന്നെയങ്ങോട്ട് റോഡില്ല എന്നു പറയാം.ഊഞ്ഞാലാട്ടം മാത്രം.സത്രം വരെ ജീപ്പ് റോഡുണ്ട്.മണ്ണുറോഡാണെന്നുമാത്രം.നല്ല മഴ തുടങ്ങികഴിഞ്ഞു.മൊബൈല്‍ പുറത്തെടുക്കുവാന്‍ പോലും സാധിക്കാത്ത മഴ.വല്ല വിധേനയും സത്രത്തിലെത്തി.സത്രമായിരുന്ന കെട്ടിടത്തിന്റെ അവശിഷ്ട്ടങ്ങള്‍ മാത്രം.ആ ഭാഗത്ത് മഴയില്ല.
സത്രത്തിന്റെ അവശിഷ്ടങ്ങള്‍
ആ കാണുന്ന മലമുകളില്‍ നിന്നുമാണു പുല്‍മേടിലേക്കുള്ള പരമ്പരാഗത പാത

ഇവിടെനിന്നും 6 കിമി പോയാല്‍ വള്ളക്കടവിലെത്താം.ഗവിറോഡിലുള്ള അതേ സ്ഥലം തന്നെ.അവിടെ നിന്നും 6കിമി പോയി നാലാം മൈല്‍ എന്ന സ്ഥലത്തുനിന്നും തിരിഞ്ഞു 11 കിമി യാത്ര ചെയ്താല്‍ പുല്ലുമേട്.ആ പുല്ലുമേടില്‍നിന്നും,തെക്കു ഭാഗത്തേക്കാണു ശബരിമലയിലേക്കുള്ള നടത്തം തുടങ്ങുന്നത്.പുല്ലുമേടില്‍നിന്നും പടിഞ്ഞാറോട്ട് 6കിമി സഞ്ചരിച്ചാല്‍ മൌണ്ട് സത്രം.ഈ വഴിയാണത്രെ ഇപ്പോള്‍ ശബരിമലക്കുള്ള കാല്‍നടപാതയായി പരിഗണിക്കുന്നത്.
ഈ ഭാഗത്ത് മഴയേയില്ല. കൂടെയുള്ളവര്‍ ഉപ്പുപാറ കാണുവാന്‍ പോയപ്പോള്‍.ഞാനും ഒരു സുഹൃത്തും കൂടി സത്രം പാതയിലൂടെ കുറച്ച്ദൂരം നടക്കാമെന്നു തീരുമാനിച്ചു.മണ്ണു റോഡ് തന്നെ.രണ്ട് വശത്തും പുല്‍മേടുകള്‍ മാത്രം.ഇടക്കിടെ ഷോലവനങ്ങളും.ഒരു 200മി പോയപ്പോള്‍ വനംവകുപ്പിന്റെ ഒരു വാച്ചര്‍ ധൃതിയില്‍ നടന്നു വരുന്നു.ആള്‍ ഞങ്ങളോട് നില്‍ക്കുവാന്‍ ആംഗ്യം കാണിക്കുന്നു.തൊട്ടപ്പുറത്തെ വളവില്‍ ഒരു ഒറ്റയാന്‍ (മോഴ) നിലയുറപ്പിച്ചിരിക്കുന്നു.അതിനു തെളിവെന്നോണം തൊട്ട് മുന്‍പില്‍,ആവിപറക്കുന്ന ആനപിണ്ടവും.ഞങ്ങള്‍ ഏതായാലും വന്നവഴിയേ തിരിച്ചടിച്ചു.
                                                                                   സത്രം റോഡിന്റെ തുടക്കം

തിരികെയെത്തിയപ്പോള്‍ ഉപ്പുപാറയ്ക്ക് പോയവര്‍ മടങ്ങിയെത്തിയിരിക്കുന്നു.ആളുകളെല്ലാം ദൂരേക്ക് കൈ ചൂണ്ടുന്നുമുണ്ട്.അങ്ങ്ദൂരെ ഒരു മലമുകളില്‍ ഒരു ആന നില്‍പ്പുണ്ട്.
                                                                           ആദ്യത്തെ ആനകാഴ്ച

                                          ഇന്നാദ്യമായി ആനയെക്കണ്ട ആവേശത്തിലായി എല്ലാവരും
വാഹനത്തില്‍ കയറി സത്രം റൂട്ടില്‍ യാത്ര തുടങ്ങി.
പ്രകൃതി ഭംഗി വിവരിക്കുവാന്‍ വയ്യാത്ത വിധം തന്നെ.എങ്ങും പച്ചപരവതാനി മാത്രം.ഇളം തണുപ്പും!

                                                          നോക്കെത്താ ദൂരത്തോളം പുല്‍മേടുകള്‍
                     ക്യാമറ മറന്ന നിമിഷത്തെ ശപിച്ചുകൊണ്ട് മൊബൈല്‍ പുറത്തെടുത്തു.ഉള്ളത്കൊണ്ട്ഓണം പോലെ.
ഒരു ഒറ്റയാന്‍ അങ്ങകലെ മലയില്‍ (ഭൂതക്കണ്ണാടി വേണം കാണണമെങ്കില്‍)

നോക്കെത്താദൂരത്തോളം പച്ച പുതച്ച പുല്‍മേടുകള്‍ മാത്രം.അങ്ങിങ്ങായി ഷോലവനങ്ങള്‍ വേറൊന്നുമില്ല.എല്ലാ മലയിലും ആനകള്‍ ഡസന്‍ കണക്കിനു പുല്ല് മേയുന്നു.ചില മലകളില്‍ ഒറ്റക്കു വിഹരിക്കുന്നവയും.വഴിക്കു കുറുകെ ഒരു പറ്റം കാട്ടുപോത്തുകള്‍ ഓടിമറയുന്നു.വളഞ്ഞും ചെരിഞ്ഞും വാഹനം പതുക്കെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.ഇപ്പോള്‍ വലതു ഭാഗത്തായി ഒരു ഫോറസ്റ്റ് വാച്ച്ടവര്‍ കാണാം,നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നതേയുള്ളൂ.
വനംവകുപ്പിന്റെ വാച്ച് ടവര്‍

ഇടത്ത് വശത്ത് തൊട്ടടുത്ത് കുറെയധികം മ്ലാവുകള്‍,എല്ലാം അസാമാന്യ വലിപ്പമുള്ളവ.മൊബൈല്‍ ക്യാമറ സെറ്റ് ആക്കിവന്നപ്പോഴേക്കും അതതിന്റെ പാട്ടിനുപോയി.
കുറച്ചുകൂടി മുന്നോട്ട്ചെന്നപ്പോള്‍ ഇനിയും പോകാന്‍ പറ്റാത്തവിധം ചെളിക്കുണ്ടായിരിക്കുന്നു റോഡ്.ഞങ്ങള്‍ക്ക് ഫോര്‍വീല്‍ ഇല്ലാത്തതിനാല്‍ യാത്ര ഇവിടെ അവസാനിപ്പിക്കുകയേ നിര്‍വ്വാഹമുള്ളൂ.
സീതക്കുളം

അങ്ങ് ദൂരെ താഴ്വാരത്ത് സീതക്കുളം കാണാം,സീത കുളിച്ചതെന്നു കരുതപ്പെടുന്ന,മനോഹരമായ ഒരു ജലാശയം. മൊബൈലില്‍,ഉള്ള സെറ്റപ്പില്‍,അതിന്റെ ചിത്രവുമെടുത്ത്,തിരികേ മടങ്ങി.

Sunday, June 5, 2011

ഇന്ത്യ-ഉത്തര്‍പ്രദേശ്-ഫത്തേപുര്‍സിക്രി

ഗോള്‍ഡന്‍ ട്രൈ യാംഗിള്‍ എന്നറിയപ്പെടുന്ന ഡല്‍ഹി-ആഗ്ര-ജെയ്പൂര്‍ റൂട്ടിലുള്ള കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് എന്നും ഹരമാണല്ലോ.കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ റൂട്ടില്‍ സഞ്ചരിചിട്ടുണ്ട്. ഇന്ത്യയുടെ നല്ലൊരു ഭാഗവും ഇനിയും കണ്ട്തീര്‍ത്തിട്ടില്ലെങ്കില്‍ തന്നെയും, ഒരു തവണ കൂടി   ഗോള്‍ഡന്‍ ട്രൈ യാംഗിള്‍ യാത്ര ആകാമെന്ന് കരുതി.അങ്ങിനെ ഡല്‍ഹി വഴി ആഗ്രയിലെത്തി.ഒരു ദിവസത്തെ പകല്‍ കാഴ്ചകളില്‍ ഒതുങ്ങുന്നതാണ് സാധാരണ സഞ്ചാരികള്‍ക്ക് ആഗ്ര.ഒരു ദിവസം കൊണ്ട് ആഗ്ര കാഴ്ചകള്‍ കണ്ടു ,ഹോട്ടലില്‍ എത്തി.
രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം പുറത്തേക്കിറങ്ങി.ഇന്ന് വൈകിട്ടോടെ ജയ്പൂരിലെത്തണം.പോകുന്ന വഴിയാണ് വിഖ്യാതമായ ഫത്തെര്‍പൂര്‍ സിക്രി.ആഗ്രയില്‍ നിന്നും ഏതാണ്ട് ഒരു മണിക്കൂര്‍ നേരത്തെ യാത്രയുണ്ട് ഫതെര്‍പൂര്‍ സിക്രിയിലേക്ക്.39 കിമി ദൂരം.രാവിലെ തന്നെ ആഗ്ര തെരുവീഥികള്‍ തിരക്കിന്റെ പിടിയിലായി കഴിഞ്ഞു.
                                                                        ആഗ്ര തെരുവ്
എങ്ങും ട്രാഫിക് ബ്ലോക്ക്‌.സിഗ്നല്‍ കൂസാതെ തലങ്ങും വിലങ്ങും നീങ്ങുന്ന വാഹനങ്ങള്‍. കുതിരവണ്ടികളും,നാല്‍ക്കാലികളും പുറമേ.  ചൂടുകാലം തുടങ്ങിയിരിക്കുന്നു.വാഹനത്തിലെ തെര്‍മോ മീടറില്‍ 36 ഡിഗ്രീ യാണ് ചൂട്. ജൈപൂരിനടുതുള്ള മില്‍കാപൂര്‍സ്വദേശിയായ സുനില്‍ കുമാര്‍ ആണ് വാഹനത്തിന്റെ സാരഥി.നല്ലൊരു ചെറുപ്പക്കാരന്‍.ക്ഷമാപൂര്‍വ്വം എല്ലാ കാര്യങ്ങളും വിശദീകരിച്ചു തരും.സാധാരണ ഉത്തര ഇന്ത്യകാരുറെ അഹംഭാവമൊന്നുമില്ല.ഒരു റെയില്‍ ക്രോസ് കഴിഞ്ഞതോടെ തിരക്ക് തെല്ലൊന്നു ശമിച്ചു.ഇപ്പോള്‍ ഗോതമ്പ് പാടങ്ങളുടെ നടുവിലൂടെയാണ് യാത്ര.കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ഗോതമ്പ് പാടങ്ങള്‍.ഇതിനു നെല്‍ കൃഷിയോളം വെള്ളം വേണ്ടായത്രേ.റോഡരുകില്‍ നിറയെ ഗ്രാന്റിസ് മരങ്ങള്‍.അപൂര്‍വ്വമായി മാവുകളും.



മികച്ച പാതയിലൂടെയാണ് സഞ്ചാരമെങ്കിലും വേഗത 90 കിമി എന്ന പരിധിയില്‍ ആണ്.പലപ്പോഴും അത് 70-80കിമി ആയി താഴുകയും ചെയ്യുന്നു.ഹൈവേയില്‍ പല സ്ഥലങ്ങളിലും ക്യാമറകള്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന് സുനില്‍ പറഞ്ഞു.ഓവര്‍ സ്പീഡിനു ഫൈന്‍ 5000 രൂപയും!ഇടക്കിടെ ടോള്‍ബൂത്തുകളും അവിടെയെല്ലാം വാഹന നിരകളും.
ജ യ് പൂര്‍ ഹൈവേയില്‍ നിന്നും കാര്‍ ഫത്തേപൂര്‍സിക്രിയിലേക്കുള്ള പാതയിലേക്ക് തിരിഞ്ഞു.കുറെദൂരം മുന്നോട്ടോടി ഒരു പാര്‍ക്കിംഗ് ഏരിയയിലെത്തി.ഇവിടെ നിന്നും ഇനി മിനി ബസ്സില്‍ ആണു യാത്ര.11 മണിയാകുന്നതേയുള്ളുവെങ്കിലും വെയിലിനു ഘനം വച്ചിരിക്കുന്നു.നല്ല ചൂട്.ഏകദേശം 40 ഡിഗ്രീ! ഒരു സീറ്റ് സംഘടിപ്പിച്ചു.അവധിദിവസമായതിനാല്‍ നല്ല തിരക്ക്.കോട്ടയുടെ പ്രവേശനകവാടവും കടന്ന് കോട്ടയുടെ സമീപത്ത് ബസ് നിന്നു.അവിടെ ഗൈഡ് മാന്‍സിംഗ് ടിക്കറ്റുമായി കാത്തു നില്‍ക്കുന്നു.ഇന്ത്യാക്കാര്‍ക്ക് 10 രൂപയാണു നിരക്ക്,വിദേശികള്‍ക്ക് 250രൂപയും!!!.മാന്‍സിംഗ് ഹിന്ദിയില്‍ വിവരണം തുടങ്ങിക്കഴിഞ്ഞു.നമുക്കു ഹിന്ദി കമ്മിയും.അതറിഞ്ഞപ്പോള്‍ ആള്‍ സംസാരം ഇംഗ്ലീഷിലാക്കി. ഹിന്ദിക്കാരുടെ ഇംഗ് ളീഷ് മനസ്സിലാക്കണമെങ്കില്‍ തെല്ലൊന്നുമല്ല ബുദ്ധിമുട്ട്.പേരുകള്‍ പറയുന്നത് പോലും വ്യത്യസ്തമായാണു. ഷാജഹാന്‍ എന്ന് ആശാന്‍ ഉച്ചരിക്കുന്നത് സാസാനെന്നാണു.  നമ്മുടെ ഇംഗ്ലീഷ് കേള്‍ക്കുമ്പോള്‍ “ഇവനേതുനാട്ടുകാരനാടാ“ എന്നൊരു ഭാവവും.തെക്കേഇന്ത്യാകാരുടെ മോശം ഇംഗ്ലീഷിനെക്കുറിച്ച് ഒരു തവണ മാന്‍സിംഗ് സൂചിപ്പിക്കുകയും ചെയ്തു!!

                                                                                       കോട്ടവാതില്‍


മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക് ബര്‍ 16-)0 നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണീ കോട്ടയും നഗരവും.ഫത്തേപൂര്‍സിക്രി എന്നാല്‍ വിജയത്തിന്റെ നഗരം എന്നാണു അര്‍ത്ഥം.അഫ് ഗാന്‍ ആക്രമണം മൂലവും,വരള്‍ച്ച കൊണ്ടും ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം അക് ബര്‍ ഈ നഗരിയെ കയ്യൊഴിഞ്ഞു എന്നാണു ചരിത്രം.സുല്‍ഫി സെയിന്റ് സലീം ചിസ്തിയുടെ അനുഗ്രഹത്തെ തുടര്‍ന്ന് അക് ബറിനൊരു ആണ്‍കുഞ്ഞ് ജനിച്ചെന്നും,അതിനെത്തുടര്‍ന്ന് സന്യാസിവരന്റെ ആഗ്രഹപരകാരമാണു ഈ നഗരത്തിന്റെ നിര്‍മ്മാണം നടത്തിയതെന്നും പറയുന്നു.അതല്ല,ഗുജറാത്ത് പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കാനുള്ള പടയൊരുക്കത്തിനായി നിര്‍മ്മിക്കപ്പെട്ടാതാണിതെന്നും മറ്റൊരു ചരിത്രം.ഹിസ്റ്ററി ഈസ് മിസ്റ്ററി എന്നാണല്ലോ.ദൂരെ നിന്നു തന്നെ പ്രവേശന കവാടം കണ്ടു.
അകത്തേക്ക് പ്രവേശിക്കുമ്പോള്‍ വലിയ ഒരു ഉദ്യാനമാണു ആദ്യം ശ്രദ്ധയില്‍ പെടുന്നത്.ദീവാന്‍-ഇ-ആം എന്ന ഹാള്‍ ഓഫ് പബ്ലിക് ഓഡിയന്‍സിനോടു ചേര്‍ന്നാണീ ഉദ്യാനം.പൊതുജനങ്ങളുടെ പരാതികള്‍ കേട്ടിരുന്നത് ഇവിടെയാണ്.
                                                                                              ദീവാന്‍-ഇ-ആം
പ്രഭുക്കന്മാരേയും നാടുവാഴികളേയും  ചക്രവര്‍ത്തി കണ്ടിരുന്ന മന്ദിരമാണു ദീവാന്‍-ഇ-ഖാസ്.ചുമന്ന സാന്‍ഡ് സ്റ്റോണ്‍ കൊണ്ടുള്ള ഒരു വിസ്മയ നിര്‍മ്മിതിയാണീ മന്ദിരം.
                                              ദീവാന്‍-ഇ-ഖാസ്

                                                                                                  പഞ്ചമഹല്‍

അഞ്ച് നിലകളില്‍ പടുത്തുയര്‍ത്തിയിരിക്കുന്ന മറ്റൊരു സമുച്ചയമാണു പഞ്ചമഹല്‍.കോട്ടക്ക് പുറത്തായി ദൂരെ ഹിരണ്‍ മീനാര്‍ എന്ന ടവര്‍ കാണാം.ആനകളെകൊണ്ട് കുറ്റവാളികളെ കൊന്നിരുന്നത് ഇവിടെയായിരുന്നത്രെ.
                                                                                                 ഹിരണ്‍ മീനാര്‍
             വിഖ്യാതനായ സംഗീതഞ്ജന്‍ ടാന്‍സന്‍ സംഗീതപരിപാടികള്‍ നടത്തിരുന്ന മണ്ഡപം



എല്ലായിടവും വിദേശികളുടെ തിരക്കാണ്.അവര്‍ ചരിത്രം എല്ലാം വായിച്ചറിഞ്ഞാണു കാഴ്ചകള്‍ കാണുന്നത്.നമ്മളെപ്പോലെ ഓട്ടപ്രദിക്ഷണക്കാരല്ല.നടന്ന് നടന്ന് അക് ബറിന്റെ രജപുത്ര ഭാര്യയായിരുന്ന ജോധാഭായിയുടെ കൊട്ടാരത്തിലെത്തി.

                                                                            ജോധാഭായിയുടെ കൊട്ടാരം
ഒരു തണലില്‍ നിന്നു മാന്‍സിംഗിന്റെ വിവരണം കേട്ടുകൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് അയാളുടെ ശബ്ദം ക്രമാതീതമായി ഉയരുന്നു. ഉറഞ്ഞു തുള്ളി ആരെയോ ശകാരിക്കുകയാണു വിദ്വാന്‍.കാരണം ബഹുരസം.ഞങ്ങള്‍ക്കു കാര്യങ്ങള്‍ പറഞ്ഞു തരുന്ന സമയത്ത് മറ്റൊരു സംഘം,ഉത്തരേന്ത്യക്കാര്‍,മറഞ്ഞു നിന്നു വിവരണം കേട്ടതാണു ആളെ പ്രകോപിപ്പിച്ചത്.

താപനില സഹിക്കാവുന്നതിനുമപ്പുറത്തായിരിക്കുന്നു.40 ഡിഗ്രിക്ക് മുകളിലാണു ചൂട്.സത്യം പറഞ്ഞാല്‍ എങ്ങിനെയെങ്കിലും ഒന്ന് തിരികെ കാറിലെത്തിയാല്‍ മതിയെന്നായി.പക്ഷെ മാന്‍സിംഗുണ്ടോ വിടുന്നു.തൊട്ടടുത്തുള്ള ജുമാമസ്ജിദ് കാണണമെന്നായി അയാള്‍.  ന്യായമായ ദൂരം നടക്കുകയും വേണം.അയാളുടെ പുറകെ നടന്നു.ജുമാമസ്ജിദിലെത്തി, വിശാലമായ ഒരു സ്ഥലത്താണു ഇത് നിലകൊള്ളുന്നത്.റെഡ് സാന്‍ഡ് സ്റ്റോണില്‍ നിര്‍മ്മിച്ച വളരെ വലിയ ഒരു മസ്ജിദ്.

                                                                                                      ജുമാമസ്ജിദ്
                                             സുല്‍ഫി സെയിന്റ് സലീം ചിസ്തിയുടെ റ്റോമ്പ്

നടുവിലായി സുല്‍ഫി സെയിന്റ് സലീം ചിസ്തിയുടെ വെള്ളമാ‍ര്‍ബിളില്‍ നിര്‍മ്മിച്ച റ്റോമ്പും സ്ഥിതിചെയ്യുന്നു.ജാതിമതഭേദമന്യെ എല്ലാവരും അതിനകത്ത് പ്രാര്‍ഥിക്കുന്നു.ജുമാ മസ്ജിദിന്റെ പ്രധാന കവാടമായ ബുലണ്ട് ദര്‍വാസ ലോകത്തിലെ തന്നെ ഏറ്റവും വലിയ കവാടമാണെന്നു ഗൈഡ് പറഞ്ഞു. തിരികെ പാര്‍ക്കിങ് ഏരിയയിലെത്തി ആദ്യത്തെ ബസ്സില്‍ താഴെയെത്തി.എല്ലാവരും വെയില്‍ കൊണ്ട് തളര്‍ന്നിരിക്കുന്നു. മാന്‍സിംഗിനോടു യാത്ര പറഞ്ഞു വാഹനത്തില്‍ കയറി. അടുത്ത ലക്ഷ്യമായ ജയ് പൂരിലേക്കു യാത്ര തുടര്‍ന്നു.

Friday, March 25, 2011

ചൈന-ഗ്വങ് ഷോ -പേള്‍ നദികാഴ്ചകള്‍


2010 ലെ ഏഷ്യൻ ഗെയിംസിനു വേദിയായ ഗ്വാങ്ഷൊ നഗരത്തിലേക്കൊരു യാത്ര എനിക്കു തരമായത് ഏഷ്യൻ ഗെയിംസിനു ശേഷമായിരുന്നു. വളരെ നേരത്തെ തന്നെ നിശ്ചയിച്ചതായിരുന്നു യാത്രയെങ്കിലും,അത് ചൈനയിലേക്കായാതുകൊണ്ട് അവസാന നിമിഷം വരെ ഒരു അനിശ്ചിതത്വം നിലനിന്നിരുന്നു കർശനമായ വിസാ നിയമങ്ങളെക്കുറിച്ചുള്ള സ്നേഹിതരുടെ അറിയിപ്പുകളും എല്ലാം അതിനു കാരണമായിരുന്നു.
തണുത്തുറഞ്ഞ ഒരു ചൈനീസ് പ്രഭാതത്തിലേക്കായിരുന്നു ഞാൻ ചെന്നിറങ്ങിയതെങ്കിലും ഊഷ്മളമായ അനുഭവങ്ങളാൽ ചൈനയെക്കുറിച്ചുള്ള സകല ധാരണകളും തിരുത്തപ്പെട്ടുവെന്നുള്ളതായി യാഥാർത്ഥ്യം. 



                                                                           ഗ്വാങ് ഷൊ വിമാനത്താവളം

സൗഹൃദപൂർവ്വമായി പെരുമാറുന്ന ഇമിഗ്രേഷൻ-കസ്റ്റംസ് ഉദ്യോഗ സ്ഥർ ഇന്ത്യയിലെ എയർപോർട്ടുകളിൽ നിന്നും ചെല്ലുന്നവർക്കു ഒരു പുതിയ അനുഭവമാണു നൽകുന്നത്.


ഗ്വാങ്ഷോവിൽ ചിലവഴിച്ച രണ്ടാഴ്ചക്കാലത്തെ അനുഭവങ്ങളിൽ മറക്കാനാവാത്ത ഒന്നായി പേൾ നദിയിലൂടെയുള്ള നൈറ്റ് ക്രൂയിസ്.
                                                               പേൾ നദീതീരത്തെ അനന്തമായ നടപ്പാത
രാത്രി എട്ടരക്കുള്ള ഒരു ട്രിപ്പായിരുന്നു ഞങ്ങൾക്കു വേണ്ടി ബുക്ക് ചെയ്യപ്പെട്ടിരുന്നത്. സമയത്ത് തന്നെ ഷിപ്പ് എത്തി. അവസാന ട്രിപ്പുകളിലൊന്നായതു കൊണ്ടാവണം വലിയ തിരക്കില്ല.കാഴ്ചകൾ കാണുവാൻ നല്ലത് അപ്പർ ഡെക്കായതു കൊണ്ട് നേരെ മുകളിലേക്ക്കയറി. മുകളിലേക്ക് കയറുമ്പോൾ തന്നെ തണുപ്പ് അസഹ്യമായി തുടങ്ങി.6 ഡിഗ്രീയാണു അപ്പോൾ അവിടത്തെ താപനില.തെർമൽ വൂളിനൊന്നും തണുപ്പ് താങ്ങാനാവുന്നില്ല.ക്രൂയിസ് സഞ്ചാരം തുടങ്ങിയപ്പോൾ തണുപ്പ് വീണ്ടും രൂക്ഷമായി.പക്ഷെ തുടർന്നങ്ങോടുള്ള കാഴ്ചകളുടെ മനോഹാരിതയിൽ തണുപ്പ് അറിഞ്ഞില്ലായെന്നുള്ളതാണു സത്യം.ആ കാഴ്ചകളിൽ ചിലത് ഇവിടെ പങ്ക് വയ്ക്കുന്നു

.
                                                                                   രാത്രികാല ശ്യങ്ങൾ

ക്രൂയിസ് ഷെഡ്യൂൾ
                                  സഞ്ചാരികളുമായി നീങ്ങുന്ന ലക്ഷ്വറി ക്രൂയിസ്

                                                                     ഡെക്കിൽ നിന്നുമുള്ള കാഴ്ചകൾ

                                         ഗ്വാങ്-ഷൊ ടവർ-പല നിറങ്ങളിലുള്ള ലൈറ്റിംഗ് മനോഹരമാക്കുന്നു

                                                       പേൾനദിക്കു കുറുകെയുള്ള പാലങ്ങൾ

ചൈനയിലെ മൂന്നാമത്തെ നീളം കൂടിയ നദിയായ പേൾ നദിക്കു കുറുകെ,ഗ്വാങ് ഷൊ നഗരത്തിൽ ,പത്തോളം പലങ്ങളുണ്ട്.ഇതിൽ നാലെണ്ണം പുതിയതായി നിർമിക്കപ്പെട്ടവയാണു.ഈ പാലങ്ങളിൽ നിന്നും,സമീപത്തുള്ള ബഹുനില ഹോട്ടലുകളിൽ നിന്നുമുള്ള രാത്രികാല നിയോൺ-ലേസർ ലൈറ്റുകളാണു ഈ യാത്രയുടെ ഏറ്റവും വലിയ ആകർഷണംഈ കെട്ടിടങ്ങളെല്ലാം ഏഷ്യൻ ഗെയിംസിനായി നവീകരിക്കപ്പെട്ടവയാണു.കുറച്ച് കൂടി മുന്നോട്ട് പോയപ്പോൾ ക്രൂയിസിലെ സ്റ്റ്യുവാർഡ് വന്നു ദൂരെ ഒരു സ്റ്റേഡിയം ചൂണ്ടിക്കാണിച്ച് തന്നു.

ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങുകൾ നടന്ന വേദി


                                                           നടപ്പാതയിലൂടെ നടന്നു നീങ്ങുന്ന പഴകച്ചവടക്കാരൻ 
 
ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം നടന്ന വേദിയാണത്.  തണുപ്പ് അസഹ്യമായപ്പോൾ ഈ  തണുപ്പൊന്നും ഒരു തണുപ്പല്ല എന്നു സഹജ മലയാളി സ്വഭാവത്തിൽ പറഞ്ഞിരുന്നവരൊക്കെ മെല്ലെ താഴേക്കിറങ്ങി,ഭക്ഷണത്തിനെന്ന വ്യാജേന.അതെന്തായാലും ഒന്നര മണിക്കൂർ നീണ്ട ഈ യാത്രയിൽ നല്ലൊരു രാത്രിഭക്ഷണവും ലഭിച്ചു.

( വിശദമായ ഒരു യാത്രാവിവരണം എഴുതണമെന്നുണ്ട്)


Sunday, January 16, 2011

ശബരിമല പുല്ലുമേട് ദുരന്തം

ഇത് സഞ്ചാരത്തിനിടയിലെ കാഴ്ചകള്‍ ആണെന്നെനിക്കു തോന്നുന്നില്ല.കാണുവാന്‍ രസകരമായ കാഴ്ചകളുമല്ല.പക്ഷെ അവിടെ ഉണ്ടായ അത്യാഹിതത്തിന്റെ ചില ചിത്രങ്ങള്‍ ഒന്ന് പോസ്റ്റ് ചെയ്യണമെന്നു തോന്നി.

                                                                      പുല്ലുമേടിലേക്കുള്ള കാനനപാത                       
 ഇന്നലെ കുമളി-വണ്ടിപ്പെരിയാര്‍ ഭാഗങ്ങളില്‍ ഉണ്ടായിരുന്നത് കൊണ്ട്, വാര്‍ത്ത അറിഞ്ഞ ഉടനെ ഒരു ഫോര്‍വീല്‍ വാഹനം സംഘടിപ്പിച്ച് അങ്ങോട്ടേക്ക് തിരിച്ചു.പ്രത്യേക അനുമതിയോടെ മാത്രമെ അവിടം സന്ദര്‍ശിക്കുവാന്‍ സാധിക്കുകയുള്ളൂ.
                                                                                          പുല്ലുമേട്-ഒരു കാഴ്ച
വണ്ടിപ്പെരിയാര്‍ കക്കികവലയില്‍ നിന്നും ഗവി റോഡില്‍ ഏകദേശം 14 കിമി പോയാല്‍ നാലാം മൈല്‍ എത്തി.അവിടെ നിറയെ പോലീസുകാരുണ്ട്.അവിടെ നിന്നും വലത്തൊട്ടു 11 കിലോമീറ്ററോളം യാത്ര ചെയ്താല്‍ പുല്ലുമേട് പ്രദേശം.പുല്ലുമേടിന്റെ തെക്കേ അതിര്‍ത്തിയാണു ഉപ്പുപാറ. 
                  അങ്ങ് ദൂരെ മലയുടെ അതിരില്‍നിന്നുമാണു ശബരിമലയിലേക്കുള്ള ഇറക്കം തുടങ്ങുന്നത്


അവിടെ നിന്നുമാണു ശബരിമലയിലേക്കുള്ള ഇറക്കം(6കിമി)ആരംഭിക്കുന്നത്. ഇങ്ങനെ ഒരു ദുരന്തം സംഭവിക്കുവാന്‍ യാതൊരുവിധ സാധ്യതയുമുള്ള പ്രദേശമല്ല പുല്ലുമേട് എന്നു അവിടെയെത്തുന്ന ഏതൊരാള്‍ക്കും മനസ്സിലാകും.ഒട്ടുമുക്കാല്‍ ഭാഗവും നിരപ്പായ ഒരു സ്ഥലം.നമ്മുടെ സംവിധാനങ്ങളുടെ അപര്യാപ്തത ഒന്നുകൊണ്ടു മാത്രമാണു ദുരന്തം.
വിശാലമായ വഴിയിലൂടെ ദര്‍ശനം കഴിഞ്ഞ് തിങ്ങി നിറഞ്ഞു വരുന്ന ആളുകള്‍ പെട്ടെന്ന് ഇതേപാതയില്‍. ഒരു ബോട്ടില്‍ നെക്കിലേക്കു എത്തിപ്പെടുന്നു.
                                                                                     പാത ഇടുങ്ങിയതായി മാറുന്നു

കാരണം ഇരുവശവും താല്‍ക്കാലിക കടകള്‍ നിറഞ്ഞ ഇവിടെ 12 അടി മാത്രമാണു റോഡിനു വീതി,അവിടെ മുതല്‍ ചെറിയ ഒരു ഇറക്കവും.പിന്നീടുള്ള ഒരു 15 മീറ്റര്‍നീളത്തില്‍ ആണു അത്യാഹിതം സംഭവിച്ചത്.
                                                                                                    ചെറിയ ഒരിറക്കം

                                                ഈ ഇരുമ്പ് ചാനലിലൂടെയാണു വാഹനങ്ങള്‍ തടയാനുള്ള ചങ്ങല ഇട്ടിരുന്നത്



കാടായ കാട്ടിലെല്ലാം സോളാര്‍ ലൈറ്റ് വൈക്കുന്ന വനംവകുപ്പുകാര്‍ ഇവിടെ പേരിനു പോലും ഒരു ലൈറ്റ് വച്ചതായി കണ്ടില്ല.കടകളില്‍ നിന്നുമുണ്ടായിരുന്ന പെട്രോള്‍മാക്സ് വെളിച്ചം മാത്രമാണു അന്നുണ്ടായിരുന്നത്.

ഏറ്റവും അപകടകരമായി നിന്നിരുന്നത് റോഡീനു ഒത്തനടുവില്‍ കണ്ട ഒരു ഇരുമ്പ് ചാനലാണു.റോഡിനു കുറുകെ ഉണ്ടായിരുന്ന ചങ്ങല ഇരുമ്പ് ചാനലിനുള്ളിലൂടെയാണു ഇട്ടിരുന്നത്. 
 ഒരു തരി വെളിച്ചം പോലുമില്ലാതെ, ഈ ഇടുങ്ങിയ പാ‍ത തിങ്ങിനിറഞ്ഞ്, ആയിരങ്ങള്‍ നല്ല വേഗതയില്‍ വരുന്നു.ചങ്ങലയിലും,ഇരുമ്പ് കുറ്റിയിലും തട്ടി മുന്‍ നിരക്കാര്‍ താഴെ വീഴുന്നു,അവരെ ചവിട്ടി മെതിച്ച് പതിനായിരങ്ങള്‍ കടന്നു പോകുന്നു!!വെറും പതിനഞ്ച്-ഇരുപത് മീറ്റര്‍ നീളം സ്ഥലത്താണു ഇത് സംഭവിച്ചതെന്ന് പറയുന്നു!


കുറ്റാകൂരിരുട്ടില്‍ ചങ്ങലയില്‍ തട്ടി വീണ നൂറുകണക്കിനാളുകളുടെ ശരീരം തുളച്ചത് ചാനലും.ഇപ്പോഴും അത് മാറ്റിയിട്ടില്ല!!!


        അപകടത്തിനിരയായവരുടെ സാധന സാമഗ്രികളുടെ  ഹൃദയഭേദകമായ കാഴ്ച
അന്വേഷണ കമ്മീഷനും,അന്വേഷണങ്ങളും എന്തെല്ലാം കണ്ടെത്തലുകള്‍ നടത്തിയാലും അത്യവശ്യം വെളിച്ചവും,ബലവത്തായ പൈപ്പ് വേലിയും,കുറച്ച് സുരക്ഷാ ഉദ്യോഗസ്ഥരും ഈ സ്ഥലത്തുണ്ടായിരുന്നെങ്കില്‍ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല  അതി ദാരുണമായ  ഈ ദുരന്തം എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും.
ഉണ്ടെന്ന് പറയപ്പെടുന്ന എട്ടോ പത്തോ കടുവകള്‍ക്കായി ,കോടിക്കണക്കിനു രൂപ പലപ്രോജക്റ്റുകളില്‍ ചിലവഴിക്കുമ്പോഴും ,ഒരു മരം പോലുമില്ലാത്ത ഇവിടെ ഇനിയെങ്കിലും  മനുഷ്യജീവന്‍ ഹോമിക്കപ്പെടാതിരിക്കുവാനുള്ള,  അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാനുള്ള വനംവകുപ്പിന്റെ വിമുഖത മാറിയേതീരൂ.  കാലഹണപ്പെട്ട നിയമങ്ങളാണു കാരണമെങ്കില്‍ , ശബരിമല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടുള്ള നിയമങ്ങളുടെ പൊളിച്ചെഴുത്തും....

Followers

ജാലകം
chintha.com

About Me

My photo
a travel enthusiast who enjoys humour

About This Blog

സഞ്ചാരത്തിനിടയിലെ ചില കാഴ്ചകള്‍;ചിത്രീകരണ മികവ് തുലോം കമ്മി .അത്ര മാത്രം

FEEDJIT Live Traffic Feed

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP